വെള്ളിനൂലുകൾ പോലെ പെയ്യുന്ന മഴയത്ത് ദൂരേക്ക് നീണ്ടു കിടക്കുന്ന പച്ചപിടിച്ച പാടവരമ്പുകളും, അന്തരീക്ഷത്തിൽ പടർന്നുയർന്ന ആ നനഞ്ഞ മണ്ണിന്റെ വശ്യമായ ഗന്ധവും പ്രഭാതത്തിൽത്തന്നെ അവന്റെ ഉള്ളിൽ ഒരു പുതിയ ഉന്മാദവും ഉണർവും സമ്മാനിച്ചു.
പെട്ടെന്ന് ശക്തമായൊരു കാറ്റടിച്ചപ്പോൾ മഴച്ചീറ്റലുകൾ ജനലിലൂടെ അകത്തേക്ക് അടിച്ചുകയറി അവന്റെ മുഖത്തെയും ശരീരത്തെയും നനച്ചു. അവൻ വേഗം തന്നെ മരവാതിലുകൾ വലിച്ചടച്ച് കുറ്റിയിട്ടു.
ചുമരിലെ ക്ലോക്കിലേക്ക് നോക്കിയപ്പോൾ സമയം രാവിലെ ഏഴു മണിയായിട്ടേ ഉണ്ടായിരുന്നുള്ളൂ. ഇന്ന് മില്ലിൽ പോകേണ്ടതില്ല, പകരം വലിയുപ്പ പറഞ്ഞതുപോലെ രാഘവേട്ടനെയും കൂട്ടി പുതിയൊരു കാറ് നോക്കാൻ പോകാനുള്ള ദിവസമാണ്. സ്വന്തമായി ഒരു വണ്ടി വീട്ടുമുറ്റത്ത് വന്നു നിൽക്കുന്ന കാര്യം ആലോചിച്ചപ്പോൾത്തന്നെ അവന്റെ മനസ്സിൽ വല്ലാത്തൊരു സന്തോഷവും ആവേശവും ഇരച്ചുകയറി.
അലി ഒട്ടും സമയം കളയാതെ തോർത്തുമണ്ടുമെടുത്ത് വേഗം തന്നെ കുളിക്കാനായി ബാത്ത്റൂമിലേക്ക് കയറി.
കുളി കഴിഞ്ഞു പുറത്തിറങ്ങിയ അലി, ഈർപ്പം മാറിയിട്ടില്ലാത്ത മുടിയിഴകൾ തോർത്തുമണ്ടുകൊണ്ട് ഒന്നുകൂടി തുടച്ചുമാറ്റി. അലമാര തുറന്ന് നല്ലൊരു ഷർട്ടും മുണ്ടും എടുത്ത് ധരിച്ച ശേഷം, വല്ലാത്തൊരു ആവേശത്തിൽ ഒരു മൂളിപ്പാട്ടും പാടിക്കൊണ്ടാണ് അവൻ താഴത്തെ നിലയിലേക്ക് പടവുകൾ ഇറങ്ങിച്ചെന്നത്. അവന്റെ മുഖത്തെ ആ അമിതാഹ്ലാദവും തുള്ളിക്കളിച്ചുള്ള വരവും കണ്ടപ്പോൾ അടുക്കളയിൽ ജോലിയിലായിരുന്ന റസിയയ്ക്ക് കാര്യം മനസ്സിലായി.
അവൾ ചായക്കപ്പുകൾ മേശപ്പുറത്തേക്ക് വെച്ചുകൊണ്ട് പുഞ്ചിരിയോടെ തിരക്കി, “എന്താടാ ചെക്കാ… രാവിലെ തന്നെ വല്ലാത്തൊരു സന്തോഷത്തിലാണല്ലോ?”
അവൻ മറുപടിയൊന്നും പറയാതെ വലിഞ്ഞുചെന്ന് അവളുടെ കൈകളിൽ പിടിച്ചു. എന്നിട്ട് ഒരു സിനിമാ സ്റ്റൈലിൽ അവളെ തനിക്കൊപ്പം ചുറ്റിച്ചു ഡാൻസ് ചെയ്യിച്ചുകൊണ്ട് ഉറക്കെ പാടാൻ തുടങ്ങി:
🎵 “ഇന്ന് ഞാനെന്റെ റാണിക്ക് ഒരു മഞ്ചൽ വാങ്ങുമല്ലോ…
അതിലിരുത്തി അവളെ ഞാൻ ഉലകം ചുറ്റിക്കുമല്ലോ…” 🎵♥️ 
അവന്റെ ആ പെട്ടെന്നുള്ള പാട്ടും നൃത്തച്ചുവടുകളും കണ്ടപ്പോൾ റസിയയ്ക്ക് ചിരി അടക്കാനായില്ല. അവൾ പൊട്ടിച്ചിരിച്ചുകൊണ്ട് അവന്റെ കൈകളിൽ നിന്നും തന്റെ കൈകൾ മെല്ലെ വിടുവിച്ചു. “മതി… മതി ഡാൻസ് കളിച്ചത്. ഇവിടെ വന്നിരുന്ന് വല്ലതും കഴിക്കാൻ നോക്ക്,” അവൾ സ്നേഹത്തോടെ അവനെ ഊണുമേശയിലേക്ക് ക്ഷണിച്ചു.
“ഉപ്പൂപ്പ ഭക്ഷണം കഴിച്ചോ ഉമ്മാ?” കസേരയിൽ ഇരിക്കുന്നതിനിടയിൽ അലി ചോദിച്ചു.
“ആ… ഉപ്പ എപ്പോഴേ കഞ്ഞിയൊക്കെ കുടിച്ച് കഴിഞ്ഞ് സിറ്റൗട്ടിൽ ഇരിപ്പുണ്ട്. നീ വേഗം കഴിക്ക്,” റസിയ അവന് ചൂടുള്ള പ്രഭാതഭക്ഷണം പ്ലേറ്റിലേക്ക് വിളമ്പി നൽകി. ദിവസങ്ങൾക്ക് ശേഷം തന്റെ മോൻ ഇത്രയും സന്തോഷത്തോടെ ഇരിക്കുന്നത് കണ്ട് അവൾ വല്ലാത്തൊരു വാത്സല്യത്തോടെ അവൻ ആസ്വദിച്ചു കഴിക്കുന്നത് നോക്കി അരികിൽത്തന്നെ നിന്നു.
ഭക്ഷണം കഴിഞ്ഞ് കൈ കഴുകിയ ഉടൻ അലി ഒട്ടും സമയം കളയാതെ നേരെ സിറ്റൗട്ട് ലക്ഷ്യമാക്കി നടന്നു. അവിടെ അലവി ഹാജി വടിയും കുത്തിപ്പിടിച്ച് ഇരിക്കുകയായിരുന്നു. അലിയെ കണ്ടയുടൻ മൂപ്പർ ചോദിച്ചു, “ഹാ… നീ പോകാൻ റെഡിയായോ മോനെ? എത്ര കാശാകും നീ ഉദ്ദേശിക്കുന്ന ആ കാറിന്?”
അലി അല്പം ആലോചിച്ച ശേഷം പറഞ്ഞു, “ഉപ്പൂപ്പാ… ഇപ്പോൾ ‘മാരുതി 800’ എന്നൊരു പുതിയ മോഡൽ കാർ ഇറങ്ങിയിട്ടുണ്ട്, അതാണ് നമുക്ക് ഏറ്റവും നല്ലത്. ഈ വർഷം അതിന് പുതിയ എസി (AC) ഉള്ള മോഡൽ കൂടി വന്നിട്ടുണ്ട്. അതിന് ഏകദേശം ഒരു ഒന്നേക്കാൽ ലക്ഷം രൂപയോളം വില വരും.”
അതു കേട്ടപ്പോൾ ഹാജി മുഖത്ത് വലിയ ഭാവവ്യത്യാസമൊന്നുമില്ലാതെ, “ഉം…” എന്ന് ദീർഘമായി ഒന്ന് മൂളിയിട്ട് കസേരയിൽ നിന്നും എഴുന്നേറ്റ് അകത്തെ മുറിയിലേക്ക് നടന്നു. വലിയുപ്പയുടെ ആ പെട്ടെന്നുള്ള പോക്കും മൗനവും കണ്ടപ്പോൾ അലിയുടെ ഉള്ളിലൊന്നു പാളി. ‘ഇത്രയും വലിയ തുകയായതുകൊണ്ട് ഇനി ഉപ്പൂപ്പയ്ക്ക് ഇത് വാങ്ങാൻ താല്പര്യമില്ലേ…’ എന്നോർത്ത് അവന്റെ മനസ്സ് പെട്ടെന്ന് സങ്കടത്തിലായി.
