എൻ്റെ കിളിക്കൂട് – 5 Likeഅടിപൊളി  

ബ്രഷും പേസ്റ്റും ആയി പുറത്തേക്കിറങ്ങി തെങ്ങിൻ തടത്തിലൊക്കെ വെള്ളം കിടക്കുന്നു. മുറ്റം നിറയെ ചപ്പുചവറുകൾ, രാത്രിയിലെ കാറ്റും മഴയുടെയും ഫലം. ബ്രഷ് ചെയ്യുന്നതിനിടയിൽ ഗേറ്റ് തുറന്നു മുഖവും വായും കഴുകി തിരികെ വന്ന് മുറിയിൽ കയറി നോക്കുമ്പോൾ ആൾ ഉണർന്നു ചരിഞ്ഞു കിടക്കുന്നു. മുഖത്തു നോക്കുമ്പോൾ ഒരു ഭാവ വ്യത്യാസവും ഇല്ല. കഴിഞ്ഞ രാത്രിയിൽ നടത്തി കൂട്ടിയതൊന്നും ഓർമ്മയില്ലാത്ത മുഖഭാവം.   തിരിച്ച് അടുക്കളയിൽ കയറി കട്ടൻചായയും ഇട്ടു, മുറിയിൽ ചെന്ന് ആളെ പിടിച്ചെഴുന്നേൽപ്പിച്ചു തലയണ ചുവരിൽ വെച്ച് ചാരി ഇരുത്തി ഒരു ഗ്ലാസ് കൊടുത്തിട്ട് കൊടുത് മുഖത്തേക്ക് ഒന്നുകൂടി നോക്കി, നിഷ്ഫലം. മൂഷിക സ്ത്രീ വീണ്ടും മൂഷിക സ്ത്രീ തന്നെ. ഒരു ഗ്ലാസ് ചായയുമായി ഫ്രണ്ട് ഡോർ തുറന്ന് സിറ്റൗട്ടിൽ പോയിരുന്നു. പെണ്ണുങ്ങളുടെ മനസ്സ് ഒരിക്കലും പിടി കിട്ടില്ല എന്ന് പറയുന്നത് ശരിയാണ്. കിളിയേ എനിക്ക് മനസ്സിലാക്കാൻ കഴിയുന്നില്ല. എന്തോ ആവട്ടെ ഞാൻ ചെയ്യേണ്ട കാര്യങ്ങൾ ചെയ്തുകൊടുക്കുക തന്നെ, ഇങ്ങോട്ട് സ്നേഹം കാണിച്ചില്ലെങ്കിലും അങ്ങോട്ട് സ്നേഹിക്കാമല്ലോ.   അങ്ങനെ ഇരിക്കുമ്പോൾ അമ്മു വന്നു ” എന്തൊരു ഇടിയും മഴയും ആയിരുന്നു, അതിനിടയിൽ കറണ്ടും പോയി. അവിടെ ഇപ്പോഴും കറണ്ട് വന്നിട്ടില്ല. ഇവിടെ വന്നു അല്ലേ. മോള് എന്തിയേ? അതിനു ഇടിവെട്ട് ഭയങ്കര പേടിയാണ്. ഇന്നലെ എന്ത് ചെയ്തു ആവോ” എന്നുപറഞ്ഞ് കിളിയുടെ മുറിയിലേക്ക് പോകുന്നത് കണ്ടു. അകത്തുനിന്നും അമ്മൂമ്മയുടെ ശബ്ദം ” ഇന്നുകൂടി വല്യമ്മയ്ക്ക് പോണം മോളെ, സുബ്രഹ്മണ്യൻ ഇന്ന് തിരുവനന്തപുരം പോവുകയാണ് കാര്യം ഒക്കെ കഴിഞ്ഞു എപ്പോൾ വരും എന്ന് അറിയില്ല. ചേച്ചിക്ക് സുഖം ഇല്ലാതെ ഇരിക്കുകയല്ലേ ആരെങ്കിലും വേണ്ടേ” അമ്മൂമ്മ അടുക്കളയിലേക്ക് പോകുന്നത് കണ്ടു.   ഇന്ന് പത്രക്കാരൻ വൈകി ആണല്ലോ വരുന്നത്. മഴയായിരുന്നല്ലോ അതുകൊണ്ടാവും, പത്രം ഗേറ്റിനടുത്ത് എറിഞ്ഞിട്ട് അയാൾ തിരിച്ചു പോയി. ഞാൻ പോയി പത്രമെടുത്ത് നിവർത്തി നോക്കി തിരിഞ്ഞു നടക്കുമ്പോൾ ജനലിൽ കൂടി ഒരാൾ പുറത്തേക്ക് നോക്കുന്നതു കണ്ടു. കാര്യം മനസ്സിലായ ഞാൻ അകത്തേക്ക് ചെന്ന് കിളിയെ പതിയെ പിടിച്ചെഴുന്നേൽപ്പിച്ചു അധികം ബലംകൊടുക്കാതെ നടത്തിച്ച് ബാത്റൂമിലേക്ക് ആക്കി. ഇപ്പോൾ കഴിഞ്ഞ ദിവസത്തെക്കാളും ഭേദം ആയിട്ടുണ്ട്.

ചെറിയ രീതിയിൽ കാലുകുത്തിയ നടക്കുന്നുണ്ട്, കിടക്കാനും എഴുന്നേൽക്കാനും കുറച്ച് ബുദ്ധിമുട്ടാണ്. പക്ഷേ കഴിഞ്ഞ രാത്രിയിൽ എങ്ങനെ എൻറെ അടുത്ത് വന്നു കിടന്നു. ഏതുവിധേനയും വന്നു പോകും ആ വിധത്തിലുള്ള ഇടിവെട്ട് അല്ലേ ഇന്നലെ നടന്നത്. പേടി ആയാൽ ഏതു വേദനയും പമ്പകടക്കും. ഏതായാലും രാത്രിയിലെ സംഭവങ്ങൾ ഒന്നും മുഖഭാവത്തിൽ കാണുന്നില്ല. ഇതെന്തൊരു പെണ്ണ് ഈ പെണ്ണുങ്ങൾ ഒക്കെ ഇങ്ങനെയാണോ? ഒരു പിടിയും കിട്ടുന്നില്ലല്ലോ ഭഗവാനെ. എന്നാലോചിച്ചു നിൽക്കുമ്പോൾ പക്ഷി വാതിൽതുറന്ന് തൊങ്ങി തൊങ്ങി വരുന്നു,   ഞാൻ പിടിച്ച് കട്ടിലിൽ കൊണ്ടുപോയി ഇരുത്തി കാലുകൾ തുടച്ചു മുകളിലേക്ക് വച്ചുകൊടുത്തിട്ട് “കിടക്കണോ” എന്നു ചോദിച്ചു അതിനു പതിവു ശൈലി തന്നെ മിണ്ടുന്നില്ല. പിടിച്ചു കിടത്തി രാത്രിയിൽ ബാത്റൂമിൽ നനച്ചിട്ടിരുന്ന കിളിയുടെ വസ്ത്രവും എടുത്ത് പുറത്തേക്കിറങ്ങി. തലേദിവസത്തെ വസ്ത്രവും വാഷിംഗ് മെഷീനിൽ കിടക്കുകയാണ്. എൻറെ കഴിഞ്ഞദിവസം മാറ്റിയ തുണികളും അമ്മയുടെ തുണികളും എടുത്ത് സോപ്പുപൊടി ഇട്ട് മെഷീൻ ഓൺ ചെയ്തു. അടുക്കളയിൽ വന്നിരുന്നപ്പോൾ അമ്മുമ്മ ചിറ്റയുടെ വീട്ടിലെ വിശേഷങ്ങൾ പറയാൻ തുടങ്ങി, കുട്ടികളുടെ വികൃതിയും,   ചിറ്റക്ക് അവർ ഒരു സ്വസ്ഥതയും കൊടുക്കുന്നില്ല എന്നാണ് അമ്മുമ്മ പറയുന്നത്, ഞാൻ അതൊക്കെ കേട്ട് അങ്ങനെ ഇരുന്നു. എൻറെ മനസ്സിലപ്പോഴും കിളിയെ കുറിച്ചുള്ള ഓർമ്മകൾ ആയിരുന്നു. അമ്മയുടെ ചോദ്യം കേട്ടാണ് ഓർമ്മകളിൽനിന്നും ഉണർന്നത് ” എന്താടാ ചെക്കാ കട്ടിലിനരികിൽ ഒരു വടി ഇരിക്കുന്നത്?” ഞാൻ പറഞ്ഞു:- “ഞാനാ വാതിൽക്കൽ ആണ് കിടക്കുന്നത്, കിളിക്ക് എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ തോണ്ടി വിളിക്കാൻ വേണ്ടി വെച്ചതാണ് ” അപ്പോഴാണ് അമ്മൂമ്മ വരുന്നതിനുമുമ്പ് ആ വടിയെടുത്തു മാറ്റണമെന്ന് മറന്നു പോയെന്നുള്ള കാര്യം ഓർമ്മിക്കുന്നത്.   അറിഞ്ഞ സ്ഥിതിക്ക് ഇനി ഒന്നും ചെയ്യാൻ കഴിയില്ല. വാഷിംഗ് കഴിഞ്ഞു എന്നുള്ള ബസർ കേട്ടപ്പോൾ അടുത്തഘട്ടം ചെയ്യാനായി ഞാൻ എഴുന്നേറ്റു ചെന്ന് വസ്ത്രങ്ങൾ അഴുക്കുവെള്ളം കളഞ്ഞു ടാപ്പ് തുറന്ന് വെള്ളം നിറച്ച് വീണ്ടും മെഷീൻ ഓൺ ചെയ്തു. ചായകുടിയും കഴിഞ്ഞ് മുറിയിൽ കയറി പുസ്തകം വായന തുടങ്ങി. അര-മുക്കാൽ മണിക്കൂർ കഴിഞ്ഞപ്പോൾ അമ്മൂമ്മ വന്ന് ” എടാ തുണി ഒന്നു ഉണങ്ങാനിട്ട വന്നിരുന്നു വായിക്ക്” അപ്പോഴാണ് തുണിയുടെ കാര്യം ഓർമ്മ വരുന്നത് എഴുന്നേറ്റുപോയി പിഴിഞ്ഞ് ഡ്രയറിലേക്ക് ഇട്ടു അവിടെത്തന്നെ നിന്നു അതിൻറെ പ്രവർത്തനം നിന്നപ്പോൾ തുണിയെല്ലാം എടുത്ത് ബക്കറ്റിലിട്ട് അയയിൽ കൊണ്ടുപോയി വിരിച്ചു. എന്നിട്ട് വായനയിൽ മുഴുകി.

Leave a Reply

Your email address will not be published. Required fields are marked *