”മായ ആന്റിയോ?” ഞാൻ ഒന്ന് ചിരിച്ചു. “അവർക്ക് എന്നോട് സംസാരിക്കാൻ എവിടെയാ സമയം. എന്റെയടുത്തു അവരുടെ ആ ഗമ കണ്ടിട്ടില്ലേ? ഞാൻ ഇപ്പോഴും വെറുമൊരു കുട്ടിയാണെന്ന് ആന്റിയുടെ വിചാരം. തന്നെയുമല്ല എന്നോട് വലിയ പുച്ഛവും ആണെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്.”
”അങ്ങനെയൊന്നുമല്ല. നീ അത് അവരോട് സംസാരിക്കാൻ ശ്രമിക്കാത്തതുകൊണ്ടാണ്. സത്യത്തിൽ മായയ്ക്ക് നിന്നെ വലിയ കാര്യമാണ്.”
”ഉം… പിന്നെ….. തേങ്ങയാണ്…”
”നീ വല്ലാതെ സെൻസിറ്റീവ് ആവുകയാണ് രാഹുലേ. അവൾക് നിന്നെ വലിയ ഇഷ്ടമാണ്. അഹ്! അതൊക്കെ വിട്, നീ ഇപ്പൊ തത്കാലം ഈ ടീഷർട്ട് മാറ്റി ആ ഷർട്ട് ഇട്ടാൽ നന്നായിരുന്നു.”
അമ്മയുടെ ആ നിർബന്ധത്തിന് വഴങ്ങി ഒടുവിൽ ഞാൻ ആ ഷർട്ട് മാറ്റിയിട്ടു.
“ഇപ്പോൾ സന്തോഷമായോ?” ഞാൻ ചോദിച്ചു.
”ഹാ… സൂപ്പർ! ഇപ്പോൾ നല്ല ഗെറ്റപ്പ് ലുക്ക് ആയിട്ടുണ്ട്. എന്റെ മോൻ ഇതുപോലെ എപ്പോഴും നല്ല സ്മാർട്ടായിരിക്കണം. ഇനി ആ മുടിയൊക്കെ ഒന്ന് ഒതുക്കി ചീകൂ,” അമ്മ ചിരിച്ചുകൊണ്ട് പറഞ്ഞു.
****
അമ്മയുടെ ഓഫീസിലെ മാനേജറിന്റെ വീട്ടിലേക്ക് കയറിയപ്പോൾ തന്നെ അവിടുത്തെ ആഡംബരം എന്നെ അത്ഭുതപ്പെടുത്തി. ഓഫീസിലെ രണ്ട് പെൺകുട്ടികളാണ് (അമ്മയുടെ ജൂനിയർമാർ) ഞങ്ങളെ സ്വീകരിച്ചത്. ആ വലിയ വീടും, അവിടുത്തെ സ്റ്റെയർകേസും കണ്ടപ്പോൾ തന്നെ ഞാൻ അമ്മയുടെ കാതിൽ ചോദിച്ചു,
“ഇത്രയും വലിയ സെറ്റപ്പ് വീടോ? ഇവർക്ക് ഇതിനുള്ള ശമ്പളം ഉണ്ടോ?”
“ഡേവിഡ് സാറ് നല്ല സംബത്തുള്ള കുടുംബത്തിൽ നിന്നാടാ. കൂടാതെ ഓഫീസിലെ ഏറ്റവും കൂടുതൽ ശമ്പളവും അദ്ദേഹത്തിനാണ്. അതുകൊണ്ട് ഇങ്ങനത്തെ വീടൊക്കെ ഇല്ലെങ്കിലേ അത്ഭുതംമുള്ളൂ…”
അമ്മ പറഞ്ഞത് ശരിയാണെന്ന് എനിക്ക് തോന്നി. എനിക്കും ആഡംബരങ്ങൾ കിട്ടുന്നത് അച്ഛൻ ഗൾഫിൽ ടൊയോട്ട കമ്പനിയിൽ എക്സിക്യൂട്ടീവ് ആയിട്ട് വർക്ക് ചെയുന്നതുകൊണ്ടും പിന്നെ അമ്മയ്ക്കും നല്ല ജോലിയും ഉള്ളതുകൊണ്ട് മാത്രമാണ്. പക്ഷെ ഈ വീടിന്റെ ഇത്രക്കുള്ള സെറ്റപ്പ് വീടൊന്നും ഞങ്ങൾക്ക് വെക്കാൻ കഴിയില്ല എന്നാ കാര്യത്തിൽ തർക്കം വേണ്ട. ഹാ! എന്നാലും എന്താ? എറണാകുളം സിറ്റിയുടെ നടുക്ക് നല്ല ഉഗ്രൻ 4-BHK ഫ്ലാറ്റ് എങ്കിലും ഉണ്ടല്ലോ എനിക്ക് താമസിക്കാനായി.
ഞങ്ങൾ സ്റ്റേയർ കേസിലേക്ക് നടന്നു ഉള്ളിലേക്ക് കയറിയപ്പോൾ വലിയൊരു സ്വീകരണമാണ് അമ്മയ്ക്ക് ലഭിച്ചത്. . അതിൽ കൂടുതലും യുവാകളും, ഓഫീസിലെ വലിയ ഉദ്യോഗസ്ഥരും ആയിരുന്നു. അമ്മ ഇപ്പോൾ മാർക്കറ്റിംഗ് ഡയറക്ടർ ആയി പ്രൊമോഷൻ കിട്ടിയ ആളാണെങ്കിലും, അവിടെയുള്ളവർ അമ്മയുടെ അടുത്ത സുഹൃത്തുക്കളും സമപ്രായക്കാരുമാണ്. അമ്മ എന്നെ ഓരോരുത്തർക്കായി പരിചയപ്പെടുത്തി, അതിനിടയിൽ ഞാൻ മായ ആന്റിയെ കണ്ടുമുട്ടി. അവർ പതിവുപോലെ അതീവ സുന്ദരിയായിട്ടാണ് വന്നത്. അവരുടെ ആധുനിക രീതിയിൽ ഉള്ള ഡ്രസ്സും ആകാരവുമൊക്കെ ഏതൊരാളെയും ആകർഷിക്കുന്നതായിരുന്നു. അമ്മ മറ്റുള്ളവരോട് സംസാരിക്കുമ്പോൾ ആന്റി എന്റെ അടുത്ത് വന്ന് ഞങ്ങളുടെ കഴിഞ്ഞ ആഴ്ചത്തെ വർക്കല ട്രിപ്പിനെപ്പറ്റി ചോദിച്ചു. അന്ന് കണ്ട കാര്യങ്ങളും, കഥയുമൊക്കെ ഞാൻ ആന്റിയോട് പറഞ്ഞു കൂടെ കുറച്ചു നുണയും കേറ്റിവിട്ടു. ആ ദിവസം ആന്റി എന്നോട് വളരെ താല്പര്യത്തോടെയാണ് സംസാരിച്ചത്.
അത് കഴിഞ്ഞ്, അമ്മയും മായ ആന്റിയും പിന്നീട് അവരുടെ സംസാരത്തിലേക്ക് കടന്നപ്പോൾ, ഞാൻ അടുത്തുനിന്ന ഒരു കൂട്ടം ചെറുപ്പക്കാരുടെ അടുത്തേക്ക് നീങ്ങി. അമ്മയുടെ ഓഫീസിലെ സെയിൽസ് ടീമിലുള്ളവരായിരുന്നു അവർ. ആ കൂട്ടത്തിലാണ് ഈ പറയുന്ന മനോജ് ഉണ്ടായിരുന്നത്. ഫുട്ബോളിനെപ്പറ്റിയും നാട്ടിലെ റെസ്റ്റോറന്റുകളെപ്പറ്റിയും ഒക്കെയായിരുന്നു അവരുടെ സംസാരം. ഞാൻ ഇടയ്ക്കിടെ ഓരോ അഭിപ്രായങ്ങൾ പറഞ്ഞു. എന്നെക്കാൾ പ്രായമുള്ള, ജോലിയിലൊക്കെ സെറ്റിലായ ആൾക്കാരാണെങ്കിലും, വെറുതെ തള്ളുകൾ കൊണ്ട് ആളാവാൻ ശ്രമിക്കുന്ന ഒരു സ്വഭാവം അവരിൽ ഉള്ളത് പോലെ എനിക്ക് തോന്നി.
