” ഇല്ല.. ഇനി ഒന്നും ഇല്ല.. ഇതൊന്നും ഞാൻ ഒരിക്കലും പറയണം എന്ന് വിചാരിച്ചതല്ല.. പക്ഷെ ഇനി നമ്മൾ തമ്മിൽ സംസാരിച്ചെന്നു വരില്ല.. നീ എന്നെങ്കിലും എനിക്ക് വേണ്ടപ്പോൾ എന്റെ കൂടെ നിന്നിട്ടുണ്ടോ?? എനിക്ക് സങ്കടം വരുമ്പോൾ, എനിക്ക് കരച്ചിൽ വരുമ്പോൾ എന്നെങ്കിലും എന്നെ ഒന്ന് ആശ്വസിപ്പിച്ചിട്ടുണ്ടോ?? എന്നും ആവശ്യം ഉള്ളതിനും ഇല്ലാത്തതിനും എന്നോട് അടി കൂടി എന്നെ കരയിപ്പിപ്പിക്കാൻ മാത്രം അല്ലേ നിനക്ക് സമയം ഉണ്ടായിരുന്നുള്ളൂ.. എത്ര പരീക്ഷയുടെ തലേന്ന് നീ എന്നോട് വഴക്കുണ്ടാക്കി എന്നെ ഒരക്ഷരം പഠിക്കാൻ സമ്മതിക്കാതെ കഷ്ടപ്പെടുത്തിയിട്ടുണ്ട്??? ഓർമ ഉണ്ടോ??അന്ന് ഞാനൊരു ദിവസം ഇൻസ്റ്റയിൽ ഗ്രൂപ് ഫോട്ടോ ഇട്ടത്?? അതിൽ ക്‌ളാസിൽ പഠിക്കുന്ന ഒരുത്തന്റെ കൂടെ നിന്നെന്നു പറഞ്ഞു നീ എത്ര ദിവസം എന്നോട് മിണ്ടാതെ നടന്നു?? ഫെയ്‌സ്ബുക്കിൽ ഒരു പ്രൊഫൈൽ പിക്ച്ചർ ഇടാൻ നീ സമ്മതിച്ചിട്ടുണ്ടോ?? ആരെങ്കിലും അത് ഡൌൺലോഡ് ചെയ്ത് മോർഫ് ചെയ്തു ഇന്റർനെറ്റിൽ ഇടുമല്ലേ.. നിന്റെ ചേച്ചി ഉണ്ടല്ലോ.. അവർ അവരുടെ ഫെയ്സ്ബൂക്കിലും ഇൻസ്റ്റയിലും ഒന്നും ഫോട്ടോ ഇടുമ്പോൾ നിനക്ക് ഒന്നും പറയാൻ ഇല്ലായിരുന്നോ??? ”” എടീ… അത്..അതുകൊണ്ടല്ല..നിന്റെ നല്ലതിനല്ലേ… നീ ആലോചിച്ചേ, അങ്ങനെ എന്തെങ്കിലും ഉണ്ടായാൽ…. വേണ്ട, നീ എന്താണെന്നു വെച്ചാൽ നിന്റെ ഇഷ്ടം പോലെ ചെയ്തോ..ഞാൻ ഒന്നും പറയാൻ വരില്ല..”
” ഇനി നീ എന്തെങ്കിലും പറഞ്ഞിട്ടും കാര്യമില്ല.. ഞാൻ ഇനി അത് കേൾക്കാനോ അനുസരിക്കാനോ .പോവുന്നില്ല. ഓരോ പ്രാവശ്യവും പരീക്ഷയുടെ തലേന്ന് നിന്നോട് ഇരുന്നു പഠിക്കാൻ പറയുമ്പോഴും നീ എന്ത് ചീത്തയാ എന്നെ പറഞ്ഞിരുന്നത്.. ഒരക്ഷരം പഠിക്കാതെ ഫ്രൻഡ്‌സ്‌നിൻറെ കൂടെ കള്ളു കുടിച്ചും കറങ്ങി നടന്നും സമയം കളഞ്ഞിട്ട് അവസാനം എന്താ ഉണ്ടായത്?? അവരൊക്കെ കോപ്പി അടിച്ചെങ്കിലും പാസ് ആയി..നീയോ?? രണ്ടു മാസം കഴിഞ്ഞാൽ റിസൾട് വരും.. അത് കൂട്ടാതെ തന്നെ 10-12 സപ്ലി ഇല്ലേ?? ട്യൂഷന് പോവാൻ പറഞ്ഞിട്ട് ഞാൻ തന്ന പൈസ കൊണ്ട് നീ മൊബൈൽ വാങ്ങി..നമ്മൾ ഒരേ പ്രായം ആണെന്ന് ഓർമ ഉണ്ടല്ലോ.. പഠിച്ചു പാസ് ആയി വല്ല ജോലിക്കും കേറിയാലേ നമ്മുടെ കാര്യം വീട്ടിൽ പറയാൻ പറ്റൂ എന്ന് എത്ര വട്ടം പറഞ്ഞു?? നിനക്ക് അതൊന്നും കേൾക്കണ്ട.. ഉള്ള സമയം അടിച്ചു പൊളിച്ചു കറങ്ങി നടന്നാൽ മതി.. അവസാനം ഞാൻ വീട്ടിൽ പറഞ്ഞു അമ്മ നിന്നെ വിളിച്ചപ്പോൾ… എന്റെ അമ്മയോട് ഒന്ന് മര്യാദക്ക് സംസാരിക്കാൻ നിനക്ക് വയ്യ.. നീ എന്തൊക്കെയാ പറഞ്ഞത്?? പാവം..കരഞ്ഞു കൊണ്ടാണ് ഫോൺ വെച്ചത്… ഇനിയും വയ്യ എനിക്ക്.. വേറെന്തും ഞാൻ സഹിക്കും, നമ്മളെ സപ്പോർട് ചെയ്യാൻ ആകെ അമ്മയേ കാണുമായിരുന്നുള്ളൂ.. അത് പോലും ഓർക്കാതെ നിന്റെ ദേഷ്യം കാണിക്കൽ.. നീയെന്താ വിചാരിച്ചത്?? ഞങ്ങൾക്ക് ആർക്കും ദേഷ്യം ഇല്ലെന്നോ?? നീ ഈ കാണിക്കുന്ന ഓരോന്നിനും എത്ര ദേഷ്യവും സങ്കടവും വന്നിരുന്നെന്നോ.. എന്നാലും നിന്റെ അവസ്ഥ മനസ്സിലാക്കി ആണ് ഇത്ര കാലം ഒന്നും കാണിക്കാതെ നടന്നത്.. എന്നെങ്കിലും നീ നന്നാവും എന്ന് വിചാരിച്ചു….പക്ഷെ എനിക്ക് തെറ്റിപ്പോയി.. നിനക്ക് ഞാൻ വെറും ടൈം പാസ് ആയിരുന്നു.. എന്നെങ്കിലും കുറച്ചെങ്കിലും എന്നെ സ്നേഹിച്ചിരുന്നെങ്കിൽ നീ എന്നോട് ഇങ്ങനെ ഒന്നും ചെയ്യില്ലായിരുന്നു.. ഇത് നോക്ക്… ”ഒന്ന് നിർത്തി അവൾ ചുറ്റുപാടും ഒന്നു നോക്കി.. അത് മനസ്സിലാക്കി തൊട്ടടുത്ത ടേബിളിൽ ഇരുന്ന ഞാൻ കയ്യിലിരുന്ന ഫോണിലേക്ക് മുഖം താഴ്ത്തി.. അവൾ വീണ്ടും തുടർന്നപ്പോൾ നേരത്തെ ശ്രദ്ധിച്ചിരുന്ന പോലെ വീണ്ടും അവരെ തന്നെ ശ്രദ്ധിക്കാൻ തുടങ്ങി.. ഒരു ഇളം നില ഷോർട് സ്ലീവ് ടോപ് ആണ് അവൾ ധരിച്ചിരിക്കുന്നത്.. അതിന്റെ കൈ ഒന്ന് മുകളിലേക്ക് നീക്കി വെച്ച് .ഇരുണ്ട നിറത്തിൽ വട്ടത്തിൽ ആയുള്ള ഒരു മറുക് അവനെ കാണിച്ചു കൊണ്ട് അവൾ തുടർന്നു..” അന്ന്, കോളേജ് ഡേക്ക് സ്ലീവ്‌ലെസ് ഇട്ടെന്നും പറഞ്ഞു നീ കാണിച്ചു കൂട്ടിയതാ.. ഓർമ ഉണ്ടോ?? ഇപ്പോഴും ആ ഡ്രെസ് കബോഡിൽ കാണുമ്പോൾ എനിക്ക് പേടിയാ..അന്ന് നീ കാണിച്ചു കൂട്ടിയതൊക്കെ ഓർമ വരും.. സിനിമയിൽ ഒക്കെ കണ്ടിട്ടേ ഉണ്ടായിരുന്നുള്ളൂ അതൊക്കെ.. പക്ഷെ, നീ സിഗരറ്റ് എടുത്ത് കുത്തും എന്നൊന്നും ഞാൻ സ്വപ്നത്തിൽ പോലും വിചാരിച്ചിരുന്നില്ല.. അന്ന് നീ കരഞ്ഞു കാലു പിടിച്ചു പറഞ്ഞത് കൊണ്ടാ ഞാൻ വീണ്ടും ഒരു ചാൻസ് കൂടി നിനക്ക് തന്നത്.. പക്ഷേ വീണ്ടും….”
അവളുടെ ശബ്ദം ഇടറിയിരുന്നു.. ഇത്ര നേരം രോഷത്തോടെ സംസാരിച്ചുകൊണ്ടിരുന്ന ശബ്ദത്തിലേക്ക് നിരാശയും സങ്കടവും ഒരേ പോലെ അലിഞ്ഞു ചേർന്ന പോലെ…
