അരവിന്ദനയനം – 3 Like

അമ്മയുടെ രംഗപ്രവേശം കണ്ട് ഞങ്ങൾ രണ്ടും ഞെട്ടി. ദൈവമേ എല്ലാം കേട്ടു കാണുവോ.. എയ്..

പിന്നെ ഞങ്ങൾ അധികം അവിടെ നിന്നില്ല നേരെ പോയി ഡൈനിങ്ങ് ടേബിൾ കയ്യടക്കി. അമ്മയും വന്നു ഞങ്ങളുടെ കൂടെ ഇരുന്നു. എല്ലാരും കഴിക്കാൻ തുടങ്ങി.

അമ്മയോട് പറയാൻ ഞാൻ ആമിയോട് കണ്ണുകൊണ്ടു ആംഗ്യം കാണിച്ചു. ഒരു തുടക്കം കിട്ടാതെ കേറി പറഞ്ഞു കുളമാക്കണ്ട എന്ന് കരുതി.

“വല്യമ്മേ… ഈ ആഴ്ച ഏട്ടന് പെണ്ണുകാണൽ ഒന്നൂല്ലേ?”

“ഈ ആഴ്ചത്തെ കാര്യം ഒന്നും ബ്രോക്കർ പറഞ്ഞില്ല മോളെ. അതെങ്ങനാ ഇവനും കൂടി ഒരു ബോധം വേണ്ടേ. ഇത് ഞാൻ ഇങ്ങനെ വഴിപാട് നേരുന്ന പോലെ പറഞ്ഞോണ്ട് ഇരിക്കുന്നു എന്നല്ലാതെ ഇവന് ഒരു കുലക്കോം ഇല്ല.”
“ആര് പറഞ്ഞു. അമ്മ പറഞ്ഞ എല്ലാ പെണ്ണിനേം ഞാൻ പോയി കണ്ടില്ലേ? ശെരിയാവാത്തത് എന്റെ കുഴപ്പം ആണോ?”

“ആ…എനിക്കറിഞ്ഞൂട.. എനിക്ക് വയ്യ ഇനി നിന്നേം എഴുന്നള്ളിച്ചു നടക്കാൻ.”

“വല്യമ്മേ നമ്മക്കെ മറ്റേ നയന ചേച്ചിയെ ഏട്ടന് വേണ്ടി നോക്കിയാലോ ഒന്ന്?”

ആമിയുടെ ഇടിവെട്ട് ചോദ്യത്തിൽ ഞാൻ ഒന്ന് നടുങ്ങി. യവള് ഞാൻ വിചാരിച്ച പോലെ അല്ല അതുക്കും മേലെ ആണ്. ഇത്ര സ്പീഡിൽ ഇങ്ങനെ ചോദിക്കും എന്ന് ഞാൻ സ്വപ്നത്തിൽ പോലും ഓർത്തില്ല.

“എയ്… അതൊന്നും വേണ്ട. ആ പെണ്ണ് ഒരു മരംകേറിയാണ്.” ഞാൻ ഇടയിൽ കേറി പറഞ്ഞു. അങ്ങനെ നമ്മൾ പെട്ടന്ന് സമ്മതിച്ചു കൊടുക്കരുതല്ലോ. ഒരു വെയിറ്റ് ഒക്കെ ഇടണ്ടേ.

ആമി എന്നെ കടുപ്പിച്ചൊന്ന് നോക്കി. ഞാൻ അവളെ നോക്കി കണ്ണടച്ചു കാണിച്ചു. അവൾക്ക് കാര്യം മനസ്സിലായി.

“ഓ പിന്നേ ഏട്ടന്റെ സ്വഭാവത്തിന് പറ്റിയ പെണ്ണാണ് എന്തായാലും. ഇയാളും വല്യ മോശം ഒന്നും അല്ലല്ലോ.

വല്യമ്മ പറ. ആ ചേച്ചിയെ ആലോചിച്ചുടെ ഏട്ടന് വേണ്ടി?”

“മം.. എനിക്കും ഇഷ്ടാണ് ആ കുട്ടിയെ. ഇവൻ പറയണ പോലെ ഒന്നുല്ല. നല്ല പെരുമാറ്റം ആണ്, നല്ല കാര്യപ്രാപ്തിയും ഉണ്ട്.” അമ്മയുടെ മുഖം ഒന്ന് തെളിഞ്ഞു. എന്നെ നോക്കി.

“ആ കുട്ടിക്ക് എന്താടാ ഒരു കുഴപ്പം? നോക്കിയാലോ നമുക്ക്? നിനക്ക് ഇഷ്ടമില്ലേൽ വേണ്ട എനിക്ക് എന്തായാലും ഇഷ്ടാണ്. എന്നാലും ഞാൻ ആ കുട്ടീടെ കാര്യം അങ്ങ് മറന്നുപോയി അല്ലാരുന്നേ അന്ന് കണ്ടപ്പോ തന്നെ ചോദിക്കരുന്നു.”

“ആഹ്..അമ്മ എന്താന്ന് വെച്ചാ ചെയ്യ്. ഇനി ഞാൻ ആയിട്ട് പ്രശ്നം ഒന്നും ഉണ്ടാക്കണില്ല.” ഞാൻ അലസമായി അമ്മയുടെ മുഖത്ത് നോക്കാതെ പറഞ്ഞു.

ആമി എന്റെ അഭിനയം കണ്ട് വാ പൊളിച്ചു.

“നീ അങ്ങനെ ബുദ്ധിമുട്ടി ഒന്നും സമ്മതിക്കണ്ട, താല്പര്യം ഒണ്ടേൽ മതി.” അമ്മയുടെ ആ ഡയലോഗ് കേട്ട് എനിക്ക് ഒരു അങ്കലാപ്പ് ഉണ്ടായി. ഞാൻ ഇനിയും വെയിറ്റ് ഇടാൻ നിന്നാൽ ചെലപ്പോ കാര്യങ്ങൾ കൈ വിട്ട് പോകും എന്ന് തോന്നി.
“അങ്ങനെ അല്ല അമ്മേ. എനിക്ക് കുഴപ്പൊന്നും ഇല്ല. നിങ്ങൾക്ക് ഒക്കെ ഇഷ്ടം ആണേൽ പിന്നേ എനിക്കെന്തു ഇഷ്ടക്കേട് ഉണ്ടാവാൻ ആണ്.” ഞാൻ ഒരു വിധം പറഞ്ഞു ഒപ്പിച്ചു.

“അപ്പൊ അത്‌ ഫിക്സ്…ഇനി ഒന്നും നോക്കണ്ട വല്യമ്മേ നമക്ക് നാളെ തന്നെ പോയി പെണ്ണ് കാണാം.”

“നാളെയോ? നാളെ ഇവന് ഓഫീസിൽ പോവണ്ടേ?”

“ആഹ് ഞാൻ പറയാൻ മറന്നു, നാളെ എനിക്ക് ലീവ് ആണ്.”

“ലീവോ?? നാളെ എന്ത് ലീവ് ആണ്?” അമ്മയിലെ സംശയ രോഗി ഉണരുന്നത് ഞാൻ കണ്ടു.

“അത്‌… പിന്നേ…. ആഹ്.. നാളെ എന്റെ ഡിപ്പാർട്മെന്റിൽ ഉള്ളവരൊക്കെ ടൂർ പോകുവാ ഇടുക്കി മൂന്നാർ ഒക്കെ. ഞാൻ അവിടെ കുറെ തവണ പോയതല്ലേ അതോണ്ട് ഞാൻ വരണില്ലന്ന് പറഞ്ഞു.”

“മം… അങ്ങനാണേൽ നാളെ പോകാം. എന്താ നിന്റെ അഭിപ്രായം. ഇനി നാളെ പോകാൻ നേരം ആ പന്തും ഉരുട്ടി ഇറങ്ങുവോ?”

“എയ് ഞാൻ അതൊക്കെ പണ്ടേ വിട്ടില്ലേ.”

“ഉവ്വ ഉവ്വ..ആഹ് പിന്നേ നേരെ ചൊവ്വെ വരാൻ പാറ്റുവാണേൽ വന്നാ മതി. ഈ താടി ഒക്കെ വെട്ടി ഒതുക്കാൻ നോക്ക്. നിന്ന ഒരു മനുഷ്യകോലത്തിൽ ആ പെണ്ണ് കണ്ടോട്ടെ. സത്യം പറഞ്ഞാൽ എനിക്ക് ഇത് വല്യ പ്രതീക്ഷ ഒന്നുല്ല. പിന്നെ ആ കുട്ടി ആയോണ്ട് ആണ്, ശെരിക്കും നല്ല തങ്കം പോലത്തെ സ്വഭാവം ആണ്.”

“ശെരിയാ. ഇനി ഏട്ടന്റെ കൂടെ കൂടി മോശവാതെ ഇരുന്നാൽ മതി.” ആമി എന്നെ നോക്കി ഇളിച്ചു.

“പോടീ…”

“നീ പോടാ…”

“ആ മതി മതി ഇനി അതിന് അടി കൂടാൻ നിക്കണ്ട. കഴിച്ചു കഴിഞ്ഞില്ലേ എഴുനേറ്റു പോ രണ്ടും.

നാളെ അപ്പൊ ഒരു 10 മണി ആവുമ്പോൾ പോവാം അല്ലേ.”

“ആ 10 എങ്കിൽ 10 അമ്മ പറയണ പോലെ.”

“അല്ല ആ കുട്ടിക്ക് കല്യാണം വല്ലതും ഉറപ്പിച്ചിട്ടുണ്ടെങ്കിലോ?”

“എയ് അതൊന്നും ഇല്ല.” പറഞ്ഞു കഴിഞ്ഞാണ് ഞാൻ അബദ്ധം മനസ്സിലാക്കിയത്.
“ഏഹ്ഹ് അത്‌ നിനക്ക് എങ്ങനെ അറിയാം?”

“അ.. അല്ല.. അന്ന് വീട്ടിൽ കൊണ്ടാക്കാൻ പോയപ്പോൾ ഞാൻ ആ പെണ്ണിന്റെ അച്ഛനോട് സംസാരിക്കുന്ന കൂട്ടത്തിൽ പുള്ളി പറഞ്ഞാരുന്നു ഒന്നും ആയില്ലെന്ന്.” ഞാൻ ഒന്ന് പരുങ്ങി.

“ഹ അത്‌ എപ്പഴാ.. അതൊക്കെ കഴിഞ്ഞിട്ട് എത്ര നാളായി. അതിനിടയിൽ ഏതെങ്കിലും ഉറപ്പിച്ചിട്ടുണ്ടെങ്കിലോ?”

“അതൊന്നും സാരമില്ല വല്യമ്മേ. എന്തായാലും നാളെ പോയി നോക്കാം. പെണ്ണ് കാണാൻ വന്നത് ആണെന്ന് ആദ്യമേ പറയണ്ട. വല്യമ്മ അന്ന് നമ്മൾ കല്യാണത്തിന് പോയ വീട്ടിൽ പോയ വഴി വന്നത് ആണെന്ന് പറഞ്ഞാൽ മതി. എല്ലാം ചോദിച്ചു അറിഞ്ഞു കഴിഞ്ഞ് കുഴപ്പൊന്നും ഇല്ലെങ്കിൽ കാര്യം പറഞ്ഞാൽ മതി.” വീണ്ടും ആമിയുടെ കുരുട്ടു ബുദ്ധി പ്രവർത്തിച്ചു.

“എടി പാറു നീ ആള് കൊള്ളാലോ. എന്തൊക്ക കുരുത്തക്കേട് ആണ് തലക്കുള്ളിൽ.” അമ്മക്ക് അവൾടെ ഐഡിയ കേട്ട് ആശ്ചര്യം തോന്നി. എനിക്ക് അഭിമാനവും ആശ്വാസവും.

“ഇതൊക്കെ എന്ത്… ആമിയുടെ ബുദ്ധികൾ കമ്പനി കാണാൻ ഇരിക്കുന്നതെ ഉള്ളു.”

എല്ലാവരും ചിരിച്ചുകൊണ്ട് തന്നെ എഴുനേറ്റു കൈ കഴുകി.

ഉറങ്ങാനായി വീട്ടിലേക് പോകുന്നതിനു മുന്നേ ആമി വന്നു എന്റെ അരികിൽ.

“എങ്ങനുണ്ടാരുന്നു ആമിമോൾടെ പെർഫോമൻസ്..?”

ഞാൻ അവൾടെ രണ്ട് വശത്തും പിന്നി ഇട്ട മുടിയിൽ പിടിച്ചു അവളെ വട്ടം കറക്കി..

“സമ്മതിച്ചിരിക്കുന്നു. നീ സൂപ്പർ ആണ്. ഇത്ര പെട്ടന്ന് ഇത് നടക്കും എന്ന് ഞാൻ വിചാരിച്ചില്ല. പക്ഷേ എനിക്ക് എന്തോ ഞാൻ അമ്മയെ പറ്റിക്കുവല്ലേ എന്നൊരു തോന്നൽ. ശെരിക്കും ഞാൻ ഉള്ള കാര്യം ഉള്ളത് പോലെ അമ്മയോട് പറഞ്ഞിരുന്നേൽ തന്നെ അമ്മ സമ്മതിച്ചേനെ. ഇല്ലേ? ഇതിപ്പോ എനിക്ക് ഒരു കുറ്റബോധം പോലെ.”

“മം.. അത്‌ ശെരിയാണ്.” ആമി എന്റെ മുഖത്തേക്ക് ഒന്ന് നോക്കി.

“ഞാൻ ഒരു കാര്യം പറഞ്ഞാൽ ഏട്ടന് വിഷമം ആകുവോ?”

“എന്താടി? നീ പറഞ്ഞോ.”

ഒരു നിമിഷം അവൾ എന്നെ തന്നെ നോക്കി.

“ഏട്ടൻ ശെരിക്കും വല്യമ്മയെ മനസ്സിലാക്കിട്ടില്ല ഇത് വരെ. വല്യമ്മ ഏട്ടനെ വഴക്കിടും എങ്കിലും ഏട്ടന്റെ ഏതെങ്കിലും ആഗ്രഹത്തിന് എതിര് നിന്നിട്ടുണ്ടോ?
അപ്പൊ പിന്നെ ഈ വളച്ചുകെട്ടിന്റെ ആവിശ്യം ഇല്ലായിരുന്നു.”

Leave a Reply

Your email address will not be published. Required fields are marked *