വാതിൽ തുറന്നു. എല്ലാവരും വീട്ടിൽ കയറിയതിനു ശേഷം മാത്രമാണ് ഞാൻ ഇറങ്ങിയത്…
പതിയെ നടന്നു ഞാൻ അകത്തേക്ക് കയറി ചെന്നു… ഹാളിൽ ഒരു മനുഷ്യൻറെ കുട്ടിയില്ല. എല്ലാവരും എങ്ങോട്ടോ തെറിച്ചിരിക്കുന്നു. മറ്റേ വണ്ടി വരുന്നതിനുമുമ്പ് എനിക്ക് മുറിയിൽ കയറണം എന്ന് ഒരൊറ്റ ലക്ഷ്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ…
ഹാളിലെ മേശയുടെ മുകളിൽ നിന്നും ഗ്ലാസിന്റെ വെള്ളം നിറച്ച ജഗ്ഗിൽ നിന്ന് കുറച്ചു വെള്ളം എടുത്തു അണ്ണാക്കിലേക്ക് കമഴ്ത്തി… തൊണ്ടയിൽ തുപ്പൽ പോലും വറ്റിവരണ്ട് കിടക്കുവാണല്ലോ…
സ്റ്റെപ്പ് ചവിട്ടി പൊളിക്കുന്ന ശബ്ദത്തിൽ ആരോ ഇറങ്ങി വന്നു… നോക്കിയപ്പോൾ ദിവ്യയാണ് കൂടെ കയ്യിൽ ഒരു വലിയ ബാഗും ഉണ്ട്… ആ കാഴ്ച കണ്ടു ഉള്ളൊന്നു പിടഞ്ഞു.എന്നിൽ നിന്നും കുറച്ചപ്പുറത്ത ആയി അവൾ നിന്നു എന്നിട്ട് എന്നെ ഒന്ന് കൂർപ്പിച്ചു നോക്കി. ആ നോട്ടത്തിൽ തന്നെ എല്ലാം ഉണ്ടായിരുന്നു. ഞങ്ങൾക്ക് വാക്കുകളുടെ ആവശ്യം അന്നേരത്ത് വന്നില്ല. കലങ്ങിയ കണ്ണുകളിൽ എൻറെ നോട്ടം കുറച്ചുനേരം കുടുങ്ങി നിന്നു.പിന്നെ അവൾ മുഖം വെട്ടിച്ചുകൊണ്ട് വീട്ടിൽ നിന്നും ഇറങ്ങി.ഹൃദയത്തിന്റെ പാതി ആരോ മുറിച്ചെടുക്കുന്ന പോലെ.എൻറെ നാവാണെങ്കിൽ ഒരിഞ്ച് പോലും പൊന്തുന്നില്ല എന്നാലല്ലേ എന്തെങ്കിലും പറയാൻ പറ്റു.
“നീ ഇത് എങ്ങോട്ടാ…”
മായാ ആണ് ചോദിച്ചത്. എന്നാൽ അതൊന്നും കേട്ട ഒരു ഭാവം പോലും കാണിക്കാതെ ദിവ്യ കാറിനടുത്തേക്ക് നടന്നു നീങ്ങി..
“ദിവ്യേ നീ എങ്ങോട്ടാണെന്ന്…?”
“ദിവ്യേ….”
അവൾ ഒന്നു തിരിഞ്ഞു പോലും നോക്കാതെ നേരെ കാറിൽ കയറി വണ്ടി തിരിച്ച് ഗേറ്റിനു പുറത്തേക്കു എടുത്തു പോയി. മുറ്റത്തു നിന്നിരുന്നു മായ നിസ്സഹായതയോടെ എന്നെ തിരിഞ്ഞുനോക്കി.ആ നോട്ടം എനിക്കെന്തോ ഏറ്റുവാങ്ങാൻ വല്ലാത്ത ബുദ്ധിമുട്ട് തോന്നി.ഞാൻ അടുത്തുള്ള സോഫയിലേക്ക് തലയ്ക്ക് കൈയും വെച്ച് ഇരുന്നു.എന്തു ചെയ്യും എന്നു എനിക്കൊരു എത്തും പടിയും ഉണ്ടായിരുന്നില്ല…
അങ്ങനെ കുറച്ചു നേരം അവിടെ കുത്തിയിരുന്നു പിന്നെ എല്ലാവരും വരുന്നതിന് മുന്നേ
ഞാൻ എൻ്റെ മുറിയിലേക്ക് സ്കൂട്ടായി. വാതിലും അടച്ചു കുറ്റിയിട്ട് നേരെ ബെഡിൽ ചെന്നു ഒരൊറ്റ മറിച്ചിലാർന്നു.
പാവം ദിവ്യ. അവൾ എന്തൊക്കെയാ അനുഭവിക്കേണ്ടി വരുന്നത് ഞാൻ കാരണം.എൻറെ തലവട്ടം കണ്ടപ്പോൾ തുടങ്ങിയതാവും അതിൻറെ കഷ്ടകാലം. പിന്നെ എൻറെ മായ ആ പാവത്തിന് ഞാനിനി എന്തു പറഞ്ഞു സമാധാനിപ്പിക്കും. എന്നെ വിശ്വസിച്ച് നാടും വീടും എല്ലാം വിട്ട് ഇറങ്ങിപ്പോന്നത് അവര്. എൻറെ കൂടെ ഒരു നല്ല ജീവിതം പ്രതീക്ഷിച്ചു എന്നിട്ട് ഞാൻ കാണിച്ചു വെച്ചിരിക്കുന്നത്.. അല്ല ഇതൊന്നും ഞാൻ അല്ലട്ടോ ചെയ്തത് ഒരു ക്ലാരിഫിക്കേഷൻ വേണമല്ലോ… അതിനു പറ്റാത്ത ഒരു അവസ്ഥയാണ് ഇപ്പോൾ.
പടച്ചോനെ അർച്ചന ചേച്ചി എങ്ങാനും ഇനി കുറ്റിയും പറിച്ച് ഇങ്ങോട്ട് കയറി വരുവോ ആവോ. എന്നാപ്പിന്നെ എന്റെ മുതുംപുറം ഇന്ന് പള്ളിപ്പുറം ആയത് തന്നെ. അത് അങ്ങനെ ഒരു സാധനം ഞാൻ അശ്വതിയെ അങ്ങനെ ഒക്കെ ചെയ്തത് പുള്ളിക്കാരിക്ക് ഒരു പൊടി പോലും പിടിച്ചിട്ടുണ്ടാവില്ല… ഇന്ന് എന്നെ കൊന്നത് തന്നെ
എന്നാലും ഇവളുമാരൊക്കെ എന്തിനാ? അങ്ങേര് പറയുന്നത് കേട്ട് അപ്പൊ തന്നെ കയ്യും കാലും ഒക്കെ എടുത്ത് പൊക്കാൻ നിന്നത്.
Oh I am so confused…
ഓരോന്ന് തീരുമ്പോ ഓരോന്ന് ആണല്ലോ.ദൈവമേ ഇതൊക്കെ തീർത്തു പുറത്തുവരാൻ വല്ല വഴിയും ഉണ്ടോ…
അങ്ങനെ കോപ്പിലെ കാര്യങ്ങളും മൊത്തം തിരിഞ്ഞും മറിഞ്ഞു ആലോചിച്ചു എപ്പോഴോ ഞാൻ മയങ്ങി…
**************************
ഫോൺ റിങ്ങ് ചെയ്യുന്നത് കേട്ടാണ് ഞാൻ എണീക്കുന്നത്. സമയം സന്ധ്യ ആയിട്ടുണ്ട് ബെഡിൽ നിന്നും കൈകുത്തി എഴുന്നേറ്റ് ഇരുന്ന് ഫോൺ എടുത്തു നോക്കിയപ്പോൾ അതിൽ അഖിലാണ്. ഇനി ഇവൻ എന്താ വേണ്ടേ…?
“ഹലോ…”
“അളിയാ എവിടെ…”
“ഞാൻ വീട്ടിലുണ്ട് എന്താടാ…”
“എടാ ഞാൻ വിളിച്ചത് ഒരു പ്രധാനപ്പെട്ട കാര്യം ചോദിക്കാനാ…”
