വാഹിദ് ബൈക്ക് സ്റ്റാന്റിൽ നിർത്തി ഇറങ്ങിവരുന്നത് വരെ അവൾ പൂർവ ബന്ധമുള്ള കാമുകിയെപ്പോലെ അവനെ കാത്തുനിൽക്കുന്നതും, വണ്ടിയുടെ കീ വിരലിലിട്ടു കറക്കിക്കൊണ്ട് അവൻ നടന്നുവന്ന് അവൾക്കൊപ്പം ഗ്ലാസ് ഡോർ തുറന്ന് ഒന്നിച്ചു നടന്നു കയറുന്നതും അവർ വിസ്മയത്തോടെ നോക്കിനിന്നു. പടവുകൾ കയറി വാഹിദ് അവന്റെ കാബിനിലേക്ക് പോയപ്പോൾ സംഗീത മുകൾ നിലയിലേക്ക് നടന്നു.
“അല്ല സാറേ, എന്തായീ കാണുന്നത്. സാറ് ഇവിടുത്തെ മിണ്ടാ ജാഡക്കാരിയെ വണ്ടിയിൽ കയറ്റി വരുകയോ.?”
സഫ അത്ഭുതപ്പെട്ടു മൂക്കിൽ വിരൽ വച്ചു.
“അതേടീ. സാറിന് നമ്മളെ പറ്റില്ലെന്നേയുള്ളൂ. കൊള്ളാവുന്ന പെണ്ണുങ്ങളെ കണ്ടാ വെറുതെ വിടില്ല.”
വന്ദന സഫയോട് അർത്ഥം വച്ചു പറഞ്ഞു. വാഹിദ് അവരുടെ പരാതികളൊക്കെ കേട്ട് ചിരിച്ചുകൊണ്ട് ജോലിയിൽ ശ്രദ്ധിച്ചു. സഫയും വന്ദനയും കുറച്ച് നേരം കൂടി അവനെ ചുറ്റിപ്പറ്റി നിന്നിട്ട് തിരിച്ചു പോയി. വാഹിദ് ചെയ്തുതീർക്കാനുള്ള ജോലിയിൽ മുഴുകി. ഒരുമണിക്കൂർ കഴിഞ്ഞു കാണും, അവന്റെ അടുത്തുള്ള ഫോൺ ശബ്ദിച്ചു. വാഹിദ് ഫോണെടുത്ത് ചെവിയിൽ വച്ചു.
“ഹെലോ.. ചേട്ടാ, എന്ത് ചെയ്യുവാ.? ഇവിടെ ബോറടിക്കുന്നു ചേട്ടാ. എല്ലാ പെൺകുട്ടികളും ദേഷ്യത്തോടെ നോക്കുന്ന പോലെ. ഞാൻ അവിടെ വന്നിരുന്നോട്ടെ.?”
ഫോണിൽ സംഗീതയാണ്. അവളുടെ സ്വരത്തിൽ ജോലി ചെയ്യാൻ ഒട്ടും താത്പര്യമില്ലാത്ത ഭാവം തെളിഞ്ഞു നിന്നിരുന്നു. എങ്ങിനെയെങ്കിലും അവിടെ നിന്ന് ഇറങ്ങി ഓടിയാൽ മതിയെന്ന് തോന്നുന്നത് പോലെ.
“കിടന്നു കൊഞ്ചാതെ പോയി ജോലി ചെയ്യ് പെണ്ണെ. നീ മെയിൻ ഡിസൈനർ ടീമിൽ ഉള്ളതല്ലേ. അപ്പൊ നിലവിൽ എത്ര പ്രൊജക്റ്റ് നിന്നെ ആശ്രയിച്ചു കിടപ്പുണ്ടാവും. മര്യാദക്ക് ജോലി ചെയ്തോ.”
അവൻ ഗൗരവത്തോടെ ശാസിച്ചു. അപ്പുറത്തു നെടുവീർപ്പിടുന്ന ശബ്ദം
കേട്ടപ്പോൾ അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി തെളിഞ്ഞു. ഫോൺ തിരികെ വച്ചിട്ട് വാഹിദ് വീണ്ടും ജോലിയിൽ മുഴുകി.
വാഹിദ് ടീ ബ്രേക്കിൽ കാന്റീനിൽ ചെന്നപ്പോൾ സംഗീത എവിടെ ഇരിക്കണം എന്ന് നിശ്ചയമില്ലാതെ വനജയുടെ അടുത്തു ചെന്നു നിൽക്കുകയായിരുന്നു. കൈയിൽ ഒരു കപ്പും പിടിച്ച് അവരോട് സംസാരിച്ചു നിൽക്കുന്നു. അവളോട് ആരും സംസാരിക്കാനോ ചിരിക്കാനോ താത്പര്യം കാണിച്ചില്ലെന്ന് മാത്രമല്ല പെൺകുട്ടികൾ ആരും ഗൗനിച്ചത് പോലുമില്ല. അവനെ കണ്ടതും അവളുടെ മുഖമൊന്നു തെളിഞ്ഞു. വാഹിദ് നേരെ വനജയുടെ അടുത്തേക്ക് ചെന്ന് ഒരു ചായ പറഞ്ഞു. പിന്നെ സംഗീതയുടെ കൈയിൽ പിടിച്ച് കപ്പിലേക്ക് നോക്കിയൊന്നു പരിശോധിക്കുകയും ചെയ്തു. അവർ വളരെ അടുപ്പത്തിൽ മിണ്ടിയും പറഞ്ഞും നിൽക്കുന്നതും വാഹിദ് എന്തോ തമാശ പറഞ്ഞപ്പോൾ അവൾ അവന്റെകൂടെ ചിരിക്കുന്നതും അവന്റെ മുഴച്ചുനിൽക്കുന്ന മുതുകിൽ അവൾ ഇടിക്കുന്നതും അവിടെയുണ്ടായിരുന്ന പെൺകുട്ടികൾ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. മാത്രമല്ല, അവന്റെ ചായ ശരിയായി കിട്ടുന്നതുവരെ സംഗീതയുടെ കൈയിൽ നിന്ന് കപ്പുവാങ്ങി അവനും അതിൽ നിന്ന് കുടിക്കുന്നു. പെൺകുട്ടികൾ അതൊക്കെ കണ്ട് ഇടങ്കണ്ണിട്ടു പരസ്പരം നോക്കി. സംഗീത ആളാകെ മാറിയിരിക്കുന്നു. അടിമുടി മാറിയിരിക്കുന്നു. എണ്ണയിട്ട് പിന്നിലേക്ക് ചീകിയിരുന്ന തലമുടി നനവും എണ്ണമയവുമില്ലാതെ രണ്ടുവശത്തേക്കും വിടർത്തി ചീകിയിട്ടിരിക്കുന്നു. ബോഡി ഷേപ്പ് വ്യക്തമായി കാണുന്ന ഗ്രീൻ കളർ ചുരിദാറിൽ ഇത്രനാളും കണ്ട് പരിചയമില്ലാത്ത ഒരാളെ പോലെ അവൾ ആളാകെ മാറി സുന്ദരിയാക്കിയിരിക്കുന്നു.
ചായയുമായി വാഹിദും സംഗീതയും സഫയും വന്ദനയും ഇരിക്കുന്ന മേശയുടെ അടുത്തേക്ക് നടന്നു. നടക്കുന്നതിനിടയിൽ വാഹിദ് കഴിഞ്ഞ ദിവസം തന്റെയടുത്തു വന്നിരുന്നു തമാശകൾ പറഞ്ഞ പെൺകുട്ടികളോട് സൗഹൃദത്തിൽ ഒന്ന് പുഞ്ചിരിച്ചു. അവർ തിരികെയും. അവർ കസേരയിൽ ചെന്നിരുന്നു.
“രണ്ടാളും വലിയ ചർച്ചയിൽ ആണല്ലോ. ഞങ്ങൾ കേൾക്കാൻ പാടില്ലാത്തതാണോ.?”
വാഹിദ് വന്ദനയോട് തമാശ ചോദിച്ചു.
