മീര തളർച്ചയോടെ കൈകൾ പിണച്ചു കെട്ടി.
“ഇതാരെങ്കിലും പറഞ്ഞുവിട്ടതാണോ നിന്നെ? അതോ വല്ല പ്രാങ്കും ആണോ?”
അവൻ കുറച്ചുകൂടി അടുത്തേക്ക് വന്നു.
“പ്രാങ്ക് ഒന്നുമല്ല മീരേ. നീ നോക്ക്… എന്റെ കണ്ണുകളിലേക്ക് നോക്ക്!!”
യുവാവ് ചെറിയൊരു പുഞ്ചിരിയോടെ അവളുടെ അടുത്തേക്ക് ഒരടി കൂടി വെച്ചു.
“നിന്നെത്തന്നെയാ മീരേ ഞാൻ തേടുന്നത്. നീ എന്നെ തിരിച്ചറിയുന്നില്ലേ? ഞാൻ സന്ദീപാണ്. നിന്റെ സന്ദീപ്. ഇന്ന് എന്റെ ഓർമദിവസമല്ലേ? ഒരു പായസപ്പൊതിക്കുവേണ്ടി ഞാൻ വരുമെന്ന് നീ ഇന്നും കാത്തിരിക്കുകയല്ലേ?”
”നിനക്കെന്താ ഭ്രാന്താണോ..എന്തൊക്കെയാ നീ പറയുന്നത്?”
”മീരേ, ഒന്ന് നിൽക്ക്… എനിക്കറിയാം ഇത് വിശ്വസിക്കാൻ പാടാണെന്ന്. പക്ഷേ നിന്റെ സന്ദീപിന്റെ അതേ ആത്മാവുമായാണ് ഞാൻ വന്നിരിക്കുന്നത്.”
സംസാരിക്കുന്നതിനിടയിൽ അവൻ ഇടയ്ക്കിടെ തന്റെ മൂക്കിന്റെ തുമ്പിൽ വിരലുകൊണ്ട് തൊടുന്നുണ്ടായിരുന്നു. സന്ദീപിന് മാത്രം ഉണ്ടായിരുന്ന ആ ഒരു ചെറിയ ശീലം!
മീരയുടെ ശ്വാസം ഒന്ന് തടഞ്ഞു. എങ്കിലും അവൾ ഉറച്ചുനിന്നു.
“അതൊക്കെ ആർക്കും അനുകരിക്കാവുന്നതേയുള്ളൂ. താൻ പോകുന്നോ അതോ ഞാൻ പോലീസിനെ വിളിക്കണോ?”
അവൻ ദീർഘമായി ഒന്ന് നിശ്വസിച്ചു. അവന്റെ കണ്ണുകളിൽ നനവ് പടർന്നു.
“ശരി, ഇതൊന്ന് കേൾക്ക്. നമ്മുടെ പഴയ ബെഡ്റൂമിലെ അലമാരയുടെ ഏറ്റവും മുകളിലെ തട്ടിൽ, ഒരു ചുവന്ന വെൽവെറ്റ് ബോക്സിൽ നീ വര്ഷങ്ങളായി സൂക്ഷിച്ചു വെച്ചിരിക്കുന്ന ആ കരിവളക്കഷ്ണങ്ങൾ… അത് നമ്മുടെ ആദ്യത്തെ രാത്രിയിൽ കിടക്കയിൽ കിടന്ന് പൊട്ടിയതല്ലേ?
അത് കളയാൻ തോന്നാതെ നീ ഇന്നും അവിടെ വെച്ചിട്ടില്ലേ? ഇത് ആരോടും നമ്മൾ പറഞ്ഞിട്ടില്ലല്ലോ മീരേ… ഞാൻ ഇത് എങ്ങനെ അറിഞ്ഞു?”
മീരയുടെ കൈയ്യിലുണ്ടായിരുന്ന ചായക്കപ്പ് വിറച്ചു. ആ കരിവളക്കഷണത്തെക്കുറിച്ച് അവളും സന്ദീപും അല്ലാതെ മൂന്നാമതൊരാൾക്ക് അറിയാൻ ഒരു വഴിയുമില്ല. അവളുടെ കണ്ണുകൾ നിറഞ്ഞു.
“നീ… നീ ഇത് എങ്ങനെ…?”
അവളുടെ ശബ്ദം വിറയ്ക്കുന്നുണ്ടായിരുന്നു.
”മരണത്തിനും ജീവിതത്തിനും ഇടയിൽ എവിടെയോ വെച്ച് ഞാൻ നിനക്ക് വാക്ക് തന്നിരുന്നില്ലേ മീരേ, ഞാൻ തിരിച്ചു വരുമെന്ന്. ഇതാ ഞാൻ എത്തി. എനിക്ക് ഒരുപാട് കാര്യങ്ങൾ നിന്നോട് പറയാനുണ്ട് മീരാ..എന്റെ ഈ ഓർമദിവസം നിനക്കൊപ്പം ചിലവഴിക്കണമെന്ന് എനിക്കുണ്ടായിരുന്നു.”
മീരയുടെ യുക്തിയും ഹൃദയവും തമ്മിൽ ഒരു വലിയ യുദ്ധം തുടങ്ങുകയായിരുന്നു. മുന്നിൽ നിൽക്കുന്ന ഈ പയ്യൻ തന്റെ സന്ദീപാണെന്ന് വിശ്വസിക്കാൻ ബുദ്ധി സമ്മതിക്കുന്നില്ല, പക്ഷേ അവന്റെ കണ്ണുകളിലെ ആ തിളക്കവും രഹസ്യങ്ങളും അവളെ തളർത്തിക്കളഞ്ഞു.
ഉമ്മറത്തെ തിണ്ണയിൽ സന്ദീപ് ഇരുന്നു. മീരയുടെ മനസ്സിൽ സംശയങ്ങളുടെയും ഓർമ്മകളുടെയും ഒരു വലിയ യുദ്ധം നടക്കുകയായിരുന്നു. അഞ്ചു വർഷം മുമ്പ് നഗരത്തിലെ പ്രമുഖ കമ്പനിയിൽ ഒരു സീനിയർ സോഫ്റ്റ്വെയർ എഞ്ചിനീയർ ആയിരുന്ന സന്ദീപിന്റെ മുഖം അവൾ ഓർത്തു. സദാസമയവും ലാപ്ടോപ്പിന് മുന്നിലിരുന്നിരുന്ന, ബുദ്ധിമാനും ശാന്തനുമായിരുന്ന സന്ദീപ്.
അയാൾ നഗരത്തിൽ ജോലി ചെയ്യുന്നതുകൊണ്ട് തന്നെ മാസത്തിൽ രണ്ടോ മൂന്നോ ദിവസങ്ങളിൽ മാത്രമേ വീട്ടിലേക്ക് വരുവായിരുന്നുള്ളു.. മീരക്ക് അയാളെ കാണാൻ കഴിയുന്ന ആ ദിവസങ്ങൾ അവളുടെ മനസ്സിൽ തറച്ചുനിന്നു..
”മീരേ, നീ കണ്ടിരുന്നത് പുറമെ എപ്പോഴും പുഞ്ചിരിക്കുന്ന സന്ദീപിനെ മാത്രമാണ്,” യുവാവ് പതുക്കെ പറഞ്ഞു തുടങ്ങി.
“പക്ഷേ ആ ജോലിയിലെ കടുത്ത സമ്മർദ്ദവും, നമുക്ക് പോലും തിരിച്ചറിയാൻ കഴിയാത്ത PTSD (Post-Traumatic Stress Disorder) എന്ന രോഗവും എന്നെ ഉള്ളിൽ നിന്ന് കാർന്നു തിന്നുകയായിരുന്നു. പണ്ട് ജോലി സംബന്ധമായുണ്ടായ ചില വലിയ പരാജയങ്ങൾ എന്റെ ഉറക്കം കെടുത്തിയിരുന്നു.”
