“കയറി വാ മോളെ, ഞാൻ ചായ ഇടാം ” ദേവിക പറഞ്ഞു കൊണ്ട് തിരിയാൻ ഭാവിച്ചതും, “അയ്യോ , സമയം ഇല്ല ആന്റി, ഈ ലാപ്ടോപ്പ് എനിക്ക് ജോവിനെ ഏൽപ്പിക്കണം, രാത്രി 8 മണിക്ക അവന്റെ ഫ്ലൈറ്റ് എന്ന് പറഞ്ഞു
” ദേവിക ഒന്നും മനസ്സിലാകാതെ നിന്ന്. ” അപ്പോൾ മോള് ഇന്ന് പോകുന്നില്ലേ ” ദേവിക ചോദിച്ചു. “ഒന്നും പറയേണ്ട ആന്റി, ചേച്ചിയുടെ മക്കൾ ഇന്ന് UK യിൽ നിന്നും വരുന്നു,
എനിക്ക് സർപ്രൈസ് ആകട്ടെ എന്ന് വിചാരിച്ചു, കുറച്ചു മുൻപേയപ് വിളിച്ചു പറഞ്ഞത്, മൂന്നു ദിവസം അവർ എന്തൊക്കെയോ പ്ലാൻ ചെയ്തിരിക്കയാ” മേഘ തുടർന്ന് ” അത് കൊണ്ട് 5 ദിവസം കൂടി ഞാൻ ലീവ് എടുക്കുന്ന കാര്യം ബോസ്സിനോട് ഒന്ന് പറഞ്ഞു സമ്മതിപ്പിക്കാൻ ഞാൻ അവളെ വിളിച്ചപ്പോഴാ ലാപ്ടോപ്പിന്റെ കാര്യം അവൾ പറഞ്ഞത്” മേഘ തുടർന്നു ” അപ്പോൾ അവൾ ആണ്,
ജോവിന്റെ കയ്യിൽ കൊടുത്താൽ മതിയെന്ന് പറഞ്ഞത്” പെട്ടെന്നാണ് ദേവികയുടെ മനസ്സിൽ ആ പേര് പതിഞ്ഞത് ‘ജോവിന്’ Me&J . ദേവിക ശെരിക്കും ഞെട്ടി രണ്ടാമത് ആ പേര് കേട്ടപ്പോൾ. എത്ര ശ്രമിച്ചിട്ടും തന്റെ മുഖത്തിൽ നിന്നും അത് മറയ്ക്കാൻ ദേവികയ്ക്കു കഴിഞ്ഞില്ല, ശെരിക്കും അവൾ മേഘയുടെ മുന്നിൽ അങ്ങനെ തന്നെ ഏതാനും നിമിഷങ്ങൾ നിന്ന് പോയി, ഈ നിമിഷങ്ങൾ ധാരാളം ആയിരുന്നു മേഘയ്ക്കു ദേവികയുടെ മുഖത്തെ മാറ്റം വായിച്ചെടുക്കാൻ. “അയ്യോ ആന്റി പേടിക്കേണ്ട, ജോവിനെ എനിക്കും ശ്രുതിയ്ക്കും നന്നായി അറിയാം,
അവൻ നമ്മുടെ കോളേജിലെ രണ്ടു വര്ഷം ജൂനിയർ ആയി പഠിച്ചവനാ ” മേഘ പറഞ്ഞു, പരിചയം ഇല്ലാത്ത ആളിന്റെ കയ്യിൽ ലാപ്ടോപ്പ് കൊടുക്കുന്നു എന്ന് കേട്ടപ്പോൾ ഉള്ള പരിഭ്രാന്തി എന്ന് വിചാരിച്ചാണ് മേഘ പറഞ്ഞത്. സ്വയം നിയന്ത്രിച്ചു നോർമൽ ഭാവത്തിൽ വരൻ ദേവിക അങ്ങേയറ്റം ശ്രമം തുടർന്നെങ്കിലും പൂർണ്ണമായും വരുതിയിൽ വരുത്താൻ സാധിച്ചില്ല. ദേവികയുടെ ഈ ഭാവമാറ്റം മേഘയും ടെൻഷൻ ആക്കി. താൻ പറയാൻ പാടില്ലാത്ത എന്തെങ്കിലും പറഞ്ഞോ എന്നായി അവളുടെ ചിന്ത.
പെട്ടെന്ന് പോയാൽ മതിയെന്ന് അവൾക്കു തോന്നി. “എന്നാൽ ആന്റി ഞാൻ ……” മേഘ പറഞ്ഞതും ദേവിക ഒരു മൂളലോടെ പുറകോട്ടു പോയി കതകു അടയ്ക്കാൻ ഭാവിച്ചു. “അയ്യോ, ആന്റി ലാപ്ടോപ്പ് തന്നില്ല” പരിഭ്രമത്തോടെ മേഘ കൈ നീട്ടി. അപ്പോഴാണ് ലാപ്ടോപ്പ് താൻ കൊടുക്കാതെ തന്റെ കയ്യിൽ തന്നെ ഇരിക്കുന്നു എന്ന കാര്യം ദേവിക മനസ്സിലാക്കിയത്.
” എന്താ ആന്റി, മോളുടെ മറവി ആന്റിക്കും പിടിച്ചോ” ദേവികയുടെ ഈ സീരിയസ് ആയ ഭാവമാറ്റം ഒന്ന് കുറയ്ക്കാൻ മേഘ ഒരു തമാശ പോലെ പറഞ്ഞെങ്കിലും മാറ്റം ഒന്നും കാണാൻ സാധിച്ചില്ല. ഒരു കുഞ്ഞിനെ കൈ മാറുന്നതുപോലെ ദേവിക ലാപ്ടോപ്പ് മേഘയുടെ കയ്യിൽ ഏൽപ്പിച്ചു അങ്ങനെ തന്നെ നിന്നു . മേഘ പിന്നെ ഒന്നും മിണ്ടാതെ ലാപ്ടോപ്പ് വാങ്ങി തിരിഞ്ഞു നടന്നു. എന്തോ പ്രശ്നം ഉണ്ടെന്നു അവളുടെ മനസ്സ് പറഞ്ഞു.
ഞെട്ടലും നഷ്ടവും ഒരുമിച്ചു വരുമ്പോൾ ഉണ്ടാകുന്ന
വികാരം എന്തെന്ന് ദേവിക അന്ന് ശെരിക്കും അറിഞ്ഞു. അവൾ മേഘ ഗേറ്റും കടന്നു പോകുന്നത് നോക്കി നിന്നു.
