പാർവണം – 4 9അടിപൊളി  

​”എന്റെ ജീവന്റെ പാതിയായിട്ട് നീ എന്റെ കൂടെയുള്ളപ്പോൾ… ആ പേരെന്താണെന്ന് എന്റെ പെണ്ണ് തന്നെ തീരുമാനിച്ചാൽ മതിയെന്നേ…”

ഞാൻ അവളുടെ കണ്ണുകളിലേക്ക് നോക്കി ചിരിയോടെ പറഞ്ഞു.

​ആ വാക്കുകളിലെ പ്രണയത്തിൽ അവളുടെ കള്ളദേഷ്യം മുഴുവൻ അലിഞ്ഞില്ലാതായി. മുഖത്ത് വീണ്ടും ആ പഴയ നാണം വന്നുനിറഞ്ഞു. അവൾ വീണ്ടും എന്റെ തോളിലേക്ക് തന്നെ പൂർണ്ണമായും ചാഞ്ഞു. സായാഹ്നത്തിലെ സ്വർണ്ണവെയിൽ ആ കുളത്തിലെ വെള്ളത്തിൽ തട്ടി പ്രതിഫലിക്കുമ്പോൾ, വരാനിരിക്കുന്ന മനോഹരമായൊരു ജീവിതത്തിന്റെ നിറമുള്ള സ്വപ്നങ്ങൾ ഞങ്ങൾക്കിടയിൽ പൂത്തുനിൽക്കുന്നുണ്ടായിരുന്നു..

ആ കുളക്കടവിലെ ശാന്തതയിൽ, എന്റെ നെഞ്ചിലെ ചൂടറിഞ്ഞ് ചാരിയിരിക്കുമ്പോൾ അവളുടെ കണ്ണുകളിൽ കുസൃതി നിറയുന്നത് ഞാൻ കണ്ടു. പായൽ പിടിച്ച പടവുകളിലേക്ക് നോക്കിയിരുന്ന അവൾ പെട്ടെന്ന് തലയുയർത്തി എന്റെ മുഖത്തേക്ക് നോക്കി.

​”ന്നാ ഞാൻ പറയട്ടെ…”

ഈണത്തിൽ അവൾ വാചാലയായി.

“ആൺകുട്ടി ആണെങ്കില് ഞാൻ ‘ഋത്വിക്’ എന്നേ പേരിടൂ… അതൊക്കെ ഞാൻ പണ്ടേ തീരുമാനിച്ചു വെച്ചതാ. ആദിക്ക് ഇതിൽ വേറെ എന്തെങ്കിലും അഭിപ്രായോണ്ടോ?”

​ഒരു കൊച്ചുകുട്ടിയെപ്പോലെ അവകാശവാദം ഉന്നയിക്കുന്ന അവളെ കണ്ട് എനിക്ക് ചിരിവന്നു. ഞാൻ എന്റെ വിരലുകൾ കൊണ്ട് അവളുടെ കവിളിൽ പതുക്കെ തൊട്ടു.

​”നിന്റെ ഇഷ്ടമല്ലേ പാർവണേ എന്റെയും ഇഷ്ടം. നീ എന്ത് പേരിട്ടാലും എനിക്ക് സന്തോഷമേയുള്ളൂ,”

ഞാൻ വളരെ ശാന്തമായി പറഞ്ഞു.

​അതുകേട്ടതും അവളുടെ മുഖം ഒന്നുകൂടി തിളങ്ങി. ആ പഴയ കുസൃതിയോടെ അവൾ വീണ്ടും ചോദിച്ചു,

“ന്നാ ഇനി ആദി പറയ്… പെൺകുട്ടിക്ക് എന്താ പേര് കണ്ടുവെച്ചേക്കണേ?”

​ഞാൻ അവളുടെ വലിയ നീലക്കണ്ണുകളിലേക്ക് നോക്കി, വളരെ മൃദുവായി പറഞ്ഞു

“അമോക ഹിമാതിരി…”

​അത് കേട്ടതും അവളുടെ കണ്ണുകൾ വിടർന്നു. അത്ഭുതത്തോടെ അവൾ എന്നെത്തന്നെ നോക്കി.

“അമ്മോ… ഇത്ര കിടിലം പേരൊക്കെ എവിടുന്നാ ആദി കണ്ട് പിടിക്കണേ? സത്യമായിട്ടും നല്ല രസോണ്ട് കേൾക്കാൻ…”

അവൾ ആവേശത്തോടെ പറഞ്ഞു.

മറുപടിയായി ഞാൻ ഒന്നും പറഞ്ഞില്ല. എന്റെ ചുണ്ടിൽ വിരിഞ്ഞ ആ ചെറുചിരിയോടെ ഞാൻ അവളെത്തന്നെ നോക്കിയിരുന്നു.

പടിഞ്ഞാറേക്ക് ചാഞ്ഞ സൂര്യന്റെ സ്വർണ്ണവെയിൽ അവളുടെ മുഖത്ത്

വല്ലാത്തൊരു ശോഭ നൽകിയിരുന്നു. ആ വെളിച്ചത്തിൽ, അത്രയും കാലം അവൾ അനുഭവിച്ച സങ്കടങ്ങളെല്ലാം മാഞ്ഞുപോയി, പൂർണ്ണമായും എന്റേതായി മാറാൻ കൊതിക്കുന്ന ഒരു പെണ്ണ് മാത്രമേ ഉണ്ടായിരുന്നുള്ളൂ.

​ഞാൻ വളരെ പതുക്കെ അവളുടെ മുഖത്തേക്ക് എന്റെ മുഖം അടുപ്പിച്ചു. എന്റെ കണ്ണുകളിലെ പ്രണയത്തിന്റെ ആഴം കണ്ടതും, മറുത്തൊന്നും പറയാതെ അവളുടെ മിഴികൾ പാതിയടഞ്ഞു. അവളുടെ ശ്വാസമിടിപ്പുകളുടെ വേഗം കൂടിയത് എനിക്ക് കേൾക്കാമായിരുന്നു. എന്റെ വിരലുകൾ അവളുടെ കഴുത്തിന് പിന്നിലൂടെ തലോടി, ആ മുഖം എനിക്ക് നേരെ ഉയർത്തി.

​കാറ്റിലുലയുന്ന ആൽമരച്ചില്ലകളെയും ശാന്തമായൊഴുകുന്ന ആ കുളത്തിലെ വെള്ളത്തെയും സാക്ഷിയാക്കി, എന്റെ അധരങ്ങൾ പതുക്കെ അവളുടെ അധരങ്ങളെ സ്വന്തമാക്കി. ആദ്യമൊന്ന് വിറച്ചെങ്കിലും, പ്രണയത്തിന്റെ വലിയൊരു തിരമാലയെന്നോണം അവൾ എന്നിലേക്ക് പൂർണ്ണമായും അലിഞ്ഞുചേർന്നു. സകല തീവ്രതയും ആവാഹിച്ച് പരസ്പരം നൽകിയ ആ നീണ്ട ചുംബനത്തിൽ ലോകം മുഴുവൻ നിശ്ചലമായതുപോലെ തോന്നി. അവളുടെ അധരങ്ങളിലെ മധുരം നുകരുമ്പോൾ, പരസ്പരം കോർത്തുപിടിച്ച ഞങ്ങളുടെ വിരലുകളിൽ വരാനിരിക്കുന്ന ഒരു ആയുസ്സിന്റെ മുഴുവൻ ഉറപ്പുമുണ്ടായിരുന്നു. സായാഹ്നത്തിലെ ആ കുളിർകാറ്റ് ഞങ്ങളെ പൊതിഞ്ഞുനിൽക്കുമ്പോൾ, വാക്കുകൾക്ക് പകരം ആ ചുംബനത്തിലൂടെ ഞങ്ങളുടെ ഹൃദയങ്ങൾ പരസ്പരം സംസാരിക്കുകയായിരുന്നു…

സന്ധ്യ മയങ്ങിത്തുടങ്ങിയിരുന്നു. പറമ്പിലെ മരച്ചില്ലകളിൽ ചേക്കേറാൻ വന്ന പക്ഷികളുടെ ശബ്ദം പതിയെ കുറഞ്ഞുവന്നു. ഉമ്മറത്തെ കോലായിൽ സന്ധ്യാദീപം തെളിഞ്ഞുകഴിഞ്ഞു.

​അടുക്കളയിൽ നിന്നും നിലവിളക്കും കത്തിച്ച് പാർവണ ഉമ്മറത്തേക്ക് വന്നു.

Updated: July 20, 2026 — 7:42 pm

Leave a Reply

Your email address will not be published. Required fields are marked *