“സമ്മതിക്കില്ല.
നിങ്ങൾ ഒരച്ഛന്റെ മക്കളാണ്.
ഞങ്ങളാണ് അവളുടെ പിറവിക്ക് കാരണം.
അവൾ നിന്റെ പെങ്ങളാണ്.
“! സോമൻ കാരണവരുടെ മുറിയിലേക്ക് ചന്ദ്രനെ വിളിച്ചു വരുത്തി രാധയും കാരണവരും ചന്ദ്രനോട് കയർത്തു.
അവനെ ആ ബന്ധത്തിൽ നിന്ന് എതിർത്തു.
“ഇത്രനാളും രഘുമാമന്റെ മകളാണെന്ന് പറഞ്ഞിട്ട് ഒടുവിൽ ആ പിഴച്ചുണ്ടായ മനുഷ്യന്റെ മകളെ സ്വീകരിക്കാൻ കഴിയില്ലെന്നു വന്നപ്പോൾ പുതിയ കഥയുണ്ടാക്കുന്നു.
ഇതൊക്കെ എനിക്ക് മനസ്സിലാക്കാനുള്ള ബുദ്ധിയുണ്ട്.
എനിക്ക് അവളെ പിരിയാൻ പറ്റില്ല.
അവൾക്ക് വയറ്റിലുണ്ട്.
“!
ചന്ദ്രൻ വാശിയോടെ അവരെ എതിർത്തു.
അവന്റെ വായിൽ നിന്ന് ചിതറി വീണ വാക്കുകൾ കേട്ട് അവർ ഞെട്ടിത്തരിച്ചുപോയി.
അനുജത്തി ജ്യേഷ്ഠന്റെ കുഞ്ഞിനെ ഗർഭം ധരിച്ചിരിക്കുന്നു.
രാധ നിസ്സഹായതയോടെ സോമൻ കാരണവരെ നോക്കി.
അയാൾ അവനെ ഇടനാഴിയിലേക്ക് വലിച്ചിഴച്ചുകൊണ്ട് ഒരു മുറിയിലേക്ക് കയറി കരിങ്കൽ വാതിൽ തള്ളി നീക്കിയിട്ട് ആ നിലവറയിലേക്ക് കൈ ചൂണ്ടി.
“ഇതിനകത്തേക്ക് തള്ളും രണ്ടിനെയും.
ഒരു പാറ്റപോലും അറിയാതെ പട്ടിണി കിടന്നു ചാവും.
“! കാരണവർ ആക്രോഷിച്ചു.
അന്ന് രാത്രി രാധ ചന്ദ്രന്റെ മാറിൽ ചേർന്നു നിന്ന് കുറേ കരഞ്ഞു.
നിലാവ് വീഴുന്ന മനോഹരമായ രാത്രിയുടെ നീലിമയിൽ, രാക്കാറ്റ് കൊണ്ട് അവളെ ആശ്വസിപ്പിച്ചു പാറയുടെ സമീപം നിൽക്കുന്ന ചന്ദ്രൻ അവളോട് ഉടനെ വരാമെന്നു പറഞ്ഞു തറവാട്ടിലേക്ക് പോയി.
കുറച്ച് സമയങ്ങൾക്ക് ശേഷം ഒരു ഭാണ്ഡക്കെട്ടും തോളിലിട്ട് ചന്ദ്രൻ അങ്ങോട്ട് വരികയും രാധയുടെ കൈപിടിച്ചു നിലാവിലൂടെ നടന്നു പോവുകയും ചെയ്തു.
രാജൻ പറഞ്ഞു നിർത്തി വാഹിദിന്റെ മുഖത്തേക്ക് നോക്കി.
വാഹിദും കിഷോറും അയാളുടെ ബാക്കി വിശദീകരണങ്ങൾക്ക് കാതോർത്തു നിശബ്ദനായി ഇരുന്നു.
അമ്മു അപ്പോഴും തലയും താഴ്ത്തി ഇരിപ്പാണ്.
രാജൻ വീണ്ടും പറഞ്ഞു തുടങ്ങി.
ആ ഒളിച്ചോടിപ്പോയവരുടെ മക്കളാണ് ശരത്തും ശാരികയും.
ഒളിച്ചോടിയത് കുഞ്ഞമ്പു കാരണവരുടെ മക്കൾ ആയിരുന്നില്ല, പേരക്കുട്ടികൾ ആയിരുന്നു.
ഞാനും സുരേട്ടനും കുഞ്ഞമ്പു കാരണവരുടെ അനുജന്മാരല്ല, അനുജന്റെ മക്കളാണ്.
പറഞ്ഞാൽ ഒരുപാട് പറയാനുണ്ടാകും.
തറവാട്ടിലെ കണ്ണെത്താ ദൂരത്തോളം പരന്നു കിടക്കുന്ന ഭൂസ്വത്ത് സോമൻ കാരണവർ പലർക്കും വില്പന നടത്തിയിരുന്നു.
അങ്ങിനെ കിട്ടിയ ഭീമമായ തുക നിലവറയിൽ സൂക്ഷിച്ചിരുന്നു.
അന്ന് അച്ഛൻ തന്നെ ഭീഷണിപ്പെടുത്താൻ വേണ്ടി നിലവറ തുറന്നപ്പോൾ ചന്ദ്രന്റെ കണ്ണിൽപ്പെട്ടത് ആ വലിയ സമ്പത്ത് ആയിരുന്നു.
അത് കൈവിട്ട് പോയതിൽ പിന്നെ തറവാടിന്റെ സ്ഥിതി മോശമായി തുടങ്ങി.
പലരും ഭാഗം വാങ്ങി പിരിഞ്ഞു പോയി.
കുറച്ച് വർഷങ്ങൾക്ക് ശേഷം ഒരു പത്രത്തിൽ പഴയ ബ്രിട്ടീഷ് എസ്റ്റേറ്റ് പുതിയ ഉടമസ്ഥൻ വാങ്ങിയ വാർത്തയിലാണ് ചന്ദ്രനെ വീണ്ടും കാണുന്നത്.
രാജൻ പഠിപ്പ് കഴിഞ്ഞു വീട്ടിലിരിക്കുന്ന സമയം.
അന്വേഷിച്ച് ചെന്നു.
കൂടെക്കൂടി.
ചന്ദ്രന്റെ ജോലിക്കാരനെ പോലെ കിടന്നു കഷ്ട്ടപ്പെട്ടു കമ്പനിയെ ഉയർച്ചയിൽ നിന്ന് ഉയർച്ചയിലേക്ക് വളർത്തി.
എന്നിട്ടും അവന്റെ മാനേജർ എന്നതിനപ്പുറം ആ കമ്പനിയുടെ ഒരു ഭാഗമാക്കാൻ രാജന് തയ്യാറായില്ല.
വർഷങ്ങൾ ചിലത് കഴിഞ്ഞു പോയി.
കമ്പനിക്ക് ശത്രുക്കളുണ്ടാവുകയും ചന്ദ്രനെയും രാധയെയും ഒരു ആക്സിഡന്റിൽ കൊന്നു കളയുകയും ചെയ്തപ്പോൾ കമ്പനിയുടെ ഭരണം ശരത്തിന്റെ കൈകളിലേക്ക് വന്നതോടെ രാജൻ തന്റെ കരുനീക്കങ്ങൾ ആരംഭിച്ചു.
ശരത്തിന്റെ പിന്തുണയോടെ ശാരീസ് ഗ്രൂപ്പിന്റെ തേയില ഫാക്ടറിയുടെ മറവിൽ തമിഴ്നാട് ബോർഡർ വഴി കഞ്ചാവു വൻതോതിൽ ഇന്ത്യൻ മാർക്കറ്റിലേക്ക് ഒഴുകി.
ശാരീസ് ഗ്രൂപ്പ്‌ന്റെ ഫിനാൻഷ്യൽ സ്ട്രെങ്ത് ശക്തമായി.
തങ്ങളുടെ ഫുഡ് പ്രോഡക്റ്റ്നേക്കാൾ പതിന്മടങ്ങു ലാഭമാണ് ലഹരിവിൽപ്പന എന്ന് മനസ്സിലായപ്പോൾ ശരത്തിനെ ലോകത്തിന്റെ കണ്ണിൽ നിന്ന് മാറ്റിനിർത്തി അവൻ മിസ്സിംഗ് ആണെന്ന് വരുത്തിതീർത്തു.
ശരത്തിന്റെ കാർ ചുരത്തിൽ അവന്റെ അച്ഛനും അമ്മയും കൊക്കയിലേക്ക് മറിഞ്ഞു മരണപ്പെട്ട അതേ വളവിൽ നിർത്തി കോളനിയിലെ ജോസിന്റെ കാറിൽ കോളനിയിലേക്ക് പോയി.
പിന്നീട് ഒരിക്കലും അവൻ ആരുടേയും മുന്നിലേക്ക് പ്രത്യക്ഷപ്പെട്ടില്ല.
കോളനിയെ അവനൊരു കൊട്ടേഷൻ കേന്ദ്രമാക്കി ക്രിമിനൽ കോട്ടയാക്കി വളർത്തിയെടുത്തു.
കള്ളും കളവും കഞ്ചാവും കാമവും പെണ്ണ് കച്ചടവും അടക്കം തോന്ന്യാസങ്ങൾക്ക് യാതൊരു തടസ്സവുമില്ലാത്ത നിഗൂഢ ലോകമായി ആ കോളനിയെ അവൻ മാറ്റിയെടുത്തു.
