പക്ഷേ , വീട്ടിൽ എത്തിയെങ്കിലും ആ പഴയ പ്രസരിപ്പും ഉത്സാഹവും ഒന്നും അവളിൽ ഉണ്ടായിരുന്നില്ല.
“കോളേജിൽ പോകാൻ പോലും താൽപര്യം ഇല്ലാണ്ടായി”
പിന്നെ എല്ലാവരുടേയും നിർബന്ധം കൊണ്ടാണ് അവൾ കുറച്ചെങ്കിലും ആ പഴയ ജീവിതത്തിലേക്ക് മടങ്ങിവന്നത്.
ആ സമയത്താണ് ശ്രീരാഗിന്റെ ഒരു ആലോചന ഗോപിനാഥ് കൊണ്ടുവരുന്നത്.
“അറിയാവുന്ന പയ്യനും , കുടുംബക്കാരുമായതുകൊണ്ട് ഞങ്ങൾ അത് നടത്താൻ തീരുമാനിച്ചു”.
പക്ഷേ , അവളുടെ ജീവിതം തന്നെയാണ് ഞങ്ങൾ ഇല്ലാതാക്കാൻ പോകുന്നത് എന്ന് അപ്പോഴും മനസ്സിലാക്കിയിരുന്നില്ല.
ആദ്യത്തെ കുറച്ച് നാൾ കുഴപ്പമൊന്നും ഉണ്ടായിരുന്നില്ല.
അവരുടെ പെരുമാറ്റത്തിൽ പിന്നീട് വന്ന മാറ്റം ഞങ്ങൾ ഒട്ടും പ്രതീക്ഷിക്കാത്തത് ആയിരുന്നു.
എന്റെ സ്വത്തുക്കൾ മാത്രമായിരുന്നു അവരുടെ ലക്ഷ്യം.
“ആദ്യമൊന്നും എനിക്കത് മനസ്സിലായില്ല. അവളെ കല്യാണം കഴിച്ച് സ്വത്തെല്ലാം കൈയ്യില് വന്നിട്ട് ഉപേക്ഷിക്കാനായിരുന്നു അവരുടെ പ്ളാൻ.”
“അതിൽ കുറച്ചെങ്കിലും അവര് വിജയിച്ചു. ലച്ചൂനെ മുന്നിൽ നിർത്തി വിലപേശാൻ തുടങ്ങിയപ്പോ , ബന്ധം അവസാനിപ്പിക്കാൻ തന്നെ തീരുമാനിച്ചു.”
“പക്ഷേ , കോടതിയിലും തോറ്റത് ഞങ്ങളാ. ഒരു ഡോക്റ്ററിന്റെ സഹായത്തോടെ അവള് മനോരോഗിയാണെന്ന് അവർ വാദിച്ചു.”
“്് ഡിവോസ് നടന്നു , എന്നിട്ടും അവർക്ക് ശിക്ഷ വാങ്ങിക്കൊടുക്കാൻ എന്നേക്കൊണ്ട് പറ്റീല.”
“മനോരോഗിയായ ഒരാളുടെ ഒപ്പം ജീവിക്കാൻ കോടതി നിർബന്ധിക്കില്ലല്ലോ , അതുകൊണ്ട് അവര് ഈസിയായി കേസിൽ നിന്ന് രക്ഷപ്പെട്ടു.”
“എന്നോട് നാട്ടുകാർക്ക് വലിയ സ്നേഹമാണല്ലോ , അതോണ്ട് മോളുടെ ഡിവോസും വലിയ ചർച്ചയായി. കേട്ടവരൊക്കെ അവരവരുടെ ഇഷ്ടത്തിന് പല കഥകളും പറഞ്ഞുണ്ടാക്കി.”
“നഷ്ടം ഞങ്ങക്ക് മാത്രല്ലേ?. കൂട്ടത്തിൽ എന്റെ മോക്ക് ഒരു പേരും കിട്ടി , ഭ്രാന്തി”.
പറഞ്ഞ് നിർത്തുമ്പോൾ അയാളുടെ ശബ്ദം ഇടറിയിരുന്നു.
ഒന്നും പറയാതെ നവനീത് ഇരുന്നു.
“അതിന് ശേഷം അവള് സംസാരിക്കുന്നത് തന്നെ വല്ലാതെ കുറഞ്ഞു.”
“എന്റെ മോളൊന്ന് മനസ്സ് തുറന്ന് ചിരിച്ചിട്ടില്ലടാ പിന്നെ”
കരഞ്ഞുപോയിരുന്നു ഹരിപ്രസാദ്.
നവനീത് അയാളെ ചേർത്ത് പിടിച്ചു.
ആ അവസ്ഥയിൽ അത് ഒരു താങ്ങ് തന്നെ ആയിരുന്നു.
“ഞങ്ങളുടെ കല്യാണം കഴിഞ്ഞ് കുറേ കാലം കാത്തിരുന്നിട്ടാ ലച്ചൂനെ ഞങ്ങക്ക് കിട്ടിയത്”.
” അന്ന് നിങ്ങളെ അങ്ങനെ കണ്ടപ്പോ ചങ്ക് തകർന്നുപോയി. അതാ അങ്ങനെയൊക്കെ , നീ ക്ഷമിക്കണം”
അവന് നേരെ കൈ കൂപ്പിക്കൊണ്ട് അയാൾ പറഞ്ഞു.
“അയ്യോ അങ്കിളിതെന്താ കാണിക്കണേ , അതൊന്നും സാരില്ല. മോക്ക് ഒരു പ്രശ്നം വരുമ്പോ ആരും ഇങ്ങനെയൊക്കെ ചെയ്തൂന്ന് വരും. എനിക്ക് ആരോടും ദേഷ്യമില്ല”
ഹരിയുടെ കൈകൾ അവൻ പിടിച്ചുമാറ്റി.
“ഇനിയുമിങ്ങനെ പ്രതാപനേയും , അനിതയേയും വെഷമിപ്പിക്കണോ?”
“മക്കള് പെണങ്ങിയാലുള്ള വേതന ഞങ്ങക്ക് നന്നായി അറിയാം. ഒരു തെറ്റും ചെയ്യാത്ത നിന്റെ അച്ഛനേയും , അമ്മയേയും ഇനിയും വിഷമിപ്പിക്കരുത്”
അവൻ ഒന്നും മിണ്ടിയില്ല.
“ഞങ്ങള് കാരണം ഒരു തെറ്റും ചെയ്യാത്ത അവരിങ്ങനെ ്് വേദനിക്കുന്നത് സഹിച്ചില്ല. അതാ കുറച്ച് വൈകിയാണെങ്കിലും എല്ലാം നിന്നോട് പറയാൻ തീരുമാനിച്ചേ”
ശബ്ദം കേട്ടപ്പോഴാണ് പുറകിൽ നിന്നിരുന്ന മായയെ അവൻ കണ്ടത്.
കുറച്ച് നേരം ആരും ഒന്നും പറഞ്ഞില്ല.
“എന്നിട്ട് , ശ്രീക്കുട്ടി എവിടെപ്പോയതാ?”
അൽപം കഴിഞ്ഞ് അവൻ ചോദിച്ചു.
“മാളൂന്റെ വീട്ടിലേക്ക് പോയതാ. ഇപ്പം മിക്ക സമയത്തും അവിടെയാ”
മായ ചിരിച്ചു.
“എന്നാ , ഞാൻ പോട്ടേ?”
“ഉച്ചയായില്ലേ , ഊണ് കഴിച്ചിട്ട് പോയാപ്പോരേ?”
“വേണ്ട ആന്റി , അവിടെ അമ്മ കാത്തിരിക്കും”
ഒരു ചിരിയോടെ അവരെയും നോക്കി നവനീത് പുറത്തേക്ക് നടന്നു.
തന്റെ സംശയങ്ങൾക്കുള്ള ഉത്തരം കണ്ടെത്തി തുടങ്ങിയതിലുള്ള ആശ്വാസം അവന്റെ മുഖത്ത് ഉണ്ടായിരുന്നു.
കുറച്ചുകൂടി മുന്നോട്ട് പോയ ശേഷം ഒരു വളവും കടന്ന് അവൻ മുമ്പിലേക്ക് നടന്നുപോയി.
ഏതാനും നിമിഷങ്ങൾ കഴിഞ്ഞപ്പോൾ അവൻ കടന്നുപോയ വഴിയുടെ ഒരു വശത്തായുള്ള ഇടവഴിയിലൂടെ റോഡിലേക്ക് ഇറങ്ങി ശ്രീലക്ഷ്മി അവളുടെ വീട്ടിലേക്കും നടന്നു.
