ഇങ്ങനെ പറയാതെ പോയ ഒരുപാട് ഇഷ്ടങ്ങൾ ഉണ്ടാവും നമ്മുടെ ഓരോരുത്തരുടെയും ഉള്ളിൽ.
**********************************
അന്നൊരു വെള്ളിയാഴ്ച ആയിരുന്നു, ഉച്ച കഴിഞ്ഞപ്പോൾ നയനയുടെ ഒരു കാൾ വന്നു.
“ഹലോ.. അരവിന്ദേട്ടൻ ബിസി ആണോ?”
“എയ് അല്ല പറയെടോ എന്താ ഒരു ഫോർമാലിറ്റി ഒക്കെ?”
“ഇന്ന് ഒന്ന് കാണാൻ പറ്റുവോ?” അവളുടെ ശബ്ദത്തിൽ സങ്കടം ആണോ ക്ഷീണം ആണോ നിസ്സഹായത ആണോ എന്നെനിക്ക് വേർതിരിച്ചു എടുക്കാൻ ആയില്ല.
“ഹലോ അരവിന്ദേട്ടാ.. കേൾക്കുന്നില്ലേ?”
“ആ കേൾക്കാം.. ഞാൻ എവിടാ വരേണ്ടത്?”
“ഒരു 5 മണി ആകുമ്പോ എന്റെ ഓഫീസിന്റെ മുന്നിൽ വന്ന മതി.”
“മം.. വരാം. എന്താ നിന്റെ ശബ്ദം വല്ലാണ്ടിരിക്കണേ? എന്തെങ്കിലും പ്രശ്നം ഉണ്ടോ?”
“എയ്… ഒന്നുല്ല ഏട്ടന് തോന്നിയതാവും. 5 മണിക്ക് തന്നെ വരണേ ലേറ്റ് ആവരുത്.”
“ഇല്ല ഞാൻ എത്തിയേക്കാം. ലേറ്റ് ആവില്ല.”
“എന്നാ ശെരി.. കാണാം…”
എന്റെ മറുപടിക്ക് കാത്ത് നില്കാതെ തന്നെ അവൾ ഫോൺ വെച്ചു.
എന്തോ പറ്റിയിട്ടുണ്ട് അത് ഉറപ്പാണ്. പിന്നെ എനിക്ക് ജോലി ചെയ്യാൻ ഒന്നും ഒരു മൂഡ് തോന്നിയില്ല.
“കൊറേ നേരായല്ലോ നീ വാച്ച് നോക്കി വെപ്രാളപ്പെടുന്നു. എന്താ പ്രശ്നം?” ബിനോയ്ടെ ചോദ്യം കേട്ടാണ് എനിക്ക് ബോധം വന്നത്. ബിനോയ് എന്റെ കൂടെ വർക്ക് ചെയ്യുന്നതാണ്. കട്ട കമ്പനി. അവന് അറിയാം നയനയുടെ കാര്യം ഒക്കെ.
“ഓ ഒന്നുല്ല മാൻ… നമുക്ക് ഒരു ചായ കുടിച്ചാലോ?”
“പിന്നെന്താ…വാ പോയേക്കാം ഞാൻ ഒരാളെ കമ്പനി കിട്ടാൻ നോക്കി ഇരിക്കുവാരുന്നു.”
2 കപ്പിൽ ചായ എടുത്ത് ഞങ്ങൾ ബാൽക്കണി പോയി നിന്നു.
“ആഹ് ഇനി പറ എന്താ നിന്റെ പ്രശ്നം?”
“നിനക്ക് എങ്ങനെ അറിയാം പ്രശ്നം ഉണ്ടെന്നു?”
“അതിനു വല്യ വിവരം ഒന്നും വേണ്ട ഒരാളുടെ മുഖം കണ്ടാൽ അറിഞ്ഞുടെ. നീ കെടന്നു ഉരുളാതെ കാര്യം പറ.”
“അത് വേറൊന്നും അല്ല, നയന വിളിച്ചിരുന്നു. എന്തോ അത്യാവശ്യം ആയി കാണണം എന്നു പറഞ്ഞു. അവളുടെ ശബ്ദം കേട്ടിട്ട് എനിക്കെന്തോ ഒരു പന്തികേട് തോന്നി അതാ.”
“നീ അവളോട് പറഞ്ഞോ ഇഷ്ടാണെന്ന്?”
“എയ്… എനിക്ക് ഇതുവരെ അതിനുള്ള ധൈര്യം വന്നില്ല.”
“ഒന്ന് പോയെടാ… നീ ഇങ്ങനെ ഇരുന്നോ അവസാനം പെണ്ണുകാണാൻ വരുന്ന ഏതേലും ഒരുത്തനെ അവൾ കെട്ടും നീ പിന്നേം ഇങ്ങനെ ഇരിക്കും.
ഡാ ഇഷ്ടാണെന്ന് പറയണത് അത്ര മോശം കാര്യം ഒന്നുമല്ല. അത് പറയണ രീതി മാന്യമാവണം അത്രേ ഉള്ളു. പിന്നെ അവരുടെ റിപ്ലൈ നെഗറ്റീവ് ആണെങ്കിൽ അതിനെ ഉൾക്കൊണ്ടു മാറി കൊടുക്കണം അത്രേ ഉള്ളു. നീ ഒന്ന് ആലോചിച്ചു നോക്ക്, നീ നിന്റെ ഇഷ്ടം അവളോട് പറഞ്ഞില്ല ഒരുപക്ഷെ കൊറേ വർഷങ്ങൾ കഴിഞ്ഞ് നീ ഇത് ആലോചിക്കുമ്പോൾ നിനക്ക് തോന്നും അന്ന് ചെയ്‌തത് വൻ മണ്ടത്തരം ആയെന്നു. നീ കൊറച്ച്കൂടി ധൈര്യം കാണിച്ചിരുന്നേൽ അവൾ ചെലപ്പോ നിന്റെ ഭാര്യ ആയി വന്നേനെ എന്ന്. ആ കുറ്റബോധം അപ്പൊ തോന്നാതെ ഇരിക്കണം എങ്കിൽ ഇപ്പൊ നീ കുറച്ച് ധൈര്യം കാണിച്ചേ പറ്റു.”
“നീ പറഞ്ഞത് വെച്ച് അവൾ നല്ലൊരു കുട്ടിയാണ്, നിന്റെ ഇഷ്ടം പറഞ്ഞെന്ന് വെച്ച് അവൾ നിന്നെ ഇട്ടിട്ട് പോകും എന്നൊന്നും എനിക്ക് തോന്നണില്ല. നീ നല്ലൊരു അവസരം നോക്കി കാര്യം പറ. യെസ് ആണേലും നോ ആണേലും ഇതിനൊരു തീരുമാനം വേണ്ടേ. ഒരു ചേട്ടനായി നിന്ന് അവളുടെ കല്യാണം നടത്തികൊടുക്കണോ അതോ ഒരു ജീവിതകാലം മൊത്തം അവളെ കൂടെ കൂട്ടണോ എന്ന് നീ ആലോചിക്ക്”
ബിനോയിയുടെ വാക്കുകൾ എനിക്ക് ഒരു പുത്തൻ ഉണർവ്വ് ആയിരുന്നു. പക്ഷേ എന്റെ ഇൻട്രോവെർട്ട് തെണ്ടി ഉണർവിനെ കെടുത്തുന്നതിനു മുന്നേ അവളോട് കാര്യം അവതരിപ്പിക്കണം എന്ന് ഞാൻ തീരുമാനിച്ചു.
************
“കാത്തിരുന്നു മടുത്തോ?”
പെട്ടെന്നുള്ള ചോദ്യം കേട്ട് നയന തിരിഞ്ഞു നോക്കി…അവളെ നോക്കി പുഞ്ചിരിച്ചു നിൽക്കുന്ന അരവിന്ദിനെ ആണ് കണ്ടത്.
നിമിഷ നേരം കൊണ്ട് അവളുടെ മുഖത്ത് ആശ്വാസം മിന്നി മറഞ്ഞു അത് നിരാശയായി മാറുന്നത് അരവിന്ദ് കണ്ടു.
“ലേറ്റ് ആവല്ലേ എന്നു ഞാൻ പറഞ്ഞതല്ലേ” അവൾ ദേഷ്യത്തോടെ ചോദിച്ചു.
