“അമ്മൂ, മോള് ഇവരെയും കൊണ്ട് വേഗം തറവാട്ടിലേക്ക് പൊയ്ക്കോ. എന്റെ വണ്ടിയിൽ ട്രാവൽ ബാഗുണ്ട്.ഞാനിപ്പോ കൊണ്ടുവരാം.”
രാജൻ അമ്മുവിനോട് പറഞ്ഞു. എന്നിട്ട് എങ്ങോട്ടൊ മറഞ്ഞു. കുറച്ച് കഴിഞ്ഞു കൈയിൽ വലിയൊരു ബാഗും ഒരു പ്ലാസ്റ്റിക് കവറും കൊണ്ടു അവരുടെ അടുത്തെത്തി. മൂന്നു യുവാക്കളും ചേർന്ന് ശരത്തിന്റെ രക്തംശരീരം ആ സഞ്ചിയിലാക്കി കെട്ടി ബാഗിൽ കടത്തി ബൊലേറോയിൽ എടുത്തിട്ടു. അമ്മുവും അവരോടൊപ്പം ആ വാഹനത്തിൽ കയറി.
“ഇവർ നമ്മുടെ തറവാടിന്റെ അടുത്തുള്ളവർ തന്നാ. എന്ത് സഹായത്തിനും അവർ കൂടെയുണ്ടാവും. ഞാൻ അവർക്ക് വേണ്ടത് ചെയ്തു കൊടുക്കുന്നുണ്ട്.”
വണ്ടിയുടെ മുൻസീറ്റിൽ ഇരിക്കുന്ന അമ്മുവിനോട് രാജൻ പറഞ്ഞു. അവൾ തലയാട്ടി. അമ്മു പക്ഷെ ആ യുവാക്കൾ തന്റെ ശരീരത്തെ ആർത്തിയോടെ നോക്കുന്നത് അറിഞ്ഞില്ല. തങ്ങൾ കൊന്നു തള്ളിയ ശരീരം എങ്ങിനെയും ഒഴിവാക്കുക എന്ന ചിന്ത മാത്രമേ അവളുടെ മനസ്സിൽ ഉണ്ടായിരുന്നുള്ളൂ. വാഹനം രാജനെ കടന്ന് പിന്നിലേക്ക് നീങ്ങി റോഡിലേക്ക് പ്രവേശിച്ചു ഇരുണ്ടു തുടങ്ങിയ സന്ധ്യയിലൂടെ ശരത്തിന്റെ ശവവും പേറി പാഞ്ഞുപോയി. തന്റെ വാഹനത്തിന്റെ അടുത്തേക്ക് നടന്ന രാജൻ കാറിൽ കയറി അവർ പോയ വഴിയിലേക്ക് വാഹനം ഓടിച്ചു.
രാജൻ പറഞ്ഞു നിർത്തിയപ്പോൾ വാഹിദ് അമ്മുവിന്റെ മുഖത്തേക്ക് നോക്കി. അവൾക്ക് യാതൊരു ഭാവമാറ്റവും ഇല്ലായിരുന്നു. വളരെ ശാന്തയായി തലതാഴ്ത്തി ഇരിക്കുകയാണ്. ആതിര അമ്മുവിനെയും വാഹിദിനെയും നോക്കി. കിഷോർ ഇനിയെന്താണ് ചോദിക്കേണ്ടത് എന്ന ആലോചനയിൽ അൽപനേരം മൗനമായി ഇരുന്നതിനു ശേഷം പോക്കറ്റിൽ നിന്ന് ഒരു സിഗരറ്റ് എടുത്തു കത്തിച്ചു.
“പിന്നെന്തിനാണ് ശാരികയെ ഇല്ലാതാക്കിയത്? മകളുടെ കാമുകനെ അവൾക്ക് തിരികെ കൊടുക്കാൻ വേണ്ടിയോ?”
കിഷോർ ഒരു കവിൾ പുക നീട്ടി ഊതിയിട്ടു രാജനോട് ചോദിച്ചു. ഇരുട്ടും വെളിച്ചവും രഹസ്യം പറയുന്ന ആ വിശാലമായ മുറിയിൽ നീലിമ കലർന്ന പുകപടളങ്ങൾ വളഞ്ഞുപുളഞ്ഞു വായുവിൽ അലിഞ്ഞു ചേർന്നു. രാജൻ അമ്മുവിനെ നോക്കിയിട്ട് കിഷോറിനു നേരെ മുഖം തിരിച്ചു.
“ഒരിക്കലുമല്ല. ഒരു പുരുഷനെ ഇഷ്ടമാണെങ്കിൽ അവനെ സ്വന്തമാക്കാനുള്ള ഉത്തരവാദിത്തം അവൾക്കാണ്. മറ്റൊരാളെ കൊന്ന് അവനെ അവൾക്ക് ദാനം ചെയ്യാൻ മാത്രം വിഡ്ഢിയായ അച്ഛനല്ല ഞാൻ.”
രാജൻ ഉറച്ച ശബ്ദത്തിൽ കിഷോറിനെ തിരുത്തി. വാഹിദിനു ആ നിലപാടിനോട് മതിപ്പു തോന്നി. പിന്നെന്തിനാണ് രാജൻ അവളെ കൊന്നുകളഞ്ഞതെന്ന് അവന് അറിയാവുന്ന കാര്യമാണ്. എങ്കിലും രാജൻ അത് ഏറ്റുപറയുന്നത് കേൾക്കാൻ അവനൊരു താത്പര്യം തോന്നി. കാരണം കമ്പനി തട്ടിയെടുക്കാൻ താനാണ് അവളെ കൊന്നുകളഞ്ഞതെന്ന് പറഞ്ഞു നടന്നത് രാജൻ തന്നെയായിരുന്നു.
വാഹിദ് കാര്യങ്ങളൊക്കെ എലിസബത്തിൽ നിന്ന് മനസ്സിലാക്കിയപ്പോൾ എലിസബത്തിനെ തീർത്തുകളയാൻ ആയിരുന്നു ആദ്യം പ്ലാൻ ചെയ്തത്. പക്ഷേ എലിസബത്തിന്റെ പ്രണയം അവളുടേത് മാത്രമായിരുന്നു. വാഹിദിനു തിരികെ പ്രണയമൊന്നും ഉണ്ടായിരുന്നില്ല. അതുകൊണ്ട് അവളെ കൊന്നത് കൊണ്ട് പ്രത്യേകിച്ച് ഗുണം ആർക്കുമുണ്ടാകില്ല. വാഹിദ് അറിയേണ്ടത് മുഴുവൻ അറിയുകയും ചെയ്തു. അങ്ങിനെ ആ തീരുമാനം ഉപേക്ഷിച്ചു. അതിന് മറ്റൊരു കാരണംകൂടി ഉണ്ടായിരുന്നു. അവൾകാരണം എല്ലാം നഷ്ടമായ ജോർജ് കാര്യമായ പരിക്കുകളുമായി ജീവനോടെ തിരിച്ചു വന്നപ്പോൾ അവളുടെ കാര്യം അയാൾ നോക്കിക്കോളും എന്ന് ഉറപ്പായിരുന്നു.
പക്ഷേ, അത്ര കാലവും പ്രത്യേകിച്ച് എതിർപ്പുകൾ ഒന്നും ഇല്ലാത്തിരുന്ന ശാരിക വിലങ്ങുതടിയാവാൻ തുടങ്ങിയതോടെ ഇനിയുള്ള മുന്നോട്ടുള്ള പോക്ക് ബുദ്ധിമുട്ടാണെന്ന് മനസ്സിലായി. ഒരുദിവസം രാത്രി അവളും വാഹിദും തമ്മിൽ തർക്കം നടക്കുകയും അവൾ തനിക്ക് ഫോൺ ചെയ്തു എല്ലാ രഹസ്യ ഏർപ്പാടുകളും ഒറ്റയടിക്ക് നിർത്തണമെന്ന് വാശിപിടിക്കുകയും ചെയ്തപ്പോൾ എല്ലാം തലകീഴായി തകിടം മറിയുമെന്ന് മനസ്സിലായി. ശരത്ത് ജീവനോടെയുണ്ട് എന്ന് തന്നെ വിശ്വസിച്ചിരുന്ന ശാരിക അവനെ നേരിട്ട് കാണണമെന്നും അവൾക്ക് അത്യാവശ്യമായി കുറച്ച് കാര്യങ്ങൾ സംസാരിക്കണമെന്നും തർക്കിച്ചു. അത് നടന്നില്ലെങ്കിൽ വാഹിദിന്റെ സുഹൃത്തായ പോലീസ് ഇൻസ്‌പെക്ടർ കിഷോറിനോട് കുറ്റസമ്മതം നടത്തുമെന്നും ഇതിന്റെ പിറകിലുള്ള എല്ലാ വലിയ തലകളും തൂങ്ങുമെന്നും ഭീഷണിപ്പെടുത്തി.
