അവൾ 1

” ഇല്ല..ഇനി വയ്യ.. ഞാൻ ഇറങ്ങട്ടെ.. ഇനി ഇതും പറഞ്ഞു എന്റെ പിറകെ വരരുത്.. ”

അവന്റെ മറുപടിക്ക് കേൾക്കാതെ ബാഗ് തുറന്നു ഒരു നൂറു രൂപ നോട്ട് എടുത്ത് ഗ്ലാസിനടിയിൽ വെച്ച് അവൾ എണീറ്റ് വാതിൽക്കലേക്ക് നടന്നു…അവൾ ഇറങ്ങുന്നതിനു മുന്നേ ആ വാതിൽ കടന്നു അകത്തേക്ക് കേറി വരുന്ന ആളെ കണ്ടു പറഞ്ഞറിയിക്കാൻ കഴിയാത്ത ഒരു വികാരം മനസിലേക്ക് വന്നു.. അനു.. ശ്രദ്ധയില്ലാതെ ഇട്ടിരിക്കുന്ന ഡ്രെസും, കണ്മഷി പോലുമില്ലാത്ത കണ്ണുകളും.. കരഞ്ഞു തളർന്നാണ് ആ വരവെന്ന് മുഖം കണ്ടാലേ അറിയാം.. അതിന്റെ കൂടെ നേരം വൈകിയതിന് ഇനി ഞാൻ ചീത്ത പറയുമോ എന്നുള്ള വേവലാതിയും.. പാവം ! വേഗതയിൽ നടന്നു വന്നു എന്റെ ഓപ്പോസിറ്റ് സീറ്റിലേക്ക് ഇരിക്കുമ്പോഴേയ്ക്കും അവളുടെ നാവ് പല തവണ സോറി എന്ന് ശബ്ധിച്ചിരുന്നു…

” ഹോസ്റ്റലിന്റെ അവിടുന്ന് ഓട്ടോ കിട്ടീല.. പിന്നെ റൗണ്ടിൽക്ക് നടന്നു.. അവിടുന്നാ കിട്ടിയത്.. അതാ ലേറ്റ് ആയത്.. സോറി സോറി സോറി..”

” ഏയ്..സാരമില്ല..ഞാനും ദേ ഇപ്പൊ വന്നതേ ഉള്ളൂ… നീ വന്നിട്ട് ഒരുപാട് നേരം ആയോന്ന് പേടിച്ചാ വന്നത്..” ഒരു ചിരിയോടെ ഞാൻ അവളോട് പറഞ്ഞു..പതിവില്ലാത്ത മറുപടി കേട്ടാവണം അവളുടെ മുഖത്ത് ഒരു ആശ്വാസവും അതോടൊപ്പം അത്ഭുതവും വിടർന്നിട്ടുണ്ട്… ” നിനക്ക് വിശക്കുന്നുണ്ടോ?? ഒന്നും കഴിച്ചില്ലല്ലോ ഇന്ന്?? ” ഞാൻ ചോദിച്ചു.. എന്നോട് വഴക്കിടുന്ന ദിവസങ്ങളിൽ അവൾ അങ്ങനെ ആണ്..പട്ടിണി ആയിരിക്കും, ഫ്രണ്ട്‌സ് എങ്ങാനും നിർബന്ധിച്ചു കഴിപ്പിച്ചാൽ ആയി..ഇന്ന് പക്ഷെ ഹോസ്റ്റലിൽ വേറെ ആരും ഇല്ല, എല്ലാവരും നാട്ടിൽ പോയിട്ടുണ്ട്.. പ്രൊജക്റ്റ് റിപ്പോർട്ടിന്റെ പണിയായിട്ട് അവൾ ഇവിടെ തന്നെ നിന്നതാണ്.. ഉള്ള പണികൾ എല്ലാം പാതിരാത്രി വരെ ഇരുന്നു തീർത്തു ടെസ്റ്റിംഗിലേക്ക് അപ്‌ലോഡ് ചെയ്തിട്ട് ഓടി വന്നതാണ് ഞാൻ, അനുവിനെ കാണാൻ.. കൊച്ചി- തൃശൂർ അധികം ദൂരം ഇല്ലെങ്കിലും എന്റെ ജോലിത്തിരക്കും അനുവിന്റെ കോളേജിലെ തിരക്കുകളും കൊണ്ട് പലപ്പോഴും വീകെന്റിൽ കാണുന്നത് തന്നെ കഷ്ടമാണ്.. ഇതിപ്പോൾ രണ്ടാഴ്ച്ച ആയി കണ്ടിട്ട്.. ഇന്നൊരു ദിവസം അവളുടെ കൂടെ കറങ്ങി നടന്നു, ഒന്നിച്ചു കാണണമെന്ന് അവൾ പറഞ്ഞ സിനിമയും കണ്ടു സന്തോഷമായിട്ട് പോവാം എന്ന് വിചാരിച്ചപ്പോൾ ആണ് ശനിയും ഞായറും അവൾക്ക് കോളേജിലെ വർക്ക് ചെയ്ത് തീർക്കാൻ ഉണ്ടെന്നു പറഞ്ഞത്..എന്റെ പ്ലാനുകൾ നടക്കാത്ത ദേഷ്യത്തിൽ അവളെ കുറെ ചീത്തയും വിളിച്ചുഅടി ഉണ്ടാക്കിയാണ് കിടന്നുറങ്ങിയത്.. പണ്ടുമുതലേ ദേഷ്യം നിയന്ത്രിക്കാൻ എനിക്ക് പറ്റാറില്ല.. അനുവിനോടായാലും, അമ്മയോട് ആയാലും..
അടുത്തേക്ക് വന്ന വെയിറ്ററോട് രണ്ടു മസാല ദോശക്ക് ഓർഡർ കൊടുത്തു..

” വീട്ടിൽ പോവാതെ ഇരുന്നിട്ട് പ്രോജക്ട് തീർത്തോ?? ” ” ഇല്ല.. ഇന്ന് തീർക്കാം എന്ന് വിചാരിച്ചതാ.. പക്ഷെ…”അതെന്നെ ഉദ്ദേശിച്ചാണെന്നു അറിയാം.. ഇനി അധികം പറഞ്ഞാൽ ചിലപ്പോൾ വീണ്ടും അത് ഒരു അടിയിൽ .എത്തും. വേണ്ട, എന്തിനാ വെറുതെ പാവത്തിനെ വിഷമിപ്പിക്കുന്നത്?? അവളുടെ വർക് കഴിയാതെ സിനിമക്ക് പോവണമെന്നു വാശി പിടിച്ച ഞാൻ തന്നെ ആണ് ഇപ്രാവശ്യം തെറ്റുകാരൻ.. അതല്ലെങ്കിലും മിക്കവാറും ഞാൻ തന്നെ ആണ് ഈ പ്രശ്നങ്ങൾ ഒക്കെ ഉണ്ടാക്കിയിട്ടുള്ളത്.. അവൾ ഒരിക്കലും എന്നെ വിട്ടു പോവില്ല എന്നുള്ള അഹങ്കാരം കൊണ്ടാവും..അല്ലെങ്കിൽ എന്റെ മനസിലെ മെയിൽ ഷോവനിസ്റ്റ് ചെയ്യിപ്പിക്കുന്നതാവാം.. പക്ഷെ ഇന്ന് തൊട്ടടുത്ത ടേബിളിൽ ഇരുന്നു ആ പെൺകുട്ടി പറഞ്ഞത് എന്റെ കാതിലേക്കല്ല, മനസിലേക്ക് ആണ് കടന്നു പോയത്.. ഞാനും അവനെ പോലെ പെരുമാറിയിട്ടില്ലേ പലപ്പോഴും… സ്നേഹം കൊണ്ടാണെന്നു പറഞ്ഞു എത്ര തവണ പല കാര്യങ്ങളിൽ നിന്നും അനുവിനെ വിലക്കി.. വേണ്ട..കഴിഞ്ഞത് കഴിഞ്ഞു.. അതിനെ കുറിച്ച് ഇനി ആലോചിച്ചിട്ട് കാര്യമില്ല.. ഭാവിയിൽ ഇന്നാ പെൺകുട്ടി വന്നിരുന്നു അവനോട് പറഞ്ഞ പോലെ അനു എന്റെ മുന്നിൽ ഇരുന്നു പറയാൻ ഉള്ള സാഹചര്യം ഉണ്ടാവാൻ പാടില്ല..ഞാൻ ഉണ്ടാക്കാൻ പാടില്ല.. അവന്റെ പോലെ അത് മുഴുവൻ കേട്ടിരിക്കാൻ എനിക്ക് പറ്റി എന്ന് .വരില്ല. ഞാൻ തകർന്നു പോവും..നഷ്ടപ്പെട്ടിട്ട് അനുവിനെ ഞാൻ എത്ര സ്നേഹിച്ചിരുന്നു എന്ന് പറഞ്ഞിട്ടും ഒരു കാര്യവും ഇല്ല..

Leave a Reply

Your email address will not be published. Required fields are marked *