മറുപടി ഒന്നും ഇല്ലാത്തതുകൊണ്ട് സമ്മതം ആണെന്ന് കരുതി ചുവരിൽ തലയണ വെച്ച് ചാരി ഇരുത്തി വെള്ളം ചൂടാക്കാൻ സ്റ്റൗവിൽ വച്ച് ഞാൻ ഭക്ഷണം കഴിച്ചു വന്നു കിളിയുടെ കാലിന് ഓയിൽമെൻറ് പുരട്ടി തടവിക്കൊടുത്തു തിരിച്ച് അടുക്കളയിൽ ചെന്നപ്പോൾ വെള്ളം ചൂടായി. അത് എടുത്തു കൊണ്ടു പോയി ബാത്റൂമിൽ ബക്കറ്റിൽ പൈപ്പിലെ വെള്ളം ചേർത്ത് ചൂട് പരുവത്തിലാക്കി. പുറത്തുവന്നു അലമാരയിൽ നിന്ന് കിളിയുടെ ഡ്രസ്സും തോർത്തും എടുത്തു കൊണ്ടുവന്ന് ബാത്റൂമിൽ സ്റ്റാൻഡിൽ ഇട്ടു. പതിയെ പൊക്കി കിളിയുടെ ഇടതുകൈ തോളിലൂടെ ഇട്ട്, എൻറെ വലതുകൈ ശരീരത്തിലൂടെ വട്ടം പിടിച്ച് ബാത്റൂമിൽ കയറ്റി യൂറോപ്യൻ ക്ലോസറ്റിൻറെ ടോപ്പ് അടച്ച് അതിൽ ഇരുത്തി വാതിൽ ചാരി റൂമിനു പുറത്തേക്കിറങ്ങി ഹാളിൽ സെറ്റിയിൽ ഇരുന്നു. ഏകദേശം 20 മിനിറ്റ് കഴിഞ്ഞപ്പോൾ മൗനിബാബയുടെ മൗനം മുറിഞ്ഞ് ” കഴിഞ്ഞു ” എന്ന് കൂറൽ കേട്ടു ഞാൻ ചെന്നു നോക്കുമ്പോൾ മേൽ കഴുകിയിട്ടേയുള്ളൂ കുളിച്ചിട്ടില്ല എന്നാലും മുടിയൊക്കെ വാരികെട്ടി ഡ്രസ്സ് ഒക്കെ മാറി പഴയ ഡ്രസ്സ് ബക്കറ്റിൽ നനച്ചിട്ടുണ്ട്. ബാത്റൂമിൽ നിന്ന് ഇറക്കി കൊണ്ടു വന്ന് കട്ടിലിൽ ഇരുത്തി കാലൊക്കെ ക്ലീൻ ചെയ്തു നീരുള്ള കാൽ തലയിണയുടെ മുകളിൽ വച്ച് ആളെ കിടത്തി. എന്നിട്ട് മുഖത്തു നോക്കാതെ ഞാൻ:- ” ഇന്നലെ ചെയ്ത പോലെ ഗ്ലാസ് എറിഞ്ഞ് എന്നെ ഉണർത്തേണ്ട, ഈ വണ്ടി കൊണ്ട് കുത്തുകയോ അടിക്കുകയോ ചെയ്ത് ഉണർത്തിയാൽ മതി. എന്നുകരുതി പട്ടിയെ തല്ലുന്നത് പോലെ തല്ലല്ലേ……. ദേഷ്യം ഉണ്ടാവാം പക്ഷേ രാത്രിയിൽ ഉറക്കത്തിൽ തല്ലിയാൽ പേടിച്ചുപോകും” ഇത്രയും പറഞ്ഞ് വടിയെടുത്ത് കട്ടിലിൻ്റെ തലക്കൽ ചാരി വെച്ചു വാതിൽക്കൽ പായവിരിച്ച് ഇന്നലെ കിടന്നത് പോലെ കിടന്നു എന്നിട്ട് ആത്മഗതം പോലെ ഉറക്കെ “ഭഗവാനേ ഇന്ന് എന്നെ തല്ലി കൊല്ലാതെ കാത്തോളണേ” എന്ന് പറഞ്ഞുകൊണ്ട് ഉണ്ടക്കണ്ണിക്ക് പുറം തിരിഞ്ഞു കിടന്നു. അഭിമുഖമായി കിടന്നാൽ മുഖത്തുനോക്കിയാൽ എന്താണ് പാവം എന്നറിയില്ലല്ലോ, അതുമല്ല കുത്തു കണ്ണിൽ കിട്ടിയാലോ? അതുകൊണ്ട് ഇതാണ് അഭികാമ്യം. എപ്പോഴോ ഞാൻ ഉറങ്ങി, ഉറക്കത്തിൽ തലയുടെ പുറകിൽ ചൊറിച്ചിൽ അനുഭവപ്പെട്ടപ്പോൾ ആണ് ഉണരുന്നത് പരിസരബോധം വന്നു തിരിഞ്ഞുനോക്കുമ്പോൾ കണ്ണുകൾ തുറന്നു എന്നെ നോക്കി ഒരാൾ കിടക്കുന്നു. ഞാൻ അവിടെ കിടന്നു ക്ലോക്കിലേക്ക് നോക്കിയപ്പോൾ സമയം ഒരു മണി ആകുന്നു. അപ്പോൾ എനിക്ക് മനസ്സിലായി ബാത്റൂമിൽ പോകാനുള്ള സിഗ്നൽ ആണ്. വെറുതെ അനങ്ങാതെ കിടക്കുമ്പോൾ മൂത്രശങ്ക കൂടും.
ഞാൻ എഴുന്നേറ്റ് ബാത്ത്റൂമിലേക്ക് കൂട്ടിക്കൊണ്ടുപോയി കൊണ്ടുവന്ന് കട്ടിലിൽ എത്തിയപ്പോൾ വെള്ളം ജഗ്ഗിന് വേണ്ടി കയ്യെത്തിക്കുന്നു. ഒന്നും പറയില്ലല്ലോ മൗനിബാബയല്ലേ. ഞാൻ ജഗ് എടുത്തുകൊടുത്തു, വെള്ളം കുടിച്ച് തിരിച്ചു മേടിച്ചു. എന്നിട്ട് കാലൊക്കെ തുടച്ച് കിടത്തി പോകുന്നതിനു മുമ്പ് ആ മുഖത്തേക്ക് ഒന്ന് നോക്കി, ഞാൻ നോക്കുന്നത് കണ്ടു പെട്ടെന്ന് മുഖം വെട്ടിച്ച് തിരിഞ്ഞുകിടന്നു. ഞാൻ പോയി കിടന്നുവെങ്കിലും ഉറങ്ങാൻ സമയം എടുക്കും, ഉറക്കത്തിൻ്റെ ആ ഫ്ലോ നഷ്ടപ്പെട്ടത് അല്ലേ. വീണ്ടും ഞാൻ പുറം തിരിഞ്ഞാണ് കിടന്നത് എങ്കിലും ഒരു കൗതുകത്തിനു വേണ്ടി വെറുതെ ഒന്ന് തിരിഞ്ഞപ്പോൾ കാണുന്നത് രണ്ട് ബൾബുകൾ കത്തി നിൽക്കുന്നതുപോലെ കണ്ണുകൾ തുറന്ന് എന്നെ നോക്കി കിടക്കുന്നു. ഞാൻ ഭയപ്പെട്ടു എന്താണാവോ വടികൊണ്ടു കുത്താനൊ അടിക്കാനൊയുള്ള ഭാവമാണോ ഒന്നും അറിയില്ല. ഞാൻ നോക്കുന്നത് കണ്ടു പെട്ടെന്ന് കണ്ണടച്ചു കിടന്നു. ഞാൻ ഭയം കൊണ്ട് സ്വല്പം വിട്ടു കിടന്നെങ്കിലും, പിന്നീട് ആലോചിച്ചപ്പോൾ ഉറക്കത്തിൽ എന്തെങ്കിലും സഹായത്തിന് വിളിക്കണമെങ്കിൽ കമ്പുകൊണ്ട് തൊടുന്ന നഗരത്തിൽ കിടന്നാൽ അല്ലേ പറ്റൂ, അതുകൊണ്ട് കുറച്ച് അടുത്തേക്ക് കിടന്നു. അടിക്കുകയോ കുത്തുകയോ ചെയ്യും എന്നുള്ള ഭയം ഉണ്ടെങ്കിലും എപ്പോഴോ ഉറങ്ങിപ്പോയി. ആ ഉറക്കത്തിൽ നിന്നും ഉണരുന്നത് അഞ്ചുമണിക്കാണ്, അപ്പോൾ കക്ഷി നല്ല ഉറക്കത്തിലാണ്. ഇന്നലെ എപ്പോഴാണാവൊ ഉറങ്ങിയത്, ഉറങ്ങട്ടെ. ശബ്ദമുണ്ടാക്കാതെ എഴുന്നേറ്റ് അടുക്കളയിൽ പോയി കട്ടന് സ്റ്റൗവിൽ വെള്ളം വച്ച് ബ്രഷ് പേസ്റ്റും എടുത്ത് ലൈറ്റിട്ട് പുറത്തുപോയി ഫ്രഷ് ആയി വന്നപ്പോൾ കട്ട വെള്ളം തിളക്കുന്നു ചായപ്പൊടി ഇട്ട് ഇറക്കി പഞ്ചസാരയിട്ട് രണ്ട് ഗ്ലാസുകളിൽ ആക്കി മുറിയിൽ ചെന്നു നോക്കുമ്പോൾ കക്ഷി ഉണർന്നു കിടക്കുന്നതു കൊണ്ട് മുറിയിൽ ലൈറ്റിട്ടു, ഞാൻ ഒന്നും ചോദിക്കാതെ ആളെ പൊക്കി ബാത്റൂമിൽ ആക്കി അടുക്കളയിൽ പോയി കട്ടനുമായി വരുമ്പോൾ ബാത്റൂമിൽ കഴിഞ്ഞിട്ട് ഉണ്ടായിരുന്നു. ഇറക്കി കൊണ്ടുവന്ന് ചുവരിൽ തലയണ വെച്ച് ചാരി ഇരുത്തി കട്ടൻ കയ്യിൽ കൊടുത്തു. എൻറെ കട്ടനും ആയി ഞാൻ സെറ്റിയിൽ ഇരുന്നു. ഇന്നും ഗ്ലാസ് പൊട്ടിക്കണ്ടല്ലോ എന്ന് കരുതി ഇടയ്ക്കിടക്ക് മുറിയിലേക്ക് ശ്രദ്ധിച്ചിരുന്നു. എൻറെ കട്ടൻ തീർന്നപ്പോൾ എഴുന്നേറ്റു പോകുന്ന വഴി കിളിയുടെ അടുത്തുചെന്നപ്പോൾ ഗ്ലാസ് കാലിയായിരുന്നു അതും വാങ്ങി അടുക്കളയിലെ സിങ്കിൽ കൊണ്ടു പോയിട്ടു.
