ഇറക്കമിറങ്ങി സ്‌കൂളിന്റെ പരിസരത്തെത്തിയപ്പോൾ വീട്ടിലേക്ക് വാഹനം കയറ്റി മുറ്റത്ത് വണ്ടി നിർത്തി. ആതിര ചെന്നു ഗ്രിൽസ് തുറന്ന് ലൈറ്റ് ഇട്ടിട്ട് വാതിൽ തുറന്ന് അകത്തുകയറി. വാഹിദും പിന്നാലെ ചെന്നു. ഗ്രിൽസ് ലോക്ക് ചെയ്തു അകത്തേക്ക് കടന്നു വസ്ത്രമഴിച്ചു കൈലി മുണ്ടും ബനിയനും ധരിച്ചു വരാന്തയിൽ വന്ന് ഗ്രിൽസിൽ കാലുകൾ ഉയർത്തി വച്ചു കസേരയിൽ ചാരി ഇരുന്നു.
പടിഞ്ഞാറൻ കാറ്റിന്റെ കുളിരുണ്ട്. തൊടിയിലെ ഇലക്കൂട്ടങ്ങളിൽ കാറ്റ് പിടിക്കുന്ന ചെറിയ ഹുങ്കാര ശബ്ദം ഇടവിടാതെ ഉയർന്നുകൊണ്ടിരിക്കുന്നു. റോഡിനപ്പുറം ചെറിയൊരു ഇറക്കമിറങ്ങിയാൽ സ്‌കൂൾ മൈതാനവും സ്‌കൂളും അരണ്ട രാവെളിച്ചതിൽ അവ്യക്തമായി ഇരുണ്ട സുതാര്യതയിൽ കാണാം.
അതിന് പിന്നിൽ ആരുടെയൊക്കെയോ തെങ്ങിൻ തൊപ്പുകളുടെ തലപ്പും വിശാലമായ ആകാശവും രാത്രിയുടെ സാന്ദ്രതയിൽ ശാന്തമായി വിശ്രമിക്കുന്നു. കുറച്ച് കഴിഞ്ഞു ചുവന്ന നൈറ്റി ധരിച്ച ആതിരയും അവിടെയെത്തി ഒരു കസേരയിൽ അവന്റെ സമീപത്തിരുന്നു.
കുറച്ച് നേരം കൈവിരലുകൾ പരിശോധിക്കുന്നത് പോലെ നീട്ടിയും മടക്കിയും ആതിര നിശബ്ദയായി ഇരുന്നിട്ട് ആതിര അവന് നേരെ തിരിഞ്ഞു.
“എന്താണ് ഇത്ര വലിയ ആലോചന. നിലവിലെ കാമുകിമാരുടെ എണ്ണമെടുക്കുകയാവും.” അവൾ ഒളിപ്പിച്ചു നിർത്തിയ പുഞ്ചിരിയോടെ പറഞ്ഞു. വാഹിദ് ഒരു കുസൃതി ചിരിയോടെ മറുപടി പറയാൻ ശ്രമിച്ചതും പൊടുന്നനെ എന്തോ കണ്ടത് പോലെ ശ്രദ്ധ റോഡിലേക്ക് തിരിഞ്ഞു.
അവന്റെ നെറ്റിയിൽ ചുളിവുകൾ വീഴുകയും കണ്ണുകൾ ഒന്ന് കുറുകുകയും ചെയ്തു. ആതിര ആ ഭാവമാറ്റം ശ്രദ്ധയിൽ പെട്ടപ്പോൾ റോഡിലെ ഇരുട്ടിലേക്ക് നോക്കി. പ്രത്യേകിച്ച് യാതൊന്നും കാണാൻ സാധിച്ചില്ല.
“എന്താ, എന്ത് പറ്റി. ആ പട്ടിയെങ്ങാനും വീണ്ടും വന്നോ.?” അവൾ സംശയത്തോടെ അവന്റെ മുഖത്തേക്ക് നോക്കി.
“എങ്കിൽ പോട്ടെന്ന് വെക്കാമായിരുന്നു. ബട്ട് ഈ ദുരൂഹമായ കേട്ടുകേൾവികൾ ഉള്ള നാട്ടിൽ, സൂര്യൻ അസ്‌തമിച്ചാൽ ആളുകൾ വീടുകളിൽ കേറി ഒളിക്കുന്നു നാട്ടിൽ ഇത് തികച്ചും അത്ഭുതമാണല്ലോ.” അവൻ എഴുന്നേറ്റ് ലൈറ്റ് ഓഫ് ചെയ്തിട്ട് ഗ്രിൽസിന്റെ സമീപത്തു വന്നു നിന്ന് പുറത്തേക്ക് നോക്കി.
ഇരുട്ട് കൂടിയതും ആതിര ചെറുതായൊന്നു പതറി. അവൾ വേഗം എഴുന്നേറ്റ് അവന്റെ ശരീരത്തിൽ മുട്ടിയിരുമ്മി ഗ്രിൽസിലൂടെ റോഡിലേക്ക് നോക്കിനിലപായി. എന്താണ് വാഹിദ് കണ്ടിരിക്കുന്നത് എന്ന് ആതിരയ്ക്ക് യാതൊരു ധാരണയും കിട്ടിയില്ല.അവൾ ഇരുട്ടിലേക്കും സ്‌കൂളിന്റെ അങ്ങേയറ്റത്തുള്ള വളവിലെ പഴകിയ സ്ട്രീറ്റ് ലൈറ്റിന്റെ അരണ്ട മഞ്ഞ വെളിച്ചതിലേക്കും തുറിച്ചു നോക്കി.
“എന്തുവാ ആ അത്ഭുതകാഴ്ച. ഒന്ന് തെളിച്ചു പറയൂ.” അവൾ അക്ഷമയായി. വാഹിദ് കുറച്ച് നേരം കൂടി അതേ നിൽപ് തുടർന്നു. പിന്നെ കസേരയിൽ ചെന്നിരുന്നു.ആതിര അവന്റെ അഭിമുഖമായി അവിടെ തന്നെ നിന്നു. തണുത്ത കാറ്റ് പിറകിൽ വന്നു പുണരുന്നത് പോലെ അവൾ ആസ്വദിച്ചു.
“ഇരുട്ടിലൂടെ രണ്ടുപേർ നടന്ന് പോകുന്നത് പോലെ തോന്നി. റോഡിലൂടെയല്ല സ്‌കൂളിന്റെ മറുഭാഗം വഴി ലൈറ്റ് ഇല്ലാത്ത ഭാഗം വഴി രണ്ടുപേർ റോഡിലേക്ക് കയറി അങ്ങോട്ട് പോകുന്നത് പോലെ തോന്നി.” വാഹിദ് ആതിരയുടെ മുഖത്തേക്ക് നോക്കിക്കൊണ്ട് പറഞ്ഞു. അവൾ വേഗം അവിടെ നിന്നു നീങ്ങി, കസേര അവന്റെ അടുത്തേക്ക് കുറച്ചുകൂടി അടുപ്പിച്ചു വച്ചിട്ട് അതിലിരുന്നു.
“തോന്നിയതാണോ, അതോ ഉറപ്പാണോ? ആളുകൾ ഇത്ര ഭയന്ന് ജീവിക്കുന്ന ഈ സമയത്ത് എല്ലാരും വീടടച്ചു അകത്തിരിക്കുമ്പോ അങ്ങിനെ സംഭവിക്കാൻ വഴിയുണ്ടോ.?” അവൾ തന്റെ സംശയം പ്രകടിപ്പിച്ചു.
അതുതന്നെയായിരുന്നു വാഹിദും ചിന്തിച്ചുകൊണ്ടിരുന്നത്. താൻ വ്യക്തമായി കണ്ടതാണല്ലോ, രണ്ടു രൂപങ്ങൾ തിരക്കിട്ടു നടന്ന് പോകുന്നത്. തോന്നലായിരിക്കുമോ? അല്ല, ഇരുട്ടിൽ രണ്ടു രൂപങ്ങൾ കാക്കേരി ഭാഗത്തേക്ക് പോയിട്ടുണ്ട്.
