കുളിച്ച് ഈറൻമുടി തുമ്പിൽ കെട്ടിവെച്ച്, നെറ്റിയിൽ വലിയൊരു ചന്ദനപ്പൊട്ടും തൊട്ട്, തിളങ്ങുന്ന നിലവിളക്കുമായി വരുന്ന അവളെ കണ്ടപ്പോൾ സാക്ഷാൽ ലക്ഷ്മിദേവി തറവാട്ടിലേക്ക് ഇറങ്ങിവന്നതുപോലെ തോന്നി.
”ചേച്ചീ… ഞാൻ കാവിലേക്ക് വിളക്ക് വെക്കാൻ പോവാ ട്ടോ…”
അവൾ വാതിൽക്കൽ നിന്ന് അകത്തേക്ക് നോക്കി വിളിച്ചുപറഞ്ഞു.
“നിക്കെടീ അവിടെ… ഞാനും വരുന്നുണ്ട് നിന്റെ കൂടെ. ഞാൻ ഇതുവരെ ഇവിടുത്തെ ആ സർപ്പക്കാവ് കണ്ടിട്ടില്ലല്ലോ,”
എന്ന് പറഞ്ഞ് ചേച്ചി വേഗം ഉമ്മറത്തേക്ക് വന്നു. പാർവണ പുഞ്ചിരിയോടെ തലയാട്ടി.
നിലവിളക്കുമായി അവൾ മുറ്റത്തേക്കിറങ്ങിയപ്പോൾ ചേച്ചിയും ഒപ്പം കൂടി.
അവർ രണ്ടുപേരും സംസാരിച്ച് കാവിലേക്ക് നടന്നുപോകുന്നത് ഞാൻ തിണ്ണയിലിരുന്ന് ചിരിയോടെ നോക്കിനിന്നു.
തറവാട്ടിലെ വലിയ ഹാളിൽ അപ്പോൾ ഗംഭീരമായ ഒരു ചർച്ച നടക്കുകയായിരുന്നു. കല്യാണത്തിന് വിളിക്കേണ്ട ആളുകളുടെ ലിസ്റ്റ് തയ്യാറാക്കുകയാണ്.
വലിയൊരു ചാരുകസേരയിൽ മുത്തശ്ശൻ ഇരിപ്പുണ്ട്. തൊട്ടടുത്ത് പായ വിരിച്ച് മുത്തശ്ശിയും. നടുവിലായി ഒരു വലിയ നോട്ടുബുക്കും പേനയുമായി ശ്രീനാരായണൻ അമ്മാവനും ഹരിനാരായണൻ അമ്മാവനും ഇരിക്കുന്നു. അവർക്ക് ചുറ്റുമായി സച്ചുച്ചേട്ടനും അഞ്ജലിയും, എന്റെ അമ്മയും, പാർവണയുടെ അമ്മ ഭദ്രയും, സാവിത്രി അമ്മായിയും രമ അമ്മായിയും എല്ലാം വട്ടത്തിൽ ഇരിപ്പുണ്ട്. വലിയൊരു ഉത്സവത്തിനുള്ള ഒരുക്കങ്ങൾ പോലെയായിരുന്നു ആ കാഴ്ച.
”അപ്പൊ ആദ്യം നമ്മടെ അടുത്ത ബന്ധുക്കളുടെ പേര് തന്നെ എഴുതിത്തുടങ്ങാം ശ്രീനാരായണാ,”
ഹരിനാരായണൻ അമ്മാവൻ ഗൗരവത്തിൽ പറഞ്ഞു.
”അത് ഞാൻ
പറയാം,”
പാർവണയുടെ അമ്മ ഭദ്ര വലിയ സന്തോഷത്തോടെ മുന്നോട്ട് വന്നിരുന്നു.
“നമ്മടെ കുടുംബത്തിലെ എല്ലാരേം വിളിക്കണം. പിന്നെ അപ്പുറത്തെ ഗ്രാമത്തിലെ ബന്ധുക്കളും… ആരും വിട്ടുപോകരുത് ട്ടോ.”
”അതൊക്കെ ഞാൻ ഇതിൽ കൃത്യമായി എഴുതുന്നുണ്ട്. ഒരില പോലും കുറയാത്ത രീതിയിൽ ഗംഭീരമായിട്ട് തന്നെ നമുക്ക് സദ്യ കൊടുക്കണം,”
ശ്രീനാരായണൻ അമ്മാവൻ ബുക്കിലേക്ക് പേരുകൾ എഴുതിച്ചേർക്കുന്നതിനിടയിൽ പറഞ്ഞു.
”എന്റെ കൂട്ടുകാരുടെ പേര് ഞാൻ ഒരു കടലാസിൽ എഴുതി അമ്മാവനെ ഏൽപ്പിക്കാം… എന്തായാലും എന്റെ വക ഒരു അമ്പത് പേരെയെങ്കിലും മിനിമം പ്രതീക്ഷിക്കണം,”
സച്ചുച്ചേട്ടൻ അഞ്ജലിയുടെ തോളിൽ കയ്യിട്ടുകൊണ്ട് ചിരിയോടെ പറഞ്ഞു.
”ഓഹോ… അപ്പൊ ഗൾഫീന്ന് വരുന്ന നിന്റെ കൂട്ടുകാർക്ക് നമ്മടെ കല്യാണസദ്യ പിടിക്കുമോ സച്ചൂ?”
രമ അമ്മായി ഇടയിൽ കയറി ചോദിച്ചു.
”പിന്നെ… ഇവിടുത്തെ സദ്യ കഴിക്കാനാ അമ്മായീ അവർ കാത്തിരിക്കുന്നത്,”
സച്ചുച്ചേട്ടൻ മറുപടി നൽകി.
അതിനിടയിൽ എന്റെ അമ്മ എന്റെ നേരെ തിരിഞ്ഞു,
“ആദീ, നിന്റെ കൂട്ടുകാരെയും ഓഫീസിലുള്ളവരെയും ഒക്കെ വിളിക്കണ്ടേ?
അവരോടൊക്കെ ഒന്ന് വിളിച്ചു പറഞ്ഞേക്ക്.”
അത് കേട്ടതും ഞാൻ പോക്കറ്റിൽ കിടന്ന ഫോണെടുത്ത് ഉമ്മറത്തെ തിണ്ണയിലേക്ക് മാറിനിന്നു. എന്റെ ഏറ്റവും അടുത്ത സുഹൃത്തായ വിഷ്ണുവിനെയാണ് ആദ്യം വിളിച്ചത്.
കുറച്ചുനേരം റിംഗ് ചെയ്തപ്പോഴേക്കും അവൻ ഫോണെടുത്തു.
”എടാ വിഷ്ണൂ… ഇവിടെ കാര്യങ്ങളൊക്കെ ഒരു തീരുമാനമായി. നീയും അനന്ദുവും ഒക്കെ ലീവ് എടുക്കാൻ റെഡി ആയിക്കോ,”
ഞാൻ വലിയ സന്തോഷത്തോടെ പറഞ്ഞു.
”സത്യമാണോ ആദീ? കല്യാണം ഉറപ്പിച്ചോ? ഡേറ്റ് എപ്പോഴാ?”
ഫോണിന്റെ അങ്ങേയറ്റത്ത് വിഷ്ണുവിന്റെ ആവേശമുള്ള ശബ്ദം കേട്ടു.
”ഡേറ്റ് തീരുമാനിക്കുന്നതേയുള്ളൂ ഡാ… ലിസ്റ്റ് തയ്യാറാക്കലും ചർച്ചകളുമാ ഇവിടെ നടക്കുന്നത്. എന്തായാലും കാര്യങ്ങളൊക്കെ പെട്ടെന്നുണ്ടാകും. ഡേറ്റ് ഞാൻ ഉടനെ തന്നെ കൃത്യമായി നിന്നെ വിളിച്ചു പറയാം. നീ എല്ലാവരെയും ഒന്ന് വിവരമറിയിച്ചേക്ക്,”
ഞാൻ പറഞ്ഞു.
ഫോൺ വെച്ച് തിരിഞ്ഞപ്പോൾ, കാവിൽ വിളക്കുവെച്ച് മടങ്ങിവരുന്ന പാർവണയെയും ചേച്ചിയെയും ഞാൻ കണ്ടു. ഇരുട്ട് വീണ ആ മുറ്റത്ത്, നിലവിളക്കിന്റെ വെളിച്ചത്തിൽ തിളങ്ങുന്ന അവളുടെ മുഖം എന്റെ മനസ്സിലെ എല്ലാ സങ്കടങ്ങളെയും എന്നെന്നേക്കുമായി മായ്ച്ചുകളയുന്നതായിരുന്നു. ഉമ്മറത്തെ ആ ബഹളങ്ങളിലേക്കും സന്തോഷങ്ങളിലേക്കും അവളും കൂടി വന്ന് ചേർന്നപ്പോൾ, ആ തറവാട് സ്നേഹത്തിന്റെ വലിയൊരു ലോകമായി മാറുകയായിരുന്നു..
