“വേണ്ട മാഡം… ഞാനിവിടിരുന്നിട്ട് ഞങ്ങൾ രാവിലെ തന്നെ പൊക്കോളാം”
ഏലിയാമ്മ ഇത് പറഞ്ഞപ്പോൾ അപർണ്ണ വിങ്ങിപ്പൊട്ടി…
“അതൊക്കെ നമുക്ക് രാവിലെ തീരുമാനിക്കാം നീയിപ്പോൾ ഞാൻ പറഞ്ഞത് ചെയ്യ്….”
ഏലിയാമ്മ പെട്ടന്ന് സർക്കിൾ ഇൻസ്‌പെക്ടർ ഏലിയാമ്മ ആയി… സ്വരം കടുപ്പിച്ചു…
അപർണ്ണ കുളി കഴിഞ്ഞു ഷെറിന്റെ അൽപ്പം ഇറുകി പിടിച്ച നൈറ്റ് ഡ്രെസ്സും ഇട്ട് വന്നപ്പോൾ ഞാൻ കുക്കറിൽ ഉണ്ടായിരുന്നു കഞ്ഞി ഒന്ന് കൂടി ചൂടാക്കി അപർണ്ണക്ക് വിളമ്പി….
വേണ്ട എന്ന് പറഞ്ഞു എങ്കിലും ഏലിയാമ്മയെ ഭയന്ന് അവൾ ആ കഞ്ഞി മുഴുവനും കുടിച്ചു…
“ഗോപനന്നാ അപ്പുറത്ത് കിടന്നോ.. ഞങ്ങൾ ഇവിടെ മോൾടെ കൂടെ കിടക്കാം”
കുഞ്ഞിനെ കുടിപ്പിച്ചു മാറ്റി കിടത്തി ഭിത്തി സൈഡിൽ തലയിണ തട വച്ചിട്ട് കിടന്ന അപർണ്ണയോട് ചേർന്ന് കിടന്നു ഏലിയാമ്മ അപർണ്ണയെ ചേർത്തു പിടിച്ചു കിടന്നു….
അത് വരെയും അടക്കി വച്ചത് എല്ലാം അപർണ്ണയിൽ നിന്ന് പുറത്ത് ചാടി…
മുളംതണ്ട് ചീന്തും പോലെ പൊട്ടിക്കരഞ്ഞ അപർണ്ണയെ ഒന്നും ചോദിക്കാതെ വരിഞ്ഞു മുറുക്കി പിടിച്ചുകൊണ്ട് ഏലിയാമ്മ കിടന്നു….
കരയേണ്ടത് കരഞ്ഞു തന്നെ തീർക്കണം!
രാവിലെ ഉണർന്ന് എണീറ്റ അപർണ്ണയിൽ ഒരുപാട് മാറ്റങ്ങൾ പ്രകടമായി..
അവൾ അധികം സംസാരിച്ചില്ല എങ്കിലും എലിയാമ്മയോട് ഒപ്പം ചെന്ന് അടുക്കളയിൽ സഹായിച്ചു….
“നീയിപ്പോ തൽക്കാലം ഞങ്ങടെ മോളേം കൊണ്ട് ഒരടത്തോട്ടും പോകണ്ട ട്ടോ?
എന്താ ചെയ്യേണ്ടത് എങ്ങോട്ടാ നീ പോകേണ്ടത് എന്നതൊക്കെ ഇനി സ്ഥലം സി. ഐ ആയ ഞാൻ തീരുമാനിച്ചോളാം കേട്ടോ?”
അപർണ്ണ ഒന്നും മിണ്ടാതെ നിന്ന് പണികളിൽ മുഴുകി…
ഏലിയാമ്മ യുണിഫോം ധരിച്ചു ജീപ്പ് വരാനായി കാത്ത് നിന്നപ്പോൾ കുഞ്ഞിനേയും എടുത്തു വന്നു….
“അമ്മച്ചീടെ മുത്തു വഴക്കുണ്ടാക്കാതെ മിടുക്കിയായി അച്ചേടെ കൂടെ നിന്നോണേ… വയറു നിറച്ചു പാപ്പച്ചി കുടിച്ചോണേ… എടീ അപർണ്ണാമ്മേ എന്റെ കൊച്ചിന് പാപ്പച്ചി കൊടുത്തോണേ…..”
ഏലിയാമ്മ വിളിച്ചു വിവരം പറഞ്ഞിട്ട് ഒടി വന്ന ഷെറിനെയും കൂട്ടി ഏലിയാമ്മ ഉച്ച ആയപ്പോൾ വന്നു…
കുഞ്ഞിനെ കിട്ടിയപ്പോൾ ഷെറിന് സ്വർഗം കിട്ടിയത് പോലെ ആയി….
“ഞാൻ അങ്ങ് ഔട്ട് ആയിപ്പോയല്ലോ പപ്പാ….? പപ്പേടേം മമ്മീടേം ഇവളോടുള്ള ഈ അമിതസ്നേഹം കണ്ടിട്ട് ഇവക്കിനി വേറേ പേരൊന്നും വേണ്ട….
അമിത…! “അമിതാ ഗോപൻ”
നമുക്കച്ചൂന്ന് വിളിക്കാം എന്താ അപർണ്ണാന്റീ…?
കുഞ്ഞിന്റെ പേര് എന്താണ് എന്ന് ആരും ഇതുവരെ അപർണ്ണയോട് ചോദിച്ചില്ലായിരുന്നു…
ഷെറിൻ അവളുടെ അനിയത്തി ആയി പ്രഖ്യാപിച്ച ശേഷം ഇട്ട പേര് അങ്ങനെ അച്ചുവിന്റെ ഔദ്യോഗിക നാമവും ആയി….
ഇപ്പോൾ മനസിലായില്ലേ ഞാൻ ആദ്യം പറഞ്ഞ ആ അവതാരിക അമിതാ ഗോപനെ????
അപർണ്ണയോട് ഞങ്ങൾ ഒന്നും ചോദിച്ചില്ല എങ്കിലും 24 മണിക്കൂറും അപർണ്ണ ഞങ്ങളുടെ റഡാർ പരിധിയിൽ തന്നെ ആയിരുന്നു…
രാത്രി ഒരു അമ്മയെ പോലെ ഒരു ചേച്ചിയെ പോലെ ഏലിക്കുട്ടി അവളെയും ചേർത്തു പിടിച്ചു കിടക്കുമ്പോൾ അവൾ പതിയെ മനസ്സ് തുറന്നു….
പതിവ് കഥകൾ തന്നെ…
നിർദ്ധന കുടുംബം വിവാഹപ്രായം ഒക്കെ കഴിയാറായി..
നല്ലൊരു ചെറുപ്പക്കാരൻ ഒരു ജീവിതം വച്ചു നീട്ടുന്നു…
അവനുമായി എല്ലാം ഇട്ടെറിഞ്ഞു ദൂരേക്ക് ഓടുന്നു.. പരിചയം ഇല്ലാത്ത സ്ഥലത്ത് പുതിയ ജീവിതം. പെട്ടന്ന് ഒരു കുഞ്ഞും ആയി…
കെട്ടിയവന് പതിയെ താൽപ്പര്യം കുറയുന്നു…
മറ്റ് അവളുമാരെ ചെയ്തത് പോലെ തന്നെ കുഞ്ഞിനെ കൊന്നു കളഞ്ഞിട്ട് ഇവളെയും മുംബയിൽ കൊണ്ടുപോയി വിൽക്കാം നല്ല വില കിട്ടും എന്ന് അവൻ പുറത്ത് ഇറങ്ങി മറഞ്ഞു നിന്ന് ഫോണിലൂടെ ആരോടോ പറയുന്നു.
അബദ്ധത്തിൽ മറഞ്ഞു നിന്ന് ആ സംഭാഷണം അപർണ്ണ കേൾക്കുന്നു….
“എന്തായാലും അവനിനി പെട്ടന്ന് അപകടമരണം ഒന്നും സംഭവിക്കില്ല…. ഞാനവനെ പൊക്കി.. ഇനി ഒരിക്കലും പുറംലോകം കാണിക്കാതെ ജീവിതകാലം മുഴുവൻ ജയിലിൽ കിടക്കേണ്ട തരം ഒരു ഐറ്റം നല്ല തെളിവുകൾ സഹിതം അവന് ചാർത്തി കൊടുത്തിട്ടുണ്ട്…”
വിവരം പറഞ്ഞ ഏലിയാമ്മ കൂടെ അവനെ പൂട്ടിയ കാര്യവും എന്നോട് പറഞ്ഞു….
