“ഒരു അഞ്ചു മിനിറ്റ് ഇരിക്കാം.”
അവർ പാർക്കിനുള്ളിലേക്ക് നടന്നു.
ഒരു ഒഴിഞ്ഞ ബെഞ്ചിൽ ഇരുന്നു.
സൂര്യൻ അസ്തമിക്കാൻ തുടങ്ങിയിരുന്നു.
മരങ്ങളുടെ നിഴൽ നീണ്ടുകിടന്നു.
കാറ്റ് പതിയെ വീശുന്നുണ്ടായിരുന്നു.
ആത്മേയ ബെഞ്ചിന്റെ പിന്നിലേക്ക് ചാരിയിരുന്നു.
“എനിക്ക് ഈ സമയം ഒരുപാട് ഇഷ്ടമാണ്.”
“എന്തിന്?”
“ദിവസം തീരുന്നതുപോലെയല്ല… നാളെ വീണ്ടും തുടങ്ങുമെന്ന് തോന്നും.”
ജിത്തു അവളെ നോക്കി.
“നീ എപ്പോഴും ഇങ്ങനെ ആണോ?”
“എങ്ങനെ?”
“ചെറിയ കാര്യങ്ങളിൽ സന്തോഷം കണ്ടെത്തുന്ന.”
അവൾ ചിരിച്ചു.
“അതൊന്നും ചെറിയ കാര്യമല്ല.”
“പിന്നെ?”
“ഇഷ്ടമുള്ള ആളോടൊപ്പം ചിലവഴിക്കുന്ന സമയം ഒരിക്കലും ചെറിയ കാര്യമല്ല.”
ആ വാക്കുകൾ കേട്ടപ്പോൾ ജിത്തു പതിയെ അവളുടെ കൈകളിൽ ഒന്ന് പിടിച്ചു.
ഇത്തവണ ആരും ഒന്നും പറഞ്ഞില്ല.
അവരുടെ വിരലുകൾ തമ്മിൽ കോർത്തു.
കുറച്ച് നിമിഷങ്ങൾ അവർ അങ്ങനെ തന്നെ ഇരുന്നു.
പോകാൻ നേരം ആത്മേയ എഴുന്നേറ്റു.
പക്ഷേ രണ്ടടി നടന്നിട്ട് തിരിഞ്ഞുവന്നു.
“ഒരു കാര്യം
ചോദിക്കട്ടെ?”
“മ്?”
“ഇന്നത്തെ ദിവസം നിനക്ക് എങ്ങനെയുണ്ടായിരുന്നു?”
ജിത്തു ചിരിച്ചു.
“കോളേജിൽ പഠിച്ചിരുന്ന ജിത്തുവിനോട് ആരെങ്കിലും പറഞ്ഞിരുന്നെങ്കിൽ വിശ്വസിക്കില്ലായിരുന്നു.”
“എന്ത്?”
“ഒരിക്കൽ ആത്മേയ എന്റെ കൂടെ സിനിമയ്ക്ക് വരും… ദിവസം മുഴുവൻ എന്റെ കൂടെ നടക്കും… എന്ന്.”
അവൾ ചിരിച്ചുകൊണ്ട് തലകുലുക്കി.
“അപ്പോൾ ആ കോളേജ് ജിത്തുവിനോട് ഒരു കാര്യം കൂടി പറഞ്ഞേക്ക്.”
“എന്ത്?”
“ഇനി ഞാൻ എങ്ങോട്ടും പോകുന്നില്ല.”
ആ വാക്കുകൾ കേട്ടപ്പോൾ ജിത്തുവിന്റെ മുഖത്ത് അറിയാതെ ഒരു പുഞ്ചിരി വിരിഞ്ഞു.
അവർ വീണ്ടും ബൈക്കിനരികിലേക്ക് നടന്നു.
അടുത്ത കുറച്ച് ദിവസങ്ങൾ രണ്ടുപേർക്കും വളരെ വേഗത്തിൽ കടന്നുപോയി.
രാവിലെ ഒരു ഗുഡ് മോണിംഗ്.
ജോലിക്കിടയിൽ ഇടയ്ക്ക് ഒരു മെസേജ്.
ഉച്ചയ്ക്ക് ഭക്ഷണം കഴിച്ചോ എന്ന ചോദ്യം.
രാത്രിയിൽ ദിവസം എങ്ങനെയായിരുന്നെന്ന് പറഞ്ഞ് തീരാത്ത സംസാരം.
അറിയാതെ അവരുടെ ജീവിതത്തിന്റെ ഭാഗമായി അവർ മാറിക്കഴിഞ്ഞിരുന്നു.
ഒരു ദിവസം ഉച്ചയ്ക്ക് ജിത്തു ഓഫീസിലിരിക്കുമ്പോഴാണ് ആത്മേയയുടെ മെസേജ് വന്നത്.
“ഇന്ന് ഒരുപാട് ക്ഷീണമുണ്ട്.”
അവൻ ഉടനെ വിളിച്ചു.
“എന്തുപറ്റി?”
“ഒന്നുമില്ല. കുറച്ച് വർക്ക് കൂടുതൽ ആയിരുന്നു.”
“ഭക്ഷണം കഴിച്ചോ?”
“ഇല്ല.”
“എന്താ കൊച്ചു ഇത്?”
അവൾ ചെറുതായി ചിരിച്ചു.
“എന്നെ വഴക്ക് പറയാനാണോ വിളിച്ചത്?”
“അതെ.”
“ശരി സാർ. ഇപ്പോൾ പോയി കഴിക്കാം.”
വൈകുന്നേരം ജോലി കഴിഞ്ഞിട്ടും ജിത്തുവിന് ഒരു സമാധാനമില്ലായിരുന്നു.
അവൻ നേരെ ആത്മേയയുടെ ഓഫീസിന് മുന്നിലേക്ക് പോയി.
ഫോൺ എടുത്ത് വിളിച്ചു.
“ഞാൻ താഴെയുണ്ട്.”
“താഴെയോ?”
“അതെ.”
അഞ്ച് മിനിറ്റിനകം അവൾ പുറത്തേക്ക് വന്നു.
അവനെ കണ്ടപ്പോൾ തന്നെ മുഖത്ത് ഒരു ചിരി വന്നു.
“നീ ശരിക്കും വന്നോ?”
“ഭക്ഷണം കഴിച്ചില്ലെന്ന് പറഞ്ഞ ആളെ ഒന്ന് കണ്ടിട്ട് പോകാമെന്ന് കരുതി.”
ആത്മേയ കുറച്ചുനേരം അവനെ നോക്കി നിന്നു.
“ജിത്തു…”
“മ്?”
“എന്നെ ഇത്രയും കെയർ ചെയ്യണ്ട.”
“അതെന്താ?”
“നിന്നോട് ഉള്ള ഇഷ്ടം ഇനിയും കൂടി പോവും .”
ജിത്തു ചിരിച്ചു.
“ആ കാര്യത്തിൽ കുറച്ച് വൈകിപ്പോയി.”
അവളും ചിരിച്ചു.
അവർ അടുത്തുള്ള ഒരു ചെറിയ ഹോട്ടലിൽ കയറി
രണ്ട് ചായ ഓർഡർ ചെയ്തു.
“ചേട്ടാ രണ്ട് സമൂസ കൂടെ”
ആ ടേബിളിൽ രണ്ട് ചായയും രണ്ട് സമുസയും എത്തി.
ആത്മേയ കഴിക്കുന്നുണ്ടോ എന്ന് ജിത്തു ഇടയ്ക്ക് നോക്കുന്നുണ്ടായിരുന്നു.
അത് കണ്ടപ്പോൾ അവൾ ചോദിച്ചു.
“എന്താ ഇങ്ങനെ നോക്കുന്നത്?”
“നീ ശരിക്കും കഴിക്കുന്നുണ്ടോ എന്ന്.”
“ഞാൻ ചെറിയ കുട്ടിയാണോ?”
“അല്ല.”
“പിന്നെ?”
“ഒന്നുമില്ല.”
അവൾ ചിരിച്ചുകൊണ്ട് വെള്ളം കുടിച്ചു.
“കോളേജിൽ പഠിക്കുമ്പോൾ എനിക്ക് ഒരു സംശയം ഉണ്ടായിരുന്നു.”
“എന്ത്?”
“നീ എല്ലാവരോടും ഇങ്ങനെ മിണ്ടാതെയാണോ, അതോ എന്നോട് മാത്രം ആണോ എന്ന്.”
“ഉത്തരം കിട്ടിയോ?”
“ഇപ്പോൾ കിട്ടി.”
“എന്താ?”
“എന്നോടാണ് കൂടുതൽ.”
ജിത്തു തല താഴ്ത്തി ചിരിച്ചു.
