അത് കണ്ടു അരവിന്ദ് അവന്റെ മുഖം അവളുടെ മുഖത്തിന് നേരെ കൊണ്ടുവന്നു അവളെ നോക്കി മെല്ലെ ചിരിച്ചുകൊണ്ട് പറഞ്ഞു.
“പോരുന്നോടി പുല്ലേ.. എന്റെ വീടിന്റെ ഗോൾകീപ്പർ ആവാൻ?”
അവൻ പറഞ്ഞു മുഴുവൻ ആക്കുന്നതിനു മുന്നേ അവൾ അവന്റെ ഷിർട്ടിൽ കൈ പിടിച്ചു വലിച്ചു അവന്റെ നെഞ്ചിലേക്ക് വീണ് കെട്ടിപിടിച്ചു കരഞ്ഞു. അവന്റെ കണ്ണും നിറയുന്നുണ്ടായിരുന്നു.
അരവിന്ദ് അവളുടെ നെറുകയിൽ ചുണ്ട് ചേർത്ത് ചുംബിച്ചു. അങ്ങനെ തന്നെ കുറച്ച് നേരം നിന്നു.
പരിസരം മോശമായതിനാൽ അവൾ വേഗം തന്നെ അവനിൽ നിന്ന് വിട്ടു മാറി കണ്ണ് തുടച്ചു.
അവരുടെ കണ്ണുകൾ പക്ഷെ ഒരായിരം പരിഭവങ്ങൾ തമ്മിൽ പറഞ്ഞുകൊണ്ടേ ഇരുന്നു.
*********************
അൽപ സമയം എടുത്തു രണ്ടുപേർക്കും ആ പ്രൊപ്പോസലിന്റെ ഹാങ്ങോവർ മാറാൻ.
അസ്തമയ സൂര്യനെയും കണ്ട് അരവിന്ദിന്റെ തോളിൽ ചാരി ഇരുന്നു ഐസ് ക്രീം നുണഞ്ഞുകൊണ്ട് അവർ തമ്മിൽ കണ്ടുമുട്ടിയത് മുതൽ ഇങ്ങോട്ട് ഉണ്ടായ എല്ലാ സംഭവവികാസങ്ങളും തമ്മിൽ പങ്കുവെച്ചു ചിരിച്ചു.
“അല്ല മോളെ അപ്പൊ എങ്ങനാ? നാളെ അച്ഛൻ കൊണ്ട്വരുന്നവനെ കെട്ടി നീ അങ്ങ് സെറ്റിൽ ആവാൻ തന്നെയാണോ പ്ലാൻ?”
നയന കൈ ചുരുട്ടി അരവിന്ദിന്റെ വയറിൽ ആഞ്ഞു കുത്തി.
“ആഹ്ഹ….ഭാവി ഭർത്താവിനെ ഇങ്ങനെ ഇടിക്കല്ലേ പെണ്ണെ ശാപം കിട്ടും.”
“അയ്യോ… ഒരു ഭാവി ഭർത്താവ്.. എനിക്ക് ഒറപ്പ് ആണ് ഞാൻ ഇന്ന് ഇത് പറഞ്ഞില്ലാരുന്നേൽ നിങ്ങൾ ഇത് ഒരിക്കലും എന്നോട് പറയാൻ പോണില്ല. അവസാനം ഞാൻ നാളെ വരണ കൊന്തനേം കെട്ടി ജീവിക്കേണ്ടി വന്നേനെ.”
അവൾ ദേഷ്യം അഭിനയിച്ചു കൊണ്ട് പറഞ്ഞു.
“ഞാൻ ഇത് പറയണം എന്ന് കരുതി തന്നെ ആണ് ഇരുന്നത്. ഇനി ഒരുപക്ഷെ നിനക്ക് അങ്ങനെ ഒന്നും മനസ്സിൽ ഇല്ലായിരുന്നു എങ്കിൽ പിന്നെ നീ എന്നിൽ നിന്ന് അകന്നാലോ എന്നോർത്ത് പറയാഞ്ഞതാ.”
“ഇനി കൂടുതൽ പറഞ്ഞു ബോർ ആക്കണ്ട മരിയാദയ്ക്ക് നാളെ വന്ന് എന്നെ പെണ്ണ് ചോദിച്ചോണം.” അവൾ ചിരിച്ചു.
“അത് പിന്നെ പറയാനുണ്ടോ… പക്ഷേ ഇത് കുറച്ച് ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ് ആയിപോയി. ഇന്ന് പ്രൊപോസിംഗ് നാളെ പെണ്ണ് ചോദിക്കൽ”
അവളുടെ നുണക്കുഴിയിൽ വിരൽ കൊണ്ട് കുത്തി അവൻ പറഞ്ഞു.
“എടോ എടോ അരവിന്ദൻ തെണ്ടി എന്നെക്കൊണ്ട് ഒന്നും പറയിക്കരുത്. താൻ ഇന്ന് പറയും നാളെ പറയും എന്ന് കരുതി ഞാൻ ഇരിക്കാൻ തുടങ്ങിട്ട് എത്ര നാൾ ആയെന്ന് അറിയുവോ തനിക്ക്.”
“ഓഹോ… എന്ന പിന്നെ നിനക്ക് എന്നെ അങ്ങ് വളച്ചെടുത്തുടാരുന്നോ. അല്ല ഞാൻ തന്നെ പറയണം എന്ന് എന്താ നിർബന്ധം, നിനക്ക് അങ്ങ് പറഞ്ഞൂടാരുന്നോ എന്നോട്. ഇതിപ്പോ പ്രേമിച്ചു നടക്കേണ്ട എത്ര സമയം ആണ് ഈ മറൈൻ ഡ്രൈവിൽ വെറുതെ വെയില് കളഞ്ഞത് ശ്ശെ…”
“എനിക്ക് നാണം ആരുന്നു… പിന്നെ ഇയാൾ തേക്ക് മരത്തിനു കാറ്റ്‌പിടിച്ച പോലെ ഒരു കുലുക്കോം ഇല്ലാണ്ട് നിന്നപ്പഴാ എനിക്ക് മനസ്സിലായത് ഞാനായിട്ട് മുൻകൈ എടുത്തില്ലേൽ ഇയാൾ എന്റെ കല്യാണത്തിന് വന്ന് സദ്യ ഉണ്ട് പോവത്തെ ഉള്ളു എന്ന്. അതോണ്ടാ ഞാൻ ഇന്ന് തന്നെ കാണണം എന്ന് പറഞ്ഞത്.” നയന പറഞ്ഞത് കേട്ട് അരവിന്ദ് അവളുടെ കൈ മുറുകെ കോർത്ത് പിടിച്ചു.
“സോറി… പറയണം എന്ന് പലവട്ടം കരുതിയതാ.. പക്ഷേ ഒരു നോ പറഞ്ഞ് നീ പോയാൽ അത് താങ്ങാൻ തക്ക മനക്കട്ടി ഒന്നും എനിക്ക് ഇല്ല. കുറച്ചുനാൾ കഴിഞ്ഞ് ഓക്കേ ആയാലും നിന്റെ ഫ്രണ്ട്ഷിപ്പ് നഷ്ടപ്പെടുന്നത് എനിക്ക് അപ്പോഴും ഓർക്കാൻ പറ്റില്ലായിരുന്നു. അതുകൊണ്ടാണ്. ഒത്തിരി കോംപ്ലക്സ് ഒക്കെ ഉള്ളൊരു സാധാരണ നാട്ടിൻപുറത്തുകാരൻ ആണ് ഞാൻ. ഒരുപക്ഷേ ഞാൻ വളർന്നു വന്ന സാഹചര്യങ്ങൾ ആവാം. നീ ഇനി വന്നിട്ട് വേണം എല്ലാം ഒന്നെന്നു തുടങ്ങാൻ.” അരവിന്ദ് പറഞ്ഞത് കേട്ട് നയന അവന്റെ തോളിലേക്ക് ഒന്നുടെ ചാരി ഇരുന്നു.
“അല്ല അമ്മ സമ്മതിക്കുവോ?”
“സമ്മതിക്കാതെ ഇരിക്കാൻ വഴി ഇല്ല, അമ്മക്ക് നിന്നെ വല്യ കാര്യം ആണ് പിന്നെ ഞാൻ എങ്ങനേലും ഒരുത്തിയെ കെട്ടണം എന്നാണ് അമ്മയുടെ ആഗ്രഹം. എന്തായാലും ഇന്ന് തന്നെ പോയി സംസാരിക്കണം.”
