ഓർമ്മകൾക്കപ്പുറം – 2 Like

Related Posts


നഴ്സിംഗ് റൂമിലെ ഫോൺ റിങ് കേട്ടാണ് ശിവാനി വന്നത്. “ഹലോ..” “ഹലോ.. പോൾ ഹിയർ.” “യെസ് ഡോക്ടർ.” “പൂജയെയും മിഴിയെയും കൂട്ടി എന്റെ റൂമിലേക്കു വരു വേഗം.” അത്രയും പറഞ്ഞതും ഫോൺ കട്ട്‌ ആയി. ശിവാനി ഒരു നിമിഷം സ്തബ്ധയായി നിന്നു.

“എന്തിനായിരിക്കും വിളിച്ചത്? എന്തെങ്കിലും പ്രശ്നം കാണുമോ?” അവൾ ഓരോന്ന് ഓർത്ത് ബാക്കി ഉള്ളവരെ കൂട്ടാനായി നടന്നു.

മിഴിയും പൂജയും പ്രിയയും പേഷ്യന്റ്സ്ന് മരുന്ന് കൊടുക്കുന്ന തിരക്കിൽ ആയിരുന്നു. ശിവാനി അങ്ങോട്ടേക്ക് കടന്നു വന്നു.

“അതേ നമ്മൾ 3 പേരോടും പോൾ ഡോക്ടർ റൂമിലേക്ക്‌ ചെല്ലാൻ പറഞ്ഞു.” ശിവാനി ലേശം ഒരു ശങ്കയോടെ പറഞ്ഞു. അത്‌ കേട്ട് ബാക്കി ഉള്ളവർ മുഖത്തോട് മുഖം നോക്കി.

“എന്താ കാര്യം എന്ന് പറഞ്ഞില്ലേ?” പൂജ തിരക്കി. “ഇല്ല വേഗം ചെല്ലാൻ പറഞ്ഞു, വാ എന്താണേലും പോയി നോക്കാം ചീത്ത പറയാൻ ആണേലും നമ്മൾ 3 പേര് ഇല്ലേ കട്ടക്ക് നിന്ന് അങ്ങ് കേൾക്കാം.”

“പോടി അതിനൊന്നും ആവില്ല ചുമ്മാ ഓരോന്ന് പറഞ്ഞു മനുഷ്യനെ ആധി കേറ്റാതെ.” മിഴി ശിവാനിയെ രൂക്ഷമായി നോക്കി പറഞ്ഞു.

“പ്രിയ നീ ഇവിടെ നിക്ക് ഞങ്ങൾ പോയി നോക്കിട്ട് വരാം.” പൂജ അവളോട്‌ പറഞ്ഞിട്ട് അവർ മൂന്നു പേരും കൂടെ ഇറങ്ങി.

“മെ ഐ കം ഇൻ ഡോക്ടർ?” “യെസ് പ്ലീസ്…”

അവർ ഉള്ളിലേക്ക് കടന്നതും ഏതോ സ്കാൻ റിപ്പോർട്ട്‌ പരിശോധിച്ചുകൊണ്ടിരിക്കുന്ന മേത്ത ഡോക്ടറെ കണ്ടു. അയാൾക്ക്‌ എതിരായി തന്റെ കസേരയിൽ ഇരുന്നു ഒരു പേപ്പർ വെയിറ്റ് കറക്കികൊണ്ട് ഇരിക്കുന്ന പോൾ ഡോക്ടറെയും. മേത്ത ഡോക്ടറെ കണ്ടത് അവർക്ക് ഒരു ആശ്വാസമായി. അദ്ദേഹം സൗമ്യനായ മനുഷ്യൻ ആണ്. എന്നാൽ പോൾ ഡോക്ടർ കുറച്ച് സ്ട്രിക്ട് ആണ്.

അൽപ സമയത്തെ പരിശോധന കഴിഞ്ഞു അയാൾ ആ റിപ്പോർട്ട്‌ താഴെ വെച്ചു. “സോ…വാട്സ് യുവർ കൺക്ലൂഷൻ പോൾ?” “ലൈക്ക് ഐ സെഡ്, അയാൾക്ക്‌ ഒന്നും തന്നെ ഓർമയില്ല സ്വന്തം പേര് പോലും. ഇനി ഓർമ വരാം വരാതിരിക്കാം, ബട്ട്‌ ഇപ്പൊ ഹി ഈസ് ജസ്റ്റ്‌ ലൈക്ക് എ വൈറ്റ് പേപ്പർ.” ഡോക്ടർ പോൾ പറഞ്ഞത് കേട്ട് മിഴിയും ശിവാനിയും പൂജയും തമ്മിൽ തമ്മിൽ നോക്കി. ഡോക്ടർ മേത്ത അയാളുടെ കണ്ണട ഊരി നെറ്റിയിൽ കൈ കൊടുത്തു ഡോക്ടർ പോളിന്റെ മുഖത്തേക്ക് വെറുതെ നോക്കി ഇരുന്നു.
അല്പ നേരത്തെ മൗനത്തിനു ശേഷം അയാൾ സംസാരിക്കാൻ തുടങ്ങി. “പോൾ…ഇതൊന്നു വിവരിക്കാമോ കുറച്ച് കൂടി? അതായത് അയാൾക്ക്‌ ഇപ്പൊ എന്താണ് ഓർമയുള്ളത്? എന്ത് ചെയ്താൽ ഓർമ വരും? മീൻസ് എനി ഇൻസിഡന്റ്സ്, ഷോക്‌സ് അങ്ങനെ എന്തെങ്കിലും?”

“സീ ഡോക്ടർ… ഈ സ്കാൻ റിപ്പോർട്ട്‌ കണ്ടോ, അയാളുടെ തലയുടെ ഏകദേശം പിൻഭാഗത്താണ് അടി കൊണ്ടിരിക്കുന്നത്. അതിന്റെ ഫലമായിട്ടാണ് ഓർമ നഷ്ടപ്പെട്ടത്.”

“ഓർമ നഷ്ടപ്പെടൽ പല രീതിയിൽ ആവാം ചിലർക്ക് പേരൊക്കെ ഓർമയുണ്ടാവും എന്നാൽ ഇതിനു മുൻപ് സംഭവിച്ച ചില കാര്യങ്ങൾ, അയാൾ മറ്റാരോടെങ്കിലും പറഞ്ഞ കാര്യങ്ങൾ അതൊക്കെ അയാൾ മറന്നുപോകും, പിന്നെ ഷോർട് ടൈം മെമ്മറി ലോസ്, ഈ അവസ്ഥയിൽ അയാൾക്ക്‌ വളരെ കുറച്ച് നേരത്തെ കാര്യങ്ങൾ മാത്രമേ ഓർത്തിരിക്കാൻ ആവൂ ലൈക്ക് നമ്മുടെ അമീർ ഖാന്റെ ഗജിനി ഫിലിം പോലെ.”

“പിന്നെ ഉള്ളതാണ് ടെംപററി മെമ്മറി ലോസ്, അതായത് അയാൾക്ക്‌ അയാളുടെ പാസ്റ്റ് ഒന്നും തന്നെ ഓർമ കാണില്ല. എന്നാൽ അയാളുടെ ഉപബോധ മനസ്സിൽ ഉള്ള കാര്യങ്ങൾ അയാൾക്ക്‌ ഓർമയുണ്ടാവും. അതായത് ഡ്രൈവിംഗ് പോലെ ഉള്ളത്. പിന്നെ അയാൾക്ക് ഏതെങ്കിലും ഒരു സ്‌കിൽ ഉണ്ടെങ്കിൽ മീൻസ് അയാൾ ഇപ്പൊ ഒരു ആശാരി ആണെങ്കിൽ ആ പണി അയാളെക്കൊണ്ട് ചെയ്യാൻ പറ്റും. ബട്ട്‌ അയാൾക്ക്‌ താൻ ഒരു ആശാരി ആയിരുന്നു എന്ന ഓർമ ഉണ്ടാവില്ല. എന്നാൽ സന്ദർഭം വരുമ്പോൾ അയാൾക്ക്‌ അത്‌ ചെയ്യാൻ പറ്റും.”

“ഇതൊക്കെ ഓർമ ഉണ്ടെങ്കിലും താൻ ആരാണെന്നോ എന്താണെന്നോ തനിക്ക് ആരൊക്കെ ഉണ്ടെന്നോ എന്നൊന്നും അയാളെക്കൊണ്ട് ഇപ്പൊ ഓർക്കാൻ പറ്റില്ല. ഏതെങ്കിലും ഒരു പോയിന്റിൽ അയാൾക്ക്‌ മുൻപ് നടന്ന എന്തെങ്കിലും ഒരു ഇൻസിഡന്റ് ഓർമ വരും ക്രമേണ അയാൾക്ക്‌ പഴയതൊക്കെ ഓർത്തെടുക്കാൻ പറ്റും. എന്നാൽ ഇത് ഒറ്റ ദിവസം കൊണ്ട് ആവില്ല ചിലപ്പോൾ. ഒരു പക്ഷേ അതൊന്നും ഓർമ വന്നില്ല എന്നും വരാം.”

ഡോക്ടർ പറഞ്ഞത് കേട്ട് എല്ലാവരും നിർവികാരരായി നിന്നു.

“മം… എന്തായാലും അയാൾ സുഖം പ്രാപിക്കുന്നുണ്ട്, ഒരു 3 ആഴ്ച കൊണ്ട് ഒരുപക്ഷെ ഡിസ്ചാർജ് ചെയ്യാൻ സാധിച്ചേക്കും, എന്നാൽ അയാളുടെ മുന്നോട്ടുള്ള ജീവിതം…?” മേത്ത ഒന്ന് ശങ്കിച്ചു.
“കം ഓൺ ഡോക്ടർ… നമ്മളുടെ ജോലി ഒരാളെ ചികിൽസിച്ചു നേരെ ആക്കുക എന്നുള്ളത് മാത്രം ആണ് അതിൽ കൂടുതൽ ഒന്നും നമ്മൾ നോക്കണ്ട കാര്യമില്ല. അതൊക്കെ അയാൾ എന്തെങ്കിലും ചെയ്തോട്ടെ.” പോൾ തന്റെ കസേരയിലേക്ക് ചാരി ഇരുന്നു പറഞ്ഞു. മേത്ത അതിനു മറുപടി പറയാതെ മറ്റുള്ളർക്ക് നേരെ തിരിഞ്ഞു.

“നിങ്ങൾക്ക് കാര്യങ്ങൾ മനസിലായില്ലേ? അയാളുടെ മേൽ എപ്പോഴും ഒരു കണ്ണ് വേണം. മിഴി… അയാൾ മലയാളി അല്ലേ സോ താൻ തന്നെ നിന്നാൽ മതി അവിടെ. തനിക്ക് ഇനിയിപ്പോ കുറച്ചുനാൾ ഡ്യൂട്ടി കൂടുതൽ ആവും പ്രശ്നമുണ്ടോ?”

“ഇല്ല ഡോക്ടർ ഞാൻ നിന്നോളം.” ഒന്ന് മടിച്ചെങ്കിലും അവൾക്ക് അയാളോട് എതിര് പറയാൻ തോന്നിയില്ല.

“ഗുഡ്, താൻ ഇല്ലാത്തപ്പോ പൂജ നിക്കട്ടെ, ഓക്കേ?” “ഓക്കേ ഡോക്ടർ.” “ശെരി, ഇത് പറയാൻ ആണ് വിളിപ്പിച്ചത് നിങ്ങൾ പൊയ്ക്കോളൂ. ആ പിന്നെ മിഴി അന്ന് ഞാൻ പറഞ്ഞത് ശെരിയാക്കിയരുന്നലോ അല്ലേ? ഇയാളുടെ ചിലവിന്റെ കാര്യം?” “യെസ് ഡോക്ടർ, ഇപ്പൊ തന്നെ പകുതി പൈസ അവർ അടച്ചിട്ടുണ്ട് എന്നാ പറഞ്ഞത്.” “ഗുഡ്… എന്നാ ശെരി പൊയ്ക്കോളൂ.”

“ഹോ ഇപ്പഴാ ശ്വാസം നേരെ വീണത്, ഞാൻ ഓർത്ത് ഇന്ന്‌ എല്ലാർക്കും വയർ നിറച്ചു കിട്ടും എന്ന്.” ശിവാനി ആശ്വാസത്തോടെ പറഞ്ഞു.

“ഇവളെക്കൊണ്ട് തോറ്റല്ലോ…ഒന്ന് മിണ്ടാതിരിക്കോ?” പൂജ കളിയായി അവളുടെ കയ്യിൽ അടിച്ചുകൊണ്ട് പറഞ്ഞു.

“പണി കിട്ടിയത് മൊത്തം എനിക്കാ… ഡേ ആൻഡ് നൈറ്റ്‌ എടുക്കേണ്ടി വരും മിക്കവാറും. എങ്ങനേലും ഈ ഒരു വർഷം കൂടി ഒന്ന് കടന്നു പോയിരുന്നെങ്കിൽ ഞാൻ ഇവിടുന്ന് പറന്നേനെ കാനഡയ്ക്ക്.”

“അല്ല നീ ഇത് ഇടയ്ക്കിടയ്ക്ക് പറയുന്നത് കേൾക്കാല്ലോ അവിടെ നിനക്ക് ബന്ധുക്കൾ ആരെങ്കിലും ഉണ്ടോ?” ശിവാനി ചോദിച്ചു

“പിന്നേ ബന്ധുക്കൾ… ബന്ധുക്കൾ കാരണം ആണ് ഇപ്പോ വീട്ടിൽ ജപ്തി നോട്ടീസ് വന്നു കിടക്കുന്നത്, ഓർത്തിട്ട് എന്റെ കയ്യും കാലും വിറക്കുവാ. 8 ലക്ഷം എങ്ങനെ എവിടുന്ന് എടുത്ത് മറിക്കാൻ ആണ് 3 മാസം കൊണ്ട്? എന്തായാലും വീട് പോകും, അത്‌ പക്ഷേ ഞാൻ എങ്ങനെയും തിരിച്ചു പിടിക്കും അതെന്റെ വാശിയാ. ഞങ്ങൾക്ക് ഉണ്ടായിരുന്ന ഒരേ ഒരു സമ്പാദ്യം ആണ്.” അവളുടെ കണ്ണിൽ നീര് പൊടിഞ്ഞതും പൂജ അവളെ ചേർത്ത് പിടിച്ചു നടന്നു.
“പോട്ടെടി എല്ലാം ശെരിയാവും, നിന്റെ ഫ്രണ്ട് ആൾറെഡി കാനഡയിൽ ജോലി റെഡി ആക്കി തരാം എന്ന് പറഞ്ഞില്ലേ പിന്നെന്താ പ്രശ്നം. അവിടെ പോയി ഒരു വർഷത്തിനുള്ളിൽ നീ ആ വീടല്ല അത്പോലെ 2 വീട് വാങ്ങും.” പൂജ അവളെ ആശ്വസിപ്പിച്ചു. **************************

Leave a Reply

Your email address will not be published. Required fields are marked *