വേഗതയും ഉണ്ടാവും.”
സംഗീത വളരെ മാറിപ്പോയിരുന്നു. മുറിവേറ്റ സിംഹിയെ പോലെ അവൾ കൃത്യമായി പ്രതിരോധിക്കുന്നുണ്ട്. ടോമിയുടെ ബുദ്ധി ചൂടുപിടിച്ചു. അവളെ പിണക്കാതെ വിഷയം കൈകാര്യം ചെയ്തേ പറ്റൂ, കാരണം ഹരി അവളുടെ നാട്ടുകാരിയാണ്. ആ വഴിയിലൂടെ പോലീസിന് തന്നിലേക്ക് എത്താൻ കഴിയും.
“നീ വാ. ദയവ് ചെയ്തു ഓരോന്ന് ആലോചിച്ചുകൂട്ടി കാര്യങ്ങൾ കുഴപ്പിക്കണ്ട. ഹരി മാർക്കറ്റിൽ ഉണ്ട്. അവന്റെ ഏരിയ അവിടെയാണ്.”
ടോമി കൈകൊണ്ട് അവളെ നടക്കാൻ ആംഗ്യം കാണിച്ചിട്ട് കറുത്ത വാനിന്റെ അടുത്തേക്ക് നടക്കാൻ ഭാവിച്ചു. സംഗീത ഒന്ന് ശങ്കിച്ചു നിന്നിട്ട് അവന്റെ ഒപ്പം നീങ്ങി. അവൾ വാനിൽ കയറിയപ്പോൾ ടോമി വാഹനം മുന്നോട്ടെടുത്തു. നിരത്തുകളിൽ നിന്ന് നിരത്തുകളിലേക്ക് വഴിമാറി വാഹനം സന്ധ്യയോടെ ഒരുപാട് ഗലികളും പഴയകെട്ടിടങ്ങളുമുള്ള കെ.ആർ മാർക്കറ്റിനുള്ളിലേക്ക് കടന്ന് ഇടുങ്ങിയ വഴിയിലൂടെ നീങ്ങി. സംഗീതയ്ക്ക് ആദ്യമുണ്ടായിരുന്ന ആത്മവിശ്വാസവും തന്റേടവും കുറഞ്ഞു ഭയം ഗ്രസിച്ചു ചെറുതായി വിറക്കാൻ തുടങ്ങി. നേരം രാത്രിയായി തുടങ്ങിയെന്നും, വിളക്കുകൾ പ്രകാശിച്ചിട്ടും ഭയപ്പെടുത്തുന്ന ഒരു അന്തരീക്ഷം ആ ഭാഗത്തുണ്ടെന്നും അവൾക്ക് തോന്നി. അവസാനം ഒരു കെട്ടിടത്തിന്റെ ഉള്ളിലേക്ക് കയറിയ വാഹനംനിർത്തി ടോമി പുറത്തേക്കിറങ്ങി അവൾ ഇരിക്കുന്ന ഭാഗത്തേക്ക് വന്നു.
“വാ. കാണിച്ചു തരാം. നിങ്ങളായി നിങ്ങടെ പാടായി. എന്നെ വെറുതെ വിട്ടേക്കൂ, പ്ലീസ്.”
അവൻ നിരുപദ്രവകാരിയെ പോലെ അവൾക്കുമുന്നിൽ നിസ്സഹായനായി നിന്നു. സംഗീത പക്ഷേ പുറത്തേക്കിറങ്ങിയില്ല. ഹരിയെ ഇങ്ങോട്ട് കൂട്ടിക്കൊണ്ടുവരാൻ പറഞ്ഞിട്ട് വണ്ടിയിൽ തന്നെ ഇരുന്നു. ടോമിയുടെ മുഖഭാവം പതുക്കെ മാറുകയും ചുണ്ടിൽ ഒരു ഭയപ്പെടുത്തുന്ന പുഞ്ചിരി തെളിഞ്ഞു വരികയും ചെയ്തു. അവൻ വണ്ടിയുടെ ഡോറിന്റെ അടുത്തേക്ക് കുറേക്കൂടി നീങ്ങിനിന്നു.
“ഇവിടെ ഏതൊരു മൂലയും ഒരുപോലിരിക്കും. നീ പുറത്തേക്കിറങ്ങിയാൽ, ഭാഷപോലും അറിയാത്ത പുറംനാട്ടുകാരിയാണെന്ന് മനസ്സിലായാൽ കടിച്ചു കീറി കൊന്ന് കുപ്പാക്കുണ്ടിൽ ചെന്നു തള്ളുന്നവരാണ് ഇവിടെയുള്ള പലരും. മര്യാദക്ക് കൂടെ വന്നാൽ നിനക്ക് നല്ലത്.”
അവൻ കടുപ്പിച്ചു പറഞ്ഞു. സംഗീതയെ അടിമുടി വിറക്കാൻ തുടങ്ങി. തൊണ്ടയിലെ വെള്ളം വറ്റി ഒരക്ഷരം മിണ്ടാൻ കഴിയാതെ അവൾ കുഴഞ്ഞു. കണ്ണുകൾ നിറഞ്ഞു തുളുമ്പാൻ പാകത്തിൽ കണ്ണുനീർ തുള്ളികൾ ഉരുണ്ടുനിന്നു. അവളെ വാതിൽ തുറന്നു പുറത്തേക്ക് വലിച്ചിറക്കി ടോമി പടവുകൾ കയറി കെട്ടിടത്തിന്റെ മുകളിലേക്ക് നടന്നു. അധികം വെളിച്ചമില്ലാത്ത, പഴയ ബൽബുകൾ പ്രകാശിച്ചുനിൽക്കുന്ന മഞ്ഞ വെളിച്ചവും ഇരുട്ടും പതിയിരിക്കുന്ന വിജനമായ ഒരു കെട്ടിടം. ഏതൊക്കെയോ മുറികളിൽ നിന്ന് ആരുടെയൊക്കെയോ ഉറക്കെയുള്ള ചിരിയും സംസാരവും ഇടക്ക് പെണ്ണുങ്ങളുടെ ശബ്ദവും ചിരിയും ഒക്കെ അവ്യക്തമായി കേൾക്കുന്നുണ്ട്. മുഷിഞ്ഞു നാറുന്ന പെയിന്റ് മങ്ങിയ പഴയ കെട്ടിടം. ചുവരിന്റെ താഴെ പലയിടത്തും പാന്മസാലയും വെറ്റില മുറുക്കും മറ്റും ചവച്ചു തുപ്പിയ കറ ഉണങ്ങിക്കിടക്കുന്നു. മൂത്രത്തിന്റെയും ചാണകത്തിന്റെയും ദുർഗന്ധം തങ്ങിനിൽക്കുന്ന അന്തരീക്ഷം. അവൾക്ക് മനം പിരട്ടി.
ടോമി ഒരു മുറിയുടെ
മുന്നിലെത്തി വാതിൽ തുറന്നു. എന്നിട്ട് അവളെ അതിനുള്ളിലേക്ക് തള്ളിവിട്ടിട്ട് അവനും അകത്തേക്ക് കയറി വാതിൽ അടച്ചു കുറ്റിയിട്ടു. പിന്നെ ലൈറ്റ് തെളിച്ചു. കുറച്ച് വൃത്തിയുള്ള മുറിയായിരുന്നു അത്. നല്ല രീതിയിൽ ഒരുക്കിയ ഒരു കട്ടിലും മേശയും ഒന്നുരണ്ട് കസേരകളും. മേശയിൽ പകുതി കുടിച്ച മദ്യകുപ്പിയും രണ്ടുമൂന്നു ഗ്ലാസുകളും. അവൾക്ക് അപകടം മണത്തു. ടോമി മേശയുടെ അടുത്തേക്ക് നീങ്ങിയപ്പോൾ സംഗീത മിന്നൽ വേഗത്തിൽ വെട്ടിതിരിഞ്ഞു വാതിൽക്കലേക്ക് കുതിച്ചു. പക്ഷേ അതിന്റെ കുറ്റി എളുപ്പം നീക്കി വാതിൽ തുറക്കാൻ അവൾക്ക് കഴിഞ്ഞില്ല. ടോമി ചാടിവീണിട്ട് അവളെ കടന്നു പിടിച്ചു കട്ടിലിലേക്ക് വലിച്ചെറിഞ്ഞു. അവൾ ഉറക്കെ കരഞ്ഞു.
