കണക്കുപുസ്തകം – 2

: തികച്ചും വ്യക്തിപരം… പിന്നെ ഇതൊരു സാധാ ട്രാൻസ്ഫർ അല്ല സാർ. പണിഷ്മെന്റ് കൊടുക്കാൻ വകുപ്പില്ലാത്തതുകൊണ്ട് നമ്മുടെ രാഷ്ട്രീയ മേലാളന്മാർ ആർക്കോ വേണ്ടി ചെയ്ത ഒരു ഉപകാരം..

: ഉം… കേട്ടിട്ടുണ്ട്. പിന്നെ ഒരു കാര്യം. ഇവിടെ തന്നിഷ്ടപ്രകാരം എന്ത് തോന്യവാസവും കാണിക്കാമെന്ന് വിചാരിക്കരുത്. ഇവിടെ സംരക്ഷണം തീർക്കാൻ ആരുമുണ്ടായെന്ന് വരില്ല.

: ആരുടെയും കാല് നക്കാനും ആസനം കഴുകാനുമൊന്നും ഞാൻ എന്തായാലും തീരുമാനിച്ചിട്ടില്ല. സംരക്ഷകൻ ഇല്ലാതെതന്നെ മുന്നോട്ട് പോകാൻ പറ്റുമോന്ന് നോക്കട്ടെ..

: നിന്റെ അഹങ്കാരത്തിന് ഇപ്പോഴും ഒരു കുറവും ഇല്ലല്ലേ… അതുംകൊണ്ട് എന്റെയടുത്തേക്ക് വരണ്ട. താൻ ഇന്നലെ ജോയിൻ ചെയ്യേണ്ട ആളല്ലേ… പിന്നെ എന്താ വൈകിയത്

: അതിന്റെ കാര്യകാരണ സഹിതം ഞാൻ ഇന്നലെത്തന്നെ ഫാക്സ് അയച്ചിരുന്നല്ലോ..പിന്നെ, തന്റെ വിരട്ടൊന്നും ഇങ്ങോട്ട് വേണ്ട. കമ്മീഷണറാണ് കോപ്പാണെന്നൊന്നും നോക്കില്ല, ഇടിച്ച് മൂക്ക് ഞാൻ പരത്തിക്കളയും.
: ഷട്ട് യു ബ്ലഡി… ഗെറ്റ് ഔട്ട് ഓഫ് മൈ ഓഫിസ്..ഇഡിയറ്റ്

ടേബിളിൽ നിന്നും തൊപ്പിയെടുത്ത് വച്ച് ശ്യാമപ്രസാദിന് നല്ലൊരു സല്യൂട്ടും കൊടുത്ത് തിരിഞ്ഞു നടന്ന വൈഗയെ അയാൾ വിളിച്ചു..

: ഡീ…. പഞ്ച് ഡയലോഗടിച്ച് നീയങ്ങനങ്ങ് പോയാലോ..

: പിന്നെ നിന്റെ മടിയിൽ കയറി ഇരിക്കണോ…

: ഇവിടത്തെ ക്യാന്റീനിൽ നല്ല മസാല ദോശ കിട്ടും.. ഓരോന്ന് കാച്ചിയാലോ..

: എനിക്ക് എന്റെ ഏട്ടൻ നല്ല ദോശയും ചമ്മന്തിയും ഉണ്ടാക്കി കഴിപ്പിച്ചിട്ടാ വിട്ടത്.. നിന്റെ വീട്ടിൽ ആരുമില്ലാത്തതിന് ഞാൻ എന്ത് പിഴച്ചു… പോടാ ചെറുക്കാ

: നിന്നോട് എത്ര തവണ പറഞ്ഞതാ എന്റെ വീട്ടിൽ വന്നു നിൽക്കാൻ… നിന്റെ ഏട്ടൻ കെട്ടാത്തതിന് ഞാൻ എന്ത് പിഴച്ചു. ആ കാലമാടൻ ഒന്ന് കെട്ടിയിരുന്നേൽ…അല്ലേലും അയാൾക്ക് പുരനിറഞ്ഞു നിൽക്കുന്ന പെങ്ങളെക്കുറിച്ച് എന്തെങ്കിലും ഒരു ബോധം വേണ്ടേ…

: ദേ ശ്യാമേട്ടാ… എന്റെ ഏട്ടനെ പറഞ്ഞാലുണ്ടല്ലോ…

: നീ നടക്കെടി പെണ്ണേ…

ക്യാന്റീനിൽ പോയി രണ്ടാൾക്കും ഓരോ മസാല ദോശയും ചൂട് ചായയും പറഞ്ഞ് വൈഗയും ശ്യാമും വീട്ടിലെ വിശേഷങ്ങളൊക്കെ സംസാരിച്ചിരുന്നു. ഡിഗ്രി പഠനകാലം മുതൽ പരിചയമുള്ളതാണ് ഇരുവരും തമ്മിൽ. വൈഗ ഡിഗ്രിക്ക് ജോയിൻ ചെയ്യുന്ന സമയത്ത് ശ്യാം അതേ കോളേജിൽ പിജി ചെയ്യുകയാണ്. അന്നുതുടങ്ങിയ സൗഹൃദം എപ്പോഴാണ് പ്രണയമായതെന്ന് രണ്ടുപേർക്കുമറിയില്ല. ഏട്ടന്റെ കല്യാണം കഴിഞ്ഞിട്ട് മാത്രം മതി തന്റെ കല്യാണത്തെക്കുറിച്ചുള്ള ചിന്തപോലും എന്നാണ് വൈഗയുടെ പക്ഷം.

…………………

വൈഗയെ യാത്രയാക്കിയ ശേഷം ഓഫീസിലെത്തിയ ഹരി നോക്കുമ്പോൾ ക്യാബിൻ പതിവിലും ഭംഗിയായികിടക്കുന്നു. എല്ലാത്തിനും ഒരു അടുക്കും ചിട്ടയും വന്നതുപോലെ ഉണ്ട്. വിൻഡോയുടെ അരികിലായി വച്ച ജെർബറ ചെടിയിൽ പൂക്കൾ വിരിഞ്ഞിരിക്കുന്നു. തനിക്ക് ഏറ്റവും ഇഷ്ടമുള്ള ലെമൺ ഫ്ലാവർ റൂം ഫ്രഷ്‌നർ അടിച്ചിരിക്കുന്ന ക്യാബിനിലേക്ക് കടക്കുമ്പോൾ ഹരി ആ അന്തരീക്ഷം നന്നായി ആസ്വദിച്ചു.

തന്റെ ക്യാബിന് തൊട്ടിരിക്കുന്ന സ്വപ്നയുടെ ക്യാബിനിലേക്കാണ് ഹരിയുടെ നോട്ടം പോയത്. അവൾ ബഹുമാന പൂർവം ഹരിയെനോക്കി വിഷ് ചെയ്തു. ഹരി കൈകാണിച്ചു വിളിച്ചതുപ്രകാരം സ്വപ്ന അവിടേക്ക് വന്നു. ഇന്നലെ കണ്ടതുപോലെ അല്ല. അതിലും സുന്ദരിയായിട്ടാണ് സ്വപ്ന വന്നിരിക്കുന്നത്. ഓഫീസിലെ യൂണിഫോം ഇത്രയും ഭംഗിയായി ചേരുന്നത് സ്വപ്നയ്ക്ക് മാത്രമാണെന്ന് ഹരിക്ക് തോന്നി. തൂവെള്ള ടോപ്പിൽ ക്രീം കളർ കോട്ടും സ്യൂട്ടുമിട്ട സ്വപ്നസുന്ദരി. ഭംഗിയായി ഒതുക്കി കെട്ടിയിരിക്കുന്ന ഇടതൂർന്ന മുടിയിഴകൾ. കണ്ണെഴുതി പൊട്ടുതൊട്ട് ചുണ്ടിൽ ചെറുപുഞ്ചിരിയുമായി പ്രസന്ന ഭാവത്തോടെ അകത്തേക്ക് വന്ന അവളുടെ മുഖത്തുനിന്നും ഹരി കണ്ണെടുത്തില്ല. വെളുത്ത് തുടുത്ത അവളുടെ മുഖത്ത് കറുത്ത കുഞ്ഞൻ പൊട്ടിരിക്കുന്നത് കാണാൻ എന്തൊരഴകാണ്. തന്നെ അത്ഭുദത്തോടെ നോക്കുന്ന ഹരിയുടെ ശ്രദ്ധ തിരിക്കുവാനായി സ്വപ്ന അൽപ്പം ചമ്മലോടെ ഗുഡ് മോർണിംഗ് പറഞ്ഞതും ഹരി പരിസര ബോധം വീണ്ടെടുത്തു..
: സപ്ന ഇരിക്ക്..

: സാർ.. എന്റെ ഡ്യൂട്ടി എന്താണെന്ന് ഇതുവരെ മനസിലായില്ല..

: അതൊക്കെ വഴിയേ പഠിക്കാം…. ഞാൻ പറയുന്ന കാര്യങ്ങൾ ചെയ്താൽ മാത്രം മതി. ആ കാര്യങ്ങളിൽ സ്വപ്നയുടെ അറിവും ബുദ്ദിയും ഉപയോഗിക്കുന്നതാണ് സ്വപ്നയുടെ ജോലി. അതുപോലെ മാനേജർമാർ അല്ലാതെ ആര് അകത്തേക്ക് വരണമെങ്കിലും ഇനി സ്വപ്നയുടെ അറിവോടെ ആയിരിക്കും. എനിക്കും കമ്പനി സ്റ്റാഫിനും ഇടയിലുള്ള ഒരു പാലമായിരിക്കും സ്വപ്ന.

: ശരി സാർ… എങ്ങനാ ഇതിനൊക്കെ നന്ദി പറയേണ്ടതെന്ന് അറിയില്ല.

: അതൊന്നും വേണ്ട.. സ്വപ്നയ്ക്ക് അർഹതപ്പെട്ട ജോലി തന്നെയാണ് ഇത്. പുതുക്കിയ ശമ്പളം ഈ മാസം മുതൽ കിട്ടും. ഇപ്പൊ ഒന്നുകൂടി സന്തോഷമായോ

: ഉം.. താങ്ക് യു സാർ

: ആരാ എന്റെ ക്യാബിൻ വൃത്തിയാക്കി വച്ചത്…

: മാനേജർ സാർ കീ തന്നു. ഞാനാ എല്ലാം എടുത്തുവച്ചത്.

: കൊള്ളാം.. നന്നായിട്ടുണ്ട്. പിന്നെ പ്രധാനപ്പെട്ട ഒരു കാര്യം.. ഈ പറയുന്നത് എന്നും മനസ്സിൽ ഉണ്ടാവണം.. നമ്മൾ തമ്മിൽ സംസാരിക്കുന്ന ഒരു കാര്യവും മൂന്നാമത് ഒരാൾ അറിയാൻ പാടില്ല. അത് ഓഫീസ് കാര്യമാണെങ്കിലും, പേഴ്‌സണൽ കാര്യമാണെങ്കിലും ശരി… മനസ്സിലായോ

: ശരി സാർ.. ഞാൻ പറഞ്ഞിട്ട് ആരും അറിയില്ല. ഞാൻ കാരണം സാറിന് ഒരു ദോഷവും വരില്ല. ദൈവത്തിന്റെ സ്ഥാനത്താണ് സാറും മാനേജർ സാറുമൊക്കെ. അങ്ങനുള്ളവരെ ആരെങ്കിലും ചതിക്കുമോ

: എന്നാ തള്ളാ സ്വപ്നേ ഇത്… ദൈവത്തിന്റെ സ്ഥാനമോ…

: സാറിന് മനസിലാവില്ല സാർ ചെയ്തതിന്റെ വലിപ്പം.. മുങ്ങിക്കൊണ്ടിരിക്കുന്ന കപ്പലിലേക്കാ സാർ രക്ഷകനായി വന്നത്..

: അതൊക്കെ പോട്ടെ… കപ്പലൊക്കെ നമുക്ക് പടിപടിയായി ഉയർത്തിയെടുക്കാം.. അതൊന്നും ഓർത്ത് ടെൻഷനാവണ്ട. എന്ത് പ്രശ്നമുണ്ടെങ്കിലും എന്നോട് പറയാം.

സ്വപ്നയെ ചില ജോലികൾ ഏൽപ്പിച്ച് ഹരി തന്റെ ജോലികളിൽ മുഴുകി. ഹരിക്ക് അഭിമുഖമായി ഒരു ഗ്ലാസ് പാളിക്ക് അപ്പുറം സ്വപ്നയുണ്ട്. രണ്ടുപേരുടെയും കണ്ണുകൾ ഉടക്കുമ്പോഴൊക്കെ സ്വപ്ന ഹരിക്ക് നല്ലൊരു പുഞ്ചിരി സമ്മാനിച്ചുകൊണ്ടിരുന്നു. ജോലിക്കിടയിൽ പലപ്പോഴായി സ്വപ്ന ഹരിയുടെ ഓഫീസിൽ കയറിയിറങ്ങി. പെട്ടന്നുതന്നെ കാര്യങ്ങൾ മനസിലാക്കാനും അത് നടപ്പിലാക്കാനുമുള്ള സ്വപ്നയുടെ മിടുക്ക് ഹരിക്ക് നന്നായി ഇഷ്ടപ്പെട്ടു. ദിവസങ്ങൾ കടന്നുപോകുമ്പോൾ സ്വപ്നയും ഹരിയും തമ്മിലുള്ള അകലം കുറഞ്ഞുവന്നു. സ്വപ്നയിപ്പോൾ എല്ലാം തികഞ്ഞൊരു സെക്രട്ടറി ആയി മാറി. ജോലിയിലുള്ള മികവ് ഹരിക്ക് സ്വപ്നയോടുള്ള അടുപ്പം കൂട്ടി. അതിന്റെ ഫലമായി സ്വപ്നയ്ക്ക് അർഹതപ്പെട്ട ശരിയായ ശമ്പളം തന്നെ ഹരി നൽകുകയുണ്ടായി. ആ മാസത്തിൽ തന്നെ ജോലിക്കാർക്കുള്ള ബോണസും കൂടി ആയപ്പോൾ സ്വപ്നയ്ക്ക് തൽക്കാല ആശ്വാസമായെന്ന് പറയാം. കടക്കാരുടെ മുന്നിൽ അവധി പറഞ്ഞു മടുത്ത അവൾക്ക് ഇപ്പോൾ പ്രതീക്ഷയും ആത്മവിശ്വാസവും കൂടി.
………./…………../………../………

Leave a Reply

Your email address will not be published. Required fields are marked *