”ഇല്ല, അവൻ നിന്നോട് എന്തെങ്കിലും പറഞ്ഞിട്ടുണ്ടാകുമെന്ന് ഞാൻ കരുതി. അതുകൊണ്ടാ ചോദിച്ചത്
”ശരി, അമ്മ വിഷമിക്കണ്ട. ഞാൻ അമലിനെ ഒന്ന് വിളിക്കട്ടെ? അവൻ ഓഫീസിലുണ്ടല്ലോ, സത്യം എന്താണെന്ന് അവനോട് ചോദിച്ചാൽ അറിയാൻ പറ്റും. മാത്രമല്ല, ആരാണ് ഇത് തുടങ്ങിവെച്ചത് എന്ന് നമുക്ക് കണ്ടുപിടിക്കാം.”
”വേണ്ട മോനേ!” അമ്മ പെട്ടെന്ന് തടഞ്ഞു. “നീ ഇതിൽ ഇടപെടണ്ട. ഇത് ഞാൻ കൈകാര്യം ചെയ്തോളാം. ഇതൊരു വലിയ വിഷയം ആകാൻ എനിക്ക് താല്പര്യമില്ല. മോൻ എന്തായാലും ഇത് അറിഞ്ഞിരിക്കണം എന്നെനിക്ക് തോന്നി അതുകൊണ്ട് പറഞ്ഞതാണ്.”
”ഉറപ്പാണോ? എനിക്ക് അവനെ വിളിക്കുന്നതിൽ കുഴപ്പമൊന്നുമില്ല.”
”വേണ്ടടാ, സാരമില്ല. ഞാൻ ഇത് നോക്കിക്കോളാം. മോൻ അമ്മയെ മനസ്സിലാക്കിയല്ലോ. എനിക്ക് അതുമതി. അടുത്ത ആഴ്ച വേറെ എന്തെങ്കിലും പുതിയ ഗോസിപ്പ് വരും, അപ്പോൾ എല്ലാവരും ഇത് മറന്നോളും”
അത്രയും പറഞ്ഞിട്ട് അമ്മ എന്റെ തോളിൽ കൈവെച്ചു. എന്നിട്ട് പെട്ടെന്ന് വിഷയം മാറ്റി ടിവിയിലെ റയൽ മാഡ്രിഡ് vs ബാഴ്‌സലോന മത്സരത്തെ പറ്റി ചോദിക്കാൻ തുടങ്ങി. ഫുട്ബോൾ മത്സരത്തെ പറ്റി അമ്മ പെട്ടെന്ന് വലിയ താല്പര്യം കാണിക്കുന്നത് കണ്ടപ്പോൾ എനിക്ക് എന്തോ ഒരു അപരിചിതത്വം തോന്നി. സാധാരണ ഫുട്ബോൾ കാണുന്നതിൽ ഒട്ടും താല്പര്യമില്ലാത്ത അമ്മ ഇത്ര പെട്ടെന്ന് ആ ചർച്ചയിലേക്ക് കടന്നത് എന്റെയുള്ളിൽ ഒരു തീപടർത്തി.
****
അമ്മ ഉറങ്ങാൻ പോയിക്കഴിഞ്ഞിട്ടും എന്റെ ഉള്ളിലെ ആ തീ അണഞ്ഞിരുന്നില്ല.
മനോജ് അങ്കിളിനെ എനിക്ക് കുറച്ചു നാളുകളായിയിട്ട് അറിയാം, പക്ഷേ ഒരു “ഹായ്, ഹലോ? ബന്ധത്തിനുപ്പുറം വലിയൊരു അടുപ്പം ഞങ്ങൾ തമ്മിലില്ലായിരുന്നു. അമ്മയുടെ ഓഫീസിലെ ചില പാർട്ടികളിലും കുടുംബസംഗമങ്ങളിലും, പിന്നെ അമ്മയെ ഓഫീസിലേക്ക് വല്ലപ്പോഴും പിക്ക് ചെയ്യാൻ വരുമ്പോളൊക്കെ ഞാൻ അയാളെ കുറച്ചു തവണ കണ്ടിട്ടുണ്ട്. പക്ഷെ ഇതിനുമുൻപ് അമ്മ ഒരിക്കൽ പോലും അയാളുടെ പേര് അനാവശ്യമായി എടുത്തു പറഞ്ഞതായി എന്റെ ഓർമയിൽ ഇല്ല. എന്നാലും ആരാവും എന്റെ അമ്മയെപ്പറ്റി ഇങ്ങനെയൊരു മോശം കഥ പറഞ്ഞുണ്ടാക്കുന്നത്? അവർ ഉദ്ദേശിക്കുന്ന ആ ‘ബന്ധം’ എന്തായിരിക്കും? ആരെങ്കിലും അവർ സംസാരിക്കുന്നത് കണ്ടപ്പോൾ തെറ്റുധരിച്ചതാവുമോ? അതോ മനഃപൂർവ്വം അമ്മയെ അപമാനിക്കാൻ വേണ്ടി ആരെങ്കിലും കരുതികൂട്ടി ചെയുന്നതാവോ?
ആ പാർട്ടിക്ക് ഞാനും അമ്മയുടെ കൂടെ ഉണ്ടായിരുന്നു. അമ്മ അവരുടെ സുഹൃത്തുക്കളുടെ, സഹപ്രവർത്തകരുടെ കൂടെയും ഞാൻ അമ്മയുടെ കൂടെ വർക്ക് ചെയുന്ന കുറച്ചു പേരുടെ കൂടെയുമായിരുന്നു. അതുകൊണ്ട് ഞങ്ങൾ തമ്മിൽ പരസ്പരം അതികം അവിടെ വെച്ച് കണ്ടുമുട്ടിയില്ല.
ഇതൊരു ഒരാഴ്ച മുൻപ് നടന്ന കാര്യമാണെങ്കിലും ആ രാത്രിയിലെ ഓരോ നിമിഷവും എന്റെ ഓർമ്മയിൽ ഇപ്പോഴുമുണ്ട്.
അന്നത്തെ ദിവസം ആ പാർട്ടിക്ക് പോവാനായി ഞങ്ങൾ വീട്ടിൽ നിന്ന് ഇറങ്ങും മുൻപ് നടന്ന ആ ചെറിയ തർക്കം എന്റെ മനസ്സിലേക്ക് പതിയെ ഓടി വന്നു.
”രാഹുലേ, നീ എന്തിനാടാ ഈ പഴയ ടീഷർട്ട് ഇട്ട് വരുന്നത്? അതൊന്നു മാറ്റി ആ നീല ഷർട്ട് ഇട്ടുകൂടെ?” അമ്മ ചോദിച്ചു.
”എന്തിന്? ഇങ്ങനത്തെ സിമ്പിൾ ഡ്രസ്സ് ആണ് അമ്മേ ഇപ്പൊ ആൾകാർക് ഇഷ്ടം. അല്ലെങ്കിൽ തന്നെ എന്നെയിപ്പോ അവിടെ ആര് ശ്രദ്ധിക്കാനാണ്?” ഞാൻ മറുപടി പറഞ്ഞു.
”അവിടെ എന്റെ ഓഫീസിലെ എല്ലാവരും വരുന്നുണ്ട്. മാത്രമല്ല നിന്റെ അച്ഛന്റെ ചില കൂട്ടുകാരും ഉണ്ടാവും. നീ ഇങ്ങനെ നടന്നാൽ അവർ എന്ത് വിചാരിക്കും? ഒരു പക്വത വേണ്ടേ നിനക്ക്?”
”അമ്മയുടെ ഓഫീസിലെ ആൾക്കാരെ എനിക്ക് അത്ര പരിചയമൊന്നുമില്ലല്ലോ. പിന്നെ അമൽ അവിടെ ഉണ്ടാവുമല്ലോ, തത്കാലം അവനെ മാത്രം കണ്ടാൽ മതി എനിക്ക്.”
”അമലിനെ നിനക്ക് അറിയാം, ശരിയാണ്. പക്ഷേ മായയും അവിടെ അവിടെ ഉണ്ടാവും,” അമ്മ പറഞ്ഞു.
