” എങ്ങിനെ കാർ കൊക്കയിലേക്ക് വീണു? ആക്‌സിഡന്റ് വല്ലതും ആണോ? കൂടുതൽ അന്വേഷിച്ചില്ലേ.?” നൂറ ചോദിച്ചു.
“പിന്നില്ലാതെ.. അന്വേഷിക്കാതിരിക്കുമോ?” ഇപ്പോഴും അന്വേഷണം നടക്കുന്നു. ” അവൻ നിരാശയോടെ പറഞ്ഞു.
“എന്നിട്ട്.. ഒന്ന് വിശദമായി പറ.. വല്യ സിനിമ സ്റ്റൈൽ ജാഡ കളിക്കാതെ.” അവൾ അവനെ പിച്ചി. അവളെ ചുറ്റിപ്പിടിച്ചിരുന്ന വാഹിദിന്റെ കൈകൾ അയഞ്ഞു. പതുക്കെ മലർന്ന് കിടന്ന് അവൻ ഓർമകളിലേക്ക് സ്വയം നഷ്ട്ടപ്പെട്ടു. കാതങ്ങളും ആഴ്ചകളും മാസങ്ങളും താണ്ടി, മനസ്സ് ഭൂതകാലത്തിൽ കുടുങ്ങിക്കിടക്കുന്ന വലിയൊരു നിരാശയുടെ വിജനതയിലേക്ക് പലായനം ചെയ്തു.
അദ്ധ്യായം 9
സിറ്റിയിൽ കമ്പനിയുടെ പുതിയ ഗോഡൗൺ സെറ്റ് ചെയ്യാൻ വേണ്ടി വന്നതായിരുന്നു വാഹിദ്.
എളുപ്പം പോർട്ടിലേക്ക് product മൂവ് ചെയ്യാനും ലോക്കൽ മാർക്കറ്റിൽ distribute ചെയ്യാനും സൗകര്യമുള്ള, നഗരത്തിൽ നിന്ന് അധികം അകലെയല്ലാതെ ഒരിടം കണ്ടെത്തണം എന്ന് കമ്പനിയിൽ അവനൊരു അഭിപ്രായം ഉന്നയിച്ചിരുന്നു. ഇപ്പോഴുള്ള സ്ഥലത്തു നിന്ന് പ്രോഡക്ട് അങ്ങോട്ടേക്ക് മാറ്റി അവിടെ നിന്ന് മാർക്കറ്റിലേക്ക് ഡിസ്ട്രിബുട്ട് ചെയ്യുന്നതാവും സേഫ് എന്ന് അവൻ പറഞ്ഞപ്പോൾ അത് കുറച്ചുകൂടി ട്രാൻസ്‌പോർറ്റേഷൻ കോസ്റ്റ് കൂട്ടുമെന്ന് ഒരഭിപ്രായം രാജനും ശാരികയും ഉന്നയിച്ചെങ്കിലും, അവസാനം ആ തീരുമാനം അംഗീകരിക്കപ്പെട്ടു.
“ഇതെന്തിനാ ഇപ്പൊ അങ്ങനെ ഒരു തീരുമാനം. പ്രശ്നങ്ങൾ ഒക്കെ ഏതാണ്ട് കഴിഞ്ഞില്ലേ. ഇനിയെന്താ കുഴപ്പം.”? ശാരിക ഓഫീസിൽ നിന്ന് മടങ്ങുമ്പോൾ വഹിദിനോട് ചോദിച്ചു. കാർ ഡ്രൈവ് ചെയ്യുന്നതിൽ ശ്രദ്ധ ചെലുത്തി, ഒരു വാഹനത്തെ ഓവർടേക്ക് ചെയ്തു മുന്നിൽ കയറി വാഹിദ് പറഞ്ഞു.
“ഇതിപ്പോ ഫാക്ടറിയിൽ നിന്ന് നേരെ ഗോഡൗണിൽ വന്ന്, അവിടെ നിന്ന് കൺസൈന്‍മെന്റ് പോർട്ടിലേക്ക് പോകുവാണ്. അതായത് എക്സ്പോർട്ടിങ് പ്രോഡക്ടസ്. അത് കൊണ്ട് എന്തൊക്കെ ഐറ്റംസ് ഈ കാട് കടന്ന് കുന്നിറങ്ങി വണ്ടിയിൽ ചുരമിറങ്ങി പോകുന്നുണ്ട് എന്ന് നമുക്ക് യാതൊരു ധാരണയുമില്ല. അതിനേക്കാൾ നല്ലത് അല്ലേ, കുറച്ചുകൂടി പരിശോധന നടത്തി സാധനം കയറ്റി അയക്കുന്നത്.” അവൻ ഒരു മറുപടി പ്രതീക്ഷിക്കും വിധം നോക്കികൊണ്ട് അവളോട് പറഞ്ഞു. ശാരിക മറുപടി ഒന്നും പറയാതെ ഒന്ന് പുഞ്ചിരിച്ചു.
വിവാഹം കഴിഞ്ഞു കുറച്ച് രണ്ട് മൂന്ന് മാസങ്ങൾ മാത്രമേ കഴിഞ്ഞിരുന്നുള്ളൂ. അവളിപ്പോൾ പൂർണ്ണ ഉത്തരവാദിത്തം വാഹിദിൽ അർപ്പിച്ച് അവന്റെ പെണ്ണായി മാത്രം ഒതുങ്ങി കൂടി പ്രണയവും കുറുമ്പുകളുമായി എല്ലാ ഭാരങ്ങളിൽ നിന്നും ഒളിച്ചോടി ആഹ്ലാദത്തോടെ ജീവിക്കുകയാണ്. എപ്പോഴും പറഞ്ഞിരുന്നത് പോലെ തിരക്കുകൾ ഇല്ലാതെ, കണക്കുകളുടെ തലപുകച്ചിൽ ഇല്ലാതെ, വാഹിദ് എന്ന തന്റെ എല്ലാ അതിജീവനങ്ങളുടെയും ഉത്തരത്തിൽ അഭയം തേടി മനോഹരമായ ജീവിതത്തിലേക്ക് മാത്രം ഒതുങ്ങി, അവനെ ഇടയ്ക്കിടെ വിളിച്ചു കുറേ നേരം സംസാരിച്ചും, ഇടക്ക് ഓഫിസിലേക്ക് ചെന്ന് കാര്യങ്ങൾ ഒന്ന് കണ്ണോടിച്ചും ദിവസങ്ങൾ കൊഴിഞ്ഞു വീഴുന്ന ദിവസങ്ങൾക്കൊപ്പം പോയിക്കൊണ്ടിരുന്നു.
വാഹിദിന്റെ ജീവിതമാണെങ്കിൽ, താൻ അനുഭവിച്ചു തള്ളിയ ഏകാന്തതയുടെയും അനാഥത്വത്തിന്റെയും നിശബ്ദതയിൽ നിന്ന്, പ്രണയത്തിന്റെയും കരുതലിന്റെയും സംരക്ഷണത്തിന്റെയും വാചാലതകളിലേക്ക് സമ്പന്നമായിതീർന്നു. തിരക്ക് പിടിച്ച ദിനങ്ങൾ. വിശ്രമമില്ലാത്ത ആഴ്ചകൾ. അവൻ ഉത്തരവാദിത്തങ്ങളുടെ ഭാരങ്ങളിലേക്ക് അറിയാതെ ആനയിക്കപ്പെട്ടു.
പക്ഷേ ജീവിതം എന്തൊരു മാസ്മരിക മായാജാലക്കാരനാണ്. ഒട്ടും പ്രതീക്ഷിക്കാതെ സ്വപ്‌നങ്ങൾ കാണാൻ പ്രേരിപ്പിക്കുകയും പ്രലോഭനങ്ങളിൽ മന്ദഹാസിച്ചു തുടങ്ങുമ്പോൾ കണ്ണുരുട്ടികാണിക്കുകയും ചെയ്യുന്ന അതീന്ദ്രീയ ജാലവിദ്യക്കാരൻ. പ്രതീക്ഷകളെ താറുമാറാക്കി പ്രതിസന്ധികളെ വാരിയെറിഞ്ഞു തരുന്ന പരീക്ഷണഘട്ടം അഭിമുഖീകരിക്കാതെ തന്റെ ജീവിതം മുന്നോട്ട് പോകില്ലല്ലോ എന്ന് നിറം മങ്ങിയ പുഞ്ചിരിയോടെ വാഹിദ് ചിന്തിച്ചു.
