മൂളി.
”നിനക്ക് വിഷമം തോന്നുന്നില്ലേ? നിന്റെ കഴുത്തിൽ താലി വീഴുന്ന ആ വലിയ ദിവസത്തിൽ, കല്യാണപ്പന്തലിൽ സ്വന്തം മോളെ അനുഗ്രഹിക്കാൻ അച്ഛൻ കൂടെയില്ലല്ലോ എന്ന് ഓർക്കുമ്പോൾ?”
ഞാൻ വളരെ മൃദുവായി ചോദിച്ചു.
അത് കേട്ടതും അവൾ പതുക്കെ കണ്ണുകൾ തുറന്നു. എന്റെ നെഞ്ചിൽ നിന്നും അല്പം തലയുയർത്തി എന്റെ മുഖത്തേക്ക് നോക്കി. ആ വലിയ നീലക്കണ്ണുകളിൽ ഞാൻ പ്രതീക്ഷിച്ചതുപോലെ സങ്കടമൊന്നുമില്ലായിരുന്നു. പകരം വലിയൊരു സമാധാനമാണ് അവിടെ കണ്ടത്.
”ഇല്ല്യ ആദീ…”
അവളുടെ ഈണത്തിൽ വളരെ ശാന്തമായി അവൾ പറഞ്ഞുതുടങ്ങി.
“എനിക്കോർമ്മ വെച്ച കാലം തൊട്ട്… എന്നെ വളർത്തിയത് എന്റെ അമ്മേം പിന്നെ ഈ തറവാട്ടിലുള്ളവരുമാ… അച്ഛനില്ലാന്ന് ഓർക്കാൻ പോലും ഇവിടുള്ളവർ എന്നെ സമ്മതിച്ചിട്ടില്ല്യ ആദീ. അത്രയ്ക്ക് സ്നേഹത്തിലാ എന്നെ ഇവിടെ വളർത്തിയത്. പിന്നെ അമ്മാവൻമാര്… അവർ എനിക്ക് വാക്കുകൊണ്ട് അമ്മാവൻമാരാണെങ്കിലും… ഒരു സ്വന്തം അച്ഛന്റെ സ്നേഹം തന്ന്യാ അവർ എനിക്ക് എപ്പഴും തന്നിട്ടുള്ളത്. എനിക്കൊരു കുറവും ഇതുവരെ അവർ വരുത്തിയിട്ടില്ല്യ…”
പറഞ്ഞുനിർത്തിയ ശേഷം അവൾ ഒന്നുകൂടി എന്റെ നെഞ്ചിലേക്ക് മുഖം അമർത്തി വെച്ചു.
“എനിക്ക് ഒന്നിന്റേം കുറവില്ല്യ ആദീ… ഈ തറവാട്ടിലെ എല്ലാവരുടേം പ്രാർത്ഥനേം സ്നേഹവും, പിന്നെ എന്റെ ജീവനായിട്ട് ആദിയും കൂടെയുള്ളപ്പോ ഞാനെന്തിനാ വെറുതെ വിഷമിക്കണേ?”
ആ വാക്കുകളിലെ നിഷ്കളങ്കതയും പക്വതയും കേട്ടപ്പോൾ അവളോടുള്ള എന്റെ സ്നേഹം ഒന്നുകൂടി ആഴമുള്ളതാവുകയായിരുന്നു. സ്വന്തം അച്ഛനില്ലാത്തതിന്റെ വലിയൊരു ശൂന്യതയെ ഈ തറവാടും ഇവിടുത്തെ മനുഷ്യരുടെ സ്നേഹവും എത്ര മനോഹരമായാണ് ഇല്ലാതാക്കിയതെന്ന് ഞാൻ അത്ഭുതത്തോടെ ഓർത്തു.
ഞാൻ അവളെ ഒന്നുകൂടി എന്നിലേക്ക് ചേർത്തുപിടിച്ച്, ആ നെറുകയിൽ വലിയൊരു ചുംബനം നൽകി.
”ഉം… ഇനി ആരും നിനക്കൊരു സങ്കടവും തരില്ല. എന്റെ പെണ്ണിനെ ഈ ലോകത്തുള്ള എല്ലാ സ്നേഹവും തന്ന് ഞാൻ പൊന്നുപോലെ നോക്കിക്കോളാം,”
അതുകേട്ടതും വലിയൊരു സമാധാനത്തോടെ അവൾ എന്റെ നെഞ്ചിലേക്ക് ഒന്നുകൂടി മുറുകെ കെട്ടിപ്പിടിച്ചു കിടന്നു. കുറച്ചുനേരം ആ മുറിയിൽ വലിയൊരു നിശബ്ദതയായിരുന്നു. പെട്ടെന്ന് എന്തോ ഓർത്തതുപോലെ അവൾ നെഞ്ചിൽ നിന്നും തലയുയർത്തി എന്റെ മുഖത്തേക്ക് നോക്കി. ആ മുഖത്ത് ഒരു കുസൃതിയും, അതിനൊപ്പം ചെറിയൊരു ഗൗരവവും വന്ന് നിറഞ്ഞിട്ടുണ്ടായിരുന്നു.
”അല്ല ആദീ… ഞാൻ ഇതുവരെ ചോദിച്ചിട്ടില്ല്യ…”
അവൾ കണ്ണുരുട്ടി എന്നെ നോക്കി ചോദിച്ചു.
“സത്യം പറയ്… ആദിക്ക് വേറെ എന്തെങ്കിലും ദുശ്ശീലങ്ങൾ വല്ലതും ണ്ടോ?”
അവളുടെ ആ ചോദ്യവും ഭാവവും കണ്ടപ്പോൾ എനിക്ക് ചിരിവന്നു. അവളെ വെറുതെ ഒന്ന് ദേഷ്യം പിടിപ്പിക്കാനായി ഞാൻ മുഖത്ത് നല്ല ഗൗരവം വരുത്തിക്കൊണ്ട് പറഞ്ഞു.
”പിന്നില്ലാതെ… എല്ലാ ദുശ്ശീലങ്ങളും ഉണ്ട്. കഞ്ചാവ്, സിഗരറ്റ് വലി, പിന്നെ ദിവസവും വൈകുന്നേരമുള്ള മദ്യപാനം… അങ്ങനെ എല്ലാ ഐറ്റവും ഉണ്ട്. ഒരു കമ്പ്ലീറ്റ് പാക്കേജ് ആ…”
ഇത് കേട്ടതും അവളുടെ ആ വലിയ
നീലക്കണ്ണുകൾ പുറത്തേക്ക് ചാടുമെന്ന അവസ്ഥയിലായി. പെട്ടെന്ന് അവൾ എന്റെ നെഞ്ചിൽ നിന്നും എഴുന്നേറ്റ്, അവളുടെ രണ്ട് കൈകളും എന്റെ കഴുത്തിലേക്ക് വെച്ച് ഞെരിക്കുന്നതുപോലെ കാണിച്ചു.
കള്ളദേഷ്യം കൊണ്ട് ആ കവിളുകൾ വല്ലാതെ ചുവന്നിരുന്നു.
”എന്താ ആദീ ഇപ്പൊ പറഞ്ഞേ? കഞ്ചാവും കുടീം ഒക്കെ ണ്ടെന്നോ?”
കുറച്ച് ഉച്ചത്തിൽ അവൾ ചോദിച്ചു.
“ഈ ദേഹത്ത് ഇനി എനിക്കല്ലാണ്ട് വേറെ ഒരു ദുശ്ശീലത്തിനും ഒരവകാശും ഇല്ല്യ ട്ടോ. ചോരക്ക് പകരം എന്റെ ആദീടെ സിരകളില് വേറെ വല്ലതും ഓടണത് ഞാൻ കണ്ടാല്… ഈ കഴുത്ത് ഞാൻ അങ്ങട് ഞെരിക്കും… എന്നിട്ട് ബാക്കിള്ള കാലം ഞാൻ ജയിലിൽ പോയി കിടക്കും… പറഞ്ഞേക്കാം.”
അവൾ കഴുത്തിലെ പിടി ചെറുതായിട്ടൊന്ന് മുറുക്കിക്കൊണ്ട് എന്നെ തുറിച്ചുനോക്കി.
