ഒതുക്കുകല്ലുകൾ ഇറങ്ങി റോഡിൽ എത്തിയപ്പോൾ അവൻ തന്റെ പിന്നിൽ നിന്ന് മാറാൻ വേണ്ടി ആതിര ഒന്ന് ഒതുങ്ങി നിന്നു. വാഹിദ് നടക്കാൻ തുടങ്ങിയപ്പോൾ അവളും ഒപ്പം നടന്നുതുടങ്ങി.
കേട്ട കാര്യങ്ങൾ ചർച്ച ചെയ്യാൻ പറ്റിയ വിഷയങ്ങൾ അല്ലാത്തിരുന്നത് കൊണ്ടും, അപരിചതരായ ഒരാണും പെണ്ണും ഒന്നിച്ചു കേൾക്കാൻ അത്ര സ്വഭാവികമാല്ലാത്ത കാര്യങ്ങൾ ആയിരുന്നത് കൊണ്ടും, രണ്ടുപേർക്കുമിടയിൽ ഒരു മൗനം തളം കെട്ടി നിന്നു. ഒടുവിൽ വാഹിദ് തന്നെ ആ മൗനം മുറിച്ചു.
“സമയം ഒരു മണി കഴിഞ്ഞു. ഇയാൾക്ക് വിശക്കുന്നില്ലേ.”? അവൻ അവളെ നോക്കി.
“ഹലോ, ഞാനൊരു എസ്.ഐ റാങ്കിലുള്ള പോലീസ് ഉദ്യോഗസ്ഥയാണ്. കോൾ മി മാഡം, മനസ്സിലായോ. അവന്റെയൊരു ഇയാൾ വിളി. ” ആതിര ദേഷ്യപ്പെട്ടു.
വാഹിദ് മറുപടിയൊന്നും പറഞ്ഞില്ല. അവൾ എന്തുകൊണ്ടാണ് അങ്ങിനെ പ്രതികരിച്ചതെന്നു അവന് മനസ്സിലായി. അവളിലെ സ്ത്രീത്വം ഉണർന്നത് താൻ തിരിച്ചറിയുന്നുണ്ട് എന്ന ജാള്യതയും താനൊരു ബഹുമാണിക്കപ്പെടേണ്ട സ്ഥാനത്തിരിക്കുന്ന വ്യക്തിയാണെന്ന സ്വബോധവുമാണ് അവളുടെ ഈ പ്രതികരണത്തിന് നിതാനം.
പക്ഷേ, “ഇട്സ് ഓൾ റൈറ്റ്, ഐ ആം സോറി” എന്നൊരു മറുപടി അവനിൽ നിന്ന് പ്രതീക്ഷിച്ച ആതിരയ്ക്ക് ആ ഒഴിഞ്ഞു മാറ്റം ഒരു അപമാനമായി തോന്നി. അവർക്കിടയിൽ മൗനം തുടർന്നു. ഒന്നും ഉരിയാടാതെ രണ്ടുപേരും റോഡിലൂടെ ഒപ്പത്തിനൊപ്പം നടന്നു. ഉച്ചയുടെ വെയിലിലൂടെ നീണ്ടുവന്ന ചെറുകാറ്റിന്റെ വിരലുകൾ രണ്ടുപേരുടെയും മുടിയിഴകളെ ഇക്കിളിപ്പടുത്തികൊണ്ടിരുന്നു.
നാണി മുത്തശ്ശിയുടെ വീട്ടിൽ നിന്നിറങ്ങി നേരെ നടന്ന് ഇടത്തോട്ട് വളവു തിരിഞ്ഞാൽ റോഡ് നീണ്ടുപോകുന്നു. പിന്നീട് വീണ്ടും ഒരു വളവു തിരിഞ്ഞാൽ സ്‌കൂളാണ്. അതിന്റെ ഇടതു ഭാഗത്താണ് അവർ താമസിക്കുന്ന വീട്.
കുറച്ച് കൂടി മുന്നോട്ട് നടന്ന് വളവിലെത്തിയപ്പോൾ എതിരെ ഒരു കറുത്ത ബൊലേറോ വാഹനം കടന്നു വന്നു. രണ്ടുപേരും റോഡിന്റെ ഇടതു വശത്തേക് പരമാവധി ഒതുങ്ങി നിന്നു. പഞ്ചായത്ത് റോഡ് ആയതിനാൽ, അത്യാവശ്യം വീതിയുള്ള വാഹനം ആയതിനാൽ, അധികം വീതിയില്ലാത്തത് കൊണ്ട് രണ്ടുപേരും പറമ്പിനോട് ചേർന്ന് ഒതുങ്ങി നിന്നു.
റോഡിന്റെ രണ്ടു വശവും ഉയർന്ന പറമ്പുകളാണ്. വാഹനം വേഗത കുറച്ച് വളവിലേക്ക് പ്രവേശിച്ചു കടന്നു പോയി. പരസ്പരം തൊട്ട് തൊട്ടില്ല എന്ന മട്ടിൽ ഒതുങ്ങി നിന്ന വാഹിദും ആതിരയും റോഡിലേക്ക് പഴയ പടി മാറാൻ ശ്രമിക്കുന്നതിനിടയിൽ ആതിരയുടെ കൈയിൽ ഏതോ ചെടിയുടെ മുള്ള് ചെറുതായൊന്നു കോറിവരഞ്ഞു. അവൾ വേദനകൊണ്ട് ഒന്ന് ഞരങ്ങിപ്പോയി.
“എന്താ, എന്ത് പറ്റി.”? ശബ്ദം കേട്ട് തിരിഞ്ഞു നോക്കിയ വാഹിദ് കണ്ടത് ഇടതു കൈത്തണ്ടയിൽ ചെറുതായി ചോരപൊടിഞ്ഞു നിൽക്കുന്ന ഒരു വരയിൽ പരിശോധിക്കുന്ന ആതിരയെയാണ്.
“മുള്ളു തട്ടിയോ..”? അവൻ അവളുടെ അടുത്തേക്ക് ചെന്ന് മുറിവിലേക്ക് നോക്കി,പക്ഷേ കൈ പിടിക്കാനോ പരിശോധിക്കാനോ മുതിർന്നില്ല.
“ഊം.. ” അവൾ മൂളുക മാത്രം ചെയ്തു.
“റൂമിൽ ചെന്നിട്ട് മരുന്ന് വെക്കാം. ഒന്ന് പൊരിയതേയുള്ളൂ ന്ന് തോന്നുന്നു.” വാഹിദ് അഭിപ്രായപ്പെട്ടു. അതിന് അവൾ മറുപടിയൊന്നും പറഞ്ഞില്ല, പക്ഷേ മുറിവ് പരിശോധന നിർത്തി നടത്തം ആരംഭിച്ചു. ചെറിയൊരു മൗനത്തിനോടുവിൽ വാഹിദ് സംസാരിക്കാൻ തുടങ്ങി.
“മാഡം ഇങ്ങനെ കോപിക്കേണ്ട ആവശ്യമൊന്നും ഇല്ല. ഞാൻ ഉദ്ദേശിച്ചത് ആ വൃദ്ധയിൽ നിന്ന് കൂടുതൽ വിവരങ്ങളൊന്നും പ്രതീക്ഷിക്കണ്ടന്നാ.അല്ലാതെ നിങ്ങൾ ഉദ്ദേശിക്കുന്ന പോലെ മറ്റൊന്നും അല്ല.” വാഹിദ് ആതിരയുടെ മുഖത്ത് നോക്കാതെ പറഞ്ഞു.
“ഞാൻ എന്ത് ഉദ്ദേശിച്ചത് പോലെയെന്നാ പറഞ്ഞു വരുന്നത്..? ശരിക്കങ്ങു മനസ്സിലായില്ല.” ആതിര അൽപ്പം ഈർഷ്യയോടെ ചോദിച്ചു.
“അവർ പറഞ്ഞ മസാല കഥകളൊന്നും ഇനി പ്രതീക്ഷിക്കണ്ട എന്നാവും ഞാൻ അർത്ഥമാക്കിയത് എന്ന ഉദ്ദേശം,അല്ലാതെന്ത്.” വാഹിദ് ശാന്തമായി മറുപടി നൽകി.
