“ഞാൻ ഇപ്പോൾ കൊണ്ട് വരാം അപ്പു ഏട്ടാ..” അതും പറഞ്ഞു താഴേക്ക് പോകാൻ നോക്കിയ ശ്യാമയെ സുധി വീണ്ടും വിളിച്ചു.
“ശ്യാമേ… ആ വെള്ളം മതി. ”
ശ്യാമ ഇന്നലെ രാത്രിയിൽ ചോറിന്റെ കൂടെ കൊണ്ടു വെച്ച വെള്ളം അവിടെ ഉണ്ടായിരുന്നു. അത് കാണിച്ചാണ് സുധി പറഞ്ഞത്.
“അത് ഇന്നലെത്തെയാണ്. ഞാൻ വേറെ കൊണ്ട് വരാം.”
“സാരമില്ല അത് മതി. ദാഹിച്ചിട്ടാ..”
ശ്യാമ വേഗം ആ വെള്ളം എടുത്തു കൊടുത്തു. സുധി വേഗം വെള്ളം കുടിച്ചു. എന്നിട്ട് ഒന്ന് കൈ അനക്കി നോക്കി.
“അമ്മേ “. സുധി വീണ്ടും വിളിച്ചു പോയി
“എന്ത് പറ്റി. അപ്പു ഏട്ടാ?” ശ്യാമ ചോദിച്ചു.
” വേദന സഹിക്കാൻ പറ്റുന്നില്ല. ഭയങ്കര വേദന. ” സുധി പറഞ്ഞു.
“നമുക്ക് ഹോസ്പിറ്റലിൽ പോകാം.. ഞാൻ ഒരു വണ്ടി പിടിച്ചു വരാം.” ശ്യാമ പറഞ്ഞു.
“അതൊന്നും വേണ്ട. കുറച്ചു സമയം ശരിക്കും ഒന്ന് കിടന്നാൽ മതി. വേദന കുറഞ്ഞോളും.”
ശ്യാമ സുധിയുടെ കാല് നേരെ വെച്ചപ്പോഴും സുധിക്ക് വേദനിച്ചു. അമ്മേ എന്ന് വിളിച്ചു പോയി. അത് കേട്ട് ശ്യാമയുടെ കണ്ണുകൾ നിറഞ്ഞു. കണ്ണുനീർ കവിളിലൂടെ ഒഴുകി.
ശ്യാമ പറഞ്ഞു
” അപ്പു ഏട്ടാ ഞാൻ ഒരു വണ്ടി വിളിച്ചു വരാം. ഇത് ഹോസ്പിറ്റലിൽ പോയാലേ ശരിയാകൂ. ”
അതും പറഞ്ഞു ശ്യാമ താഴേക്ക് ഓടി. സുധി പിന്നിൽ നിന്ന് വിളിച്ചിട്ടും ശ്യാമ നിന്നില്ല.
ശ്യാമ താഴെ എത്തിയ ഉടനെ ഓടുകയായിരുന്നു . അവളുടെ വീടിന്റെ അടുത്തൊന്നും ഒരു വണ്ടിയും ഉണ്ടായിരുന്നില്ല. അവളുടെ വീട്ടിൽ നിന്ന് പത്തു മിനുട്ടിൽ കൂടുതൽ ഉണ്ട് മെയിൻ റോഡിലേക്ക് അവൾ അതുവരെ ഓടി. അതിലൂടെ പോകുന്ന എല്ലാ വണ്ടികൾക്കും കൈ കാണിച്ചു. എന്നാൽ ഒരു വണ്ടിയും അവിടെ നിർത്തിയില്ല.
ഒടുവിൽ ഒരു ഓട്ടോറിക്ഷ വന്നു ശ്യാമയുടെ മുന്നിൽ നിർത്തി.
“ആ ചേച്ചിയോ…? ചേച്ചിയെന്താ രാവിലെ തന്നെ റോഡിൽ നിന്ന് ഡാൻസ് കളിക്കുന്നത്.?
ആ ഓട്ടോ ഡ്രൈവർ ശ്യാമയോട് ചോദിച്ചു. ശ്യാമ ആ ഡ്രൈവറെ നോക്കി.
“ചേച്ചിക്ക് എന്നെ ഓർമ്മയില്ലേ..? ഞാനല്ലേ അന്ന് സാറിനേയും ചേച്ചിയേയും ഹോസ്പിറ്റലിൽ നിന്ന് വീട്ടിൽ കൊണ്ട് പോയി വിട്ടത്. ”
അപ്പോഴാണ് ശ്യാമയ്ക്ക് അയാളെ ഓർമ്മ വന്നത്. ശ്യാമ ചോദിച്ചു.
“പ്ലീസ് എന്റെ കൂടെ ഒന്ന് വീട്ടിലേക്ക് വരാമോ.? അദ്ദേഹം വീണ്ടും ഒന്ന് വീണു. പെട്ടന്ന് ഹോസ്പിറ്റലിൽ കൊണ്ടു പോകണം. കുറേ സമയമായി ഞാൻ ഓരോ വണ്ടിക്കും കൈ കാണിക്കുന്നു. ആരും നിർത്തുന്നില്ല. പ്ലീസ് എന്റെ കൂടെ ഒന്ന് വരാമോ..?”
“അതിനെന്താ ചേച്ചി അതെല്ലേ എന്റെ ജോലി. ചേച്ചി വേഗം വണ്ടിയിൽ കയറിയാട്ടെ..”
അയാൾ പറഞ്ഞു കേട്ടതോടെ ശ്യാമ ആ ഓട്ടോയിൽ കയറി. ഓട്ടോ നേരെ ശ്യാമയുടെ വീട്ടിലേക്ക് പോയി. വീട്ടിൽ എത്തിയ ഉടനെ ഓട്ടോ ഡ്രൈവർ ചോദിച്ചു.
” ചേച്ചി ഞാൻ വീട്ടിലേക്ക് വരണോ.. സാറിനെ ഞാൻ പിടിക്കെണോ…? ”
“നോക്കട്ടെ വേണമെങ്കിൽ ഞാൻ വിളിക്കാം.. ചേട്ടൻ അപ്പോഴേക്കും ഓട്ടോ തിരിച്ചു വെച്ചോ..” അതും പറഞ്ഞു ശ്യാമ വേഗം വീട്ടിലേക്ക് പോയി. വീട്ടിൽ അമ്മയുടെ മുറിയിലേക്ക് ആണ് ശ്യാമ ആദ്യം പോയത്. ശ്യാമ അമ്മയോട് പറഞ്ഞു.
“അമ്മേ ഞാൻ ഇറങ്ങുകയാ.. അദ്ദേഹം വീണ്ടും ഒന്ന് വീണു. ഹോസ്പിറ്റലിൽ പോകണം.”
“അദ്ദേഹമോ..? ഏത് അദ്ദേഹം..?”
“അത് .. മുകളിൽ താമസിക്കുന്ന അപ്പു ഏട്ടൻ..”
“അപ്പു ഏട്ടനോ..? അപ്പു എന്നല്ലല്ലോ അയാൾ പേര് പറഞ്ഞത്..? പിന്നെ ഇപ്പോൾ എങ്ങനെ അപ്പു ഏട്ടൻ ആയി.?”
“അത്!! അവളുടെ ഏട്ടനെ എല്ലാവരും അങ്ങനെ ആണ് വിളിക്കാറ് പോലും. അത് കൊണ്ട്. ആ അമ്മയുടെ മരുന്നും ഭക്ഷണവും ഇവിടെ എടുത്തു വെക്കാം എടുത്തു കഴിക്കണേ..”
അതും പറഞ്ഞു ശ്യാമ വേഗം അമ്മയ്ക്കുള്ള ഭക്ഷണം എടുത്തു വെച്ചിട്ട് മുകളിലേക്ക് പോയി.. മുകളിൽ എത്തിയ ഉടനെ ശ്യാമ പറഞ്ഞു.
