തോമസ് ചേട്ടൻ തന്ന ധൈര്യത്തിൽ ഞാൻ എന്റെ കാത്തിരിപ്പ് തുടർന്നു. ലോക്ക് ഡൗൺനിൽ ചില അയവുകൾ വന്നപ്പോൾ ഒരു ദിവസം തോമസ് ചേട്ടൻ എന്നോട് പറഞ്ഞു.
” ഡാ ഞാൻ നാട്ടിൽ പോകുകയാ….. കുറച്ച് കഴിഞ്ഞേ വരൂ ”
” ചേട്ടൻ ഇപ്പോൾ പോയാൽ എങ്ങനെയാ ”
” ഡാ കുറച്ച് നാൾ അഴില്ലേ അവളെ കണ്ടിട്ട്. ഞാൻ ഒന്ന് പോയി തല കാണിച്ചിട്ട് വരാം ”
ഒരു മൂളിപ്പാട്ടും പാടി തോമസ് ചേട്ടൻ പോയപ്പോൾ ഇനി എന്ത് എന്ന ഭാവത്തിൽ ഞാൻ നിന്നു. ചേട്ടൻ പോയതിൽ പിന്നെ എന്നെ വിളിച്ചിട്ടില്ല. കുടുംബം ആയിട്ട് ഇരിക്കുവല്ലേ ഡിസ്റ്റർബ് ചെയ്യണ്ട എന്ന് വിചാരിച്ചു ഞാനും വിളിച്ചില്ല.
അപ്പോയെക്കും ഞാൻ എന്റെ ബോഡി ഒക്കെ ബിൽഡ് ചെയ്ത് ഒരു കള കുട്ടനെ പോലെ ആയിരുന്നു. ജിമ്മിൽ നിന്നും വന്ന് കുളിക്കുന്നതിനു മുൻപ് ഞാൻ ഫോൺ ചുമ്മാ നോക്കികൊണ്ട് ഇരിക്കുമ്പോൾ ആണ് ഞാൻ അത് കാണുന്നത്. ദിനേശ്ന്റെ പേജിൽ അവന്റെ അടുത്ത സിനിമയുടെ അനൗൻസ്മെന്റ് പോസ്റ്റർ ഇട്ടിരിക്കുന്നു. എനിക്ക് ആദ്യം അത് വിശ്വസിക്കാൻ ആയില്ല.ഞാൻ പെട്ടെന്ന് യൂട്യൂബിൽ ഞാൻ ഫോളോ ചെയ്യുന്ന ഒരു ചാനൽന്റെ വീഡിയോ കണ്ട് നോക്കി.
” കോവിഡ് വിലക്കുകൾ മാറി സിനിമ മേഖല വീണ്ടും സജീവം ആകുന്നു. സൂപ്പർ സ്റ്റാർ ദിനേശ് കുമാർ തന്റെ പുതിയ സിനിമ അനൗൺസ് ചെയ്തിരിക്കുന്നു. ഒരു ഇടവേളക്ക് ശേഷം തോമസ് പി ആണ് സംവിധാനം. പി ആൻഡ് എഫ് പ്രൊഡക്ഷൻസും ദിനേഷും ചേർന്നാണ് ചിത്രം നിർമ്മിക്കുക. ചിത്രികരണം ഈ ആഴ്ച തന്നെ തുടങ്ങുമെന്ന് ആണ് റിപ്പോർട്ടുകൾ ”
ന്യൂസ് കണ്ടതും ഞാൻ വല്ലാണ്ടായി. തോമസ് ചേട്ടൻ എന്നെ വിളിച്ചു പറഞ്ഞില്ലല്ലോ. ഇനി എന്നെ ഒഴിവാക്കിയോ എന്റെ മനസ്സിൽ സംശയങ്ങൾ ഉണർന്നു. ഞാൻ പെട്ടെന്ന് തോമസ് ചേട്ടനെ വിളിച്ചു. കുറെ കഴിഞ്ഞാണ് ചേട്ടൻ ഫോൺ എടുത്തത്.
” ഹാലോ ചേട്ടാ…… ഞാൻ കുറെ നേരം ആയി ട്രൈ ചെയ്യുക ആയിരുന്നു.”
” ഞാനും നിന്നെ വിളിക്കണം എന്ന് വിചാരിച്ച് ഇരിക്കുക ആയിരുന്നു. ഞാൻ നിന്നോട് എങ്ങനെ പറയും എന്നോർത്ത വിളിക്കാതിരുന്നത്…….. ഡാ നിനക്ക് ഇപ്പോഴത്തെ സിറ്റുവേഷൻസ് അറിയാമല്ലോ. ഒരുപാട് ആൾക്കൂട്ടം ഒന്നും ഇപ്പോൾ പറ്റില്ല . അങ്ങനെ ഉള്ള സീൻസ് മുഴുവനും മാറ്റി എഴുതി. നിനക്ക് വെച്ചിരുന്ന പ്രധാനപെട്ട സീൻസ് എല്ലാം ഒഴിവാക്കാൻ ആണ് തീരുമാനം. നീ പറഞ്ഞത് പോലെ ദിനേശ്ന് അത് ആദ്യം മുതലെ മാറ്റണം
എന്ന് ഉണ്ടായിരുന്നു.ഞാൻ നിർബന്ധം പിടിച്ചത് കൊണ്ട അവൻ ഇത് വരെ പിടിച്ചുനിന്നത്. പിന്നെ ഈ സിറ്റുവേഷൻനിൽ ഒരു പാട് പണം മുടക്കാനും അവർ തയ്യാറല്ല.നമ്മുടേത് ഒരു ചെറിയ സിനിമ ആക്കാം എന്ന ഉറപ്പില അവൻ ഡേറ്റ് തന്നെ തന്നത്. ഇപ്പോൾ നിന്റെ ക്യാരക്ടർ പടത്തിൽ ഉണ്ട് എന്നല്ലാതെ പ്രേതേകിച് റോൾ ഒന്നും ഇല്ല …… നീ അത് ചെയ്യണ്ടാഡാ ഞാൻ വേറെ വല്ലതും ചെയ്യാൻപറ്റുമോന്ന് നോക്കട്ടെ ”
തോമസ് ചേട്ടൻ പിന്നെയും എന്തെക്കെയോ പറഞ്ഞു കൊണ്ട് ഫോൺ കട്ട് ചെയ്തു. ഞാൻ അപ്പോഴും ഒരു തരുപ്പിൽ നിൽക്കുക ആയിരുന്നു. തോമസ് ചേട്ടൻ പറഞ്ഞത് പലതും എനിക്ക് മനസിലായില്ല.ഞാൻ എന്ത് ചെയ്യണം എന്ന് അറിയാതെ നിന്നു. പിന്നീട് തോമസ് ചേട്ടനെ വിളിച്ചിട്ട് കിട്ടിയതും ഇല്ല. എനിക്ക് ആകെ വെപ്രാളം ആയി. ഞാൻ തോമസ് ചേട്ടനെ നേരിൽ കാണാൻ തന്നെ തീരുമാനിച്ചു. ചേട്ടൻ മുൻപ് തന്നിട്ടുള്ള അയാളുടെ അഡ്രെസ്സിലേക്ക് ഞാൻ യാത്ര തിരിച്ചു.
ട്രെയിനിലും അതിന് ശേഷം ബസിലും ആയി ഞാൻ ആ ടൗണിൽ എത്തി. നാട്ടിലെ ഒരു സെലിബ്രിറ്റിയുടെ വീട് കണ്ടുപിടിക്കാൻ അധികം പാട് ഒന്നും ഇല്ലാലോ. ഞാൻ ആ വീട്ടിൽ എത്തുമ്പോൾ ഗേറ്റ് അകത്ത് നിന്നും ലോക്ക് ആയിരുന്നു. പട്ടി ഉണ്ട് സൂക്ഷിക്കുക എന്ന ബോർഡ് കണ്ടപ്പോൾ ആണ്. തോമസ് ചേട്ടന്റ ഫോണിൽ കണ്ടിട്ടുള്ള ആ വലിയ പട്ടിയെ കുറിച്ച് ഓർമ വന്നത്. കുറെ നേരം ഞാൻ ഗേറ്റിന് വെളിയിൽ നിന്നും അകത്തേക്ക് നോക്കി വിളിച്ചു ഒരു രക്ഷയും ഇല്ല. ഇതിനിടക്ക് ഞാൻ തോമസ് ചേട്ടനെ ഫോണിലും ട്രൈ ചെയ്യുന്നുണ്ടായിരുന്നു. കുറെ നേരം അവിടെ നിന്ന് സഹികെട്ട ശേഷം ഞാൻ ആ വീടിന്റെ മതിൽ ചാടി അകത്ത് കടന്നു. ഏത് നിമിഷവും ഒരു പട്ടി ചാടി വീഴാൻ ചാൻസ് ഉള്ളത് കൊണ്ട് ഞാൻ നാലു സൈഡും നോക്കിയാണ് നടക്കുന്നത്.
