കണക്കുപുസ്തകം – 2

: അത് കൊള്ളാം…. നീ ചൂടാവല്ലേ.. ഇതിപ്പോ ചോദിച്ച ഞാൻ കുടുങ്ങിയല്ലോ.

: മിണ്ടാതിരിക്ക്… ഞാനിതൊന്ന് തീർത്തിട്ട് പോവാൻ നോക്കട്ടെ..

: എടി കള്ളീ… നീ ഈ നെഞ്ചിൽ കിടന്നല്ലേ വളർന്നത്… നീ ഒളിച്ചോ.. ഞാൻ കണ്ടുപിടിച്ചോളാം.. അവളുടെ ഒരു അഭിനയം.

: എന്നാലും ഒരു പണിക്കാരിയെ വയ്ക്കില്ല അല്ലെ…. അല്ലേൽ ഏട്ടൻ ആരെയെങ്കിലും കെട്ടിക്കൊണ്ട് വാ.. എന്നിട്ട് അവളോട് ഉണ്ടാക്കി തരാൻ പറ. ഞാൻ പോകുവാ… തന്നത്താൻ ഉണ്ടാക്ക്
: പിണങ്ങല്ലേ… ഏട്ടനോട് പറ.. ആരാ കക്ഷി…അമ്മായിയും അന്നേ എന്നോട് പറഞ്ഞിരുന്നു നിന്നെയൊന്ന് സൂക്ഷിക്കാൻ… നിന്റെ ഫോണിൽ എന്തോ ഫോട്ടോ കണ്ടെന്നോ.. നീ ആരോടോ ഫോണിൽ സംസാരിക്കുന്നത് കേട്ടെന്നോ ഒക്കെ…

: അതൊന്നുമില്ല… ഏട്ടന് ചുമ്മാ തോന്നിയതാ.. എന്റെ ഉള്ളിൽ ഒന്നുമില്ല

: എന്ന എന്റെ ഉള്ളിലുള്ള ഒരു കാര്യം ഞാൻ പറയട്ടെ…. ഇനിയും വൈകിയാൽ ശരിയാവില്ല. എന്റെ മോൾക്കും പ്രായം കൂടി വരുവല്ലേ

: എന്താ ഏട്ടാ… പറ പറ…

: അയ്യട.. നിന്നോടല്ല.. ഞാൻ എന്റെയുള്ളിലുള്ളത് ഒരാളോട് തുറന്നു പറയുന്ന കാര്യമാ പറഞ്ഞത്.. അത് ശരിയായാൽ നിന്നോട് പറയാം.. അല്ലേൽ ചിലപ്പോ നീ പോയി വിരട്ടി കാര്യം സാധിപ്പിക്കും… യൂണിഫോമിട്ടാൽ നീ തനി പോലീസുകാരിയാ

: ഓഹ്… വലിയ ഡിമാന്റുള്ള ഒരാള്.. എന്ന പോയി പറഞ്ഞിട്ട് വാ.. അപ്പൊ ഞാനും ഒരു കാര്യം പറയാം ട്ടോ…ഇനി എന്റെ മോൻ പുട്ടുണ്ടാക്ക്.. ഞാൻ പോയി റെഡിയായി വരാം

: അല്ലേൽ എന്നും നീയാണല്ലോ ഇവിടത്തെ പണിയൊക്കെ ചെയ്യുന്നത്…

കഴിച്ചുകഴിഞ്ഞ് രണ്ടുപേരും ഒരുമിച്ച് വീട്ടിൽ നിന്നും ഇറങ്ങി. ഹരി ഓഫീസിലേക്ക് പോകുന്ന വഴിക്കാണ് സ്വപ്നയുടെ വീടെന്ന് ഇപ്പോഴാണ് ഹരി അറിയുന്നത്. റോഡരികിൽ ചുവന്ന പരവതാനി വിരിച്ചുകൊണ്ട് വീണുകിടക്കുന്ന വാക പൂക്കളാൽ സമൃദ്ധമായ ചുറ്റുപാടിൽ ബസ് കാത്തുനിൽക്കുന്ന സ്വാപ്നയെ കണ്ടതും ഹരിയുടെ മുഖം പ്രസന്നമായി. മുന്നിൽ വന്നു നിർത്തിയ കാറിന്റെ വിൻഡോ ഗ്ലാസ് താഴ്ന്നപ്പോഴാണ് സ്വപ്നയ്ക്ക് ആളെ മനസിലായത്. പെട്ടെന്ന് ഹരിയെ കണ്ട സ്വപ്നയ്ക്ക് ആകെ ഒരു വെപ്രാളമായിരുന്നു. അതിനിടയിൽ അവൾ എന്തൊക്കെയോ പറഞ്ഞൊപ്പിച്ചു.. അൽപ്പം മടിയോടെ ആണെങ്കിലും സ്വപ്ന ഹരിയുടെ ആവശ്യപ്രകാരം കാറിൽ കയറി.. സ്വപ്നയുടെ സാനിധ്യം ഹരിയെ വല്ലാതെ ഉന്മത്തനാക്കി.

: ഇവിടാണോ സ്വപ്നയുടെ വീട്…

: കുറച്ച് പുറകിൽ ആണ്…. ഒരു പത്തുമിനിറ്റ് നടക്കണം

: എന്നിട്ട് ഞാൻ ഇതുവരെ കണ്ടില്ലല്ലോ ഇവിടെ നിൽക്കുന്നത്..

: ഇന്ന് ഞാൻ അൽപ്പം വൈകി… അല്ലെങ്കിൽ ഈ സമയത്ത് ഓഫീസിൽ എത്തിയിട്ടുണ്ടാവും

: അത് നന്നായി… അതെന്താ ഞാൻ വിളിച്ചപ്പോൾ സ്വപ്നയൊന്ന് കാറിൽ കയറാൻ മടിച്ചത്
: അത് പിന്നെ…

: പറയെടോ… ഇപ്പൊ ഞാൻ ബോസോന്നും അല്ല കേട്ടോ.. അതൊക്കെ ഓഫീസിൽ അല്ലെ

: സാറിന്റെ കാറിൽ വരുന്നത് കണ്ടാൽ ഓഫീസിൽ ഉള്ളവരൊക്കെ ഓരോന്ന് പറഞ്ഞുണ്ടാക്കും… അത് മോശമല്ലേ

: ആർക്ക് സ്വപ്നയ്ക്കോ…

: അല്ല.. സാറിന്

: അങ്ങനെ ആരെങ്കിലും പറയുമോ

: ഇപ്പൊത്തന്നെ ചിലരൊക്കെ പറഞ്ഞുതുടങ്ങി…

: ആഹാ… എന്നിട്ട് സ്വപ്ന എന്തുപറഞ്ഞു

: ഞാൻ എന്ത് പറയാൻ… അവരൊക്കെ ചുമ്മാ കളിയാക്കുന്നതാ

: ഇനി ആരെങ്കിലും കളിയാക്കിയാൽ പറഞ്ഞോ നമ്മൾ തമ്മിൽ ഭയങ്കര പ്രേമത്തിലാണെന്ന്

: അയ്യേ…സാറിന് മോശംവരുന്നത് ഒന്നും ഞാൻ പറയില്ല…

: ഒരാളെ പ്രേമിക്കുന്നത് മോശമാണോ… ദുരുദ്ദേശം ഒന്നുമില്ലെങ്കിൽ പ്രേമം നല്ലതല്ലേ…

: അത് നല്ലതാ….

: എന്ന ഇനി ചോദിക്കുന്ന ആളോട് പറഞ്ഞോ ഞങ്ങൾ തമ്മിൽ ഭയങ്കര ഇഷ്ടത്തിലാണെന്ന്..

: അയ്യോ.. എന്നിട്ട് വേണം സാറിന്റെ വൈഫ് എന്നെ തല്ലിക്കൊല്ലാൻ

ഇത് കേട്ടയുടനെ ഹരിയുടെ നിർത്താതെയുള്ള ചിരി കണ്ടിട്ട് സ്വപ്നയ്ക് ഒന്നും മനസിലായില്ല. ഇതിലെന്താ ഇത്ര ചിരിക്കാനെന്ന് ചിന്തിക്കുകയായിരുന്നു അവൾ.

: എടോ… എനിക്ക് ഭാര്യയുണ്ടെന്ന് കരുതി പ്രേമിക്കാതിരിക്കണ്ട കേട്ടോ… ഇഷ്ടം തോന്നിയാൽ ബോസാണെന്നൊന്നും നോക്കരുത് തുറന്ന് പറഞ്ഞേക്കണം… എനിക്ക് സമ്മതമാണ് കേട്ടോ..

: സാറിന് ഇങ്ങനൊരു ഉദ്ദേശമുണ്ടായിരുന്നോ മനസ്സിൽ… എന്തായാലും മോശമായിപ്പോയി. സ്വന്തം ഭാര്യയെ എങ്ങനെ ചതിക്കാൻ തോനുന്നു… കുറേ കാശുള്ളവർക്കൊക്കെ ഇതുപോലെ ഓരോ ശീലങ്ങൾ ഉണ്ടാവുമെന്ന് കേട്ടിട്ടുണ്ട്. എന്നാലും സാറ്….

: ഈ പെണ്ണിതെന്താ ഈ പറയുന്നേ… എടി സുന്ദരിക്കോതെ ഞാൻ കാര്യത്തിൽ പറഞ്ഞതാ… തന്നെ കണ്ടതുമുതൽ മനസ്സിൽ കേറിയതാ ഈ രൂപം. തുറന്നു പറഞ്ഞാൽ നീ ഇപ്പൊ പറഞ്ഞതുപോലെ മോശമായ ഏതെങ്കിലും ശീലമാണെന്ന് കരുതുമോ എന്ന് പേടിച്ചിട്ടാണ് ഇഷ്ടം പുറത്തുകാണിക്കാതിരുന്നത്..

: സാർ വണ്ടി നിർത്തിയേ… ഞാൻ കാരണം സാറിന്റെ ഭാര്യയും കുഞ്ഞും കണ്ണ് നിറയ്‌ക്കേണ്ടി വരരുത്. സോറി. സാർ ഉദ്ദേശിച്ചപോലൊരു പെണ്ണല്ല ഞാൻ

: എടി പൊട്ടീ… നിന്നോട് ആരാ പറഞ്ഞത് എനിക്ക് ഭാര്യയും കുഞ്ഞുമൊക്കെ ഉണ്ടെന്ന്…
: ഓഫീസിൽ ഉള്ളവർ പറയുന്ന കേട്ടു.. പിന്നെ കുറച്ചു മുന്നേ സാറും പറഞ്ഞില്ലേ ഭാര്യയുണ്ടെന്ന് കരുതി പ്രേമിക്കാതിരിക്കേണ്ടെന്ന്…

: ഓഫീസിൽ ഉള്ളവരിൽ രാമേട്ടനല്ലാതെ വേറൊരാൾക്കും എന്നെകുറിച്ച് ഒന്നുമറിയില്ല.. പിന്നെ ഞാൻ നേരത്തെ പറഞ്ഞത്.. അത് നീ നന്നായൊന്ന് ആലോചിച്ച് നോക്ക്..

: ഇത് എന്ത് പരീക്ഷണമാ ദൈവമേ … എനിക്കൊന്നും മനസിലാവുന്നില്ല.. എന്താ സാർ ഉദ്ദേശിച്ചത്

: എന്റെ സ്വപ്നേ… ഞാൻ നിന്നെ നൈസായിട്ട് പ്രൊപ്പോസ് ചെയ്തതാണ്… എടി പോത്തേ എനിക്ക് നിന്നെ വല്ലാതെ ഇഷ്ടപ്പെട്ടു. കല്യാണം കഴിക്കാൻ നീ റെഡിയാണോ.. ആലോചിച്ച് ഒരു ഉത്തരം പറഞ്ഞാൽ മതി. ഇഷ്ടപ്പെട്ടില്ലെങ്കിൽ തുറന്ന് പറയണം.ജോലിയെക്കുറിച്ച് ഓർത്ത് പേടിച്ചിട്ട് മനസ്സിൽ ഉള്ളത് പറയാതിരിക്കരുത്. പരിപൂർണ സമ്മതമാണെങ്കിൽ മാത്രം ഞാൻ എന്റെ വേണ്ടപ്പെട്ടവരെ വീട്ടിലേക്ക് വിടാം..

: അപ്പൊ സാർ ഇതുവരെ കല്യാണം…

: എന്റെ മണ്ടിപ്പെണ്ണേ…ഞാൻ നേരത്തെ പറഞ്ഞതിന്റെ അർഥം ഭാര്യയുണ്ട് എന്നാലും നീ പ്രേമിച്ചോ എന്നല്ല… ഭാര്യയുണ്ടെന്ന് തെറ്റിദ്ധരിച്ച് പ്രേമിക്കാതിരിക്കണ്ട എന്നാണ്….

: ഓഹ് …ഇപ്പൊ ആശ്വാസമായി…

: അപ്പൊ എങ്ങനാ വീട്ടിലേക്ക് ആളെ വിടട്ടെ…

: അത്….. പിന്നെ..

: മതി മതി….ഇപ്പൊ ഒന്നും പറയണ്ട… സമയമെടുത്ത് നന്നായി ആലോചിച്ച് പറഞ്ഞാൽ മതി..

: ഉം…

ഓഫിസിലേക്കുള്ള വഴിയിൽ മുഴുവനും സ്വപ്നയുടെ മനസ്സിൽ ഇതാണ് ചിന്ത.. അവളുടെ മനസ് ആകെ താളംതെറ്റി. കോളേജിൽ പഠിക്കുമ്പോൾ കുറച്ചുപേർ പുറകെ നടന്നിട്ടുണ്ടെങ്കിലും അവരൊക്കെ വഴിയരികിൽ കാത്തുനിന്ന് വായിനോക്കിയതും പുറകേ നടന്ന് ചെരുപ്പ് തേഞ്ഞതുമല്ലാതെ വേറെ പ്രത്യേകിച്ച് ഒന്നുമുണ്ടായിട്ടില്ല. സംസാരത്തിനിടയിൽ ഈ വിഷയം കയറിവന്നതാണെങ്കിലും ഹരി സാർ എത്ര കൂളായിട്ടാണ് പ്രൊപ്പോസ് ചെയ്തത്… സ്വപ്നയുടെ ചിന്തകൾ ഹരിയെ ആദ്യമായി കണ്ട ദിവസം മുതൽ ഇപ്പോവരെയുള്ള നിമിഷങ്ങളെ ചികഞ്ഞുകൊണ്ടിരുന്നു… ആദ്യമായി കണ്ടപ്പോൾ ഹരിയുടെ മുഖത്ത് കണ്ട പ്രസന്നത, സെക്രട്ടറിയായി ജോലിയിൽ പ്രവേശിച്ച പിറ്റേന്ന് കാലത്ത് ക്യാബിനിലേക്ക് കയറിചെന്നപ്പോൾ അതിശയിച്ച് നോക്കിനിന്ന ഹരിയുടെ മുഖം, ഓഫീസ് കാര്യങ്ങളിൽ ഇടപെടുമ്പോൾ തന്റെ കണ്ണിലേക്ക് തന്നെ നോക്കുന്ന ഹരിയുടെ കണ്ണുകൾ, തെറ്റുകൾ കണ്ടാലും വഴക്ക് പറയാതെ കാര്യങ്ങൾ പറഞ്ഞുമനസിലാക്കി തരുന്ന ഹരിയുടെ സൗമ്യത, തന്റെ പാത്രത്തിൽ നിന്നും ഭക്ഷണം കഴിക്കാൻ കാണിച്ച ലാളിത്യം, എല്ലാത്തിലുമുപരി തന്നോട് കാണിക്കുന്ന കരുതൽ… അങ്ങനെ ഓരോ നല്ല നിമിഷങ്ങളും സ്വപ്നയുടെ കണ്ണുകളിലൂടെ മിന്നിമറഞ്ഞു.
: ഹലോ മാഡം… എന്താണ് സ്വപ്നം കാണുകയാണോ… ഓഫീസെത്തി, ഇറങ്ങുന്നില്ലേ

Leave a Reply

Your email address will not be published. Required fields are marked *