ഓർമ്മകൾക്കപ്പുറം – 6

Related Posts


പറഞ്ഞത് പോലെ തന്നെ അടുത്ത 7 മണിക്കൂറിനുള്ളിൽ അയാൾ ചോദിച്ച ട്രക്കുകളുടെ ലിസ്റ്റ് എസ്. ഐ.നരസിംഹം എത്തിച്ചു കൊടുത്തു.

474 കണ്ടെയ്നർ ട്രക്കുകളുടെ നമ്പറും അതിന്റെ എല്ലാം ആർ. സി ഓണർടെ പേരും കോൺടാക്ട്സും അടക്കം സർവ്വ ഡീറ്റൈൽസും അസ്ലന്റെ കൈ പിടിയിൽ എത്തി.

എന്നാൽ അവർ തേടുന്ന ട്രക്ക് അപ്പോഴേക്കും നാസിക്കും കടന്ന് ത്രിയമ്പക്കശ്വർ ലക്ഷ്യമാക്കി ഓടിക്കൊണ്ടിരുന്നു.

“സൗരവ്… ഈ ട്രക്കുകളുടെ ഒക്കെ ഓണറെ കോൺടാക്ട് ചെയ്യണം. ഇതെല്ലാം ദൂരെ എങ്ങോട്ടേലും ലോഡ് എടുക്കാനോ ഇറക്കാനോ പോയ ട്രക്കുകൾ ആവും. നീ ഈ ഓണർസിനെ അല്ലെങ്കിൽ ഇവർ ഓട്ടം പോകുന്ന കമ്പനിയിൽ പോയി അന്വേഷിക്കണം. ഇവരുടെ എല്ലാരുടെയും കറന്റ്‌ ലൊക്കേഷൻ എനിക്ക് കിട്ടണം. പിന്നെ, അവർ രക്ഷപെടാൻ ചാൻസ് കൂടുതൽ കാലിയായ കണ്ടെയ്നറുകളിൽ ആവും അല്ലെങ്കിൽ പകുതി ലോഡ് ഉള്ള കണ്ടെയ്നറുകൾ. അങ്ങനെ ഉള്ള കാര്യങ്ങൾ എല്ലാം അന്വേഷിക്കണം. വള്ളി പുള്ളി തെറ്റാതെ എന്നെ അറിയിക്കണം.”

“എനിക്ക് ഉറപ്പുണ്ട്… ഇതിന്റെ അവസാനം നിനക്ക് ഒരു ട്രക്ക് കിട്ടും… ബാക്കി ഉള്ള ട്രക്കുകളിൽ നിന്നെല്ലാം വ്യത്യസ്തമായി എത്തേണ്ട സ്ഥലത്ത് എത്താതെ ഇപ്പോഴും മറ്റെവിടെയോ കറങ്ങി തിരിയുന്ന ഒരു ട്രക്ക്… അതിൽ ഉണ്ടാവും എല്ലാ പൊലയാടി മക്കളും.. അവരിൽ നിന്ന് നമുക്ക് വേണ്ടത് മാത്രം എടുത്തിട്ട് എല്ലാത്തിനേം ആ ട്രക്കോട് കൂടി കത്തിക്കണം.”

“മഷി ഇട്ട് നോക്കിയാൽ പോലും ഒന്നിന്റേം മുടി പോലും കിട്ടരുത്… നമ്മൾ ഇത്രനാൾ ചെയ്ത കൊലപാതകങ്ങൾ പോലെ ആവരുത് ഇത്.. ഒറ്റയടിക്ക് ആരേം കൊല്ലരുത്, നരഗിക്കണം, രക്ഷപെടാൻ ആലോചിച്ച ഓരോ നിമിഷത്തെയും അവർ സ്വയം ശപിക്കണം. അങ്ങനെ വേണം കൊല്ലാൻ.” അസ്ലൻ നിന്ന് കിതച്ചു. അയാളുടെ കണ്ണിൽ അവരെയെല്ലാം ചുട്ടെരിക്കാൻ ഉള്ള പക ഉണ്ടായിരുന്നു.
********************

ത്രയംബകേശ്വർ…

നാസിക്കിൽ നിന്ന് 28 കിലോമീറ്റർ മാറി സ്ഥിതി ചെയ്യുന്ന ഒരു ടൗൺ. ഇന്ത്യയിലെ തന്നെ പേരുകേട്ട ശിവക്ഷേത്രം ത്രയമ്പക്കശ്വറിൽ ആണ്. ഗോദാവരി നദി അതിന്റെ പ്രയാണം ആരംഭിക്കുന്നത് ഇവിടുത്തെ ബ്രഹ്മഗിരി മല മടക്കുകളിൽ നിന്നാണ്.

ടൗണിൽ നിന്നെല്ലാം മാറി സ്ഥിതി ചെയ്യുന്ന ഒരു ലോറി താവളത്തിൽ മഹീന്ദർ വണ്ടി കൊണ്ടുവന്ന് നിർത്തി. ആ വണ്ടി വന്നത് കണ്ടുകൊണ്ട് അവിടെ ജോലി ചെയ്ത്കൊണ്ട് നിന്നിരുന്ന കുറച്ച് ആളുകൾ ചിരിച്ചുകൊണ്ട് വണ്ടിയുടെ അടുത്തേക്ക് വന്നു.

മഹീന്ദറും ചോട്ടുവും വണ്ടിയിൽ നിന്നും ഇറങ്ങിട്ട് അവരോടെല്ലാം വിശേഷങ്ങൾ ചോദിച്ചറിഞ്ഞു. അവരെല്ലാം ആ വണ്ടിത്താവളത്തിലെ ജോലിക്കാർ ആണ്. അത്യാവശ്യം വലിയൊരു വർക്ക്‌ഷോപ്പ് ആണ് അത്. മാത്രമല്ല നാസിക്ക് വഴി ദൂരയാത്ര പോകുന്ന ട്രക്കുകൾ മിക്കതും ഇവിടെയാണ് ഹാൾട്ട് ചെയ്യാറുള്ളത്. ഇതിനോട് അനുബന്ധിച്ചു പല പല ധാബകളും, വണ്ടികളുടെ പാർട്സ് വിൽക്കുന്ന കടകളും എല്ലാം പ്രവർത്തിക്കുന്നുണ്ട്.

ഇവിടെ നിന്നുമാണ് മഹീന്ദരിന് ഡ്രൈവിങ്ങിൽ ഉള്ള ലഹരി കയറിയത്. ഒരു ഡ്രൈവർ മാത്രമല്ല വിദഗ്ധനായ ഒരു മെക്കാനിക് കൂടിയാണ് അയാൾ. ഒരു വണ്ടിയുടെ സൗണ്ടിൽ ഉണ്ടാകുന്ന വ്യത്യാസം വെച്ച് വരെ അതിന്റെ പ്രശ്നം കണ്ടുപിടിക്കുന്ന അത്ര വിദഗ്ദ്ധൻ.

വിശേഷം ചോദിക്കാൻ വന്നവരൊക്കെ പതിയെ അവരുടെ ജോലികളിലേക്ക് തിരിഞ്ഞതും മഹീന്ദർ ചോട്ടുവിനെ കാവൽ നിർത്തി ആ കണ്ടെയ്നർ ഡോർ തുറന്ന് ഉള്ളിൽ കയറി വാതിൽ അടച്ചു.

“ഹരി.. നമ്മൾ എത്തി. എല്ലാരും ഓക്കേ അല്ലേ?” അയാൾ എല്ലാരേയും മാറി മാറി നോക്കികൊണ്ട് ചോദിച്ചു. എല്ലാവരുടെയും മുഖത്തും ക്ഷീണത്തിൽ ആണെങ്കിലും ആശ്വാസത്തിന്റെ ഒരു കണിക അയാൾ കണ്ടു.

“ഓക്കേ ആണ് ഭായ്, ഇപ്പൊ ഇറങ്ങാൻ പറ്റുവോ ഇതിൽ നിന്നും? ആളൊഴിഞ്ഞ സ്ഥലം ആണോ?” ഹരിയും ജാനകിയും കിഷോറും എഴുനേറ്റു.

“ഇപ്പൊ ഇറങ്ങണ്ട, കുറച്ച് നേരം ഒന്ന് വെയിറ്റ് ചെയ്യ്, ഞാൻ പോയി ഇവിടെ എന്റെ കുറച്ച് സുഹൃത്തുക്കൾ ഉണ്ട് അവരോടു ഈ കാര്യത്തിന്റെ ഗൗരവം ഒന്ന് പറഞ്ഞു മനസ്സിലാക്കട്ടെ, അത് കഴിഞ്ഞു ഇറങ്ങാം. നമുക്ക് എന്തായാലും ഒറ്റക്ക് ചെയ്യുന്നതിൽ പരിധി ഉണ്ട്, ആൾബലം നമുക്ക് കുറവ് ആണ്. നമുക്ക് സഹായം കൂടിയേ തീരു, അത് മുന്നിൽ കണ്ടാണ് ഞാൻ ഇങ്ങോട്ട് വന്നത്. ഇവിടെ വന്ന്‌ ഒരാളും നിങ്ങളെ ഒന്നും ചെയ്യില്ല. ഇത് എന്റെ വാക്കാണ്.” ശാന്തമായി.. എന്നാൽ ഉറച്ച ശബ്ദത്തോടെ മഹീന്ദർ അത് പറഞ്ഞിട്ട് പുറത്തേക്ക് ഇറങ്ങി വാതിൽ അടച്ചു. ആ വാക്കുകൾ അവർക്ക് നൽകിയ ഊർജം ചെറുതല്ലായിരുന്നു.
മഹീന്ദർ പോയിട്ട് 15 മിനിറ്റ് കഴിഞ്ഞു. എല്ലാവരും അക്ഷമാരായി ആ കണ്ടെയ്നറിന് ഉള്ളിൽ തന്നെ ശ്വാസം അടക്കി പിടിച്ചു ഇരുന്നു. അതിനുള്ളിലെ ചൂടിനെക്കാളും ചൂട് അവരുടെ എല്ലാം ഉള്ളിൽ ഉണ്ടായിരുന്നു. അത്കൊണ്ട് തന്നെ അവർ അതൊന്നും വക വെച്ചില്ല. അവരെ സംബന്ധിച്ചു ഇപ്പൊ ശ്വാസം എടുക്കാൻ കഴിയുന്നത് തന്നെ വലിയൊരു ആശ്വാസം ആയിരുന്നു.

അൽപ സമയം കഴിഞ്ഞതും മഹീന്തർ അയാളുടെ കുറച്ച് സുഹൃത്തുക്കളെ കൂട്ടികൊണ്ട് വന്നു.

“ചോട്ടു ഡോർ തുറക്കെടാ…” മഹീന്തർ പറഞ്ഞതും ചോട്ടു ഒന്നുകൂടെ ചുറ്റും ഒന്ന് നോക്കിയതിനു ശേഷം ആ ഡോർ രണ്ടും വലിച്ചു തുറന്നു.

വെളിച്ചം ഉള്ളിൽ വീണതും എല്ലാവരും എഴുനേറ്റു, അത്ര നേരം ചെറിയ ഇരുട്ടിൽ ഇരുന്നത്കൊണ്ട് തന്നെ പുറത്തെ കാഴ്ചകളുമായി പൊരുത്തപ്പെടാൻ അവർ കുറച്ച് ബുദ്ധിമുട്ടി.

പുറമെ നിന്ന എല്ലാവരും അവരെ കണ്ട് അലിവോടെ നോക്കി. എല്ലാ കണ്ണുകളിലും പല പല വികാരങ്ങൾ ആയിരുന്നു.

ഹരി വേഗം തന്നെ പുറത്തിറങ്ങി, കൂടെ ജാനകിയും കിഷോറും. പതിയെ ഓരോരുത്തർ ആയി വെളിയിൽ ഇറങ്ങി. ചുറ്റും നിന്ന എല്ലാവർക്കും അവരോട് ചോദിക്കാൻ കുറെ കാര്യങ്ങൾ ഉണ്ടായിരുന്നു. എന്നാൽ അവർ അതിന് പറ്റിയ ഒരു മാനസിക അവസ്ഥയിൽ ആയിരുന്നില്ല.

അത് മനസ്സിലാക്കി എന്നോണം മഹീന്തർ അവരെ എല്ലാം കൂട്ടി മറ്റാരും കാണാതെ പിൻവശത്തേക്ക് നടന്നു. മഹീന്തർ പറഞ്ഞത് അനുസരിച്ചു അയാളുടെ സുഹൃത്തുക്കൾ വെളിയിൽ നിന്നും അങ്ങോട്ടുള്ള കാഴ്ച മറക്കാനായി അവിടെ രണ്ട് മൂന്ന് ലോറികൾ കൊണ്ടുവന്ന് പാർക്ക് ചെയ്തിരുന്നു അതിനുള്ളിൽ.

രണ്ട് മിനിറ്റ് നടന്നതിനു ശേഷം അവർ ഒരു വീടിന്റെ മുന്നിലായി വന്ന്‌ നിന്നു. ചോട്ടു വേഗം അതിന്റെ വാതിൽ തുറന്നു. എല്ലാവരും ഉടൻ തന്നെ അകത്തേക്ക് കയറി.

ഡോർ തുറന്ന് അകത്തേക്ക് കയറുമ്പോൾ തന്നെ ഒരു നടുമുറ്റം ആണ്. ആ നടുമുറ്റത് തന്നെ ഒന്ന് രണ്ട് കയറിന്റെ ചെറിയ കട്ടിൽ. നല്ല ഒതുക്കം ഉള്ളൊരു രണ്ട് നില വീട്. പുറത്ത് നിന്ന് നോക്കുമ്പോൾ പക്ഷേ അകത്ത്‌ ഇത്രയും വിശാലം ആണെന്ന് പറയില്ല. താഴെയും മുകളിലുമായി 4 ബെഡ്‌റൂമുകൾ ആണ് ഉള്ളത്. ചോട്ടു എല്ലാവരെയും റൂമിൽ ആക്കി തിരിച്ചു വന്നു.
കരയിൽ നിന്ന് വെള്ളത്തിൽ തിരിച്ചെത്തിയ പോലെ ആയിരുന്നു അവർക്ക് അത്. പലരും സന്തോഷം കൊണ്ട് കരഞ്ഞു തുടങ്ങി. നല്ല ക്ഷീണം ഉണ്ടായിരുന്നത് കൊണ്ട് മഹീന്തർ എല്ലാവരോടും റസ്റ്റ്‌ എടുക്കാൻ പറഞ്ഞിരുന്നു. അവരെല്ലാം റൂമിൽ എത്തി ഫ്രഷ് ആയി, ഉടനെ തന്നെ ഉറങ്ങാൻ കിടന്നിരുന്നു. എന്നാൽ പലരും ഉറക്കത്തിൽ പോലും ഞെട്ടുന്നുണ്ടായിരുന്നു. അത്രയേറെ അവർ വേട്ടയാടാപ്പെട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *