“‘ഇല്ലാത്തവർക്കല്ലേ …ദാനം ചെയ്താൽ പുണ്യം കിട്ടും . ..അതിനും കുറ്റം പറഞ്ഞോ “‘
“‘ നീ അയാൾക്ക് വേണ്ട ആഹാരം കൊടുത്തോ … കുഴപ്പമില്ല . നമ്മളെ പോലെയുള്ള സാധാരണക്കാരായ ആളുകൾക്ക് ദിവസം ഇരുനൂറ്റിയമ്പത് രൂപ പോലും വേണ്ട .ചിലവിന് . ഒരു കുഞ്ഞൊക്കെ ഉണ്ടേൽ പിന്നെ അവരുടെ പഠനച്ചിലവും ഒക്കെയായിട്ട് വേണം . ഇതുപോലെയുള്ള ആളുകളെ പ്രോത്സാഹിപ്പിക്കരുത് . പത്തുവീട്ടിൽ നിന്നും ആഹാരം മാത്രം കിട്ടിയാൽ അവർ പിന്നെ വരില്ല . ഭിക്ഷാടന മാഫിയ കുറയും . കേട്ടിട്ടില്ലേ പിള്ളേരെ വരെ തട്ടിക്കൊണ്ട് പോയി പിച്ചയെടുപ്പിക്കും . അതെങ്ങനാ നിനക്ക് ആ പെങ്കൊച്ചിനെ കാണിച്ചു പൈസ കൊടുക്കണം , ആളാകണം . “‘
“‘ ഓ …ഞാൻ കിടക്കാൻ പോകുവാ . രാവിലെ പള്ളീൽ പോണം “” ജിഷ മുഖം വീർപ്പിച്ചു കിടന്നു .
” ഇന്നൊണ്ടല്ലോ ..അവള് പോയില്ല “‘
”’ആര് ?”
“‘അപ്പറത്തെ വീട്ടിലെ ആ പെണ്ണില്ലേ ..അത് ” “‘ഹമ് “‘ അരുൺ അലക്ഷ്യമായി മൂളി . ഇപ്പോൾ ദിവസവും അപ്പുറത്തെ എന്തെങ്കിലും വാർത്തകളാവും ജിഷക്ക് പറയാനുള്ളത് .
“‘അതെന്തിനാ പോകുന്നെ . ഇപ്പൊ വീട്ടിലേക്കല്ലേ ആൾക്കാര് വരുന്നേ . ഇന്ന് മൂന്നാലു കാറിൽ ആൾക്കാര് വന്നു . ഇങ്ങനെയാണേൽ നാട്ടുകാരെ കൂട്ടി തടയൂന്നാ ലീലചേച്ചിയൊക്കെ പറഞ്ഞെ . മനുഷ്യന് സ്വസ്ഥമായിട്ട് ജീവിക്കാനും പറ്റില്ലാന്ന് വെച്ചാൽ .”‘ അരുൺ ഒന്നും മിണ്ടിയില്ല .
പിറ്റേന്ന് ഞായറായിരുന്നു .
ജനാല തുറന്നിട്ട് ഷേവ് ചെയ്തിട്ട് , മീശ വെട്ടുകയായിരുന്ന അരുൺ മതിലിനപ്പുറത്തെ അനക്കം കണ്ടങ്ങോട്ട് നോക്കി .
അപ്പുറത്തെ വീട്ടിലെ ആ പെൺകുട്ടി .
എട്ടിലോ ഒമ്പതിലോ ആവും പഠിക്കുക . നല്ല സുന്ദരിക്കുട്ടി . തെരുതെരെയടയുന്ന കണ്ണുകളിൽ കരിമഷിയെഴുതിയിരിക്കുന്നു .
അവൾ മുന്നോട്ട് നടന്നു പൂന്തോട്ടത്തിലേക്കിറങ്ങി . മനോഹരമായ പൂക്കൾ കൊണ്ട് സമൃദ്ധമാണ് പൂന്തോട്ടം . വീട് മോടിപിടിപ്പിച്ചത് കണ്ടിരുന്നു . റെഡിമേഡ് ഗാർഡനും മരങ്ങളും മെഷീൻ കൊണ്ട് വന്നു പിടിപ്പിക്കുകയായിരുന്നെന്നു ജിഷ പറഞ്ഞു കേട്ടിരുന്നു .
” ഓ ..മോളെ ..”” പെട്ടന്ന് ആ പെൺകുട്ടി മുന്നിൽ വീണുകിടന്നിരുന്ന കമ്പിൽ തട്ടി വീഴാൻ തുടങ്ങിയപ്പോൾ അരുൺ വിളിച്ചുപോയി . കുനിഞ്ഞു തപ്പി ആ കൊമ്പെടുത്തു സൈഡിലേക്ക് വലിച്ചെറിയുന്ന ആ കുട്ടിയെ കണ്ടപ്പോൾ അരുണിന്റെ നെഞ്ചിലൊരു പിടച്ചിലുണ്ടായി .
“‘ആ ..ആ കുട്ടിക്ക് കണ്ണ് കാണില്ലേ ദൈവമേ “‘ അരുൺ പെട്ടന്ന് മുറിക്ക് പുറത്തേക്കിറങ്ങി
“‘എങ്ങോട്ടാ ..എങ്ങോട്ടാ ഓടുന്നെ ..”‘
ഹാളിൽ പള്ളിയിൽ പോകാനായി ഒരുങ്ങുകയായിരുന്ന ജിഷ അയാളുടെ പുറകെ വന്നു .
“‘ മോളെ ..അത് പുഴുവാ .. തൊടല്ലേ “‘ അരുൺ മതിൽകെട്ടിന് അരികിലെത്തിയപ്പോൾ ചെടിയിൽ തലോടുന്ന ആ കുട്ടി കൈ തട്ടിയ എന്തിലോ വീണ്ടും പിടിക്കാൻ ഒരുങ്ങുകയായിരുന്നു .
“‘ഏഹ് ..പുഴുവോ .. പൂമ്പാറ്റ ആകുന്ന പുഴുവാണോ സാറെ “” ഒച്ചകേട്ട ഇടത്തേക്ക് അവൾ തിരിഞ്ഞപ്പോൾ അരുണിന് മനസ്സിലായി അവൾക്ക് കണ്ണ് കാണില്ലായെന്ന് .
”’ ആരോട് വർത്താനം പറയുവാ ..ഇവിടെ വാ ..പള്ളീൽ പോകാൻ സമയം പോകുന്നു “‘ പുറകിൽ നിന്ന് ജിഷ അരുൺ ആ കുട്ടിയോട് സംസാരിക്കുന്നതിഷ്ടപ്പെടാതെ വിളിച്ചു പറഞ്ഞു .
“‘അല്ല മോളെ …അത് ചൊറിയുന്ന പുഴുവാ ”’ അരുൺ ജിഷയെ തിരിഞ്ഞു നോക്കിയാണത് പറഞ്ഞത് . അവളത് കേട്ടില്ല .
“‘മോൾടെ അമ്മയെന്തിയെ ?”’
“‘അമ്മയോ …എനിക്കമ്മയില്ല സാറെ ..അത് ചേച്ചിയാ . പ്രിയേച്ചി ഒന്ന് വീണു . കാലിൽ സ്റ്റിച്ചുണ്ട് “‘ അവൾ അരുണിന്റെ ശബ്ദം കേൾക്കുന്ന സ്ഥലത്തേക്ക് നോക്കി പറഞ്ഞു .
”ആരാ ഇന്ദുമോളെ അത് …”‘ വീടിന്റെ ഭാഗത്തുനിന്ന് ചോദ്യം കേട്ടപ്പോൾ അരുൺ അവിടേക്ക് നോക്കി .
“‘ദൈവമേ …പ്രിയാ തോമസ് . “‘ അരുൺ പിറുപിറുത്തു .
“” പ്രിയ ടീച്ചറാണോ മോൾടെ ചേച്ചി .? ”” പൂമുഖത്തേക്ക് മുടന്തി വന്ന സ്ത്രീയെ അരുൺ അത്ഭുതത്തോടെ നോക്കി .
“‘അതെ ..സാററിയുമോ ?” “‘ഞാൻ ടീച്ചറുടെ ക്‌ളാസ്സ് കൂടിയിട്ടുണ്ട് . മോളെ “”’ ഞാനിപ്പോ വരാട്ടോ “‘ അരുൺ പറഞ്ഞിട്ടകത്തേക്ക് കയറി .
