“എനിക്ക് ഒരു ദേഷ്യവും ഇല്ല. അതിരിക്കട്ടെ എന്റെ ബേഗ് ഒക്കെ എവിടെയാ വെക്കുന്നെ. ? എന്റെ ഡ്രെസ്സ് അതിൽ തന്നെ വെച്ചാൽ മുഷിയും.”
“എന്നാൽ അതൊക്കെ എടുത്തു ഈ ഷെൽഫിൽ വെക്കാം.” ശ്യാമ ഷെൽഫ് തുറന്നു കൊണ്ട് പറഞ്ഞു.
“‘ഇതെന്താ മുഴുവൻ സാരിയോ…? ശ്യാമ സാരി മാത്രമേ ഉടുക്കൂ എന്നുണ്ടോ..?”
ഷെൽഫിൽ സാരി അടുക്കി വെച്ചത് കണ്ട സുചിത്ര ചോദിച്ചു.
“അത് സ്കൂളിൽ പോകുമ്പോൾ ഉടുക്കാൻ ഉള്ളത്. പിന്നെ എനിക്ക് സാരിയാണ് ഇഷ്ട്ടം. ”
“ആഹാ ഇതെന്താ അടിപൊളി ചൂരിദാർ ആണല്ലോ..!!! എന്നിട്ട് ആണോ പറയുന്നത് സാരിയാണ് ഇഷ്ട്ടം എന്ന്.”
അന്ന് സുധി വാങ്ങി കൊടുത്ത വെള്ള ചൂരിദാർ എടുത്തു കാണിച്ചിട്ട് സുചിത്ര പറഞ്ഞു.
“അത് അപ്പു ഏട്ടൻ വാങ്ങി തന്നതാ..” ശ്യാമ പറഞ്ഞു.
‘” ആഹാ എന്നിട്ട് ഇത്രയും നാളായിട്ടും എനിക്കൊരു ചുരിദാർ പോലും വാങ്ങി തന്നില്ലല്ലോ എന്റെ അപ്പു ഏട്ടൻ.? ”
” അയ്യോ അതൊന്നും എനിക്കറിയില്ല. അന്ന് ഹോസ്പിറ്റലിൽ പോയി വരുമ്പോൾ അപ്പു ഏട്ടന് ഡ്രസ്സ് എടുക്കാൻ കയറിയപ്പോൾ എനിക്കും വാങ്ങിയത് ആണ്. ”
“. എന്നാൽ നാളെ നമുക്ക് ഒന്ന് പുറത്തേക്ക് പോകണം. എനിക്ക് കുറച്ചു ഡ്രസ്സ് എടുക്കണം. നമുക്ക് അപ്പു ഏട്ടനേയും കൂട്ടാം. നോക്കാലോ അപ്പു ഏട്ടന്റെ സെലക്ഷൻ. കൂട്ടത്തിൽ എന്റെ വക ശ്യാമയ്ക്ക് കുറച്ചു ഡ്രെസ്സും എടുക്കാം.”
പിന്നെ അവർ കിടക്കയിൽ കിടന്നു. സുചിത്ര ശ്യാമയെ കെട്ടിപിടിച്ചു. എന്നിട്ട് ചോദിച്ചു.
“എന്നാലും ശ്യാമേ നിന്റെ അപ്പു ഏട്ടൻ എന്താ ഇങ്ങനെ ആയത്. ?”
“എങ്ങനെ.. ആയതെന്ന്..?”
“അല്ല സുന്ദരി ആയ ഒരു പെണ്ണ് അടുത്ത് കിടക്കാം എന്ന് പറഞ്ഞിട്ടും വേണ്ട എന്ന് പറഞ്ഞത്…?. അന്ന് ഞാൻ ഹോസ്പിറ്റലിൽ നിന്ന് കൊണ്ട് പോയിട്ടും എന്നെ ഒന്ന് തൊടാൻ പോലും അനുവദിച്ചില്ല. ഞാൻ കുളിപ്പിക്കാം എന്ന് പറഞ്ഞിട്ടും അനുവദിച്ചില്ല.. ഒടുക്കം ഒരു മെയിൽ നേഴ്‌സിനെ വെക്കേണ്ടി വന്നു അപ്പു ഏട്ടനെ നോക്കാൻ.. പക്ഷെ ശ്യാമ ചെയ്യുന്നത് എല്ലാം ഇഷ്ടവും ആണ്. ”
അത് കേട്ടപ്പോൾ ശ്യാമയ്ക്ക് സന്തോഷം തോന്നി. തന്നോട് മാത്രമേ ഉള്ളൂ ഈ കുറുമ്പോക്കെ. അത് തന്നെ ഒരുപാട് ഇഷ്ട്ടം ആയത് കൊണ്ടായിരിക്കും. ശ്യാമ മനസ്സിൽ പറഞ്ഞു.
“ഇനി ഞങ്ങളുടെ കല്ല്യാണം കഴിഞ്ഞാലും അപ്പു ഏട്ടന് എല്ലാത്തിനും ശ്യാമ തന്നെ വേണ്ടി വരും എന്നാ എനിക്ക് തോന്നുന്നത്..” അതും പറഞ്ഞു സുചിത്ര ചിരിച്ചു.
അന്ന് രാത്രിയിലും ശ്യാമ സ്വപ്നം കണ്ടു. സ്വപ്നത്തിൽ താനും സൂചിത്രയും വധുവായി അണിഞ്ഞു ഒരുങ്ങിയിട്ടുണ്ടായിരുന്നു. ഒടുവിൽ അപ്പു ഏട്ടൻ തന്നെയാണ് വിവാഹം കഴിക്കുന്നത്. കാലത്ത് എഴുന്നേറ്റപ്പോൾ ശ്യാമ ആ സ്വപ്നത്തെ ഓർത്ത് ചിരിച്ചു.
അത് കണ്ട് സുചിത്ര ചോദിച്ചു.
“എന്താണ് രാവിലെ ഒരു പുഞ്ചിരി ഒക്കെ. എന്റെ ഏട്ടനെ ആണോ സ്വപ്നം കണ്ടത്..? എന്റെ ഏട്ടനെ കല്ല്യാണം കഴിക്കുന്നത്..? ”
അത് കേട്ട് ശ്യാമയുടെ മുഖം വാടി.
“ഓഹ്! ഈ സുന്ദരമായ മുഖം വാടേണ്ട. ഞാൻ ചുമ്മാ പറഞ്ഞതാ. എനിക്ക് അറിയാം ശ്യാമ എന്റെയും അപ്പു ഏട്ടന്റെയും വിവാഹം സ്വപ്നം കണ്ടത് ആയിരിക്കും എന്ന്. പക്ഷെ ഞാൻ സ്വപ്നം കണ്ടത് എന്റെ ഏട്ടന്റെ കല്ല്യാണം ആണ്. വധുവായി ശ്യാമയും. എന്റെ സ്വപ്‌നങ്ങൾ ഒന്നും പാഴായി പോയിട്ടില്ല. നോക്കിക്കോ.. ഇത് നടക്കും. ”
പിന്നെ അവർ എഴുനേറ്റ് ഓരോ കാര്യങ്ങൾ ആയി ചെയ്തു കൊണ്ടിരുന്നു.
“ശ്യാമേ.. നീ പോയി അപ്പു ഏട്ടനെ റെഡിയാക്ക്. വേണമെങ്കിൽ ഒന്ന് കുളിപ്പിച്ചോ. എനിക്ക് പ്രശ്നം ഒന്നും ഇല്ല കേട്ടോ…?”
“പോ.! ചേച്ചി. അപ്പു ഏട്ടൻ ഒന്ന് കുളിക്കണം എന്ന് പറഞ്ഞപ്പോൾ കുളിപ്പിക്കാതിരിക്കാൻ എനിക്ക് കഴിഞ്ഞില്ല.. അതാ ഞാൻ കുളിപ്പിച്ചത്. ഇനി ഞാൻ ഒന്നിനും ഇല്ല. എല്ലാം ചേച്ചി തന്നെ നോക്കിയാൽ മതി.”
