മഴയ്ക്ക് ശേഷം – 2 4അടിപൊളി  

അവൾക്ക് ഒരു ദിവസം വളരെ മോശമായിരുന്നെങ്കിൽ ഞാൻ അവളെ പുറത്തേക്ക് കൊണ്ടുപോകും.

എനിക്ക് തല നിറഞ്ഞിരിക്കുകയാണെങ്കിൽ അവൾ എന്നെ ചായയ്ക്ക് വലിച്ചുകൊണ്ടുപോകും.

ചില ദിവസങ്ങളിൽ ഞങ്ങൾ മണിക്കൂറുകളോളം സംസാരിക്കും.

ചില ദിവസങ്ങളിൽ ഒരേ മേശയുടെ രണ്ട് വശത്ത് ഇരുന്ന് ഒന്നും പറയാതെ ചായ കുടിക്കും.

ആ നിശ്ശബ്ദത പോലും എനിക്ക് ഇഷ്ടമായി തുടങ്ങി.

ഒരിക്കൽ ബൈക്കിൽ പോകുന്നതിനിടയിൽ അവൾ ചോദിച്ചു.

“നീ ഇതുവരെ ആരെയും പ്രേമിച്ചിട്ടില്ലേ?”

ഞാൻ ചിരിച്ചു.

“ഇല്ല.”

“ഒരു ക്രഷ് പോലും?”

“ക്രഷ് ഒക്കെ ഉണ്ടായിട്ടുണ്ട്. രണ്ട് പേരോട്.”

അവളുടെ മുഖത്ത് പെട്ടെന്ന് കൗതുകം വന്നു.

“എന്നിട്ട്?”

“ഒന്നും ആരോടും പറഞ്ഞിട്ടില്ല.”

അവൾ അതിശയത്തോടെ എന്നെ നോക്കി.

“ഇഷ്ടമായിരുന്നിട്ടും?”

“ഇഷ്ടമായിരുന്നു.”

കുറച്ചുനേരം ഞാൻ ഒന്നും പറഞ്ഞില്ല.

“അവർക്കെന്നെ ഇഷ്ടപ്പെട്ടില്ലെങ്കിൽ എന്നൊരു പേടി ഉണ്ടായിരുന്നു. അതിനേക്കാൾ വലിയ പേടി മറ്റൊന്നായിരുന്നു.”

അവൾ ശ്രദ്ധിച്ച് കേട്ടു.

“അവർക്ക് എന്നെ ഇഷ്ടപ്പെട്ടു, എന്റെ കൂടെ വരാൻ തീരുമാനിച്ചു എന്ന് വെക്കൂ. കുറച്ച് വർഷം കഴിഞ്ഞ് അവരുടെ ജീവിതത്തിൽ കിട്ടേണ്ടിയിരുന്ന ചില കാര്യങ്ങൾ എനിക്ക് കൊടുക്കാൻ പറ്റിയില്ലെന്ന് അവർക്ക് തോന്നിയാൽ?”

മീനാക്ഷിയുടെ മുഖത്തെ ചിരി അപ്പോഴേക്കും മാറിയിരുന്നു.

“നല്ലൊരു ജീവിതം. അവർ ആഗ്രഹിക്കുന്ന സൗകര്യങ്ങൾ. അവർ സ്വപ്നം കണ്ടിട്ടുള്ള ചില കാര്യങ്ങൾ. അതൊക്കെ എനിക്ക് അന്ന് കൊടുക്കാൻ പറ്റുമോ എന്ന് എനിക്ക് തന്നെ ഉറപ്പില്ലായിരുന്നു.”

ഞാൻ പതുക്കെ തുടർന്നു.

“പിന്നെ ഒരിക്കൽ അവർക്ക് തോന്നിയാൽ, എന്നെ തിരഞ്ഞെടുത്തതുകൊണ്ട് അവരുടെ ജീവിതം വേറെ രീതിയിൽ പോയെന്ന്… അത് എനിക്ക് ജീവിതകാലം മുഴുവൻ ഒരു റിഗ്രെറ്റ് ആയിരിക്കും.”

അവൾ കുറച്ചുനേരം ഒന്നും പറഞ്ഞില്ല.

“അതുകൊണ്ട് ഒന്നും പറഞ്ഞില്ല. അവർക്ക് അവരുടെ ജീവിതത്തിൽ നല്ലത് സംഭവിക്കട്ടെ എന്ന് വിചാരിച്ചു.”

മീനാക്ഷി എന്നെ നോക്കി.

അവളുടെ കണ്ണുകളിൽ അന്ന് ആദ്യമായി ഞാൻ കണ്ടത് അത്ഭുതമല്ലായിരുന്നു.

ഒരു തരത്തിലുള്ള ബഹുമാനമായിരുന്നു.

“നിനക്ക് നിന്നെക്കുറിച്ച് ഇത്രയും കുറച്ച് മാത്രമേ അറിയൂ എന്ന് തോന്നുന്നു.”

ഞാൻ ചിരിച്ചു.

“അതെന്താ?”

“നീ ഇപ്പോൾ പറഞ്ഞതൊക്കെ കേട്ടപ്പോൾ… നീ നിന്നെത്തന്നെ ചെറുതായിട്ട് കാണുന്നപോലെ തോന്നുന്നു .”

ഞാൻ ഒന്നും പറഞ്ഞില്ല.

അവൾ തുടർന്നു.

“വലിയ ശമ്പളമോ വലിയ സൗകര്യങ്ങളോ ജീവിതത്തിൽ ഉണ്ടാക്കാൻ പറ്റുന്ന കാര്യങ്ങളാണ്. പക്ഷേ ഒരാളുടെ ജീവിതത്തെക്കുറിച്ച് ഇത്രയും ചിന്തിക്കുന്ന സ്വഭാവം ഉണ്ടാക്കാൻ പറ്റില്ല.”

അവൾ കുറച്ചുനേരം എന്നെ നോക്കി.

“നല്ല ക്യാരക്റ്ററാണ് നിനക്ക്, അയുഷ്. നീ ഒരാളെ സ്വന്തമാക്കുന്നതിന് മുമ്പ് അവൾക്ക് എന്ത് നഷ്ടപ്പെടുമെന്നുവരെ ചിന്തിക്കുന്ന ആളാണ്.”

അവൾ ചെറുതായി ചിരിച്ചു.

“സത്യത്തിൽ, നിന്നെക്കുറിച്ച് ഞാൻ ആദ്യം വിചാരിച്ചതിലും ഒരുപാട് വ്യത്യസ്തനാണ് നീ.”

“ആദ്യം എന്താ വിചാരിച്ചത്?”

“ജാഡ.”

ഞാൻ ചിരിച്ചു.

“അത് ഇപ്പോഴും മാറ്റിയിട്ടില്ലല്ലോ.”

“ഇല്ല. പക്ഷേ അതിന് താഴെ നല്ലൊരു മനുഷ്യനുണ്ടെന്നും നല്ലൊരു ഭർത്താവുണ്ടെന്നും ഇപ്പോൾ മനസ്സിലായി.”

അവൾ പറഞ്ഞത് വളരെ ലളിതമായിരുന്നു.

പക്ഷേ ആ വാക്കുകൾ എന്നെ പ്രതീക്ഷിച്ചതിലും കൂടുതൽ തൊട്ടു.

അവൾ എന്നെ ഇഷ്ടപ്പെടാൻ തുടങ്ങിയോ എന്നറിയില്ല.

പക്ഷേ അവൾ എന്നെ മറ്റൊരു കണ്ണിലൂടെ കാണാൻ തുടങ്ങിയെന്ന് എനിക്ക് മനസ്സിലായി.

അതിനുശേഷം

അവളുടെ ചോദ്യങ്ങളും മാറി.

എന്റെ ഭാവിയെക്കുറിച്ച്.

എന്റെ ആഗ്രഹങ്ങളെക്കുറിച്ച്.

എന്റെ ജീവിതത്തിൽ ഞാൻ എങ്ങനെയുള്ള ഒരാളെ ആഗ്രഹിക്കുന്നുവെന്ന്.

ഒരു രാത്രി സംസാരിക്കുന്നതിനിടയിൽ അവൾ ചോദിച്ചു.

“നിനക്ക് ഒരു പെൺകുട്ടിയിൽ ഏറ്റവും പ്രധാനമായി എന്താണ് വേണ്ടത്?”

ഞാൻ കുറച്ചുനേരം ആലോചിച്ചു.

“എന്റെ മുന്നിൽ അഭിനയിക്കാത്ത ഒരാൾ.”

അവൾ മിണ്ടാതെ കേട്ടു.

“ഞാൻ എങ്ങനെയാണോ, അങ്ങനെ തന്നെ ഇരിക്കാൻ പറ്റണം. അവൾക്കും അങ്ങനെ തന്നെ. എന്തെങ്കിലും തെളിയിക്കണം എന്നൊരു സമ്മർദ്ദമില്ലാതെ.”

Leave a Reply

Your email address will not be published. Required fields are marked *