രാത്രി പത്തുമണി.കൊല്ലം തോടിനോട് ചേർന്നുള്ള ആ പഴയ മില്ലിന് പിന്നിലെ ഒളിത്താവളത്തിൽ ഇഷാന്റെയും സന്ദീപിന്റെയും ഗുണ്ടകൾ ലൂക്മാൻ ചേട്ടനെ വെട്ടിയ ആഘോഷത്തിലായിരുന്നു. വക്കീലിന്റെ കയ്യിൽ നിന്ന് കിട്ടിയ പണവും മദ്യവും അവരുടെ ലഹരി കൂട്ടി.
“ലൂക്മാനെ ഒന്ന് തൊട്ടപ്പോഴേക്കും വലിയവീട്ടിലെ ആ പിള്ളേരുടെ കാറ്റ് പോയി. ഇനി ആ എബിയുടെ ഊഴമാണ്,” ലൂക്മാനെ വെട്ടിയ മെയിൻ ഗുണ്ട പൊട്ടിച്ചിരിച്ചു കൊണ്ട് പറഞ്ഞു.
പെട്ടെന്നാണ് മില്ലിന്റെ ഇരുമ്പ് ഷട്ടർ വലിയൊരു ശബ്ദത്തോടെ തുറക്കപ്പെട്ടത്. എല്ലാവരും ഞെട്ടിത്തിരിഞ്ഞു നോക്കി. കവാടത്തിൽ എബി നിൽക്കുന്നു. അവന്റെ കൈയിൽ വർക്ക്ഷോപ്പിലെ ആ വലിയ ഇരുമ്പ് പൈപ്പുണ്ട്. എബിയുടെ പിന്നിൽ നിഴലുകൾ പോലെ അലക്സ് ഷാഹിറും പുതിയ ടീമിലെ പത്തുപേരുമുണ്ട്.
“ആരാടാ ഇന്ന് ലൂക്മാൻ ചേട്ടന്റെ കൈയ്യിൽ വെട്ടിയത്?” എബിയുടെ ശബ്ദം മുഴങ്ങി.
ആരും മറുപടി പറഞ്ഞില്ല. പക്ഷേ ആ ലഹരിയിൽ അവർ എബിയുടെ നേരെ പാഞ്ഞു. പക്ഷേ ഇത്തവണ എബി വെറുമൊരു കോളേജ് സ്റ്റുഡന്റായിരുന്നില്ല. തന്റെ അപ്പൂപ്പനെ ചതിയിൽപ്പെടുത്തിയവരോടും, തന്റെ വിശ്വസ്തനെ ആക്രമിച്ചവരോടും തീർക്കാനുള്ള പക അവന്റെ ഓരോ ചലനത്തിലും ഉണ്ടായിരുന്നു.
എബി പൈപ്പ് വായുവിൽ ചുഴറ്റി. ആദ്യമെത്തിയവന്റെ തോളെല്ല് തകരുന്ന ശബ്ദം ആ മില്ലിനുള്ളിൽ പ്രതിധ്വനിച്ചു. അടുത്ത നിമിഷം അവൻ ലൂക്മാനെ വെട്ടിയവന്റെ മുന്നിലെത്തി. അവൻ വടിവാൾ ഓങ്ങിയെങ്കിലും എബിയുടെ വേഗതയ്ക്ക് മുന്നിൽ അവന് ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. എബി അവന്റെ കൈക്ക് പൈപ്പ് കൊണ്ട് ഒരൊറ്റ അടി കൊടുത്തു. വാൾ താഴെ വീണു.
“മറ്റുള്ളവരെ പിന്നിൽ നിന്ന് വെട്ടാനല്ലേ നിനക്കറിയാവൂ? നോക്കടാ എന്റെ കണ്ണിലേക്ക്!”
എബി അവന്റെ കഴുത്തിന് കുത്തിപ്പിടിച്ച് ഭിത്തിയോട് ചേർത്തു. എന്നിട്ട് ലൂക്മാൻ ചേട്ടന് വെട്ടേറ്റ അതേ തോളിൽ തന്റെ കയ്യിലുണ്ടായിരുന്ന ചെറിയ കത്തി കൊണ്ട് ഒരു ആഴത്തിലുള്ള വരയിട്ടു. അവൻ വേദന കൊണ്ട് അലറി.
“ഇത് ലൂക്മാൻ ചേട്ടന് വേണ്ടി! ഇനി എന്റെ അപ്പൂപ്പനെ തൊട്ട കൈകൾക്ക് വേണ്ടിയുള്ളത് വരുന്നുണ്ട്,” എബി അവനെ നിലത്തിട്ട് ചവിട്ടി.
അലക്സ് ഷാഹിറും ബാക്കിയുള്ളവരെ കൈകാര്യം ചെയ്തു. മില്ലിനുള്ളിൽ മദ്യക്കുപ്പികൾ തകർന്നു വീണു. അഞ്ചു മിനിറ്റിനുള്ളിൽ അവിടെയുണ്ടായിരുന്ന ഗുണ്ടകളെല്ലാം നിലത്തു വീണു പിടയുകയായിരുന്നു. എബി ശാന്തനായി പുറത്തേക്ക് നടന്നു.
അതേസമയം, സണ്ണിയും വക്കീലും ഒരു കാറിൽ ആ മില്ലിന് അടുത്തേക്ക് വരികയായിരുന്നു. എബി അവിടെയുണ്ടെന്ന് അവർക്ക് വിവരം കിട്ടിയിരുന്നു. പക്ഷേ അവർ എത്തുമ്പോൾ കണ്ടത് തങ്ങളുടെ ഗുണ്ടകൾ ചോരയിൽ കുളിച്ചു കിടക്കുന്നതാണ്.
എബി തന്റെ ബൈക്കിൽ ചാരി നിന്ന് .സണ്ണിയുടെ കാർ കണ്ടതും അവൻ പതുക്കെ പുക പുറത്തേക്ക് വിട്ടു.
“സണ്ണീ… നിന്റെ വക്കീലിനോട് പറഞ്ഞേക്ക്, ഇത് വെറും തുടക്കം മാത്രമാണെന്ന്. ലോപ്പസ് സാറിനെ നാളെ രാവിലെ എനിക്ക് പുറത്തിറക്കണം. ഇല്ലെങ്കിൽ കൊല്ലം നഗരം നാളെ കാണുന്നത് നിന്റെ ഈ ഗുണ്ടകളുടെ ബോഡികൾ ആയിരിക്കും,” എബി സണ്ണിയുടെ കണ്ണുകളിലേക്ക് നോക്കി പറഞ്ഞു.
സണ്ണി ഒന്നും മിണ്ടിയില്ല. അവൻ എബിയുടെ ആ രൂപം കണ്ട് സത്യത്തിൽ ഭയന്നുപോയി. വക്കീൽ പതുക്കെ കാറിന്റെ വിൻഡോ ഗ്ലാസ്സ് ഉയർത്തി.
എബി നേരെ ഹോസ്പിറ്റലിലേക്ക് തിരിച്ചുപോയി. വർഷ അവിടെ കാത്തുനിൽക്കുന്നുണ്ടായിരുന്നു. എബിയുടെ കയ്യിലെ മുറിവ് കണ്ടപ്പോൾ അവൾ ഓടിവന്നു.
“നീ എന്തിനാ എബി ഇങ്ങനെ നടക്കുന്നത്? ലൂക്മാൻ ചേട്ടൻ ഇപ്പോൾ ഓക്കെയാണ്. നീ ഇങ്ങനെ വയലന്റ് ആകുന്നത് എനിക്ക് പേടിയാകുന്നു,” വർഷയുടെ കണ്ണുകൾ നിറഞ്ഞു.
“വർഷേ… ചിലപ്പോഴൊക്കെ സമാധാനം ഉണ്ടാക്കാൻ യുദ്ധം ചെയ്യേണ്ടി വരും. നീ പേടിക്കണ്ട,” എബി അവളുടെ കവിളിൽ പതുക്കെ തഴുകി.
