അവളുടെ കണ്ണുകളിൽ ആശ്ചര്യം തെളിഞ്ഞു.
“നിന്റെ സ്ഥാനത്ത് ആരായാലും അങ്ങനെ തന്നെ ചെയ്യും. ഇനി എന്റെ സ്ഥാനത്തു വേറെ ആരെങ്കിലുമാണെങ്കിലും നീ അതുതന്നെ ചെയ്യണം.“
ആ മറുപടിയാണ് അവളെ കൂടുതൽ സ്പർശിച്ചത്.
സ്വയം ന്യായീകരിക്കാൻ അവൻ ശ്രമിക്കുന്നില്ലായിരുന്നു.
സത്യം മാത്രം പറയുകയായിരുന്നു.
അവസാനം ദേവികയുടെ ചുണ്ടുകളിൽ ഒരു ചെറിയ പുഞ്ചിരി തെളിഞ്ഞു.
വളരെ ചെറിയത്.
പക്ഷേ കഴിഞ്ഞ ദിവസങ്ങളിലെ മഞ്ഞുരുകാൻ അത് മതിയായിരുന്നു.
ആ പുഞ്ചിരി കണ്ട നിമിഷം അരവിന്ദിന്റെ നെഞ്ചിൽ നിന്ന് ഒരു വലിയ ഭാരം ഇറങ്ങിപ്പോയതുപോലെ തോന്നി.
അറിയാതെ അവനും ചിരിച്ചു.
കുറച്ചുനേരം ഇരുവരും ഒന്നും പറഞ്ഞില്ല.
മൗനം ഇപ്പോൾ അസ്വസ്ഥമല്ലായിരുന്നു.
അപ്പോൾ അരവിന്ദ് അപ്രതീക്ഷിതമായി പറഞ്ഞു.
“ഒരു കാര്യം ചോദിക്കട്ടെ?”
“എന്താ?”
“നീ എന്നോട് സംസാരിക്കേണ്ടതില്ല.”
അവൾ ശ്രദ്ധയോടെ കേട്ടു.
“പക്ഷേ ഞാൻ അടുത്ത് വരുമ്പോൾ ഇങ്ങനെ ഒഴിഞ്ഞുമാറരുത്.”
അവന്റെ ശബ്ദത്തിൽ അപേക്ഷയുണ്ടായിരുന്നു.
“നിന്നെ കാണുമ്പോൾ വഴി മാറി പോകുമ്പോൾ…”
അവൻ ഒന്ന് ചിരിച്ചു.
“സത്യമായിട്ട് പറഞ്ഞാൽ വല്ലാത്ത വിഷമമുണ്ട്.”
ദേവികയുടെ മുഖത്ത് വീണ്ടും ചെറിയൊരു പുഞ്ചിരി വിരിഞ്ഞു.
അവൾ ഉടനെ മറുപടി പറഞ്ഞില്ല.
ചില നിമിഷങ്ങൾ മൗനമായി നിന്നു.
ശേഷം പതുക്കെ തലകുലുക്കി.
“ശരി.”
അരവിന്ദിന് അത്രയും മതി.
ആ ചെറിയ വാക്ക്
തന്നെ അവന് ഒരു വിജയം പോലെ തോന്നി.
അതിന് ശേഷം എല്ലാം ഒരുദിവസം കൊണ്ട് മാറിയില്ല.
പക്ഷേ പതിയെ മാറാൻ തുടങ്ങി.
രാവിലെ അടുക്കളവശത്ത് വെച്ച് അരവിന്ദ് “കോളേജിൽ പോകുവാണോ? “എന്ന് ചോദിച്ചാൽ ദേവിക “അതെ” എന്ന് മറുപടി പറയും.
ലൈബ്രറിയിൽ നിന്ന് വരുമ്പോൾ പുസ്തകങ്ങൾ എന്തൊക്കെയാണെന്ന് അവൻ ചോദിക്കും.
അവൾ പറയും.
ചിലപ്പോൾ അവളുടെ ഇക്കണോമിക്സ് വിഷയത്തെക്കുറിച്ചുള്ള സംസാരങ്ങൾ കേട്ട് അരവിന്ദ് അത്ഭുതപ്പെടും.
“ഇത്രയൊക്കെ അറിയാമോ?”
എന്ന് ചോദിച്ചാൽ ദേവിക ചിരിക്കും.
“പഠിക്കുന്ന വിഷയമല്ലേ.”
ട്യൂഷൻ കഴിഞ്ഞ് മടങ്ങുമ്പോൾ ചില കുട്ടികളെക്കുറിച്ചുള്ള രസകരമായ കഥകൾ അവൾ പറയും.
ചില വൈകുന്നേരങ്ങളിൽ ശങ്കരനാരായണ മേനോനൊപ്പം ഇരുന്ന് പഴയ കുടുംബകഥകൾ കേൾക്കുമ്പോൾ ദേവികയും അവിടെയുണ്ടാകും.
അപ്പോൾ അരവിന്ദ് ഇടയ്ക്ക് തമാശ പറയും.
ദേവിക അറിയാതെ ചിരിച്ചുപോകും.
ഇതെല്ലാം ദൂരെയിരുന്നു കണ്ട പാറുവിന്റെ ഹൃദയത്തിൽ ചെറിയ വേദനകൾ ഉണ്ടാക്കിയെങ്കിലും അവൾ ഒന്നും പറഞ്ഞില്ല.
കാരണം അച്ചുവിന്റെയും ദേവികയുടെ മുഖത്ത് എത്തിയ പുതിയ സന്തോഷവും അവൾ കണ്ടിരുന്നു.
മംഗലശ്ശേരിയുടെ ദിവസങ്ങൾ പതുക്കെ പുതിയ താളത്തിലേക്ക് മാറുകയായിരുന്നു.
അരവിന്ദ് ഇനി ദേവികയെ കാണാനുള്ള അവസരങ്ങൾ മനഃപൂർവം അന്വേഷിച്ചില്ല.
കാരണം അവൾ ഇനി അകന്നിരുന്നില്ല.
ദേവികയും അവനെ ഒഴിവാക്കിയില്ല.
എന്നാൽ അവൾക്കൊരു പുതിയ പ്രശ്നമുണ്ടായി.
ദിവസത്തിൽ എത്ര തവണയെങ്കിലും അറിയാതെ തന്നെ അവൾ അരവിന്ദിനെ തേടിത്തുടങ്ങി.
രാവിലെ കണ്ടില്ലെങ്കിൽ എന്തോ കുറവുള്ളതുപോലെ തോന്നും.
വൈകുന്നേരം ശബ്ദം കേട്ടില്ലെങ്കിൽ ശ്രദ്ധ പോകും.
അവൻ അപ്പൂപ്പനൊപ്പം വയലിലേക്ക് പോയാൽ എപ്പോഴാണ് തിരിച്ചു വരുന്നതെന്ന് അറിയാതെ നോക്കിനിൽക്കും.
ഇതൊന്നും പ്രണയമാണെന്ന് അവൾ സമ്മതിച്ചില്ല.
സമ്മതിക്കാൻ ശ്രമിച്ചുമില്ല.
പക്ഷേ മാറ്റം അവൾക്കും മനസ്സിലാകുന്നുണ്ടായിരുന്നു.
ഒരു മഴസന്ധ്യയിൽ ആ മാറ്റം കൂടുതൽ വ്യക്തമായി.
വരാന്തയിൽ നിന്ന് പുറത്തേക്കുള്ള മഴ നോക്കി നിൽക്കുകയായിരുന്നു അവൾ.
അൽപനേരത്തിന് ശേഷം തിരികെ പോകാൻ തിരിഞ്ഞു.
രണ്ടടി നടന്ന ശേഷം എന്തുകൊണ്ടോ പിന്നിലേക്ക്
നോക്കി.
അറിയാതെ.
ബോധപൂർവമല്ലാതെ.
അരവിന്ദ് അവിടെ തന്നെ നിൽക്കുന്നുണ്ടായിരുന്നു.
മഴയ്ക്കപ്പുറം.
വരാന്തയുടെ മറുവശത്ത്.
അവളെ നോക്കി.
അവരുടെ കണ്ണുകൾ ഒരുനിമിഷം തമ്മിൽ കോർത്തു.
മുമ്പായിരുന്നെങ്കിൽ ദേവിക ഉടൻ കണ്ണുകൾ മാറ്റുമായിരുന്നു.
ഇപ്പോൾ അതുണ്ടായില്ല.
ആദ്യം അവൾ പുഞ്ചിരിച്ചു.
വളരെ ചെറിയൊരു പുഞ്ചിരി.
