“ചോദിക്കാൻ തോന്നിയില്ല, നല്ല വിശപ്പുണ്ടായിരുന്നു. ഇയാൾ അപ്പൊ ഇത് എനിക്ക് കൊണ്ടുവന്നത് ആയിരുന്നില്ലേ.?” അവൾ അങ്കലാപ്പിൽ അവനെ തന്നെ നോക്കിക്കൊണ്ടിരുന്നു.
“കെട്ട്യോൾ ഒന്നും അല്ലല്ലോ കെട്ടിവലിച്ചു കൊണ്ടുവന്നു തീറ്റിക്കാൻ.” അവൻ പുച്ഛത്തോടെ അവൾ മുമ്പ് പറഞ്ഞ അതേ കാര്യം ആവർത്തിച്ചു മറുപടി പറഞ്ഞു.
“അതെന്തേ, ഇയാൾക്ക് കെട്ട്യോൾ മാത്രേ പെണ്ണാവുകയുള്ളൂ, മറ്റുള്ളവരൊക്കെ വേറെ വല്ലതുമാണോ.?” അവൾ പുച്ഛത്തോടെ ചുണ്ട് കോട്ടി. അവൻ നിർന്നിമേഷം അവളെത്തന്നെ നോക്കിനിന്നതേയുള്ളൂ.
“ഓഹ് അങ്ങനെ വരാൻ വഴിയില്ല ല്ലോ. കെട്ട്യോൾ മാത്രം പെണ്ണായിട്ട് തോന്നുന്നവർ ഉറങ്ങിക്കിടക്കുന്ന പെണ്ണിനെ ഒളിഞ്ഞു നോക്കില്ല ല്ലോ.” അവൾ ഭക്ഷണം കഴിക്കൽ തുടർന്നു കൊണ്ട് അർത്ഥം വച്ചു പറഞ്ഞു. അതുകേട്ടപ്പോൾ വാഹിദ് ഒന്ന് പരുങ്ങി. അത് കണ്ടപ്പോൾ ആതിരയുടെ ചുണ്ടിൽ ഒരു ചിരി തെളിഞ്ഞെങ്കിലും അവളത് വിദഗ്ദമായി ഒളിപ്പിച്ചു.
“എനിക്ക് തന്നോട് കഴപ്പ് വല്ലതും ഉണ്ടെന്ന് കരുതിയിട്ടാണ് ഈ മുടിഞ്ഞ ബോഡി പ്രദർശനമെങ്കിൽ അതങ്ങു മനസ്സിൽ വച്ചാൽ മതി. പോയി ഷർട്ട് ഇട്ടിട്ട് വരണം മിസ്റ്റർ ഡീറ്റെക്റ്റീവ്.” അവൾ അൽപ്പം പരുഷമായ സ്വരത്തിൽ തട്ടിക്കേറി. അപ്പോഴാണ് താൻ മുണ്ട് മാത്രമേ ഉടുത്തിട്ടുള്ളൂ എന്ന് വാഹിദ് ബോധവാൻ ആകുന്നത്.
അവൻ വേഗം അകത്തേക്ക് കടന്നു. അവന്റെ പിന്നാലേ ആതിരയും എഴുന്നേറ്റ് അകത്തേക്ക് കടന്നു. അവൻ ഷർട്ട് അണിഞ്ഞു കഴിയുന്നത് വരെ ഒന്നും മിണ്ടാതെ നോക്കി നിന്നതിനു ശേഷം, അവൾ അവനോട് സൗഹാർദ്ധ സ്വരത്തിൽ ചോദിച്ചു.
“അല്ലാ, ഭക്ഷണം കഴിച്ചില്ലെന്നു പറഞ്ഞത് ഉള്ളതാണോ. ഞാൻ കരുതി അവിടെനിന്നു കഴിച്ചു കാണും, വരുമ്പോ എനിക്ക് വാങ്ങിച്ചതാവും ന്ന്.” അവൾ അവന്റെ മറുപടിക്ക് കാത്തു നിന്നു.
“സാരമില്ല, മാഡം കഴിച്ചോളൂ. എന്നോട് കാരണം പോലും അറിയാതെ തട്ടിക്കേറുകയും എന്നിട്ട് ഞാൻ കൊണ്ടുവന്ന ഭക്ഷണം എന്നോട് ചോദിക്കുക പോലും ചെയ്യാതെ സ്വയം ഇഷ്ടപ്രകാരം കഴിക്കുകയും ചെയ്യുന്നത് കണ്ടപ്പോ അല്പം മുഷിച്ചൽ തോന്നി എന്നേയുള്ളൂ. വെറുമൊരു പട്ടിക്കുള്ള വിലപോലും നിങ്ങൾ എനിക്ക് നൽകുന്നില്ലന്ന് തോന്നി. നിങ്ങൾ കഴിച്ചോ, നോ ഇഷ്യൂ.” അവൻ പ്രത്യേകിച്ച് അസ്വസ്ഥതകൾ ഒന്നും ഇല്ലാതെ പറഞ്ഞു.
“നല്ല ബിരിയാണിയാ. ഗംഭീര ടേസ്റ്റ്. ഇത് ഒരു ഭീകര തടിമാടൻ ഗുസ്തിക്കാരന് വയറു നിറയെ തിന്നാൻ മാത്രം ഉണ്ട്, എനിക്ക് ഇതിന്റെ പാതിപോലും തിന്നാൻ പറ്റില്ല. ഇതിൽ നിന്ന് നിങ്ങൾക്ക് കഴിക്കാൻ പറ്റില്ലേ.?” അല്പം കുറ്റബോധം കലർന്ന സ്വരത്തിൽ ആതിര ചോദിച്ചു.
“ഹേയ് അതൊന്നും വേണ്ട, നിങ്ങൾ കഴിച്ചോളൂ. ഞാൻ എന്തേലും ചെയ്തോളാം. ടൈം ഉണ്ടല്ലോ.” അവൻ അവളെ നോക്കി പുഞ്ചിരിച്ചു.
“ഓഹ്, ഞാൻ കൈ തൊട്ടതു കൊണ്ടാവും. എച്ചിൽ ആയല്ലോ അതുകൊണ്ടാവും. എനിക്കൊരു അബദ്ധം പറ്റി.” ആതിരയുടെ സ്വരത്തിൽ അൽപ്പം പതർച്ച കലർന്നത് വാഹിദ് മനസ്സിലാക്കി.
“എന്തൊരു കഷ്ടമാണ്. നിങ്ങൾക്ക് വിശക്കുന്നുണ്ടാവും ആവശ്യത്തിന് കഴിച്ചോട്ടെ എന്നെ ഉദ്ദേശിച്ചുള്ളൂ. എന്തിനാണ് എല്ലാറ്റിലും യാതൊരു ബന്ധവും ഇല്ലാത്ത അർത്ഥങ്ങൾ കൊടുക്കുന്നത്.”
ദേഷ്യത്തോടെ വാഹിദ് അവളുടെ അടുത്തേക്ക് വന്നു പാത്രത്തിൽ നിന്ന് ഭക്ഷണം വാരി വായിലേക്കിട്ടു. ആതിര ചുണ്ടിൽ വിടർന്ന കുസൃതിചിരി വാഹിദ് കാണാതിരിക്കാൻ തിരിഞ്ഞു കസേരയിൽ വന്നിരുന്നു. പിന്നെ ഭക്ഷണം കഴിക്കാൻ തുടങ്ങി. മാത്രമല്ല, അവന്റെ നേരെ ഭക്ഷണം നീട്ടി “മ്മ്മ് മ്മ്മ്” എന്നു വിളിച്ചു നിരന്തരം ഭക്ഷണം കഴിച്ചു തീർക്കാൻ നിർബന്ധിക്കുകയും ചെയ്തു.
വലിയ താത്പര്യം ഇല്ലാതിരുന്നിട്ടും വാഹിദ് അവൾക്കൊപ്പം ഭക്ഷണം കഴിച്ചു തീർത്തു. അവൾ പാത്രത്തിൽ നിന്ന് ഭക്ഷണം എടുത്തതിനു ശേഷമേ അവൻ പാത്രത്തിൽ കൈയിടുന്നുള്ളൂ എന്ന് ആതിര ശ്രദ്ധിച്ചു. ഭക്ഷണം തീർന്നപ്പോൾ രണ്ടുപേരും കൈകഴുകി വരാന്തയിൽ വന്നിരുന്നു.
