എന്നും എന്റേത് മാത്രം – 4

രണ്ടാമത്തേത് കൊടുക്കാൻ തുടങ്ങുന്നതിന് മുമ്പ് നവി പോക്കറ്റിലിട്ട കൈ മുന്നിലേക്ക് കൊണ്ടുവന്നു.

കൈ ഉയർത്തിയതും കൺമുമ്പിൽ പുല്ല് മിഠാഇ കണ്ട് ചിന്നു സ്വിച്ച് ഇട്ടപോലെ കൈ താഴ്ത്തി.

“ഉം , തൽക്കാലം ക്ഷമിക്കാം. ഇനി ഇതുപോലെ വല്ലോം കാണിച്ചാ ഇതിലൊന്നും നിൽക്കൂല്ലാ”

കുറച്ച് സമയം കഴിഞ്ഞ് ആള് കൂളായി.

“ഇങ്ങ് താ. ദുഷ്ടനാണെങ്കിലും സ്നേഹമുണ്ട്”

അതും പറഞ്ഞ് പാക്കറ്റ് കൈയ്യിൽ നിന്ന് തട്ടിപ്പറിച്ച് അധികം ആളുകൾ ഇല്ലാത്ത ഭാഗത്തേക്ക് അവള് പോകുന്നത് കണ്ട് ഞാൻ ചിരിച്ചു.

“എന്താ കിച്ചുവേട്ടാ ഒറ്റക്ക് നിന്ന് ചിരിക്കുന്നേ , വട്ടായാ?”

“വട്ട് നിന്റെ,. അല്ല ഇതാര് കണ്ണപ്പേട്ടനാ!?”

“ദേ , കിച്ചുവേട്ടാ , അങ്ങനെ വിളിക്കുന്നത് എനിക്ക് ഇഷ്ടമല്ലാന്നറിയാല്ലോ”

“ഹാ , റെയ്സാവല്ലെടോ ചങ്ങായി. ഞാൻ വെറ്തെ വിളിച്ചതല്ലേ”

ഞാൻ ചിരിച്ചു.

“അല്ല , നിങ്ങക്ക് നമ്മളെ ഒന്നും മൈന്റില്ലല്ലോ?”

“അത് എന്താടാ അങ്ങനെ ചോദിച്ചേ?”

“ഞാൻ ഇന്നലെ ബൈക്കില് വരുമ്പോ കൈ കാണിച്ചിട്ട് നിങ്ങള് വെറുതെ അങ്ങ് പോയത് കണ്ട് ചോദിച്ചതാ”

“ആ കാവിന്റെ അടുത്ത് വെച്ചാണോ?. ഡാ , അത് നീയായിരുന്നോ. ്് ഹെൽമെറ്റും കോപ്പുമൊക്കെ ഉള്ളോണ്ട് ആരാന്ന് കണ്ടില്ലെടാ”

“ഓഹ് അങ്ങനെ. അല്ല പണിയൊക്കെ എങ്ങനെ?”

“മോശമില്ലെടാ. മൂങ്ങ ഇപ്പം എവിടെയാ”

“അവൻ കൊല്ലത്താ. ഏതോ കോഴ്സും കിട്ടി പോയതാ”

“അല്ല നീയിപ്പോ”

“ഒരു കംപ്യൂട്ടർ കഫെയിലാ”

ഞങ്ങൾ അങ്ങനെ സംസാരിച്ചുകൊണ്ട് നിൽക്കുന്ന സമയത്താണ് അച്ഛനും അമ്മയും അകത്തേക്ക് പോവുന്നത് കണ്ടത്.

അപ്പോ എല്ലാരും ഒത്തുള്ള പണി ആണല്ലേ എനിക്ക് നേരത്തെ കിട്ടിയത്!.

കുറച്ച് നേരം കഴിഞ്ഞപ്പോൾ വിക്കിയും സ്നേഹയും പുറത്ത് സ്റ്റേജിൽ വന്ന് ഇരുന്നു.

അന്ന് ഒരു മിന്നായം പോലെ കണ്ടതാണ് അത് കഴിഞ്ഞ് ഈ വേഷത്തിൽ ഇവിടെയാണ്.

അവര് വന്നതും പരിപാടികൾ തുടങ്ങി.
പിന്നെ കുറേ നേരം ഫോട്ടോ എടുപ്പും കാര്യങ്ങളുമായി ആകെ ബഹളമായിരുന്നു.

ആ സമയത്താണ് നവി ശ്രീലക്ഷ്മിയെ കാണുന്നത്.

എല്ലാവരും ചുറ്റും ്് മുഴങ്ങിക്കൊണ്ടിരിക്കുന്ന സംഗീതത്തിലും , ്് തമാശകളിലും മുഴുകി ഇരിക്കുകയാണ്.

പക്ഷേ അവൾ മാത്രം അതിൽനിന്ന് എല്ലാം അകലം പാലിച്ച് അധികം ആരും ഇല്ലാത്ത ഒരിടത്ത് ഇരുന്നു.

നവി ശ്രദ്ധിക്കുകയായിരുന്നു , കഴിഞ്ഞുപോയ കാലങ്ങൾ അവളിൽ വരുത്തിയ മാറ്റങ്ങൾ.

കുസൃതിയും , കുട്ടിത്തവും നിറഞ്ഞ ആ മുഖം വല്ലാതെ മാറിയിരിക്കുന്നു.

ഇപ്പോൾ വല്ലാത്ത ഒരു ശൂന്യത മാത്രമാണ് അവിടെ ഉള്ളത്.

സൂക്ഷിച്ച് നോക്കിയാൽ കണ്ണുകൾക്ക് താഴെ കറുത്ത പാടുകൾ കാണാം.

റോസ് നിറത്തിലുള്ള സാധാരണ ചുരിദാറാണ് അവളുടെ വേഷം.

മാളുവിനേയും , ചിന്നുവിനേയും വച്ച് നോക്കുമ്പോൾ കാര്യമായ ഒരുക്കങ്ങൾ ഒന്നും അവളിൽ കണ്ടില്ല.

താൻ അറിയുന്ന ശ്രീക്കുട്ടിയല്ല തന്റെ മുന്നിൽ ഉള്ളത് എന്ന് അവന് തോന്നി.

ആരോ തന്നെ ശ്രദ്ധിക്കുന്നുണ്ട് എന്ന് തോന്നിയപ്പോൾ ശ്രീലക്ഷ്മി മുഖമുയർത്തി ചുറ്റും നോക്കി.

കുറച്ച് മാറി തന്നെയും നോക്കി നിൽക്കുന്ന നവനീതിനെ അപ്പോഴാണ് അവൾ കണ്ടത്.

നോട്ടം പരസ്പരം കൂട്ടിമുട്ടിയപ്പോൾ രണ്ടുപേരിലും ചെറിയ ഒരു ഞെട്ടൽ ഉണ്ടായി.

എന്തോ പറയാൻ അവളുടെ അടുത്തേക്ക് നടന്ന നവിയേ അതുവഴി വന്ന സച്ചി വിളിച്ചു

“ആ , നീ ഇവിടെ ഉണ്ടാരുന്നോ? , ഇങ്ങോട്ട് വന്നേ , നിന്നെ സജിയേട്ടൻ തെരക്കുന്നു”

അതും പറഞ്ഞ് അവന്റെ കൈയ്യും പിടിച്ചുവലിച്ച് അവൻ വേറെ ഒരു ഭാഗത്തേക്ക് കൊണ്ടുപോയി.

നവി തിരിഞ്ഞ് നോക്കിയെങ്കിലും അപ്പോഴേക്കും ശ്രീലക്ഷ്മി അവിടെ നിന്ന് പോയിരുന്നു.

ഭക്ഷണം കഴിഞ്ഞ് ഒരിടത്ത് ഇരുന്ന് സംസാരിക്കുകയായിരുന്നു അവർ.

“എന്നാലും മോനേ , നീ ഫാഗ്യവാനാടാ”

വിക്കിയേ നോക്കി ശ്രീ ചിരിച്ചു.

“അതെന്താ?”സച്ചി ചോദിച്ചു.

“അല്ലടാ , ഇഷ്ടമുള്ള ജോലി , ഇപ്പ ദേ ഇഷ്ടപ്പെട്ട പെണ്ണിനേയും കെട്ടി. അപ്പോ ഇവൻ ഫാഗ്യവാനല്ലേഡേയ്”

അവൻ എന്നെ നോക്കി.

“എന്താ മോനേ , ശ്രീക്കുട്ടാ , അതിലൊരു തേപ്പിന്റെ മണമടിക്കുന്നപോലെ ഉണ്ടല്ലോ?”

വിക്കി ചിരിച്ചു.

“ഒന്ന് പോടോ. ഞാൻ വെറുതെ പറഞ്ഞതാ”
“അല്ലടാ , സ്നേഹേടെ കാര്യത്തിൽ എന്താ സംഭവിച്ചേ?”

നവി വിക്കിയോടായി ചോദിച്ചു.

“ആഹ് , അത് വല്യ കഥയല്ലേ”

ശ്രീ അവനെ നോക്കി ഒരു പ്രത്യേക ഈണത്തിൽ പറഞ്ഞു.

അത് കേട്ട് അവൻ മനസ്സിലാകാതെ നോക്കി.

“സങ്ങതി , ഇവൻ പൊറകെ നടക്കുന്ന സമയത്ത് തന്നെ അവക്കും ചെറിയൊരു ആട്ടം തോന്നി തുടങ്ങിയിരുന്നു. അത് മനസ്സിലാക്കിയ യവൻ നല്ല വൃത്തിയായിട്ട് അവളെ വളച്ചെടുത്തു”

പറയുന്നതിന്റെ കൂടെ സച്ചി ചിരിച്ചു.

“ഇവൻ ആ ബുള്ളറ്റെടുത്ത സമയമായിരുന്നു അത്. അവക്ക് വീട്ടിൽ ആലോചനകൾ ്് വന്നതറിഞ ഇവൻ ഒരു ദിവസം ദേ സച്ചിയേയും കൂട്ടി അവള്ടെ അച്ഛനോട് കാര്യം പറഞ്ഞു”

“എന്നിട്ടോ?”

നവി ആകാംഷയോടെ ചോദിച്ചു.

“എന്നിട്ടെന്താ , അവക്ക് നേരത്തെ സമ്മതമായിരുന്നല്ലോ”

ശ്രീ പറഞ്ഞപ്പോൾ വിക്കി ചമ്മിയത് പോലെ ഇരുന്നു.

“ഒരേ നാട്ടുകാർ , പിന്നെ ഇവൻ പുറമെ ഡീസന്റ് കൂടി ആയതുകൊണ്ട് അവര് കല്യാണം നടത്തിക്കൊടുത്തു.

“ഡേയ് , അതിന്റെ എടേല് ഊതാതേ”

വിക്കി സച്ചിയോടായി പറഞ്ഞു.

അത് കേട്ട് അവരെല്ലാം ചിരിച്ചുപോയി.

“അല്ല , കല്യാണം കഴിഞ്ഞിട്ടിപ്പോ ഒരു മാസം ആവാറായില്ലേ , പിന്നെന്താ ഇപ്പോ ഒരു റിസപ്ഷൻ?”

“അത് അവള്ടെ അച്ഛന്റെ ഒരു സുഹൃത്ത് ഒരു ജ്യോത്സ്യനുണ്ട് പുള്ളീടെ പണിയാ”

വിക്കി പറഞ്ഞത് കേട്ട് നവി സംശയത്തോടെ അവനെ നോക്കി.

“ജാതകം നോക്കിയപ്പോ കല്യാണം ചടങ്ങായി മാത്രം നടത്താനാ പറഞ്ഞേ. റിസപ്ഷൻ ഒരു രണ്ടാഴ്ച കഴിഞ്ഞ് മതീന്നും മൂപ്പര് തന്നെയാ പറഞ്ഞേ”

വിക്കി അതും പറഞ്ഞ് കസേരയിൽ പുറകിലേക്ക് ചാരി ഇരുന്നു.

“ആ , അത് ഏതായാലും നന്നായി. ഇവനും പങ്കെടുക്കാൻ പറ്റീല്ലേ”

സച്ചി നവിയെ നോക്കി പറഞ്ഞു.

“ശരിയാ. ചിന്നൂന്റെ കല്യാണമടക്കം എന്തൊക്കെ ഇതിന്റെടേല് നടന്നു , ഇതിന് മാത്രല്ലേ ഇവൻ വന്നുള്ളൂ”

ശ്രീയും നവിയെ നോക്കി.

അവൻ ഒന്നും പറയാതെ ചിരിച്ചതേ ഉള്ളൂ.

* * *

വന്ന ആളുകൾ പതുക്കെ പോയിത്തുടങ്ങി.

ഞങ്ങളും , കുറച്ച് ബന്ധുക്കളും , പിന്നെ അടുത്ത വീട്ടുകാരും മാത്രമായി.
സ്ത്രീ ജനങ്ങൾ ഇപ്പോഴും കാര്യമായ സംസാരത്തിലാണ്.

ശ്രീ ടേബിളിന്റെ മേലെ തലയും വച്ച് ഉറങ്ങുകയാണ്.

സച്ചി ഫോണിൽ കാര്യമായ എന്തോ നോക്കി ഇരിക്കാൻ തുടങ്ങിയിട്ട് സമയം കുറച്ചായി.

വിക്കി പിന്നെ ആകെ ക്ഷീണിച്ച് ഒരു പരുവമായി നേരത്തേ അകത്തേക്ക് പോയിരുന്നു.

കുറച്ച് നേരം ഫോൺ നോക്കി ഇരുന്നു.

അപ്പോഴാണ് നവിയുടെ അടുത്തേക്ക് പ്രായമായ ഒരു സ്ത്രീ വന്നത്.

“അല്ല അനിതേ , ഇവനിപ്പോ ഇരുപത്തഞ്ചല്ലേ?”

“അതെ”

കുറച്ച് മാറി ഇരുന്നിരുന്ന അനിത പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *