കൗതുകകരമായ കേസ് എഡിറ്റ് ചെയ്ത പതിപ്പ് – 3 1

 

“അതൊക്കെ ഓരോ വഴികളല്ലേ അപ്പൂപ്പൂ,” എബി പതുക്കെ ചിരിച്ചു.

 

പക്ഷേ അപ്പോഴാണ് ദൂരെ നിന്ന് സണ്ണിയുടെ ബൈക്ക് അങ്ങോട്ട് വരുന്നത് അവർ കണ്ടത്. സണ്ണി ബൈക്ക് നിർത്തി എബിയെ ഒന്ന് നോക്കി. അവന്റെ മുഖത്ത് വല്ലാത്തൊരു പരിഹാസമായിരുന്നു.

 

“എബി… നീ അൻസി മമ്മിയെ കണ്ടത് വക്കീൽ അറിഞ്ഞിട്ടുണ്ട്. നീ കരുതുന്നതുപോലെ അത്ര സിമ്പിൾ അല്ല കാര്യങ്ങൾ. വക്കീൽ നിനക്ക് വേണ്ടി ചെറിയ പണി ഒരുക്കുന്നുണ്ട്. നാളത്തെ കോളേജ് ഡേയിൽ അത് നീ കാണും.” സണ്ണി പറഞ്ഞു വേഗത്തിൽ അവിടെനിന്നും പോയി.

⏩⏩

കോളേജ് ഡേയുടെ ആവേശം അതിന്റെ കൊടുമുടിയിലായിരുന്നു. ഓഡിറ്റോറിയം നിറഞ്ഞു കവിഞ്ഞ വിദ്യാർത്ഥികൾ. സ്റ്റേജിന് പിന്നിൽ ഇഷാനും സന്ദീപും ചേർന്ന് എബിയെ നാണം കെടുത്താനുള്ള അവസാന വട്ട പ്ലാനിലായിരുന്നു.

 

പാട്ടുപാടാൻ ഒട്ടും താല്പര്യമില്ലാത്ത, എപ്പോഴും ഗൗരവക്കാരനായി നടക്കുന്ന എബിയുടെ പേര് അനൗൺസ്‌മെന്റ് ലിസ്റ്റിൽ അവർ രഹസ്യമായി കയറ്റിക്കൂട്ടി. എബി സ്റ്റേജിൽ വന്ന് പാടാനാവാതെ നിൽക്കുന്നതും, കുട്ടികൾ കൂവുന്നതും ആസ്വദിക്കാൻ അവർ മുൻനിരയിൽ തന്നെ ഇരിപ്പുറപ്പിച്ചു.

മൈക്കിലൂടെ അനൗൺസ്‌മെന്റ് മുഴങ്ങി: “അടുത്തതായി പാടുന്നത് നമ്മുടെ കോളേജിലെ എബ്രഹാം ഹാരിസ് (എബി)!”

 

സണ്ണിയും വക്കീലും ഗാലറിയിലിരുന്ന് പരസ്പരം നോക്കി ചിരിച്ചു. ഉണ്ണിയും ടിറ്റോയും അമ്പരന്നുപോയി. “എബി ചേട്ടൻ പാടുമോ? ഇവന്മാരുടെ പണിയാണല്ലോ ഇത്!” ഉണ്ണി പതുക്കെ പിറുപിറുത്തു.

 

വർഷയും മല്ലിക ടീച്ചറും ആകാംക്ഷയോടെ സ്റ്റേജിലേക്ക് നോക്കി. എബി പതുക്കെ സ്റ്റേജിലേക്ക് നടന്നു കയറി. അവന്റെ മുഖത്ത് യാതൊരു ഭാവമാറ്റവുമില്ല. തന്റെ പേര് വന്നത് ഒരു ചതിയാണെന്ന് അവന് മനസ്സിലായിക്കഴിഞ്ഞു. മൈക്കിന് മുന്നിൽ നിന്ന എബി സണ്ണിയെ ഒന്ന് നോക്കി. ആ നോട്ടത്തിൽ ഒരു വെല്ലുവിളിയുണ്ടായിരുന്നു.

 

കോളേജ് ഡേയുടെ ആ വേദിയിൽ എബി എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് ‘അയൺ’ സിനിമയിലെ ആ ഹിറ്റ് ഗാനം പാടിത്തുടങ്ങി. ഇഷനും കൂട്ടരും ഒരുക്കിയ നാണക്കേടിന്റെ കെണിയെ എബി തന്റെ സ്റ്റൈൽ കൊണ്ട് മറികടക്കുന്ന കാഴ്ചയായിരുന്നു അത്.

 

മൈക്കിന് മുന്നിൽ നിന്ന എബി ഇഷാനെയും സന്ദീപിനെയും ഒന്ന് തറപ്പിച്ചു നോക്കി. ഗിറ്റാറിന്റെ സ്ട്രിംഗുകൾ മുറുകി. ‘അയൺ’ സിനിമയിലെ ആ മാസ്സ് ഇൻട്രോ മ്യൂസിക് ഓഡിറ്റോറിയത്തിൽ മുഴങ്ങിയപ്പോൾ തന്നെ പിള്ളേർ ആവേശത്തിലായി.

 

സണ്ണിയുടെ മുഖം വിളറി. സന്ദീപും ഇഷാനും പരസ്പരം നോക്കി. അവർ വിചാരിച്ചത് എബി പാട്ടുപാടാൻ അറിയാതെ സ്റ്റേജിൽ നിന്ന് ഇറങ്ങിപ്പോകുമെന്നാണ്. എന്നാൽ തമിഴ് വരികൾ വളരെ കൃത്യമായ ഉച്ചാരണത്തോടെ എബി പാടുന്നത് കണ്ടപ്പോൾ അവർ ഞെട്ടിപ്പോയി.

 

നെൻജെ നെൻജെ എന്ന പാട്ട് എബി നിസാരം പോലെ പാടി തീർത്തും..

 

ഉണ്ണിയും ടിറ്റോയും കസേരയ്ക്ക് മുകളിൽ കയറി നിന്ന് ആർത്തുവിളിച്ചു. വർഷയുടെ കണ്ണുകളിൽ എബിയോടുള്ള ആരാധനയും അത്ഭുതവും നിറഞ്ഞു. ഒരു സാധാരണ സ്റ്റുഡന്റിന് ഇത്രയും ആത്മവിശ്വാസത്തോടെ ഇങ്ങനെ ഒരു വേദി കൈകാര്യം ചെയ്യാൻ കഴിയില്ലെന്ന് അവൾക്ക് ഉറപ്പായി.

 

⏩⏩

പാട്ട് കഴിഞ്ഞ് മാസ്സ് ആയി സ്റ്റേജിൽ നിന്ന് ഇറങ്ങി വന്ന എബിയെ ട്രിസ കോളേജ് ഗേറ്റിന് പുറത്ത് കാത്തുനിൽക്കുന്നുണ്ടായിരുന്നു. അവളുടെ കയ്യിൽ ഒരു വലിയ കവർ ഉണ്ടായിരുന്നു.

 

“എബി… നീ പാടിയത് കേട്ടു. പക്ഷേ ഇപ്പോൾ പാട്ടുപാടാനുള്ള സമയമല്ല.ദാ ഇത് നോക്ക്,” ട്രിസ ആ കവർ അവന് നൽകി.

 

അതിൽ സണ്ണിയുടെ അച്ഛനും മാത്യു വക്കീലും ചേർന്ന് വലിയവീട്ടിലെ ആ പഴയ തോട്ടം കൈക്കലാക്കാൻ വേണ്ടി ഉണ്ടാക്കിയ വ്യാജ പ്രമാണങ്ങളായിരുന്നു. അത് മാത്രമല്ല, ലോപ്പസ് സാറിനെ കുടുക്കാൻ സബ് രജിസ്ട്രാർ രാമകൃഷ്ണൻ ഒപ്പിട്ട ചില രേഖകളും അതിലുണ്ടായിരുന്നു.

 

“ഇത് എവിടെ നിന്ന് കിട്ടി ട്രിസ?” എബി ഗൗരവത്തോടെ ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *