അരവിന്ദനയനം – 3 Like

“ആഹ്ഹ….ഭാവി ഭർത്താവിനെ ഇങ്ങനെ ഇടിക്കല്ലേ പെണ്ണെ ശാപം കിട്ടും.”

“അയ്യോ… ഒരു ഭാവി ഭർത്താവ്.. എനിക്ക് ഒറപ്പ് ആണ് ഞാൻ ഇന്ന് ഇത് പറഞ്ഞില്ലാരുന്നേൽ നിങ്ങൾ ഇത് ഒരിക്കലും എന്നോട് പറയാൻ പോണില്ല. അവസാനം ഞാൻ നാളെ വരണ കൊന്തനേം കെട്ടി ജീവിക്കേണ്ടി വന്നേനെ.”

അവൾ ദേഷ്യം അഭിനയിച്ചു കൊണ്ട് പറഞ്ഞു.

“ഞാൻ ഇത് പറയണം എന്ന് കരുതി തന്നെ ആണ് ഇരുന്നത്. ഇനി ഒരുപക്ഷെ നിനക്ക് അങ്ങനെ ഒന്നും മനസ്സിൽ ഇല്ലായിരുന്നു എങ്കിൽ പിന്നെ നീ എന്നിൽ നിന്ന് അകന്നാലോ എന്നോർത്ത് പറയാഞ്ഞതാ.”
“ഇനി കൂടുതൽ പറഞ്ഞു ബോർ ആക്കണ്ട മരിയാദയ്ക്ക് നാളെ വന്ന് എന്നെ പെണ്ണ് ചോദിച്ചോണം.” അവൾ ചിരിച്ചു.

“അത്‌ പിന്നെ പറയാനുണ്ടോ… പക്ഷേ ഇത് കുറച്ച് ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ് ആയിപോയി. ഇന്ന് പ്രൊപോസിംഗ് നാളെ പെണ്ണ് ചോദിക്കൽ”

അവളുടെ നുണക്കുഴിയിൽ വിരൽ കൊണ്ട് കുത്തി അവൻ പറഞ്ഞു.

“എടോ എടോ അരവിന്ദൻ തെണ്ടി എന്നെക്കൊണ്ട് ഒന്നും പറയിക്കരുത്. താൻ ഇന്ന് പറയും നാളെ പറയും എന്ന് കരുതി ഞാൻ ഇരിക്കാൻ തുടങ്ങിട്ട് എത്ര നാൾ ആയെന്ന് അറിയുവോ തനിക്ക്.”

“ഓഹോ… എന്ന പിന്നെ നിനക്ക് എന്നെ അങ്ങ് വളച്ചെടുത്തുടാരുന്നോ. അല്ല ഞാൻ തന്നെ പറയണം എന്ന് എന്താ നിർബന്ധം, നിനക്ക് അങ്ങ് പറഞ്ഞൂടാരുന്നോ എന്നോട്. ഇതിപ്പോ പ്രേമിച്ചു നടക്കേണ്ട എത്ര സമയം ആണ് ഈ മറൈൻ ഡ്രൈവിൽ വെറുതെ വെയില് കളഞ്ഞത് ശ്ശെ…”

“എനിക്ക് നാണം ആരുന്നു… പിന്നെ ഇയാൾ തേക്ക് മരത്തിനു കാറ്റ്‌പിടിച്ച പോലെ ഒരു കുലുക്കോം ഇല്ലാണ്ട് നിന്നപ്പഴാ എനിക്ക് മനസ്സിലായത് ഞാനായിട്ട് മുൻകൈ എടുത്തില്ലേൽ ഇയാൾ എന്റെ കല്യാണത്തിന് വന്ന് സദ്യ ഉണ്ട് പോവത്തെ ഉള്ളു എന്ന്. അതോണ്ടാ ഞാൻ ഇന്ന് തന്നെ കാണണം എന്ന് പറഞ്ഞത്.” നയന പറഞ്ഞത് കേട്ട് അരവിന്ദ് അവളുടെ കൈ മുറുകെ കോർത്ത്‌ പിടിച്ചു.

“സോറി… പറയണം എന്ന് പലവട്ടം കരുതിയതാ.. പക്ഷേ ഒരു നോ പറഞ്ഞ് നീ പോയാൽ അത് താങ്ങാൻ തക്ക മനക്കട്ടി ഒന്നും എനിക്ക് ഇല്ല. കുറച്ചുനാൾ കഴിഞ്ഞ് ഓക്കേ ആയാലും നിന്റെ ഫ്രണ്ട്ഷിപ്പ് നഷ്ടപ്പെടുന്നത് എനിക്ക് അപ്പോഴും ഓർക്കാൻ പറ്റില്ലായിരുന്നു. അതുകൊണ്ടാണ്. ഒത്തിരി കോംപ്ലക്സ് ഒക്കെ ഉള്ളൊരു സാധാരണ നാട്ടിൻപുറത്തുകാരൻ ആണ് ഞാൻ. ഒരുപക്ഷേ ഞാൻ വളർന്നു വന്ന സാഹചര്യങ്ങൾ ആവാം. നീ ഇനി വന്നിട്ട് വേണം എല്ലാം ഒന്നെന്നു തുടങ്ങാൻ.” അരവിന്ദ് പറഞ്ഞത് കേട്ട് നയന അവന്റെ തോളിലേക്ക് ഒന്നുടെ ചാരി ഇരുന്നു.

“അല്ല അമ്മ സമ്മതിക്കുവോ?”
“സമ്മതിക്കാതെ ഇരിക്കാൻ വഴി ഇല്ല, അമ്മക്ക് നിന്നെ വല്യ കാര്യം ആണ് പിന്നെ ഞാൻ എങ്ങനേലും ഒരുത്തിയെ കെട്ടണം എന്നാണ് അമ്മയുടെ ആഗ്രഹം. എന്തായാലും ഇന്ന്‌ തന്നെ പോയി സംസാരിക്കണം.”

“മം.. എന്നെ അല്ലാതെ ഇനി വേറെ ആരെയെങ്കിലും കെട്ടാൻ നോക്കിയ കണ്ണ് ഞാൻ കുത്തിപ്പൊട്ടിക്കും പറഞ്ഞേക്കാം.”

“ദൈവമേ ഇങ്ങനൊരു ഗുണ്ടിയെ ആണല്ലോ നീ എനിക്ക് പ്രേമിക്കാൻ തന്നത്.” അവൻ മേലോട്ട് നോക്കി കൈ രണ്ടും കൂപ്പിക്കൊണ്ട് പറഞ്ഞു.

“ആഹ് അത്‌ ഓർമ്മവേണം എപ്പഴും.” അവൾ മീശ പിരിക്കുംപോലെ ആക്ഷൻ കാണിച്ചുകൊണ്ട് പറഞ്ഞു.

“സമയം കൊറേ ആയി പോകണ്ടേ? ഇനി ചെന്നിട്ടു വേണം ഫുൾ പ്ലാൻ ചെയ്യാൻ. അമ്മയെ കൊണ്ട് സമ്മതിപ്പിക്കാനും നിന്റെ അച്ഛനോട് പറയാനുള്ളത് പ്ലാൻ ചെയ്യാനും ഒക്കെ ഇന്നൊരു രാത്രിയെ ടൈം ഉള്ളു.”

“മം.. ശെരിയാ. എന്നാ എന്നെ ആ ബസ് സ്റ്റോപ്പിൽ ഇറക്കുവോ?” അവൾ കൊഞ്ചിക്കൊണ്ട് ചോദിച്ചു.

“ബസ് സ്റ്റോപ്പിൽ ഒക്കെ ഇറക്കാം. പക്ഷേ ഏത് ബസ് സ്റ്റോപ്പ്‌ എന്ന് ഞാൻ തീരുമാനിക്കും. വാ വന്ന് വണ്ടിയിൽ കേറാൻ നോക്ക്. ആഹ് പിന്നെ വലത് കാൽ വെച്ച് തന്നെ കേറിക്കോ”

“അയ്യട.. ആദ്യം പോയി എല്ലാം പറഞ്ഞു റെഡി ആക്കാൻ നോക്ക്. എന്നിട്ട് മതി വലത് കാൽ ഒക്കെ”

നയന കേറിയതും അരവിന്ദ് വണ്ടി മുന്നോട്ട് എടുത്തു. വഴി നീളെ അവർ ഓരോ കാര്യങ്ങൾ പ്ലാൻ ചെയ്തോണ്ട് ഇരുന്നു. അവളുടെ വീടിന്റെ ഒരു സ്റ്റോപ്പ്‌ മുന്നിൽ അവൻ അവളെ ഇറക്കി.

“അപ്പൊ പറഞ്ഞത് ഒക്കെ ഓർമ ഉണ്ടല്ലോ അല്ലേ. നാളെ ഉച്ച കഴിഞ്ഞാണ് അവർ വരുന്നത് അതിനു മുന്നേ തന്നെ വന്ന് എല്ലാം പറഞ്ഞു ശെരിയാക്കാൻ നോക്കിക്കോ ഇല്ലേ ഞാൻ പെട്ടീം കെടക്കേം ഒക്കെ എടുത്തു അങ്ങ് വരും.”

“പൊന്നുമോളെ എന്നെ കൊലയ്ക്കു കൊടുക്കരുത്. നാളെ രാവിലെ തന്നെ എത്താൻ നോക്കാം പോരെ?”

“നോക്കിയാൽ പോരാ… വരണം.”
“ഹ വരാടി പുല്ലേ. ഇങ്ങനെ ഉണ്ടോ കച്ചറ…

ആഹ് പിന്നെ എന്തായാലും ഇത്രേം ആയില്ലേ. നീ വേഗം ചേട്ടന് ഒരുമ്മ തന്നേ.” അരവിന്ദ് അവൾക്ക് നേരെ കവിൾ നീട്ടികൊണ്ട് പറഞ്ഞു.

“പൊക്കോണം അവിടുന്ന്… ഉമ്മേം ഇല്ല ബാപ്പേം ഇല്ല ആദ്യം മോൻ പോയി ഇത് നടത്താൻ ഉള്ള വഴി നോക്ക്. അങ്ങനാണേൽ ഈ നയനേച്ചി ഒരു കൈ നോക്കാം.”

“മം…. ശെരി… അപ്പൊ ഉമ്മയില്ല… ആയിക്കോട്ടെ. എന്നാ പിന്നെ ഇത് നടത്തിട്ടു തന്നെ ബാക്കി കാര്യം.”

രണ്ടുപേരും മനസ്സ് നിറഞ്ഞു ചിരിച്ചു.

അവളെ ബസ്സിൽ കേറ്റി വിട്ടശേഷം ആണ് അരവിന്ദ് പോയത്.

അവന് മുന്നിൽ ഉള്ള അടുത്ത കടമ്പ ഒറ്റ രാത്രി കൊണ്ട് അമ്മയെ പറഞ്ഞു കൺവീനസ് ചെയ്യിക്കുക എന്നത് ആയിരുന്നു.

****************************

അരവിന്ദിന്റെ മനസ്സ് ശാന്തമായിരുന്നു. ഒരുപാട് നാളായി മനസ്സിൽ കൊണ്ട് നടന്ന ഭാരം ഒന്നിറക്കി വെച്ച പോലെ തോന്നി. അവൾ പറഞ്ഞത് ശെരിയാണ് ഒരുപക്ഷെ അവൾ മുൻകൈ എടുത്ത് ഇത് പറഞ്ഞില്ലായിരുന്നു എങ്കിൽ എല്ലാം കൈവിട്ടു പോയേനെ. അവന് അവനോടു തന്നെ പുച്ഛം തോന്നി.

വീട് എത്താറായതും എന്തെന്നില്ലാത്ത ഒരു ഭയം അവന് തോന്നി.

“ഒരു പക്ഷെ അമ്മ സമ്മതിച്ചില്ലെങ്കിലോ… എയ് അങ്ങനെ ഒരിക്കലും ഉണ്ടാവില്ല.” അവൻ സ്വയം ആശ്വസിച്ചു.

ഗേറ്റ് കടക്കുമ്പോഴേ അവൻ കണ്ടു സിറ്റ് ഔട്ടിൽ തൂണിൽ ചാരി ഇരിക്കുന്ന അമ്മയും അമ്മയുടെ മടിയിൽ കിടന്നു എന്തോ വായിക്കുന്ന ആമിയും. “ദൈവമേ ആമി ഉള്ളപ്പോ പറഞ്ഞാൽ ഇനി അവൾ ബഹളം ഉണ്ടാക്കുവോ..ഈശ്വരാ കാത്തോണേ.”

അവൻ ബൈക്ക് പാർക്ക്‌ ചെയ്തു ഒന്നും മിണ്ടാതെ അകത്തേക്ക് കേറാൻ ഒരുങ്ങി, അപ്പോഴേക്കും ആമി ചാടി വീണു.

“ഏട്ടാ നമക്ക് ടൗണിൽ പോവാം എനിക്ക് ഇപ്പൊ ബിരിയാണി തിന്നാൻ തോന്നുന്നു.”

“പിന്നെ പാതിരാത്രി അല്ലേ ബിരിയാണി. നിനക്ക് എന്നാ ഫോൺ വിളിച്ചു പറഞ്ഞൂടെ അങ്ങനാണേൽ ഞാൻ വരുമ്പോൾ വാങ്ങി വരില്ലേ.”

“പ്ലീസ് പ്ലീസ് പ്ലീസ്.. ഏട്ടാ ഞാൻ അത്‌ മറന്നു പോയി.”
“നാളെ പോവാം ഇന്ന്‌ വയ്യ ക്ഷീണം.”

“ഓ ഒരു ക്ഷീണക്കാരൻ. എന്നാ നാളെ പോവാം മോളെ ഇന്ന്‌ വല്യമ്മ ഇവിടെ നല്ല മീൻ കറി ചോർ ഒക്കെ വെച്ചിട്ടുണ്ട്. അത്‌ അപ്പൊ വേസ്റ്റ് ആവില്ലേ. നാളെ വല്യമ്മ ഒന്നും ഉണ്ടാക്കുന്നില്ല. നാളെ നമക്ക് ബിരിയാണി കഴിക്കാൻ പോവാം പോരെ?”

Leave a Reply

Your email address will not be published. Required fields are marked *