നെഞ്ചിലും തോളുകളിലും പഴക്കം തോന്നിക്കുന്ന കറുത്ത കവചം. അതിൽ വിചിത്രമായ അടയാളങ്ങളും കൊത്തുപണികളും പതിഞ്ഞിരുന്നു…
അത് ഒരു മനുഷ്യനല്ലായിരുന്നു.
കൺമുന്നിൽ നിൽക്കുന്നത് എന്താണെന്ന് പോലും മനസ്സിലാക്കാൻ കഴിയാത്തത്ര ഭീകരമായ ഒരു രൂപം…
ഇയാൾ ഇതെന്ത പറയുന്നേ… ഇങ്ങേരുടെ കോപ്പിലെ സ്വപ്നം ഞങ്ങളോട് പറഞ്ഞിട്ടെന്തിനാ…? എനിക്ക് തലക്ക് ഭ്രാന്ത് പിടിക്കാൻ തുടങ്ങി. മനുഷ്യനിവിടെ എന്തെങ്കിലും ഒരു പ്രതിവിധി കിട്ടുമെന്ന് വിചാരിച്ചാണ് ഇങ്ങോട്ട് വന്നത് … ഇങ്ങേര് ആണെങ്കിൽ ഏതോ നാടകത്തിലെ കഥയും പറഞ്ഞിരിക്കാണല്ലോ…
ഈ ചിന്ത എനിക്ക് മാത്രമായിരുന്നു ഉണ്ടായിരുന്നത്. ചുറ്റും ഒന്ന് നോക്കിയപ്പോൾ എല്ലാവരുടെയും ശ്രദ്ധ അയാൾ പിടിച്ചുപറ്റിയിരുന്നു…
“വീണ്ടും വീണ്ടും ഞാൻ ആ രൂപത്തെ നിരന്തരം കാണാൻ തുടങ്ങി..അവ അസഹനീയമായിരുന്നു
ചില നേരങ്ങളിൽ ഒരു വെറി പൂണ്ട മൃഗത്തെ പോലെ ആ രൂപം മനുഷ്യരെ പിച്ചിച്ചീന്തി… ചിലതിൽ അവരെ അങ്ങേയറ്റം ശാരീരികമായി പീഡിപ്പിച്ചു…
ഓരോ ദിവസവും ആദൃശ്യങ്ങൾ കൂടുതൽ ശക്തി പ്രാപിച്ചു… അവരുടെ അലർച്ചയും നിസ്സഹായരായ മനുഷ്യരുടെ കരച്ചിലും എല്ലാം എൻറെ കാതുകളിൽ മുഴങ്ങി…
ശരീരത്തിനും മനസ്സിനും ഭ്രാന്ത് പിടിക്കുന്ന പോലെയായി തുടങ്ങിയിരുന്നു… ഉറക്കം പാടെ ഞാൻ ഉപേക്ഷിച്ചു… കണ്ണുകൾ അടച്ചാൽ കാണുന്ന ആദൃശ്യങ്ങൾ ഞാൻ വല്ലാതെ ഭയപ്പെട്ടു…
പിന്നീട് ഞാൻ ശ്രമിച്ചത് അതിൽനിന്നും രക്ഷപ്പെടാൻ ആയിരുന്നു. അങ്ങനെയിരിക്കയാണ് ഞാൻ ഇൻറർനെറ്റിൽ ഒരു ചിത്രം കണ്ടത്…
സ്വപ്നങ്ങളിൽ എന്നെ വേട്ടയാടിയ അതേ രൂപത്തിൽ ചിത്രം… എൻറെ ശ്രദ്ധ മുഴുവൻ ആ ചിത്രം പിടിച്ചുപറ്റി…
പൊടിയും പുകയും നിറഞ്ഞ ഒരു തകർന്ന നഗരത്തിന്റെ നടുവിൽ, ആ രൂപം ഒരു വിജയിച്ച യോദ്ധവിനെ പോലെ ഉയർന്നുനിന്നു.
ചുറ്റുമുള്ള കെട്ടിടങ്ങൾ തകർന്നുവീണിരുന്നു. ആകാശം കറുത്ത മേഘങ്ങൾ കൊണ്ട് മൂടിയിരുന്നു..
അവന്റെ പിന്നിൽ അസംഖ്യം ഭീകരജീവികൾ കൂടി നിന്നു. ഓരോരുത്തരുടെയും കൈകളിൽ വാളുകളും കുന്തങ്ങളും വിചിത്രമായ ആയുധങ്ങളും.
എല്ലാവരുടെയും മുന്നിൽ, തകർന്ന ഒരു കല്ലുതൂണിന് മുകളിൽ കാൽവെച്ച് ആ രൂപം നിന്നു.
വലിയ വളഞ്ഞ കൊമ്പുകൾ ആകാശത്തേക്ക് ഉയർന്നുനിന്നു. ശരീരത്തിൽ ധരിച്ചിരുന്ന കറുത്ത കവചം തീയുടെ മങ്ങിയ പ്രകാശത്തിൽ തിളങ്ങി.
ആ രൂപത്തിൻ്റെ കൈയിലെ ഭീമൻ ആയുധം നിലത്തേക്ക് ചായ്ന്നുകിടന്നു.
ചിത്രത്തിൻറെ അടിയിൽ ഇങ്ങനെ ഒരു കുറിപ്പും ഉണ്ടായിരുന്നു…
”THARE IS NO GOD THIS TIME…HE IS COMING…”
ആ ചിത്രമാണ് എന്നെ വല്ലാത്തൊരു വഴിത്തിരിവിലേക്ക് നയിച്ചത്… അതിന്റെ ഉറവിടം തേടിയുള്ള യാത്ര എന്നെ പല രാജ്യങ്ങളിലേക്കും കൊണ്ടെത്തിച്ചു…
ഒരുപാട് വർഷങ്ങൾക്കു ശേഷം അതെനിക്ക് ഈ പുസ്തകം സമ്മാനിച്ചു…“
മുൻപിൽ വച്ചിരുന്ന കറുത്ത വലിയ പുസ്തകത്തിലേക്ക് നോക്കി മേപ്പാട് എന്നോട് പറഞ്ഞു… എൻറെ കണ്ണുകളും ആ പുസ്തകത്തിൻറെ ചട്ടയിലേക്ക് നീങ്ങി…
അതിൽ ഗോൾഡൻ നിറത്തിൽ “THE OUTSIDERS“ എന്ന്
കൊത്തി വെച്ചിട്ടുണ്ടായിരുന്നു…
മേപ്പാട് ആ പുസ്തകം പതിയെ തുറന്നു… എന്നിട്ട് അതിൻറെ പേജുകൾ മറിക്കാൻ തുടങ്ങി ആ പേജുകൾ ഓരോന്നായി മറിക്കുന്നതിന് ഇടയ്ക്ക് ഞാൻ ഒരു ചിത്രം ശ്രദ്ധിച്ചു…
അത്രയും നേരത്തെ അയാളുടെ നേർക്കുള്ള എന്റെ സംശയം തീർക്കാൻ ആ ഒരു ഒറ്റ ചിത്രം മതിയായിരുന്നു… എൻറെ ഏതോ സ്വപ്നത്തിൽ ഞാൻ കണ്ട ത്രികോണാകൃതിയിലുള്ള ആ ഉപകരണത്തിന്റെ ചിത്രമായിരുന്നു അത്…
അതെ അന്ന് ആ ചുവന്ന കണ്ണുള്ള മനുഷ്യൻ മറ്റൊരാൾക്ക് കൈമാറിയ അതേ ഉപകരണം…
ഉള്ളിൽ വല്ലാത്തൊരു പേടി ഉടലെടുക്കാൻ തുടങ്ങി ഇനി ഇങ്ങേര് പറയുന്നത് സത്യമാണോ…
” ഞാനീ പുസ്തകം ഒരുപാട് ദിവസമായി വായിക്കാൻ ശ്രമിക്കുകയാണ് വളരെ ബുദ്ധിമുട്ടേറിയ ഒരു ഇംഗ്ലീഷ് ഭാഷയിലാണ് ഇത് എഴുതിയിട്ടുള്ളത്… അതുകൊണ്ടുതന്നെ ഇതു പൂർണമായും മനസ്സിലാക്കാൻ എനിക്കിപ്പോഴും കഴിഞ്ഞിട്ടില്ല…
