“മ്?”
“are you happy?”
അവൻ ചിരിച്ചു.
“ഒരുപാട്.”
“എന്തിന്?”
“കാരണം എന്റെ കോളേജ് ജീവിതത്തിലെ ഏറ്റവും വലിയ വിഷമം ഇന്ന് മാറിക്കിട്ടി.”
“ഏത് വിഷമം?”
“നിന്നോട് സംസാരിക്കാതെ പോയത്.”
ആത്മേയ കുറച്ച് നേരം ഒന്നും പറഞ്ഞില്ല.
പിന്നെ വളരെ പതിയെ പറഞ്ഞു.
“എനിക്കും.”
അവന്റെ ചുണ്ടിൽ വീണ്ടും ഒരു ചിരി വിരിഞ്ഞു.
—
അവർ കുറച്ച് ദൂരം പിന്നിട്ടപ്പോഴാണ് ആകാശം പെട്ടെന്ന് മാറിയത്.
കറുത്ത മേഘങ്ങൾ നിറഞ്ഞു.
കാറ്റ് ശക്തമായി.
“മഴ വരുമെന്ന് തോന്നുന്നു,” ആത്മേയ പറഞ്ഞു.
“അതെ.”
പക്ഷേ അവർ കരുതിയതിലും വേഗത്തിലായിരുന്നു അത്.
ആദ്യം ചെറിയ തുള്ളികൾ.
പിന്നെ ശക്തമായ മഴ.
അൽപസമയത്തിനുള്ളിൽ അവർ രണ്ടുപേരും നനഞ്ഞു.
ജിത്തു റോഡരികിൽ ഒരു കടയുടെ മുന്നിൽ ബൈക്ക് നിർത്തി.
പക്ഷേ മഴ കുറയുന്ന ലക്ഷണമൊന്നും ഉണ്ടായിരുന്നില്ല.
മറിച്ച് കൂടുതൽ ശക്തമാവുകയായിരുന്നു.
ആത്മേയ ആകാശത്തേക്ക് നോക്കി.
“ഈ മഴ ഇപ്പോഴൊന്നും തോരുന്ന ലക്ഷണമില്ല.”
“എന്ത് ചെയ്യും?”
അവൾ കുറച്ച് നേരം ആലോചിച്ചു.
“ഞാൻ ഇവിടെ അടുത്താണ് താമസിക്കുന്നത്.”
“വാടക വീട്ടിലാണോ?”
“അതെ.”
“അവിടെ പോകാമോ?”
അവൾ തലകുലുക്കി.
“മഴ കുറയുന്നത് വരെ.”
ജിത്തു സമ്മതിച്ചു.
അവർ വീണ്ടും യാത്ര തുടർന്നു.
മഴയിലൂടെ.
നനഞ്ഞ റോഡിലൂടെ.
ഒരു ചെറിയ വീട്ടിന്റെ മുന്നിൽ ബൈക്ക് നിന്നു.
ആത്മേയ ബാഗിൽ നിന്ന് താക്കോൽ എടുത്തു.
വാതിൽ തുറന്നു.
“വാ…”
ജിത്തു അകത്തേക്ക് നടന്നു.
ചെറിയ വീട്.
പക്ഷേ വൃത്തിയും ഭംഗിയുമുണ്ടായിരുന്നു.
ഭിത്തിയിൽ കുറച്ച് ചിത്രങ്ങൾ,
അടുക്കി വെച്ച പുസ്തകങ്ങൾ ,
ജനലിനരികിൽ ചെറിയ ചെടികൾ.
ആ വീട്ടിലെ ഓരോ വസ്തുവിലും ആത്മേയയുടെ സാന്നിധ്യം ഉണ്ടായിരുന്നു.
പുറത്ത് മഴ ഇപ്പോഴും പെയ്യുകയായിരുന്നു.
അകത്ത്…
നാല് വർഷം വൈകിയെത്തിയ ഒരു പ്രണയം പതിയെ തളിരിടാൻ തുടങ്ങിയിരുന്നു.
വീട്ടിനുള്ളിലേക്ക് കയറിയപ്പോൾ ആദ്യം കേട്ടത് മഴയുടെ ശബ്ദമായിരുന്നു.
ടിൻ ഷീറ്റിന് മുകളിൽ വീഴുന്ന മഴത്തുള്ളികൾ ഒരു താളം പോലെ മുഴങ്ങിക്കൊണ്ടിരുന്നു. പുറത്തുള്ള ലോകം മുഴുവൻ ആ മഴയിൽ അലിഞ്ഞുപോയതുപോലെ തോന്നി.
ആത്മേയ വാതിൽ അടച്ച് തിരിഞ്ഞു.
അപ്പോഴാണ് ജിത്തു അവളെ ശരിക്കും ശ്രദ്ധിച്ചത്.
മഴയിൽ നനഞ്ഞ മുടി തോളിലേക്ക് ഒട്ടിക്കിടക്കുന്നു.കവിളുകളിൽ ഇപ്പോഴും മഴത്തുള്ളികൾ തങ്ങി നിൽക്കുന്നുണ്ട്.മുഖത്ത് നിന്നും കഴുത്തിലൂടെ നെഞ്ചിലേക്ക് ഒഴുകി ഇറങ്ങുന്ന വെള്ള തുള്ളി.
അവൾ അവനെ നോക്കി ചിരിച്ചു.
“എന്താ?”
ജിത്തു അറിയാതെ ചിരിച്ചു.
“ഒന്നുമില്ല.”
“കള്ളം.”
“ശരിക്കും ഒന്നുമില്ല.”
“കോളേജിലും ഇങ്ങനെ തന്നെയായിരുന്നു. എന്തെങ്കിലും പറയാനുണ്ടാകും. പക്ഷേ പറയില്ല.”
അവൻ ചിരിച്ചുകൊണ്ട് തലകുനിച്ചു.
അതിൽ മാറ്റമൊന്നും വന്നിട്ടില്ലായിരുന്നു.
ആത്മേയ അകത്തേക്ക് നടന്നു.
“ആദ്യം ഒരു ടവൽ തരാം. ഇല്ലെങ്കിൽ നാളെ പനി വരും.”
അവൾ ഒരു ടവൽ കൊണ്ടുവന്ന് അവന് കൊടുത്തു.
“താങ്ക്സ്”
“എന്നോട് നന്ദി പറയണ്ട.”
“പിന്നെ?”
“നാല് വർഷത്തെ പലിശ സഹിതം സംസാരിച്ചാൽ മതി.”
ജിത്തു ചിരിച്ചു.
അവൾ അടുക്കളയിലേക്ക് നടന്നു.
“ചായ വേണോ?”
“വേണം.”
“ഇപ്പോഴും ചായയാണോ ഫേവറിറ്റ്?”
“ഇപ്പോഴും.”
“അത് മാറിയിട്ടില്ല.”
“നിന്നെ ഇഷ്ടമായത് പോലെ ചില കാര്യങ്ങൾ മാറില്ല.”
ആ വാക്കുകൾ പറഞ്ഞുകഴിഞ്ഞാണ് ജിത്തുവിന് അബദ്ധം മനസ്സിലായത്.
ആത്മേയ കുറച്ച് നിമിഷം അവനെ നോക്കി നിന്നു.
പിന്നെ ഒരു ചെറുചിരിയോടെ അടുക്കളയിലേക്ക് തിരിഞ്ഞു.
എന്നാൽ ആ ചിരിയുടെ പിന്നിൽ ഒരു നാണം ഉണ്ടായിരുന്നു.
—
ചായ തയ്യാറാകുന്നതുവരെ ജിത്തു വീട്ടിനുള്ളിലൂടെ നോക്കി.
ഡെസ്കിന് മുകളിൽ നോവലുകൾ നിരന്നു കിടക്കുന്നുണ്ടായിരുന്നു.
ചില കവിതാ പുസ്തകങ്ങളും.
അവൻ ഒരു പുസ്തകം എടുത്തു.
അതിനുള്ളിൽ നിന്ന് ഒരു പഴയ ഫോട്ടോ താഴേക്ക് വീണു.
ജിത്തു അത് കുനിഞ്ഞെടുത്തപ്പോൾ അവന്റെ കണ്ണുകൾ അതിൽ ഉടക്കി.
കോളേജ് ഗ്രൂപ്പ് ഫോട്ടോ.
ഫെയർവെൽ ദിവസത്തെ.
അതിൽ എല്ലാവരും ഉണ്ടായിരുന്നു.
അവനും.
ആത്മേയയും.
