എന്നാൽ വാതിൽ തുറന്നു അകത്തേക്ക് വന്നത് മറ്റൊരാളായിരുന്നു. അയാളെ കണ്ട് ശ്യാമ ഒന്ന് ഞെട്ടി. എന്നിട്ട് വിളിച്ചു.
“സുന്ദരൻ സാർ. സാറെന്താ ഇവിടെ.? ഞാൻ ഇവിടെ ഉണ്ടെന്ന് സാർ എങ്ങനെ അറിഞ്ഞു.?. സാറിനെ അപ്പു ഏട്ടൻ വിളിച്ചിരുന്നോ..?” ഒറ്റ ശ്വാസത്തിൽ ശ്യാമ ചോദിച്ചു.
സാർ അകത്തേക്ക് വന്നിട്ട് ശ്യാമയുടെ അമ്മയെ നോക്കി. എന്നിട്ട് ചോദിച്ചു.
“അമ്മയ്ക്ക് ഇപ്പോൾ എങ്ങനെ ഉണ്ട്….?”
“സുഖമുണ്ട് പക്ഷെ. ഞാൻ ചോദിച്ചതിന് ഒന്നും സാർ ഉത്തരം തന്നില്ലല്ലോ..സാറെന്താ ഇവിടെ.? ഞാൻ ഇവിടെ ഉണ്ടെന്ന് സാർ എങ്ങനെ അറിഞ്ഞു.?. സാറിനെ അപ്പു ഏട്ടൻ വിളിച്ചിരുന്നോ..?” ശ്യാമ വീണ്ടും അതേ ചോദ്യം ആവർത്തിച്ചു..
സുന്ദരൻ സാർ ചിരിച്ചു.
“പിന്നെ ഞാൻ എവിടെ പോകാൻ. എനിക്ക് വേണ്ടപ്പെട്ടവർ ഇവിടെ ഉണ്ടാകുമ്പോൾ ഞാൻ ഇവിടെ വേണ്ടേ…? അത് മാത്രമല്ല ഇത് എന്റെ ഹോസ്പിറ്റൽ അല്ലേ..?”
ശ്യാമ ഞെട്ടി തരിച്ചു നിന്നു പോയി. അപ്പോഴാണ് സുചിത്ര അവിടെ വന്നത്. വന്നപ്പോൾ സുന്ദരൻ സാറിനെ അവിടെ കണ്ട് സുചിത്ര ചോദിച്ചു.
“അമ്മാവൻ നേരത്തെ വന്നോ..?”
“ഇല്ല മോളെ . ഇപ്പോൾ വന്നതേ ഉള്ളൂ. നമ്മുടെ ശ്യാമയുടെ അമ്മ ഇവിടെ കിടക്കുമ്പോൾ ഒന്ന് വന്നു നോക്കാതിരിക്കുന്നത് മോശം അല്ലേ .?”
“ആ! അമ്മാവാ ഞാൻ എന്റെ ഏട്ടനെ കൊണ്ട് ശ്യാമയെ കെട്ടിച്ചാലോ എന്ന് ആലോചിക്കുകയാ.. എന്താ അമ്മാവന്റെ അഭിപ്രായം. ”
“അതിനെന്താ അത് ഒരു നല്ല കാര്യം അല്ലേ.. പക്ഷെ അതിന് അവൻ സമ്മതിക്കുമോ..?” സുന്ദരൻ സാർ ചോദിച്ചു.
“ഏട്ടനൊക്കെ എപ്പോഴേ സമ്മതിച്ചു. ഇനി ഇവളെ ഉള്ളൂ സമ്മതിക്കാൻ ബാക്കി. ” സുചിത്ര പറഞ്ഞു.
“അതൊക്കെ അവനെ കണ്ടാൽ സമ്മതിച്ചോളും. അല്ലേ ശ്യാമേ….!!” സുന്ദരൻ സാർ പറഞ്ഞു.
“സമ്മതിച്ചാൽ ഇവൾക്ക് കൊള്ളാം. അല്ലെങ്കിൽ അമ്മാവനെ
കൊണ്ട് ഞാൻ ഇവളെ കെട്ടിക്കും.”
അത് കേട്ടപ്പോൾ ശ്യാമ ശരിക്കും ഭയന്ന് വിറച്ചു. അപ്പു ഏട്ടൻ ഇത് എവിടെ പോയി. ഒന്ന് വന്നിരുന്നെങ്കിൽ. ശ്യാമ അതിയായി ആഗ്രഹിച്ചു.
“എന്നിട്ട് നിന്റെ ഏട്ടൻ എവിടെ മോളെ ..? ” സുന്ദരൻ സാർ ചോദിച്ചു.
“ഏട്ടൻ ഏതോ കള്ളന്മാരെ പിടിക്കാൻ പോയിരിക്കുകയാ. അത് കഴിഞ്ഞു ഇങ്ങോട്ട് വരും എന്നാ പറഞ്ഞത്..?” സുചിത്ര പറഞ്ഞു.
അപ്പോഴേക്കും രണ്ടു സ്ത്രീകൾ ആ മുറിയിലേക്ക് കയറി വന്നു. അതിൽ ഒരാളെ ശ്യാമ തിരിച്ചറിഞ്ഞു. അത് മറ്റാരും ആയിരുന്നില്ല. ഐ സി യു വിന്റെ മുന്നിൽ ശ്യാമ ഇരുന്നപ്പോൾ ശ്യാമയെ ചേർത്ത് പിടിച്ചവരായിരുന്നു.
സുന്ദരൻ സാറിനെ കണ്ടപ്പോൾ ആ സ്ത്രീ ചോദിച്ചു.
“ഏട്ടനോ..! ഏട്ടൻ ഇവിടെ ഉണ്ടായിരുന്നോ..? ഏട്ടൻ എപ്പോഴാ വന്നത്. ?”
“ഞാൻ ഇപ്പോൾ വന്നതേ ഉള്ളൂ. സേനൻ എവിടെ.? ഇങ്ങോട്ട് വരുന്നില്ലേ..?” സുന്ദരൻ സാർ ചോദിച്ചു.
അവിടെ നടക്കുന്നതൊന്നും ശ്യാമയ്ക്ക് മനസ്സിലായില്ല. എന്തൊക്കെയാണ് തന്റെ ചുറ്റും നടക്കുന്നത്. ഇവരൊക്കെ എന്തിനാ ഇവിടെ വരുന്നത്
“ഏട്ടന് അറിയാലോ അദ്ദേഹത്തിന് പതുക്കെയേ വരാൻ പറ്റുള്ളൂ എന്ന്. വഴിയിൽ കാണുന്നവരോടൊക്കെ സംസാരിച്ചിട്ട് പതുക്കെ വരുന്നുണ്ട്.. ”
അവർ മറുപടി പറഞ്ഞു. അതിന് ശേഷം അവർ ശ്യാമയോട് ചോദിച്ചു.
“അമ്മയ്ക്ക് എങ്ങനെ ഉണ്ട് മോളെ..? അമ്മ വല്ലതും കഴിച്ചായിരുന്നോ..? ”
ശ്യാമയുടെ മുഖഭാവം കണ്ട് സുചിത്ര പറഞ്ഞു.
“എന്റെ അമ്മേ നമ്മുടെ ശ്യാമ നിൽക്കുന്നത് കണ്ടില്ലേ. പന്തം കണ്ട പെരുച്ചാഴിയെ പോലെ.. ശ്യാമയ്ക്ക് നിങ്ങൾ ഒക്കെ ആരെന്നോ എന്തിന് ഇവിടെ വന്നെന്നോ ഒന്നും മനസ്സിലാകുന്നില്ല.. അല്ലേ ശ്യാമേ.? ”
ശ്യാമയോട് അങ്ങനെ പറഞ്ഞ ശേഷം ശ്യാമയോട് കുശലം ചോദിച്ച സ്ത്രീയെ കെട്ടിപിടിച്ചു കൊണ്ട് സുചിത്ര തുടർന്നു പറഞ്ഞു.
