ഇടവപ്പാതിയിലെ വിരുന്നുകാരൻ – 1 42അടിപൊളി  

 

ആ യുവാവ് തന്റെ വിറയ്ക്കുന്ന കൈകൾ ആ ഫോട്ടോയ്ക്ക് മുകളിലൂടെ സാവധാനം തലോടി.

 

കണ്ണാടിച്ചില്ലിന് മുകളിലൂടെ അവന്റെ വിരലുകൾ സന്ദീപിന്റെ മുഖത്ത് സ്പർശിച്ചപ്പോൾ അവന്റെ കണ്ണുകൾ നിറഞ്ഞു തുളുമ്പി.

 

 

​”നമ്മുടെ ആ ദിവസം… നിന്റെ കൈയ്യിലെ മൈലാഞ്ചി മണം അന്നത്തെ കാറ്റിലുണ്ടായിരുന്നു മീരേ. നീ അന്ന് വല്ലാതെ പേടിച്ചിരുന്നു. സാരമില്ല, ഞാൻ കൂടെയുണ്ടല്ലോ എന്ന് ഞാൻ നിന്റെ കാതിൽ മന്ത്രിച്ചത് ഓർമ്മയുണ്ടോ?”

 

 

 

​മീരയുടെ ഉള്ളിൽ ഒരു മിന്നൽപിണർ പാഞ്ഞുപോയി. ആ നിമിഷം… അത് തങ്ങൾക്കിടയിലെ മാത്രം സ്വകാര്യമായിരുന്നു.

 

ഫോട്ടോയിലെ തന്റെ പഴയ രൂപത്തെ നോക്കി നിൽക്കുന്ന ഈ പുതിയ യുവാവ് ആരാണ്? അവന്റെ കണ്ണുകളിൽ കാണുന്നത് തന്റെ സന്ദീപിന്റെ അതേ പ്രണയമല്ലേ?

 

 

 

​അവൻ പതുക്കെ അവിടെയിരുന്ന കസേരയിൽ ഇരുന്നു.

 

“ഈ മുറിയിൽ ഇരുന്നല്ലേ ഞാൻ രാത്രികാലങ്ങളിൽ ലാപ്ടോപ്പും തുറന്നിരിക്കുന്നത്? നിനക്ക് ഓർമ്മയുണ്ടോ മീരേ, ഞാൻ ജോലി ചെയ്തിരുന്ന ആ വലിയ സോഫ്റ്റ്വെയർ കമ്പനിയിലെ പ്രോജക്റ്റുകൾ? എല്ലാവരും വിചാരിച്ചിരുന്നത് ഞാൻ വലിയ വിജയമാണെന്നാണ്. പക്ഷേ ആ കോഡുകൾക്കും പ്രോഗ്രാമുകൾക്കും ഇടയിൽ എന്റെ മനസ്സ് ശ്വാസം മുട്ടുകയായിരുന്നു.”

 

 

 

​അവൻ മീരയെ നോക്കി.

 

“സീനിയർ സോഫ്റ്റ്വെയർ എഞ്ചിനീയർ എന്ന ആ വലിയ പേരിന് പിന്നിൽ ഭ്രാന്ത് പിടിക്കുന്ന ഒരു മനുഷ്യനുണ്ടായിരുന്നു. ആരും കാണാതെ ഞാൻ അനുഭവിച്ച PTSD… അത് നിന്നെ അറിയിക്കാതിരിക്കാൻ ഞാൻ ഈ മുറിയിൽ എത്ര രാത്രികൾ കരഞ്ഞിട്ടുണ്ടെന്ന് അറിയാമോ? എന്റെ ആ പഴയ ലാപ്ടോപ്പ് ബാഗിനുള്ളിലെ രഹസ്യ അറയിൽ ഇന്നും ആ മരുന്നുകളുടെ കുപ്പിയുണ്ടാകും. നീ അത് എറിഞ്ഞുകളഞ്ഞോ?”

 

 

 

​മീര വിറയലോടെ അലമാരയിലേക്ക് നോക്കി.

 

 

സന്ദീപിന്റെ ആ പഴയ ബാഗ് അവൾ ഇന്നും അവിടെ സൂക്ഷിച്ചു വെച്ചിട്ടുണ്ട്. ഒരിക്കൽ പോലും അവൾ ആ രഹസ്യ അറ തുറന്നു നോക്കിയിരുന്നില്ല. ഈ യുവാവ് പറയുന്നത് സത്യമാണെങ്കിൽ…

 

 

​”എനിക്ക്… എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല സന്ദീപ്!!!”

 

 

 

മീരയുടെ ശബ്ദം ഇടറി. അവൾ ആദ്യമായി അവനെ ‘സന്ദീപ്’ എന്ന് വിളിച്ചു. ആ വിളി കേട്ടപ്പോൾ അവന്റെ മുഖത്ത് ഒരു സ്വർഗ്ഗീയമായ പുഞ്ചിരി വിരിഞ്ഞു.

 

 

 

​”വിശ്വസിക്കാൻ പ്രയാസമുണ്ടാകും മീരേ. പക്ഷേ ഈ ജന്മം എനിക്ക് ബാക്കിയുണ്ട്. നിനക്ക് നൽകാൻ ബാക്കിവെച്ച ആ പഴയ പ്രണയം മുഴുവൻ എനിക്ക് നൽകണം. പക്ഷേ എനിക്കറിയാം, നിന്റെ മനസ്സ് ഇപ്പോഴും പുകയുകയാണ്.”

 

 

 

 

 

 

 

​പെട്ടെന്ന് അവൻ മീരയുടെ മുഖത്തേക്ക് നോക്കി. അവളിലെ അധ്യാപികയുടെ ഗൗരവം അലിഞ്ഞില്ലാതാകുന്നത് അവൻ കാണുന്നുണ്ടായിരുന്നു. അവൻ പതുക്കെ പറഞ്ഞു:

 

 

​”മീരേ… എനിക്ക് ഒരു ചായ ഇട്ടുതരുമോ?

 

അഞ്ചു വർഷം മുന്നേ എനിക്ക് നഷ്ടപ്പെട്ട ആ ചായയുടെ സ്വാദ് എനിക്ക് വീണ്ടും ആസ്വദിക്കാൻ കൊതിയാവുന്നു മീരേ… പ്ലീസ്.. ഒരു ചായ ഇടൂ. ഇഞ്ചിയും ഏലക്കയും കുറച്ച് കൂടുതൽ ഇട്ട, നീ മാത്രം ഉണ്ടാക്കുന്ന ആ പ്രത്യേക ചായ…”

 

 

 

​മീരയുടെ ഉള്ളിൽ ഒരു കടൽ ഇരമ്പി.

 

താൻ ഇഞ്ചിയിട്ടുണ്ടാക്കുന്ന ചായ സന്ദീപിന് എത്ര പ്രിയപ്പെട്ടതായിരുന്നു എന്ന് അവൾക്ക് മാത്രമേ അറിയൂ.

 

ഒന്നും മിണ്ടാതെ അവൾ ആശ്ചര്യത്തോടെ അടുക്കളയിലേക്ക് നടന്നു. ഗ്യാസ് സ്റ്റൗ കത്തിക്കുമ്പോഴും ചായ തിളപ്പിക്കുമ്പോഴും അവളുടെ കൈകൾ വിറയ്ക്കുന്നുണ്ടായിരുന്നു. അഞ്ചു വർഷത്തിന് ശേഷം അവൾ സന്ദീപിന് വേണ്ടി ചായ തിളപ്പിക്കുകയാണ്!

 

 

 

​അടുക്കളയിലെ ഷെൽഫിൽ നിന്നും ചായപ്പൊടിയും പഞ്ചസാരയും എടുക്കുമ്പോൾ മീരയുടെ കൈകൾ വിറയ്ക്കുന്നുണ്ടായിരുന്നു.

 

ഗ്യാസ് സ്റ്റൗവിന്റെ നീലജ്വാലയിലേക്ക് നോക്കി നിൽക്കെ, പിന്നിൽ ഒരു കാൽപ്പെരുമാറ്റം അവൾ കേട്ടു.

Leave a Reply

Your email address will not be published. Required fields are marked *