എൻ്റെ കിളിക്കൂട് – 5 Likeഅടിപൊളി  

ഉച്ച കഴിഞ്ഞപ്പോഴേക്കും മഴക്കാർ ഉണ്ടായിരുന്നതിനാൽ തുണികൾ എല്ലാം എടുത്തു, വെയിൽ അങ്ങനെ തെളിഞ്ഞിരുന്നില്ല എന്നാലും തുണികൾ വാടിയിട്ടുണ്ട്, മടക്കി അതാത് സ്ഥലത്ത് വച്ചു. വൈകുന്നേരം 4 മണിയോടുകൂടി മഴക്കാർ വെക്കാൻ തുടങ്ങി ചെറിയ രീതിയിലുള്ള മിന്നലും പ്രകൃതിയുടെ സ്വഭാവം മാറി തുടങ്ങിയതുകൊണ്ട് അമ്മൂമ്മ അഞ്ചു മണി കഴിഞ്ഞപ്പോഴേക്കും ചിറ്റയുടെ വീട്ടിലേക്ക് പുറപ്പെട്ടു. അഞ്ചര മണി ആയപ്പോഴേക്കും അന്തരീക്ഷം പെട്ടെന്ന് ഇരുണ്ടു, പെട്ടെന്ന് പോയി ഗേറ്റ് പൂട്ടി തിരിച്ചുവന്നു ഫ്രണ്ട് ഡോറും അടുക്കളയുടെ ഡോറും അടച്ചു കുറ്റിയിട്ടു.   കുറച്ചു കഴിഞ്ഞപ്പോൾ ശക്തിയായ മഴ പെയ്യാൻ തുടങ്ങിയതോടെ ഇടി വെട്ടും മിന്നലും. ഇന്നലെ കറണ്ട് പോയതിനാൽ ഇന്ന് രണ്ട് എമർജൻസി ലൈറ്റ് ഉണ്ടായിരുന്നത് തപ്പിയെടുത്ത് ചാർജ് ചെയ്തു വച്ചിരുന്നു. പെട്ടെന്ന് ഇരുട്ടിയതിനാൽ ഹാളിലും അടുക്കളയിലും ലൈറ്റിട്ട്, കിളിയുടെ മുറിയിൽ ചെന്നപ്പോൾ കക്ഷി പേടിച്ചു വിറച്ച് കട്ടിലിൽ കിടക്കുന്നു. ആ മുറിയിലും ലൈറ്റിട്ടു. ജനലുകൾ ഒക്കെ അടച്ച് കർട്ടനും വലിച്ചിട്ടു. കക്ഷി ഷീറ്റുകൊണ്ട് തലവഴി മൂടി മുഖം മാത്രം വെളിയിൽ കാണുന്ന വിധത്തിൽ ചരിഞ്ഞാണ് കിടപ്പ്. ആളുടെ പേടി മനസ്സിലായതോടെ സ്റ്റൂൾ മേശയുടെ അടുത്തേക്കു വലിച്ചിട്ട് അവിടെയിരുന്നു. കക്ഷി പേടിച്ച് നിലവിളിക്കണ്ടല്ലോ എന്ന് കരുതി.   സ്റ്റൂളിൽ ഇരുന്നു കൊണ്ട് ഒരു പ്രാവശ്യം ആ മുഖത്തേക്ക് നോക്കി, എപ്പോഴും നോക്കേണ്ട മുഖമാണ് പക്ഷേ നോക്കിയാൽ ഏതു രീതിയിലാണ് പ്രതികരിക്കുന്നത് എന്ന് അറിയാത്തതുകൊണ്ട് വല്ലപ്പോഴും ആണ് നോക്കുന്നത്. നോക്കുമ്പോൾ പേടി തീരെ മാറിയിട്ടില്ല എങ്കിലും ഒരു ധൈര്യത്തിന് ആളുണ്ടല്ലോ എന്ന മുഖഭാവം. മിന്നൽ ശക്തി കൂടിയപ്പോൾ കറണ്ട് പോയാലോ എന്ന് കരുതി എമർജൻസി എടുത്തുകൊണ്ടുവന്ന് മേശമേൽ വെച്ചു. കുറച്ചുനേരം അങ്ങനെ ഇരുന്നു കൂടെയുള്ള ആൾ മിണ്ടാത്തത് കൂടിയായപ്പോൾ എനിക്ക് ഉറക്കം തൂങ്ങാൻ തുടങ്ങി,   ഒന്നു രണ്ടു പ്രാവശ്യം ഉറക്കം തൂങ്ങി വീഴാൻ പോയപ്പോൾ ഞാൻ പതിയെ മേശമേൽ തലവെച്ച് മയങ്ങി. ഒരു വലിയ ശബ്ദം കേട്ടാണ് ഉണർന്നത് നോക്കുമ്പോൾ മേശമേൽ ആ വടി ഇരിപ്പുണ്ട്. ആ വടി കൊണ്ട് മേശമേൽ അടിച്ച് ശബ്ദമാണ് കേട്ടത്. ഫാൻ ഇട്ടിരുന്നതിനാൽ നല്ല തണുപ്പ് അതുകൊണ്ട് ഉറക്കം വരുന്നു. എന്തെങ്കിലുമൊക്കെ പറഞ്ഞുകൊണ്ടിരുന്നെങ്കിൽ ഇങ്ങനെ വരില്ല. പക്ഷേ പറഞ്ഞിട്ടെന്ത് കാര്യം.

കൂടെയുള്ളത് ഒരക്ഷരം പറയാൻ കൂട്ടാക്കാത്ത മുതലും. ഞാൻ വീണ്ടും കണ്ണും തുറന്നിരുന്നെങ്കിലും കൺപോളകളിൽ ഉറക്കം വന്നു തുടങ്ങി. എന്നാലും ഞാൻ കണ്ണുകൾ മിഴിച്ചു. ഒരാൾ ഇവിടെ പേടിച്ച് ഇരിക്കുമ്പോൾ എങ്ങനെ ഉറങ്ങും. ഉറക്കം വരാതിരിക്കാൻ ആ മുഖത്തേക്ക് നോക്കി ഇരുന്നാൽ മതിയായിരുന്നു, പക്ഷേ അതിന് കഴിയില്ലല്ലോ പല നേരത്ത് പല സ്വഭാവം. മഴ കുറച്ചു നേരം മാറി നിന്നെങ്കിലും പെട്ടെന്ന് ശക്തികൂടി ഇടിവെട്ടും കൂടിക്കൂടി വന്നു. കൺപോളകളെ മിഴിച്ച് ഇരുന്ന് എട്ടുമണി ആക്കി.   അടുക്കളയിൽ പോയി കിളിക്കുള്ള വെള്ളം ചൂടാക്കാൻ കലത്തിൽ വച്ച് ഭക്ഷണവും വെള്ളവും ആയി തിരിച്ചു വന്നു. സ്റ്റൂൾ വലിച്ചു വെച്ച് കറിയും വെള്ളവും അവിടെ വച്ചു ചോറു മേശമേൽ വെച്ച് കിളിയെ എഴുന്നേൽപ്പിച്ചു പുറകിൽ ചാരി ഇരിക്കാൻ പരുവത്തിൽ ഇരുന്നു കൊടുത്തു, കൈയ്യെത്തിച്ച് ചോറ് എടുത്തു മടിയിൽ വച്ചു കൊടുത്തു. മഴയും മിന്നലും ആരാണ് ശക്തിമാൻ എന്നുള്ള വെല്ലുവിളിയോടെ തകർക്കുകയാണ്. തുലാവർഷം ആണെന്നു തോന്നുന്നു അതുകൊണ്ടാണ് രാത്രി പെയ്യുന്നത്. ഭക്ഷണം കഴിച്ചുകഴിഞ്ഞ് പാത്രങ്ങളും എടുത്ത് കിളിയേ തലയണ ചുവരിൽ വച്ച് ചാരി ഇരുത്തി പാത്രങ്ങൾ അടുക്കളയിൽ സിംഗിൽ ഇട്ടു.   ചൂടായ വെള്ളവും എടുത്ത് ബാത്റൂമിലെ ബക്കറ്റിൽ ഒഴിച്ച് ചൂട് പരുവത്തിലാക്കിയിട്ട് ഡ്രസ്സ് എടുത്തു വന്ന് സ്റ്റാൻഡിൽ ഇട്ടു. ഇന്ന് കുളിക്കണോ എന്ന് ചോദിച്ചില്ല, കാരണം മറുപടിയുണ്ടാവില്ല. കിളിയുടെ കാലിൽ ഓയിൽമെൻറ് പുരട്ടിക്കൊടുത്തു പയ്യെ എഴുന്നേൽപ്പിച്ചു നടത്തി കുളിക്കാനായി അകത്തു കയറ്റി വാതിൽ ചാരുന്നതിന് മുമ്പ് എമർജൻസി ലൈറ്റ് ഓൺ ചെയ്തു വെൻറിലേഷനിൽ വെച്ചു.ഇനി കറണ്ടു പോയി നിലവിളിക്കണ്ട എന്ന് കരുതിയാണ് അങ്ങനെ ചെയ്തത്.   ഞാൻ വന്ന് മേശയുടെ അടുത്തേക്ക് സ്റ്റൂൾ വലിച്ചിട്ടിരുന്നു. നല്ല തണുപ്പ് ഉള്ളതുകൊണ്ട് കണ്ണുകളിൽ ഉറക്കം തൂങ്ങി വരുന്നു. എന്നാലും ഉറങ്ങിയില്ല കാരണം ഒരാൾ കുളിക്കാൻ നിൽക്കുകയാണല്ലോ കുളികഴിഞ്ഞ് വിളിച്ചു കഴിയുമ്പോൾ കേട്ടില്ലെങ്കിൽ അതുമതി ഇന്നത്തെ പുകിലിന്. എന്തൊക്കെ സഹിക്കണം. അമ്മൂമ്മയ്ക്ക് ഇന്നും പോകേണ്ടിവന്നില്ലായിരുന്നെങ്കിൽ ഇങ്ങനെ മൂകനായി ഇരിക്കേണ്ടി വരുമായിരുന്നില്ല. ഈ സമയത്ത് എനിക്ക് പോയി ഭക്ഷണം കഴിക്കാമായിരുന്നു എങ്ങനെ പോകും, ശക്തിയിലുള്ള ഒരു ഇടിവെട്ടിയാൽ അപ്പോൾ വിറക്കുന്ന കക്ഷിയെ ഇട്ടിട്ട് പോകാൻ പറ്റില്ലല്ലോ.

Leave a Reply

Your email address will not be published. Required fields are marked *