അവൻ പതുക്കെ മുന്നോട്ട് നടന്നു.
ചുവടൊച്ച കേട്ടപ്പോൾ ദേവിക തല ഉയർത്തി നോക്കി.
അരവിന്ദിനെ കണ്ട നിമിഷം തന്നെ പുസ്തകം അടയ്ക്കാൻ അവൾ ശ്രമിച്ചു.
എന്നാൽ ഈ തവണ അവൻ അവസരം കൊടുത്തില്ല.
“ദേവിക… ഒരു മിനിറ്റ്.”
അവളുടെ കൈ നിശ്ചലമായി.
മുഖത്ത് യാതൊരു ഭാവവും ഇല്ല.
“എനിക്ക് കുറച്ച് സംസാരിക്കണം.”
അൽപനേരം മിണ്ടാതിരുന്ന ശേഷം അവൾ പതുക്കെ എഴുന്നേറ്റു.
പക്ഷേ പോകാൻ ശ്രമിച്ചില്ല.
അത് തന്നെ അരവിന്ദിന് ഒരു ധൈര്യം നൽകി.
എത്ര ദിവസങ്ങളായി നെഞ്ചിൽ കിടന്ന വാക്കുകൾ അവൻ ഒറ്റ ശ്വാസത്തിൽ പറയാൻ തുടങ്ങിച്ചു.
“അന്ന് നടന്ന കാര്യത്തെക്കുറിച്ചാണ്.”
ദേവികയുടെ മുഖം ഒരുനിമിഷം മുറുകി.
എന്നാൽ അവൾ ഒന്നും പറഞ്ഞില്ല.
“നീ കേൾക്കണം. അത്ര മാത്രം.”
അവൻ അവളുടെ കണ്ണുകളിലേക്ക് നോക്കി.
ഇത്ര ദിവസത്തിനിടയിൽ ആദ്യമായാണ് അവൻ അവളുടെ മുന്നിൽ ഇങ്ങനെ നിൽക്കുന്നത്.
ഒരു മറയും ഇല്ലാതെ.
ഒരു തമാശയും ഇല്ലാതെ.
“അന്ന് മഴയത്ത് ഞാൻ നിന്റെ പിന്നാലെ ഓടിവന്നത് നിന്നെ സഹായിക്കാനാണ്.”
അവന്റെ ശബ്ദം ശാന്തമായിരുന്നു.
“നിന്റെ പുസ്തകങ്ങളും പേപ്പറുകളും മുഴുവൻ
നശിക്കുമെന്നു തോന്നി. അതുകൊണ്ടാണ്.”
ദേവികയുടെ കണ്ണുകൾ അവനിൽ നിന്ന് മാറിയില്ല.
“നീ മുന്നോട്ട് നടന്നപ്പോൾ ഞാൻ കുട പിടിച്ച് വന്നതാണ്. അത്ര മാത്രം.”
ഒരു നിമിഷം അവൻ നിർത്തി.
ശേഷം ഏറ്റവും ബുദ്ധിമുട്ടുള്ള ഭാഗം പറഞ്ഞു.
“നിന്നെ തൊട്ടത് അബദ്ധമായിരുന്നു ദേവിക.”
അവന്റെ ശബ്ദത്തിൽ കുറ്റബോധം വ്യക്തമായിരുന്നു.
“നീ പെട്ടെന്ന് തിരിഞ്ഞപ്പോൾ അറിയാതെ എന്റെ കൈകൊണ്ടതാണ്. അതിനു ശേഷം നടന്നത് ഞാൻ ഇച്ഛിച്ചതല്ല. “
അവൻ കണ്ണുകൾ താഴ്ത്തി.
“എന്ത് പറഞ്ഞാലും നടന്നത് ശരിയായിരുന്നില്ല. അത് ഞാൻ മനസ്സിലാക്കുന്നു.”
കാറ്റ് മാവിലകളെ ചലിപ്പിച്ചു.
ചില നിമിഷങ്ങൾ രണ്ടുപേരും മിണ്ടിയില്ല.
“പക്ഷേ…”
അരവിന്ദ് വീണ്ടും അവളുടെ മുഖത്തേക്ക് നോക്കി.
“ഞാൻ നിന്നെ അപമാനിക്കാനോ… മനഃപൂർവം സ്പർശിക്കാനോ ഒരിക്കലും ഉദ്ദേശിച്ചിട്ടില്ല.”
വാക്കുകൾ പറയുമ്പോൾ അവന്റെ കണ്ണുകളിൽ സത്യസന്ധത മാത്രമേ ഉണ്ടായിരുന്നുള്ളൂ.
“നിന്നെ അപമാനിക്കാൻ എനിക്ക് കഴിയില്ല.”
അതുകേട്ടപ്പോൾ ദേവിക അറിയാതെ അവന്റെ മുഖത്തേക്ക് വീണ്ടും നോക്കി.
ആദ്യമായി.
ശരിക്കും നോക്കി.
ഇത്ര ദിവസമായി തന്റെ മനസ്സിൽ വരച്ചുകൂട്ടിയ ചിത്രം അവൾ ഓർത്തു.
ഒരു പെൺകുട്ടിയുടെ ശരീരത്തിൽ സ്പർശിക്കാൻ അവസരം തേടിയ ഒരാൾ.
അല്ലെങ്കിൽ തന്റെ ദാരിദ്ര്യവും അവസ്ഥയും മുതലെടുത്ത ഒരാൾ.
പക്ഷേ ഇപ്പോൾ തന്റെ മുന്നിൽ നിൽക്കുന്ന മനുഷ്യന്റെ കണ്ണുകളിൽ അങ്ങനെയൊരു നിഴൽ പോലും അവൾ കണ്ടില്ല.
കുറ്റബോധം മാത്രം.
വേദന മാത്രം.
അവൾ അന്ന് മഴയിലുള്ള നിമിഷം ഓർക്കാൻ ശ്രമിച്ചു.
എല്ലാം അതിവേഗത്തിലായിരുന്നു.
കാറ്റ്.
മഴ.
കുട.
പുസ്തകങ്ങൾ.
തിരിഞ്ഞുനോട്ടം.
ഒരു നിമിഷത്തെ അബദ്ധം.
അതിനു പിന്നാലെ വന്ന ഭയം.
ഇത്രയും ദിവസം ആ സംഭവം തന്റെ കണ്ണിലൂടെ മാത്രമാണ് അവൾ കണ്ടിരുന്നത്.
ഇപ്പോൾ ആദ്യമായി അരവിന്ദിന്റെ കാഴ്ചപ്പാടിലൂടെ നോക്കാൻ ശ്രമിച്ചു.
അന്ന് തന്നെ അവൻ മാപ്പ് പറയാൻ ശ്രമിച്ചിരുന്നു.
താൻ കേൾക്കാൻ തയ്യാറായിരുന്നില്ല.
മഴയത്തിൽ പത്തായപ്പുരവരെ അവൻ പിന്തുടർന്നതും ഓർമ്മ വന്നു.
അന്ന്
തിരിഞ്ഞു നോക്കാതെത്തന്നെ അവന്റെ ശബ്ദത്തിൽ നിന്നും അവന്റെ മുഖത്ത് പരിഭ്രമമായിരുന്നു എന്നവൾ മനസ്സിലാക്കി.
മോശം ഉദ്ദേശ്യത്തോടെ ഒന്നും ചെയ്തവന്റെ മുഖമല്ല.
ആ ഓർമ്മകൾ ഓരോന്നായി തെളിഞ്ഞുവരുമ്പോൾ അവളുടെ മനസ്സിലെ കെട്ടുപിണഞ്ഞ ദേഷ്യം പതുക്കെ അലിഞ്ഞുപോയി.
അരവിന്ദ് ഇപ്പോഴും മറുപടിക്കായി കാത്തുനിൽക്കുകയായിരുന്നു.
അവൾ വിശ്വസിച്ചോ ഇല്ലയോ എന്ന് അറിയാതെ.
ഒടുവിൽ ദേവിക ഒരു ദീർഘനിശ്വാസം വിട്ടു.
“ഞാൻ…”
വാക്കുകൾ തിരഞ്ഞെടുത്തുകൊണ്ട് അവൾ പറഞ്ഞു.
“അന്ന് ഒരുപാട് പേടിച്ചിരുന്നു.”
അരവിന്ദ് ഒന്നും പറഞ്ഞില്ല.
“അതുകൊണ്ടാണ് ആലോചിക്കാതെ പ്രതികരിച്ചത്.”
അവൻ പതുക്കെ തലകുലുക്കി.
“നീ പ്രതികരിച്ചത് തെറ്റല്ല.”
