“അതൊന്നും ആരും ഇപ്പോൾ ശ്രദ്ധിക്കാറില്ല. ഇവിടുത്തെ കാര്യങ്ങളൊക്കെ അറിയാവുന്നതല്ലേ. അസമയത്ത് പുറത്തിറങ്ങിയാൽ ഇവിടെ അങ്ങിനെയൊക്കെ ശബ്ദം കേൾക്കും.” ആ മനുഷ്യൻ പറഞ്ഞു.
“എന്നിട്ടും ആരും ഇറങ്ങിവന്നത് കണ്ടില്ല ല്ലോ. എന്താ സംഭവമെന്ന് അറിയാൻ പോലും ആരും ശ്രമിക്കാറില്ലേ.?” വാഹിദിന്റെ നെറ്റി ചുളിഞ്ഞു.
“ഇല്ല. ഇവിടിപ്പോ ഇടക്കൊക്കെ പെണ്ണിന്റെ കരച്ചിലും നിലവിളികളും ഒക്കെ കേൾക്കാറുണ്ട്. ആ കാഞ്ഞിരം മുറിച്ചതിൽ പിന്നെ അതൊക്കെ പതിവാണ്. ആരുടെ കരച്ചിൽ ആണെന്ന് അറിയാവുന്നത് കൊണ്ട് ആരും പുറത്തിറങ്ങി നോക്കാറില്ല.” അയാൾ പറഞ്ഞു.
എന്താണ് അയാൾ അർത്ഥമാക്കിയതെന്ന് വാഹിദിനു മനസ്സിലായി. ഇവരൊക്കെ വിശ്വസിച്ചിരിക്കുന്നത് പണ്ടെന്നോ ദുർമരണം നടന്നു എന്ന് കരുതുന്ന ആ പെൺകുട്ടിയുടെ പ്രേതമാണ് ഈ ശബ്ദങ്ങളൊക്കെ ഉണ്ടാക്കുന്നത് എന്നാണ്.
പലപ്പോഴും ഇതുപോലെ പെണ്ണുങ്ങൾ ഇതുപോലെ നിലവിളിച്ചിട്ടുണ്ട് എങ്കിൽ, യുവാക്കൾ മാത്രമല്ല യുവതികളും കാണാതായിക്കാണണം. അല്ലെങ്കിൽ രാത്രികാലങ്ങളിൽ പലവട്ടം പെണ്ണുങ്ങളെ ആരോ ഇവിടങ്ങളിൽ കൊണ്ടുവന്നിരിക്കണം. എന്തോ കണ്ട് നിലവിളിച്ചു ഭയന്നോടിയിരിക്കണം.
“എന്നിട്ട് ഏതെങ്കിലും പെണ്ണുങ്ങൾ എന്തെങ്കിലും കണ്ടതായി പറഞ്ഞു കേട്ടതായി ചേട്ടന് അറിവുണ്ടോ?” വാഹിദ് അയാൾ നിൽക്കുന്ന തിണ്ടിന്റെ സമീപത്തേക്ക് ചെന്നു.
“നിങ്ങൾ ആരാണ്. പോലീസോ മറ്റോ ആണോ? ഇവിടെ രണ്ടുമൂന്നു ദിവസങ്ങളായല്ലോ കാണാൻ തുടങ്ങിയിട്ട്.” അയാൾ മറുപടിക്ക് പകരം മറുചോദ്യം ഉന്നയിച്ചു.
“ഞാനൊരു ത്രില്ലെർ സ്റ്റോറി എഴുതുന്നുണ്ട്. സിനിമയ്ക്കു സ്ക്രിപ്റ്റ് എഴുതാനാണ്. അപ്പോഴാ ഈ നാട്ടിൽ ഇങ്ങനെയൊരു കഥയുണ്ടെന്നു കേട്ടത്. അപ്പൊ അതൊക്കെ അറിഞ്ഞു മനസ്സിലാക്കി എഴുതാമെന്ന് കരുതി വന്നതാ. ഇതാണോ ചേട്ടന്റെ വീട്.?” ആ മനുഷ്യൻ നിൽക്കുന്ന പറമ്പിന്റെ ബാധ്യഭാഗത്തു കണ്ട വലിയൊരു ഓടിട്ട പഴയ മോഡൽ തറവാട് വീട് നോക്കി വാഹിദ് ചോദിച്ചു.
“അതേ. എന്റെ വീടാണ്. എഴുത്തുകാരൻ ആണല്ലേ. എങ്കിൽ കൂടെയുള്ളത് ഭാര്യാകുമല്ലോ. വരൂ, വിരോധമില്ലെങ്കിൽ വീട്ടിലൊന്ന് കയറിയിട്ട് പോകാം.” ആദ്യമായി ഒരു സാഹിത്യകാരനെ നേരിൽ കണ്ടതിന്റെ വിസ്മയവും ആഹ്ലാദവും അയാളുടെ കണ്ണുകളിൽ പ്രതിഫലിച്ചു. അഭിമാനത്തോടെ അയാൾ വാഹിദിനെ വീട്ടിലേക്ക് ക്ഷണിച്ചു.
വാഹിദ് കുറച്ച് മുന്നോട്ട് നടന്ന് നീണ്ട നടപ്പാതയുള്ള ആ വീടിന്റെ പ്രവേശന വഴിയിലൂടെ ആ വീട്ടിലേക്ക് നടന്നു. പറമ്പിൽ നിന്ന് നടന്നു വന്ന് നടപ്പാതയിലേക്ക് ചാടിയിറങ്ങി അയാളും അവന്റെയൊപ്പം ചേർന്ന് നീങ്ങി.
“ചേട്ടന്റെ പേരെന്താ.? ഈ നാട്ടിൽ എല്ലാവരും ഒരുമാതിരി സംശയത്തോടെയാ എന്നെ നോക്കുന്നത്. അതുകൊണ്ട് ആരും സംസാരിക്കാൻ താത്പര്യം കാണിച്ചില്ല.” വാഹിദ് യാഥാർഥ്യം വ്യക്തമാക്കി.
“എന്റെ പേര് സുരൻ. എല്ലാരും സുരേട്ടൻ എന്ന് വിളിക്കും. നിങ്ങൾ ഈ നാട്ടിലെ കഥകളൊക്കെ കേട്ടിട്ടുണ്ട് എന്നല്ലേ പറഞ്ഞത്. അപ്പൊ അവർ പുതുതായി വന്ന് താമസിക്കുന്ന ഒരാളെ സംശയത്തോടെയല്ലേ നോക്കൂ, അവരെ കുറ്റം പറയാൻ പറ്റില്ല.” സുരേട്ടൻ ചെറിയ പുഞ്ചിരിയോടെ പറഞ്ഞു. അവർ നടന്ന് മുറ്റം കടന്നു വരാന്തയിലേക്ക് കയറി. വിശാലമായ പറമ്പിൽ യഥേഷ്ടം മരങ്ങൾ. വാഴയും കവുങ്ങും തെങ്ങുമാണ് കൂടുതൽ. സുരേട്ടന്റെ കൂടെ വാഹിദ് വരാന്തയിലെ കസേരയിൽ ഇരുന്നു.
ശക്തിയാർജ്ജിച്ചിട്ടില്ലാത്ത പുലർകാല സൂര്യൻ സജീവമായി വെയിൽ പതിയാത്ത തൊടിയിലേക്ക് കഷ്ടപ്പെട്ട് ഒളിഞ്ഞു നോക്കുന്നത് പോലെ വാഹിദിനു തോന്നി. തണുപ്പ് സ്ഥിരതാമസമാക്കിയ പറമ്പ് പോലെ, എപ്പോഴും തണലും കുളുർമ്മയും നിലനിൽക്കുന്ന വീട്ട്പരിസരം.
“മീനൂ എടി മീനൂ..” സുരേട്ടൻ അകത്തേക്ക് നോക്കി ഉച്ചത്തിൽ വിളിച്ചു. കുറച്ച് കഴിഞ്ഞപ്പോൾ വാതിൽക്കൽ ഒരു അനക്കമുണ്ടായി. നീല നെറ്റി ധരിച്ച ഒരു സ്ത്രീ വാതിൽ കടന്നു വരാന്തയിലേക്ക് ഇറങ്ങി.
