അല്ലെങ്കിലും മാറിയത് കുറച്ച് ജീവിതങ്ങൾ മാത്രമാണ് , ബാക്കിയുള്ള ഒന്നും മാറിയിട്ടില്ല.
ഫ്രഷ് ആകാൻ മുറിയിലേക്ക് പോയി.
അന്ന് എടുക്കാൻ മറന്ന എന്റെ ഫോൺ മേശപ്പുറത്ത് ഉണ്ടായിരുന്നു. ഒരു കൗതുകത്തിന് കൈയ്യിൽ എടുത്തു. കേടായിക്കാണും എന്നാണ് കരുതിയത് , പക്ഷെ ആൾ ഇപ്പോഴും വർക്കിങ്ങ് കണ്ടീഷനിൽ തന്നെയാണ്!.
അച്ഛനോ , അമ്മയോ ഇത് ഇവിടെ ഇരിക്കുന്നത് കണ്ട് കാണും.
പാസ്‌വേഡ് ശരിക്കും ഓർമയില്ല. എന്നാലും ഒന്ന് ശ്രമിച്ചു. കുറച്ച് നേരം പണിയെടുത്തപ്പോൾ ലോക്ക് തുറക്കാൻ പറ്റി.
“ആഹ് , ഫോണും നോക്കി നിക്കാണോ? പോയി വേഗം കുളിച്ചിട്ട് വാ. അപ്പഴേക്കും അമ്മ കഴിക്കാൻ റെഡിയാക്കാം”
സ്നേഹത്തോടെ ഉള്ള ശാസനം വന്നപ്പോൾ ഡ്രസ്സും മാറി ഒരു ടവലും എടുത്ത് കുളിക്കാൻ കയറി.
തണുത്ത വെള്ളം ദേഹത്ത് വീണപ്പോൾ ശരീരത്തിനും മനസ്സിനും ഒരുപോലെ ആശ്വാസം തോന്നി. കോർപ്പറേഷന്റെ പൈപ്പ് വെള്ളം ശീലമായ എനിക്ക് അത് വല്ലാത്ത ഒരു ഉണർവ് ആയിരുന്നു.
കുളിച്ച് പുറത്ത് എത്തിയപ്പോഴേക്കും ടേബിളിൽ ചൂട് ചപ്പാത്തിയും ചിക്കനും സ്ഥാനം പിടിച്ചിരുന്നു.
“സച്ചി എവിടെ അമ്മേ?”
ഹാളിൽ ഇരുന്നിരുന്ന അച്ഛനെ കണ്ട് അവൻ ചോദിച്ചു.
“ആ , അവൻ കഴിച്ചിട്ട് ഇപ്പൊ പോയതേ ഉള്ളൂ”
“ഡാ , ഇങ്ങുവന്നേ”
ടേബിളിൽ ഇരിക്കാൻ പോയപ്പോഴാണ് അമ്മ പിന്നെയും വിളിക്കുന്നത്.
“ന്താ”
മുറിയിൽ നിന്നും കൈയ്യിൽ ഒരു ചെപ്പുമായി വന്ന അമ്മയെ കണ്ട് അവൻ മനസ്സിലാകാതെ നോക്കി.
“രാസ്നാതിയാ , നിനക്ക് ഈ ശീലമൊന്നും ഇല്ലല്ലോ”
തലയിൽ അതും തിരുമ്മിക്കൊണ്ട് അമ്മ പറഞ്ഞു.
പണ്ട് അമ്മൂമ്മയാണ് ഈ പതിവ് തുടങ്ങിവച്ചത്. നാട്ടിൽ നിന്ന് പോകും വരെ അത് എന്റെ കൂടെ ഉണ്ടായിരുന്നു.
“ഹാ , അടങ്ങിനില്ല് ശരിക്കിടട്ടെ. വെള്ളം മാറി കുളിച്ചതാ , വെറുതെ പനിപിടിപ്പിക്കണ്ടാ”
“എന്റെ മുടിയാകെ നശിപ്പിച്ചല്ലോ”
“ആഹ് , മുടി പിന്നേം വാരാം , ജലദോഷം വന്നാ വന്നതാ”
ഒരു ചിരി കേട്ട് ഞങ്ങൾ തിരിഞ്ഞുനോക്കി. ഞങ്ങളുടെ സംസാരം കേട്ട് ചിരിച്ചുകൊണ്ട് നിൽക്കുകയാണ് അച്ഛൻ.
പുള്ളിയെ കണ്ടതും അമ്മ ചെറുതായി ചമ്മി.
“ആഹാരം തണുക്കും , വേഗം കഴിക്ക്”
അതും പറഞ്ഞ് മൂപ്പത്തി തടിയൂരി.
“അച്ഛൻ കഴിക്കണില്ലേ?”
“വേണ്ടെടാ സമയമായിട്ടില്ല. നീ കഴിക്ക്”
ഫോണും എടുത്ത് മൂപ്പര് കൂടി പോയി.
പിന്നെ മുഴുവൻ ശ്രദ്ധയും മുന്നിൽ ഇരിക്കുന്ന ഫുഡ്ഡിലേക്ക് കൊടുത്തു.
ഭക്ഷണം കഴിഞ്ഞ് ഞാൻ മുറിയിലേക്ക് തന്നെ ചെന്നു.
റിയയോടും , ഐശുവിനോടും കുറച്ച് നേരം കത്തിയടിച്ചു.
“എന്താണ് മോനെ , എല്ലാരും എന്തുപറയുന്നു?”
“ഞാൻ ആകെ confused ആണെടാ. ഒന്നും സംഭവിച്ചിട്ടില്ലാത്തപോലെയാ എല്ലാരും പെരുമാറണേ”
“ഡാ , ഞാൻ പറഞ്ഞതല്ലേ , എല്ലാം നല്ലതിനാവും”
“ആവോ , എനിക്കറിയില്ല. നിങ്ങൾ എന്തെടുക്കുവാ?”
“കുക്ക് ചെയ്യുവാ , ഐശൂന്റെ സ്പെഷ്യൽ ദോശയും ചട്ണിയും. നീ കഴിച്ചോ?”
“ആ , ഇപ്പം കഴിച്ചതേയുള്ളൂ”
“ഉം , ഡാ നീ കട്ട് ചെയ്യ്”
“എന്താടീ?”
“നമ്മടെ ആള് വിളിക്കുന്നുണ്ട്”
“ശരിയെന്നാ , നടക്കട്ടെ”
മറുതലയ്ക്കൽ കേട്ട ചിരിയുടെ കൂടെ ഞാൻ കാൾ കട്ട് ചെയ്ത് ഫോൺ ചാർജിൽ ഇട്ടു.
ബാൽക്കണിയിലെ ചാരുകസേരയിൽ കുറേ നേരം കണ്ണുമടച്ച് കാറ്റും കൊണ്ട് അങ്ങനെ ഇരുന്നു.
എന്തൊക്കെയാണ് എന്റെ ജീവിതത്തിൽ നടക്കുന്നത്?
ഒരിക്കൽ എല്ലാം അവസാനിപ്പിച്ച് , പറയാനുള്ളത് പോലും കേൾക്കാതെ അകറ്റിയവർ ഇന്ന് വീണ്ടും ചേർത്ത് പിടിക്കുന്നത് എന്തിനാണെന്ന് മനസ്സിലാകുന്നില്ല.
എല്ലാം മറന്ന് ജീവിക്കുന്ന എന്നെ തേടി വീണ്ടും വരാനിരിക്കുന്നത് നീറുന്ന അനുഭവങ്ങൾ തന്നെയാണോ.
ചിന്തകൾ അവസാനം ഇല്ലാതെ നീണ്ടുപോയി.
ആലോചനയിൽ മുഴുകി ഇരുന്ന അവന്റെ കണ്ണുകളിൽ ഉറക്കം പതിയെ കൂട് കൂട്ടാൻ തുടങ്ങി.
*****
ഉറക്കം അതിന്റെ പുതപ്പുകൊണ്ട് മൂടിയ രാത്രി പകലിന്റെ തലോടൽ അറിഞ്ഞ് പതിയെ മുഖം ഉയർത്തി.
അടുത്തുള്ള മരക്കൊമ്പിൽ വന്നിരുന്ന് ഏതോ പക്ഷി ചിലച്ചു.
അത് കേട്ട് അവൻ കണ്ണുകൾ തുറന്നു.
മുന്നിൽ അധികം അകലെ അല്ലാതെ വിശാലമായ പാടം നീണ്ട് കിടക്കുന്നത് കാണാം.
