അരവിന്ദനയനം – 3 2

“ബിരിയാണിന്ന് കേട്ടപ്പഴേ അവൾടെ കിളി പോയി. നിക്കണ കണ്ടില്ലേ കഴുത”

“ഓ.. ” അവൾ ചുണ്ട് കോട്ടി അകത്തേക്ക് പോയി. പിന്നാലെ അമ്മയും ഞാനും.

*************

കുളിക്കുമ്പോഴും ഇത് എങ്ങനെ അവതരിപ്പിക്കും എന്നായിരുന്നു എന്റെ ചിന്ത. അവസാനം വരണത് വരട്ടെ എന്ന് തീരുമാനിച്ചു കുളി കഴിഞ്ഞു ഇറങ്ങി.

“ഡോ തന്നോട് ഫോണിൽ കുത്തി കളിക്കാതെ വന്ന് ചോറ് കഴിക്കാൻ പറഞ്ഞു വല്യമ്മ.” ഞാൻ ഫോൺ എടുക്കാൻ തുടങ്ങിയതും ആമി എവിടെ നിന്നോ പ്രത്യക്ഷപ്പെട്ടു. ഇവൾ ഇനി വല്ല ചാത്തനോ മറുതായോ വല്ലോം ആണോ ഈ വീട്ടിൽ ഒരു കാര്യം ഇവളെ ഒളിച്ചു ചെയ്യാൻ പറ്റില്ല.

“ഹ വരുന്നു..നീ കെടന്നു ബഹളം വെക്കണ്ട. അങ്ങോട്ട്‌ ചെല്ല് ഞാനിപ്പം വരാം.”

“തന്നേം കൂട്ടി വരാനാ വല്യമ്മ പറഞ്ഞത്.”

“ഓ ഒരു വല്യമ്മയും മോളും വന്നേക്കുന്നു.”

പെട്ടെന്നാണ് എനിക്ക് ആ ഐഡിയ തോന്നിയത്. കാര്യം ഇവൾ മഹാ പാര ആണെങ്കിലും ഇടക്കൊക്കെ എന്നെ തല്ലുകൊള്ളിക്കാതെ ഇവൾ രക്ഷപെടുത്താറുണ്ട്. എന്റെ സിഗരറ്റ് വലിയുടെ കാര്യം ഇവൾ ഒന്ന് പൊക്കിയത് ആണ്. അന്ന് എന്നെ വാണിംഗ് തന്ന് വിട്ടയച്ചു അമ്മയോട് ഇതുവരെ പറഞ്ഞുകൊടുത്തില്ല. പക്ഷേ ഇനി കണ്ടാൽ ഉറപ്പായും പറയും എന്ന ശക്തമായ താക്കീത് അന്നേ എനിക്ക് കിട്ടിയത് ആണ്. അങ്ങനാണേൽ ഇവളെ ചാക്കിട്ട് പിടിച്ചാൽ അമ്മയെ പെട്ടെന്ന് വളക്കാം.

ഞാൻ ഓരോന്ന് മനസ്സിൽ കണക്ക് കൂട്ടി നോക്കി.

അമ്മ എന്തായാലും സമ്മതിക്കും എന്നെനിക്ക് ഉറപ്പാണ് പക്ഷേ എന്തെന്നില്ലാത്ത ഒരു ഭയം എനിക്ക് ഉണ്ടായിരുന്നു.

“ഇയാൾ ഇതെന്താ നിന്ന് സ്വപ്നം കാണണേ വരുന്നുണ്ടോ അതോ വല്യമ്മ വന്നാലേ വരൂ എന്നുണ്ടോ?” അവൾ പുരികം ഇളക്കി കൊണ്ട് ചോദിച്ചു.
“നീ ഇങ് വന്നേ, ഒരു കാര്യം പറയാനുണ്ട്.” ഞാൻ അവിടെ കിടന്ന കസേര എടുത്ത് അതിൽ കയറി ഇരുന്നു.

“മം..? എന്താ..? എന്നെ പറ്റിക്കാൻ അല്ലേ..?”

അവൾ എന്തോ പന്തികേട് ഉള്ളപോലെ അവിടെ തന്നെ നിന്ന് പരുങ്ങി.

“പറ്റിക്കാൻ ഒന്നുമല്ല സീരിയസ് ആണ്.”

ഞാൻ അല്പം ഗൗരവത്തിൽ പറഞ്ഞു. പിന്നെ അവൾ അധികം ഒന്നും സംസാരിക്കാതെ തന്നെ എന്റെ കട്ടിലിൽ കേറി ഇരുന്നു.

“എന്താ പറ..” എന്റെ മുഖഭാവം കണ്ടിട്ടാവണം അവളും സീരിയസ് ആയി.

ഞാൻ ഒരു നിമിഷം അവളുടെ മുഖത്ത് തന്നെ നോക്കി.

“അതെ നീ കാര്യം കേട്ട ഒടനെ കിടന്നു ബഹളം ഉണ്ടാക്കരുത്. പിന്നെ ഒച്ച ഉണ്ടാക്കി പോയി അമ്മയോട് പറയേം ചെയ്യരുത് സമ്മതിച്ചോ.? ”

“ഓ.. ഒന്ന് പറയുന്നുണ്ടോ. ഞാൻ ആരോടും പറയില്ല പോരെ. പറ.” അവളുടെ കണ്ണ് രണ്ടും ക്യൂരിയോസിറ്റി കൊണ്ട് തള്ളി പുറത്തേക്കു വന്നു.

“അതെ നയനയെ പറ്റി എന്താ നിന്റെ അഭിപ്രായം.?” ഞാൻ ഒരു തുടക്കം എന്നോണം പതിയെ ചോദിച്ചു.

“നയനയോ..? ഏത് നയന..? ഓ…നമ്മടെ നയനെച്ചിയോ?”

“എന്റെ പൊന്നെ ഒന്ന് പതുക്കെ പറ..” ഞാൻ കൈ കൂപ്പി.

“അയ്യോ സോറി സോറി.. നമ്മടെ നയനെച്ചി ആണോ?”

“ആ അത്‌ തന്നെ. എന്താ അഭിപ്രായം നിന്റെ?”

“ചേച്ചി സൂപ്പർ അല്ലേ.. എന്നെ വല്യ കാര്യം ആണ്. അന്ന് പനി പിടിച്ചു കെടന്നപ്പോ ചേച്ചി വന്നില്ലേ ഹോസ്പിറ്റലിൽ. അന്ന് ചേച്ചി ആണ് എന്നെ ഫുൾ നോക്കിയത് ഒക്കെ. ഭയങ്കര കമ്പനി ആണ് സമയം പോണതെ അറിയില്ല.” അവൾ വാ തോരാതെ നയനയെ പുകഴ്ത്തി കൊണ്ടേ ഇരുന്നു. അത്‌ കേക്കും തോറും എനിക്ക് ഒരു കാര്യം ഉറപ്പായി ആരൊക്കെ കൂടെ നിന്നില്ലേലും ആമി എന്റെ കൂടെ തന്നെ നിക്കും.

“അല്ല… ഇതെന്താ ഇപ്പൊ ചോദിക്കാൻ?” അവൾ പെട്ടന്ന് പറഞ്ഞു നിർത്തിട്ട് എന്നെ സംശയ ദൃഷ്ടിയോടെ കണ്ണ് കൂർപ്പിച്ചു ഒന്ന് നോക്കി.

“ഈൗ…” ഞാൻ ഒന്ന് നല്ലോണം ഇളിച്ചുകൊടുത്തു…
“ഏഹ്ഹ്…. എന്താണ് ലൈൻ ആണാ..? സത്യം പറഞ്ഞോ ഇല്ലേ ഞാൻ ഇപ്പൊ വിളിച്ചു കൂവും.” ആമി ചാടി എഴുനേറ്റ് കട്ടിലിൽ കേറി നിന്ന് എന്നെ തന്നെ നോക്കി.

അവളുടെ മുഖം കണ്ടാൽ അറിയാം ഉള്ളിൽ നല്ല സന്തോഷം ഉണ്ടെന്ന്.

“എന്റെ പൊന്നുമോൾ അല്ലേ, നാളെ വരുമ്പോൾ ഞാൻ എന്തായാലും ബിരിയാണി വാങ്ങി തരാം. നീ എന്നെ ഒന്ന് സഹായിക്കണം അമ്മയോട് പറയാൻ.”

Leave a Reply

Your email address will not be published. Required fields are marked *